Friday, September 28, 2012

മഹാനഗരങ്ങളുടെ നീതി....




     ബോംബെ നഗരം എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ! ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ പറയാന്‍ മാത്രമുപയോഗിക്കുന്ന ബോംബയുടെ നല്ലതും ചീത്തയുമായ പല വശങ്ങളുടെയും യഥാര്‍ത്ഥ വശം ഞാന്‍ നേരില്‍ കണ്ടു, എന്നിട്ടും അവശേഷിച്ചത് ആരാധന മാത്രം!

     കാമുകിയുടെ കയ്യില്‍ പിടിച്ചു നടന്നാലോ, നടുറോഡില്‍ അവളെ കുസൃതിയോടെ ഒന്ന് ചുംബിച്ചാലോ ആരും ഒന്നും ശ്രദ്ധിച്ചു എന്ന് വരില്ല, അതു പോലെ  ഫുട് പാത്തില്‍ അര്‍ദ്ധപ്പ്രാണനായി  ഞരങ്ങുന്ന പാവത്തിനും ഇത് തന്നെ ഗതി!

     രഹസ്യമായി മാത്രം കേട്ടുവന്ന, മുൻപൊരിക്കലും കാണാത്ത വേശ്യതെരുവിലൂടെ ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ട കാഴ്ചകള്‍ കണ്ണിനും മനസ്സിനും ഏറെ അലോസരം ഉളവാക്കി. റോഡിന്‍റെ ഇരുവശങ്ങളിലും, വെവ്വേറെ എന്ന് പറയാന്‍ ചുമരുകളില്ലാത്ത വീടുകള്‍, ഇടുങ്ങിയ വാതിലുകളുടെ രണ്ടു വശങ്ങളിലും ഓരോ അടി വീതം മാത്രം വീതിയും ഫുട് പാത്തില്‍  നിന്നും ഒന്നോ അല്ലെങ്കില്‍ രണ്ടോ പടി ഉയരം മാത്രവുമുള്ള കുടുസ്സുമുറികള്‍. തുപ്പിച്ചുവപ്പിച്ച ചുമരുകളും, ദീപക്കാലുകളും, വീടിന്‍റെ പടികളില്‍ കുശലം പറഞ്ഞും, പേന്‍ നോക്കിയും, മുറുക്കിയും, ഇന്നത്തെ അന്നദാദാവിനെ നോക്കിയും ഇരിക്കുന്ന പെണ്ണുങ്ങള്‍, പ്രായം പത്തു മുതല്‍ അമ്പതു വയസ്സുവരെ കാണും! ആദ്യം കാണുന്നത് വിലകുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ ചുവപ്പും, പൌഡറും റൂഷുമിട്ട മുഖവും പിന്നെ കാണിക്കണമെന്നു കരുത്തുന്നതൊക്കെയും കാണിക്കുന്ന കുപ്പായങ്ങളും! മുഖത്ത്  കാണിക്കുന്ന പ്രസന്നത വെറും യാന്ത്രികം എന്ന് ആരും പറഞ്ഞുപോകും.



     നടന്നു പോകുന്ന ആരെയും കണ്ണുകാട്ടി വിളിക്കുന്നു, എന്നിട്ടും നില്‍ക്കാത്ത ഒരു പയ്യന്‍റെ കൈ പിടിച്ചു നിര്‍ത്തുന്നു, വെറുപ്പോടെ, അവജ്ഞയോടെ, ആ കൈ തട്ടിമാറ്റി ഒന്ന് കൂടി തന്‍റെ നടത്തത്തിന്‍റെ വേഗത കൂട്ടിയ അവന്‍റെ പുരുഷത്വത്തിനെ അവഹേളിക്കുന്ന ചോദ്യങ്ങള്‍ വിളിച്ചു ചോദിക്കുന്നു, പിന്നെ അവനെ പ്രാകി ഒന്ന് കാര്‍ക്കിച്ചു തുപ്പുന്നു വീണ്ടും, അടുത്ത ഇരയെ തേടുന്നു!

     പത്തു വയസ്സുപ്രായം തോന്നിക്കുന്ന ഒരു പെൺ കുട്ടിയുടെ പിന്നാലെ, ഒരു വീട്ടിലേക്കു കയറിപ്പോകുന്ന മധ്യവയസ്കന്‍ ,

      നടന്നു പോകുന്ന വഴി തിരിഞ്ഞുനില്‍ക്കുന്ന ഒരു പെണ്ണിന്‍റെ പുറകില്‍ തലോടിയതിന് കണ്ണുപൊട്ടുന്ന തെറി കേട്ടിട്ടും പുഞ്ചിരിയോടെ നടന്നുപോകുന്ന യുവാവ്,

      സിനിമാക്കൊട്ടകകളും, അതിനു പുറത്ത് സിനിമക്കിടെ നിറം പകരാന്‍ തയ്യാറായി നില്‍ക്കുന്ന യുവതികളും,

       ഇറച്ചിക്കടയിലെന്ന പോലെ മനുഷ്യ മാംസത്തിനും വിലപേശുന്ന കാഴ്ചകള്‍, ഒടുവില്‍ മനസ്സില്ലാമനസ്സോടെ വഴങ്ങിക്കൊടുക്കുമ്പോള്‍  വേട്ടക്കാരന്‍റെ ചുണ്ടത്ത് വിടരുന്ന പുഞ്ചിരി, കുറച്ചു നേരത്തിനുശേഷം ഇടുങ്ങിയ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ ഇര താനായിരുന്നു എന്ന് തിരിച്ചറിഞ്ഞ പോലെ മുഖത്തെ നിരാശ, പിന്നാലെ ഇറങ്ങി വന്ന അവളുടെ  മുഖത്തെ പുച്ഛം!

ഇതും ഒരു ലോകം!

      വിലകൂടിയ കാറിന്‍റെ പുറകിലെ വാതില്‍ ഡ്രൈവര്‍ തുറന്നു തരുന്നതും കാത്തിരിക്കുന്ന യാത്രക്കാര്‍, വടിവൊത്ത വെള്ളക്കുപ്പായവും, തൊപ്പിയും വച്ച സുമുഖനായ ഡ്രൈവര്‍ വാതില്‍ തുറന്നുകൊടുക്കുമ്പോള്‍ മുഖത്തെ യാന്ത്രികമായ പുഞ്ചിരിയും, നന്ദി പറച്ചിലും, കൂടെയുള്ള ആളുടെ കയ്യില്‍, വീഴാതിരിക്കാന്‍ എന്ന മട്ടില്‍ മുറുക്കിപ്പിടിച്ച് തറയില്‍ നിന്നും നാലഞ്ച് ഇഞ്ച്‌ ഉയരത്തില്‍ തലയുയര്‍ത്തി നടക്കുന്ന യുവതികള്‍, അനുഗമിക്കുന്ന ഭര്‍ത്താവിനെക്കാള്‍ നാലടി മുന്നില്‍ തന്‍റെ സുഹൃത്തുക്കളോടൊത്ത് ചേരാന്‍ വെമ്പി നടക്കുന്ന ഒരു മധ്യവയസ്ക പെട്ടന്ന് തിരഞ്ഞ്, വേഗം നടക്കാനായി ഭര്‍ത്താവിനോടാഅജ്ഞാപിച്ചു!

ഇതും അതേ ലോകം, പക്ഷെ മറ്റൊരു കോണ്‍ ,

     അംബരചുംബികളും, ചാല്‍ എന്ന കോളനികളും, കക്കൂസുകള്‍ പോലുമില്ലാത്ത, ദുര്‍ഗന്ധം പരന്നുനില്‍ക്കുന്ന ചേരികളും അങ്ങനെ ജീവിതത്തിന്‍റെ എത്രയെത്ര മുഖങ്ങള്‍! ഈ മഹാനഗരത്തിന്‍റെ ഹൃദയത്തില്‍ ഞാനും കുറെ നാള്‍ ജീവിതം ആഘോഷിച്ചു, എങ്കിലും ബോംബെ എന്ന പേര്‍ ഇന്നും എനിക്ക് ആദ്യം ഒരു നടുക്കം തന്നെയാണ് സമ്മാനിക്കാറുള്ളത്. ഈ കണ്ട ജീവിതങ്ങളൊക്കെയും ഒറ്റ ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു!



          രണ്ടായിരാമാണ്ടിന്‍റെ ആദ്യത്തിലാണ് ഞാനും ഇന്റെര്‍നെറ്റിന്‍റെ ലോകത്തില്‍ പിച്ചവെക്കുന്നത്, വല്ലപ്പോഴും ജോലിസംബന്ധമായി ബോംബേയ്ക്ക് പോകുമ്പോള്‍ , കൊളാബയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കഫെയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍ , ടൂറിസ്റ്റുകളുടെയും, കാപ്പിരികളായ മയക്കുമരുന്നുകാരുടെയും, വഴിവാണിഭക്കാരുടെയും, ഒട്ടനവധി മലയാളികളുടെയും ആസ്ഥാനം. മണിക്കൂറുകള്‍ കാത്തുനിന്നാലെ ഒരു മണിക്കൂര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍  ലഭിക്കൂ, അങ്ങനെയുള്ള ഒരു കാത്തിരിപ്പിനിടയിലാണ് ഞാന്‍ ഡോളിയെ പരിചയപ്പെടുന്നത്.

     അഞ്ചടി ഉയരം, മെലിഞ്ഞ ശരീരം, ഭംഗിയുള്ള കൂര്‍ത്ത മുഖം, ഗോതമ്പിന്‍റെ നിറം, ഒട്ടിച്ചു വെച്ച പോലത്തെ പുഞ്ചിരി, കുലീനമായ പെരുമാറ്റം, നവീനമായ വസ്ത്രധാരണം, അവളുടെ സംസാരവും പെരുംമാറ്റവും അവളുടെ വിദ്യാഭ്യാസത്തെയും  സംസ്കാരത്തെയും കുറിച്ച് ആരിലും മതിപ്പുണ്ടാക്കാന്‍ പോന്നതായിരുന്നു.

     മണിക്കൂറുകളുടെ കാത്തിരിപ്പില്‍, ഞങ്ങള്‍ കുറേ നേരം സംസാരിച്ചു, കഫെ ഉടമ മോഹനോട് തനിക്ക് ആദ്യം അവസരം തരണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അയാള്‍ എന്നെ ചൂണ്ടിക്കാണിച്ചു.  ഉറക്കമല്ലാതെ വേറെ അത്യാവശ്യമൊന്നും ഇല്ലാത്തതുകൊണ്ട് ഞാനും വഴങ്ങി. അവളെ കൊണ്ടുപോകാന്‍ കൂട്ടുകാരന്‍ വരും എന്നായിരുന്നു അവള്‍ പറഞ്ഞ കാരണം. അത് സത്യമാണ് എന്ന് അര മണിക്കൂര്‍ കൊണ്ട് തന്നെ മനസ്സിലായി, സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അവളെ അവിടെ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടുപോയി.

     ഒരു വര്‍ഷത്തിനിടയില്‍ പലപ്പോഴായി ഞങ്ങള്‍ കണ്ടു മുട്ടി. ജീവിതം ആസ്വദിച്ചു തന്നെ ആഘോഷിക്കുകയായിരുന്നു അവള്‍! ചില രാത്രികളില്‍ കൂട്ടുകാരുടെ കൂടെ ആടിയും പാടിയും കാല്‍നടയായി നഗരപ്രദക്ഷിണം നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, ഏതു തിരക്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കും ഡോളി!

      















     



 മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ബോംബെ എന്ന മുംബൈയില്‍ സ്ഥിരമായ ജോലിക്ക് വരുമ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു, വീട് വിട്ടുള്ള താമസം, ഭക്ഷണം, എല്ലാം എന്നെ ആലോസരപ്പെടുത്തി. ഓഫീസിലെ ജോലിക്കുശേഷം, ഒരു നഗരപ്രദക്ഷിണം ഞാന്‍ പതിവാക്കിയിരുന്നു. ഗംഗാധര്‍ നായ്ക്ക് എന്ന ബാബയുടെ, പാനിപൂരിയും, പിന്നെ വിനോദ് കുമാര്‍ എന്ന ബീഹാരിപ്പയ്യന്‍റെ കടയിലെ കരിമ്പ്‌ ജ്യൂസും, (അതും പട്യാല ഗ്ലാസ്‌ എന്ന വലിയ ഗ്ലാസ്‌നിറയെ!) ഒരു ശീലമായി മാറിയിരുന്നു!



     ആ യാത്രയില്‍ റിസര്‍വ് ബാങ്കും, സ്റ്റോക്ക്‌ മാര്‍ക്കറ്റും, ഫോര്‍ട്ടും, ഫൌണ്ടനും, പബ്ലിക്‌ ലൈബ്രറിയും, ആര്‍ട്ട് ഗാലറിയും, എല്ലാം പെടുമായിരുന്നു, ചില ദിവസങ്ങളില്‍ ഗേറ്റ് വേയുടെ ചുവട്ടില്‍ കാറ്റുകൊണ്ടിരിക്കാനും പോകാറുണ്ടായിരുന്നു.


     എന്‍റെ ഏറ്റവും നല്ല സായാഹ്നങ്ങള്‍ റാം നരേഷ് ആപ്ടെ എന്ന സുഹൃത്തിന്‍റെ  വഴിയോരക്കച്ചവടശാലയില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാനും ( റാം നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു, ഈ ജീവിതത്തിനിടയില്‍ അയാള്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ എണ്ണിയാല്‍ തീരില്ല!, ഏതൊരു പുസ്തകത്തിനും ശരിയായ ഒരഭിപ്രായം പറയാനും നല്ല പുസ്തകങ്ങള്‍ പറഞ്ഞുതരാനും ഉള്ള കഴിവാണ് അയാളെ എന്‍റെ സ്ഥിരം കടക്കാരനാക്കി മാറ്റിയത് ) പിന്നെ താജിന് പുറകിലെ അപ്പോളോ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ ചിലവാക്കിയിരുന്നു.


അങ്ങനെയുള്ള ഒരു സായാഹ്നം എന്‍റെ ജീവിതത്തെ ആകെ ഉലച്ചു!

പുസ്തകങ്ങള്‍ വാങ്ങി അപ്പോളോയിലേക്ക് നടക്കുകയായിരുന്നു ഞാന്‍

      ആര്‍ട്ട് ഗാലറിക്കു തൊട്ടു മുന്‍പത്തെ ബസ്‌ സ്റ്റോപ്പ്‌, രണ്ടു മൂന്നു പേര്‍ അക്ഷമരായി ബസ്‌ കാത്തു നില്‍ക്കുന്നു, തൊട്ടപ്പുറത്ത് പ്രാകൃത വേഷത്തില്‍ ഒരു ഭിക്ഷക്കാരി, ഒരു കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ മറുകയ്യില്‍ ഒരു പഴയ വാനിറ്റിബാഗ്‌, ഞാന്‍ അടുത്ത്‌ എത്തിയതും അവര്‍ എന്‍റെ അടുത്തേക്ക് നീങ്ങിവന്നു.

" ഏക്‌ പാഞ്ച് രൂപയാ ദേഗാ ക്യാ സാബ് "

കൈ നീട്ടിക്കൊണ്ടാണ് ചോദ്യം,

     ആദ്യം വന്നത് ദേഷ്യമാണ്, വേണ്ടത്ര കാശ് ചോദിച്ചു വാങ്ങുന്ന ഭിക്ഷക്കാരികളെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അമര്‍ഷം അടക്കാന്‍ വയ്യാതെ ഞാന്‍ ഒരുനിമിഷം നിന്ന് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കി!

     എന്‍റെ മനസ്സില്‍ മിന്നല്‍പിണരുകള്‍ പാഞ്ഞു, പക്ഷെ ഇത്തവണ അത് കോപത്തിന്‍റെതായിരുന്നില്ല!

എന്‍റെ മുന്‍പില്‍ നില്‍ക്കുന്നത് ഡോളി ആണ്എന്ന സത്യം എന്നെ ഞെട്ടിച്ചു!

" r u not Dolly? " അല്ല എന്ന ഉത്തരമാണ് എനിക്കാവശ്യമെങ്കിലും ചോദ്യം ഇങ്ങനെയാണ് പുറത്തു വന്നത്

     അവള്‍ക്കെന്നെ മനസ്സിലായോ എന്തോ, പക്ഷെ അവസാനത്തെ കച്ചിത്തുരുമ്പ് വിടാന്‍ പറ്റില്ലല്ലോ!

     അവളുടെ ഇംഗ്ലീഷിലുള്ള സംസാരം കേട്ടപ്പോള്‍ പലരും ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി, ഞാന്‍ മെല്ലെ കുറച്ചു മാറിനിന്നു.

     എന്‍റെ ശരീരവും മനസ്സും ഞെട്ടലില്‍ നിന്നും മോചിതമാകാന്‍ മിനിട്ടുകള്‍ എടുത്തു

അവള്‍ പറഞ്ഞ കഥകള്‍ ഒരു സിനിമയെ വെല്ലുന്നത് തന്നെയായിരുന്നു

     എങ്ങനെ അവള്‍ പതിയെ  മയക്കുമരുന്നിനും മദ്യത്തിനും അടിമയായി എന്നും, ഒരു നശിച്ച രാത്രിയില്‍ വീട്ടില്‍ നിന്ന് വീട്ടുകാര്‍ തന്നെ ഇറക്കി വിട്ടതും, അവളുടെ കൂട്ടുകാരനും വീട്ടുകാരും തള്ളിപ്പറഞ്ഞതും, ഒരു പ്രതികാരം പോലെ പിന്നെ മദ്യത്തിനടിമയായതും, കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ കാപ്പിരികളോട് കൂട്ടുകൂടിയതും, മയക്കുമരുന്നിന്‍റെ മയക്കത്തില്‍ അവര്‍ അവളെ ഉപയോഗിച്ചതും, പിന്നെയും പിന്നെയും മയക്കുമരുന്നിനു വേണ്ടി അവള്‍ തന്നെത്തന്നെ വിറ്റതും, വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ വീടും സ്വത്തുക്കളും വിറ്റ് നാട് വിട്ടു പോയതും, വഴിവക്കില്‍ മാസങ്ങള്‍ തള്ളിനീക്കിയതും ഒക്കെ !

     വഴിയരുകില്‍ കിടന്ന അവളെ ഒരു പത്തുരൂപ നോട്ടോ, അതോ ഒരു പൊതി ബാക്കിവന്ന ചോറോ കാണിച്ച് പോലും പ്രാപിച്ച കാട്ടുനീതിയുടെ കഥ!

     പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവള്‍ വിതുമ്പിക്കരഞ്ഞു, ദൈവത്തിന്‍റെ നീതിയെ പഴിച്ച എന്‍റെയും കണ്ണുകള്‍ നനഞ്ഞു.

അവളെ കൊണ്ടുപോയി അടുത്ത കടയില്‍ നിന്നും ഒരു ചോറുപൊതി വാങ്ങി കൊടുത്തതും, കയ്യിലാകെയുണ്ടായിരുന്ന അന്‍പത് രൂപയും ഒരു പിടി ചില്ലറയും വാരിക്കൊടുക്കുമ്പോള്‍ മനസ്സ് ഒരു തരം മരവിപ്പിലായിരുന്നു.

ഭക്ഷണം ഞാന്‍ പിന്നെ കഴിച്ചില്ല, മനസ്സുവന്നില്ല എന്നതാണ് സത്യം!

തിരിച്ച് മുറിയിലെത്തിയപ്പോള്‍ എന്‍റെ സുഹൃത്ത് നിരഞ്ജന്‍ എന്‍റെ മുഖഭാവം വായിച്ചെടുത്തു!

" ക്യാ ഹുവ? , ബടെ ഉദാസ് ലഗ് രേഹെ ഹോ"

     കഥകള്‍ കേട്ടപ്പോള്‍ നിരഞ്ജന്‍ ഒന്ന് നെടുവീര്‍പ്പിട്ടു, നാലഞ്ചു കൊല്ലമായി അവന്‍ ഈ നഗരത്തിന്‍റെ ചൂടും ചൂരും ഏറ്റ് കഴിയാന്‍ തുടങ്ങിയിട്ട്, പിന്നെ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു. ഇതെല്ലാം ഇവിടെ നിത്യ സംഭവങ്ങളാണ്, നമുക്ക് ഇതിനെ മാറ്റാന്‍ കഴിയില്ല, പിന്നെ കഴിയുന്നത് ഒന്ന് മാത്രം, അറിയാതെ പോലും ഇതിന്‍റെ ഒന്നും ഭാഗമാവാതിരിക്കുക!

" ഐസേ ജമേലെ മേം നഹി പടെ തൊ അച്ഛാ ഹൈ  ക്യോം കി,

"ബടെ ബടെ ശഹരോം മേം ചോട്ടെ ചോട്ടെ ബാതേം ഹോതേ രഹ്തെ ഹൈ"

മഹാനഗരങ്ങളില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇരിക്കും എന്ന്!

ഒരു സ്ത്രീയുടെ മാനം, ഒരു കുടുംബത്തിന്‍റെ നാശം, പുതു തലമുറയുടെ നഷ്ടം,മൂല്യച്യുതി;

എല്ലാം ചെറിയ കാര്യങ്ങള്‍!, ശരിയാണ്, ഇങ്ങനെ ചിന്തിക്കുന്നവരുടെ ഇടയില്‍ എന്ത് ചെയ്യാനാകും,  ഡോളി വെറുമൊരു വില്‍പ്പനച്ചരക്ക് മാത്രമാണ്!

    അവളുടെ പാപങ്ങള്‍ അവള്‍ തന്നെ അനുഭവിച്ചു തീര്‍ക്കട്ടെ, ഈ ഭൂമിയില്‍ വച്ച് തന്നെ, പിന്നെയുള്ള  അന്ത്യയാത്ര സ്വര്‍ഗത്തിലേക്ക്, അതൊരു ഉറപ്പാണ്‌, കാരണം ഈ മഹാനഗരത്തിലെ ദുരനുഭവങ്ങളെക്കാള്‍ ഏറെ അവള്‍ക്ക് ഏതു നരകത്തിനു നല്‍കാന്‍ കഴിയും!

പിന്നെ ഞാന്‍ ഡോളിയെ കണ്ടിട്ടില്ല, ഒരു തരത്തില്‍ അതൊരു ആശ്വാസം തന്നെ, എങ്കിലും ഇന്നും ബോംബെ എന്ന പേര് എനിക്ക് ആദ്യം  തരുന്നത് വിഷാദത്തിന്‍റെ കണികകള്‍ തന്നെയാണ്, മഹാനഗരങ്ങളുടെ നീതി ഇതുതന്നെ എന്ന് മനസ്സിനെ ഓരോ നിമിഷവും വിശ്വസിപ്പിക്കുമ്പോളും !


സമര്‍പ്പണം :- എന്‍റെ നിസ്സഹായതകൊണ്ട്, നിനക്ക് തിരിച്ചു കിട്ടുമായിരുന്ന നിന്‍റെ ജീവിതം, നഷ്ടപ്പെട്ടു എന്ന് തോന്നുന്നെങ്കില്‍ നീ എനിക്ക് മാപ്പ് തരിക, ഈ എഴുത്ത് നിനക്ക് വേണ്ടി മാത്രമാണ് ഡോളി, നിന്‍റെ പഴയ ഒരു സുഹൃത്തിന്‍റെ കുംമ്പസാരമായിക്കരുതി മാപ്പ് തരിക !


Tuesday, September 25, 2012

വര്‍ഷങ്ങള്‍ താണ്ടിയ ഒരു കണ്ണൂര്‍ യാത്ര...

       എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും എക്സിബിഷന്‍ അടുത്ത് വന്നു, ദീപുട്ടനാകട്ടെ പന്ത്രണ്ടാം ക്ലാസ്സിലും. ഇത്തവണ കണ്ണൂരാണ് സംഗതി നടക്കുന്നത് എന്ന് കേട്ടതോടെ ദീപുട്ടന് ആകെ ഒരു വെപ്രാളം, എങ്ങനെയെങ്കിലും ഒന്ന് പോണം,  കണ്ണൂര്‍ ഒന്ന് കാണണം!
ഈ വെപ്രാളത്തിന്‍റെ കാരണം അറിയണമെങ്കില്‍ ഒരു പത്തു പന്ത്രണ്ടു വര്ഷം പുറകോട്ട് പോകേണ്ടി വരും!

       ദീപുട്ടന്റെ ആദ്യത്തെ സ്കൂള്‍, കണ്ണൂരിലെ വലിയചാല്‍ എന്ന
സ്ഥലത്തായിരുന്നു, എന്ന് വച്ചാല്‍, അച്ഛന്റെ ജോലി കാരണം കേരളമൊട്ടാകെ ഓടി നടന്നു പഠിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം!

       കണ്ണൂരിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും വല്ലപ്പോഴും വരുന്ന ബസില്‍ കയറിയാല്‍ കാങ്കോല്‍ എന്ന സ്ഥലത്തെത്തും. അവിടെ 110 KV സബ്സ്റ്റേഷന്‍
എന്ന് എഴുതിയ ഒരു ബോര്‍ഡും വലിയ ഒരു ഗേറ്റും കാണാം ( ചില വിവര ദോഷികള്‍ " അയ്യയ്യോ KV സെബാസ്റ്റ്യന്‍ " എന്നും വായിക്കും!).

      റോഡിന്‍റെ അപ്പുറം ജോയ് അങ്കിളിന്റെയും, സുമ ആന്റിയുടെയും, തുളസിക്കുട്ടിയുടെയും വീട്.

നടന്നാല്‍ എത്തുന്ന  ദൂരത്ത് ന്യൂ സ്റ്റാര്‍ ടാകീസ്, എല്ലാ ആഴ്ചയും അച്ഛനും അമ്മയും ചേച്ചിയും പിന്നെ ദീപുട്ടനും സിനിമക്ക് പോകും, ടാകീസില്‍ നിന്നും ഒരു നൂറ് മീറ്റര്‍ ദൂരെ ഒരു കൊച്ചു കവല, ഒരു റോഡ്‌ അമ്പലത്തിലേക്കും മറ്റൊന്ന് കറങ്ങി തിരിഞ്ഞ് ദീപുട്ടന്റെ സ്കൂളിലേക്കും!

      കവലയിലെ രാമചന്ദ്രേട്ടന്‍ ആളൊരു പാവമാണ്,ജീവിതഭാരം പോരാത്തതിന് പുള്ളിക്ക് ദൈവം പുറത്തും ഒരു കൂന്‍ സമ്മാനിച്ചിട്ടുണ്ട്, എല്ലാ ദിവസവും സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ രാമചന്ദ്രേട്ടന്റെ കടയിലോട്ട് ദീപുട്ടന്‍ ഒന്ന് നോക്കും, ബാലരമ, ലാലുലീല, പൂമ്പാറ്റ പിന്നെ  ബാലമംഗളം ഇതിലേതെങ്കിലും വന്നിട്ടുണ്ടെങ്കില്‍ സംഗതി അച്ഛനെ അറിയിക്കുന്നു, പിറ്റേ ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍ സാധനം വീട്ടിലുണ്ടാകും, ഇനി ഇപ്പൊ അച്ഛന്‍ വാങ്ങിയില്ലെങ്കിലും രാമചന്ദ്രേട്ടന്‍ സ്നേഹത്തോടെ അടുത്ത് വിളിച്ച് കയ്യോടെ തന്നയക്കും.

വയസ്സ് നാലായപ്പോള്‍ ദീപുട്ടനെ ബാലവാടിയില്‍ ചേര്‍ത്തി.

       നമ്പൂരി ടീച്ചറും, സഹായി ചന്ദ്രിക ചേച്ചിയും രാവിലെ ദീപുട്ടനെ ഏറ്റെടുക്കുന്നത് ഒരു വലിയ കാഴ്ച തന്നെയാണ്!

" വിടടീ ചന്ദ്രികേ ന്നെ, അന്നെ ഞാന്‍ കൊല്ലും.........! "

      ചന്ദ്രിക ചേച്ചിയുടെ കയ്യില്‍ കിടന്ന് ദീപുട്ടന്‍ അലറിക്കരയും, അതു കേള്‍ക്കുമ്പോളെക്കും ചേച്ചിയും കൂട്ടരും ഓടി സ്കൂളിലെക്കുള്ള വഴി മറഞ്ഞിരിക്കും.

     കുറച്ചു കഴിയുമ്പോള്‍അലര്‍ച്ച ഒരു മോങ്ങലായിമാറും, അപ്പോള്‍ നമ്പൂരി ടീച്ചര്‍ മെല്ലെ ദീപുട്ടനെ എടുത്ത് മേശമേല്‍ കയറ്റി ഇരുത്തും, പിന്നെ മൂക്കൊക്കെ പിഴിഞ്ഞ് കൊടുത്ത്, മുഖമൊക്കെ വൃത്തിയായി തുടച്ചു  മറ്റു കുട്ടികളുടെ കൂടെ കൊണ്ട് പോയി ഇരുത്തും!

     അങ്ങനെ ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ദീപുട്ടന് പ്രമോഷനായി, തൊട്ടടുത്ത LP സ്കൂളിലേക്ക്!

കോര മാഷ്‌ടെ കീഴില്‍ നാല് വരെ മാത്രമുള്ള ഒരു സ്കൂള്‍!!.! !!

      ക്ലാസ്സ്‌ മാഷ്‌, രാമന്‍ മാഷ് വയസ്സനായിരുന്നെങ്കിലും വളരെ രസികനായിരുന്നു,

ക്ലാസ്സില്‍ ടിങ്കു, ധന്യ,ഗോപിക എന്നിവരായിരുന്നു ദീപുട്ടന്റെ ഉറ്റ സുഹൃത്തുക്കള്‍!

      രാവിലെ ടിങ്കുവും, ദീപുട്ടനും കൂടി ഗേറ്റില്‍ എത്തുമ്പോഴേക്കും ധന്യക്കുട്ടി റെഡി ആയി കാത്തു നില്‍ക്കുന്നുണ്ടാകും, മാമാട്ടി ക്കുട്ടിയമ്മയുടെ പോലെ മുടി ഒക്കെ വെട്ടി, നല്ല ഫ്രോക്ക് ഒക്കെ ധരിച്ച്!
 പിന്നെ കയ്യും പിടിച്ച് ഒരു നടത്തമാണ്,  രണ്ടു രണ്ടര കിലോമീറ്റര്‍!! ,! (അതും രണ്ടു രണ്ടര വര്ഷം!)

     സ്കൂളില്‍ വിട്ടതിനുശേഷം ചേച്ചിയും പരിവാരങ്ങളും അപ്പുറത്തെ ആലക്കാട് UP സ്കൂളിലേക്ക് യാത്രയാവും.

     ദീപുട്ടന്‍ രണ്ടാം ക്ലാസ്സുവരെയേ അവിടെ പഠിച്ചുള്ളൂ, പിന്നെ അച്ഛന്റെ കൂടെ ദീപുട്ടനും പുതിയ സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി!

    പുതിയ സ്കൂളുകള്‍ മാറി മാറി വന്നിട്ടും ദീപുട്ടന്റെ ഉള്ളില്‍ തന്‍റെ ആദ്യ സ്കൂള്‍ മായാതെ അങ്ങനെ കിടന്നു.

അപ്പൊ ഇതാണ് ഫ്ലാഷ് ബാക്ക് എന്ന് പറയുന്ന സാധനം!

( ആദ്യത്തെ എഴുത്ത് പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് തിരിച്ചു  കൊടുക്കണം എന്നറിയാതെ, വീട്ടില്‍ കൊണ്ട് വന്നതും, രാമന്‍ മാഷ്ടെ ചിത്രം വരച്ചതിനു ചെവിക്കു നുള്ള് കൊണ്ടതും, ഓട്ട മത്സരത്തില്‍ ധന്യക്കുട്ടിയോട് തോറ്റതും ആയ മറ്റു നാണം കെടുത്തുന്ന കഥകളെല്ലാം ദീപുട്ടന്‍ ഇതില്‍ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു! )

കണ്ണൂര്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെ പരിപാടി തുടങ്ങി!

(എക്സാം തുലയട്ടെ! എന്നും പിന്നില്‍ നിന്നും ഒരു മുദ്രാവാക്യം! )

പക്ഷെ ഇത്തവണ സംഗതികള്‍ ആകെ കൈവിട്ടു പോയ പോലെ!

ആദ്യം വന്നത് കണക്കു ടീച്ചര്‍!,
" ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവത്തില്ല, അല്ലെങ്കിലെ ഒന്നും പഠിക്കില്ല, ബോര്‍ഡ്‌ എക്സാം ഇങ്ങെത്തി"

" ശരിയാ എക്സിബ്ഷന്‍ കളിച്ചുനടന്നാല്‍ നമ്മുടെ സ്കൂളിന് ഇപ്രാവശ്യം നൂറ് ശതമാനം വിജയം എന്ന് പറയാന്‍ പറ്റില്ല, അത് ഉറപ്പാ! " മിസ്സിസ് ജീവശാസ്ത്രം
തന്‍റെ വ്യാകുലതകള്‍ പുറത്തു വിട്ടു.

എന്തായാലും ചര്‍ച്ച മൂത്ത് വന്നപ്പോള്‍ ദീപുട്ടന് മെജോറിട്ടി!

അങ്ങനെ ദീപുട്ടനും,ടിന്റുമോനും, ശ്രീക്കുട്ടനും മറ്റു ചില വാല് പിള്ളേരും എക്സിബിഷന് പോകാന്‍ തയ്യാറായി.

വീരപ്പന്‍ സാര്‍ രഹസ്യമായി ദീപുട്ടനെ വിളിച്ച് പറഞ്ഞു,

 " പോറതെല്ലാം സറി, അനാ തിരുമ്പി വന്തതുക്ക് അപ്പുറം ലെസ്സന്‍സ് എല്ലാം കവര്‍ പണ്ണണം, എന്നെ മോസം ആക്കരുത് "

" സറി സാര്‍ " എന്ന് തമിഴില്‍ തന്നെ തട്ടി ദീപുട്ടന്‍ വീരപ്പന്‍ സാറോട് നന്ദി രേഖപ്പെടുത്തി! കാരണം ഏറ്റവും അവസാനം വരെ ദീപുട്ടന് വേണ്ടി വാദിച്ചത് വീരപ്പന്‍ സാറായിരുന്നു!

അങ്ങനെ പോകാന്‍ വേണ്ടി സ്ഥാവര ജങ്കമങ്ങള്‍ഒക്കെ വണ്ടിയില്‍ കയറ്റുമ്പോള്‍ നമ്മുടെ കുഞ്ഞു അതാ ഓടി വരുന്നു, അതേ സാക്ഷാല്‍ കുഞ്ഞു മഹാരാജാവ് തന്നെ

 " എടാ കണ്ണൂര്‍ സ്കൂളില്‍ എന്റെ ഒരു ഫ്രണ്ട് ഉണ്ട്, പേര് ധന്യ,
ഓട്ടക്കാരിയാ, എന്റെ പ്രത്യേകം അന്വേഷണം പറയണം "

അങ്ങനെ ഒരു ദൂതന്റെ റോള്‍ കൂടി രാജാവിന് വേണ്ടി ചെയ്യാന്‍ കിട്ടിയതില്‍ സന്തോഷിച് ദീപുട്ടന്‍ കണ്ണൂരിലേക്ക്!


        സംഗതികളൊക്കെ ഫിറ്റു ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം, ബാക്കി എല്ലാ വിഷയത്തിനും നില്ക്കാന്‍ ആളുണ്ട് പക്ഷെ SUPW ന് മാത്രം ആരെയും കണ്ടിരുന്നില്ല പിന്നെ ആകെ ഉള്ളത് ഡാന്‍സ് കളിക്കാന്‍ മാത്രമറിയുന്ന ഒരു പീക്കിരിപെണ്ണാണ്‌( (,( പീക്കിരി എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ!, ഇവിടെ ഒരു ട്വിസ്റ്റ്‌ ഉണ്ട്, ആള് ചെറിയ ഒരു വട്ടു കേസാണ്, 28ആം പിറന്നാളിന് അച്ഛന്‍ പാദസരത്തിന് പകരം ഒരു ചിലങ്ക വാങ്ങി കെട്ടിക്കൊടുത്തു, അന്ന് തുടങ്ങിയ ആട്ടമാണ്. സ്റ്റേജ് കണ്ടാല്‍ ഒരു മാതിരി വട്ടാവും, ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു സാധനങ്ങളെ കണ്ടാണ്‌ ഈ നാനോ ടെക്നോളജി എന്ന കോണ്‍സെപ്റ്റ്നു തിരി കൊളുത്തിയത് എന്ന് തോന്നി പോകും!)

അവളെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്താന്‍ ആവില്ല എന്നതുകൊണ്ട് ദീപുട്ടന്‍ എന്ന സെല്‍ഫ് ഡിക്ളയെര്‍ട്  ശാസ്ത്രന്ജനെ തല്ക്കാലം ആ തലക്കെട്ട്‌ ഊരിവെപ്പിച് വര്‍ക്ക് എക്സ്‌പീരിയന്‍സ്ന്‍റെ പുറകില്‍ ഇരുത്തി.

 അങ്ങനെ ദീപുട്ടന്‍ രാവും പകലും അധ്വാനിച്ച് ഉണ്ടാക്കിയ കണ്ടുപിടുത്തം ടിന്റുമോന് സ്വന്തമായി.

പത്രക്കാരും ബുദ്ദിജീവികളും, അധ്യാപകരും ടിന്റുവിനെ പൊതിയുന്നത് കണ്ടപ്പോള്‍ ദീപുട്ടന് സങ്കടം വന്നു.

 ദീപുട്ടന്റെ മുന്നിലാകട്ടെ, ആരൊക്കെയോ ഉണ്ടാക്കിയ, എന്തൊക്കെയോ ചില "സാധനങ്ങള്‍ !"
( പിറ്റേ ദിവസത്തെ പത്രത്തില്‍ ടിന്റുമോന്റെ പേരും അച്ചടിച്ച്‌ വന്നു!)

ഏതായാലും മുന്നില്‍ വന്ന രണ്ടു തരുണീമണികളെ വിളിച്ച് ചോദിച്ചു

" ഈ ധന്യ എന്ന കുട്ടിയെ എവിടെ കിട്ടും?"

ഭൂലോകത്ത് ഏറ്റവും കൂടുതലുള്ള ഒരു പേര്,എവിടെയും കിട്ടും എന്നാണ് മറുപടി പ്രതീക്ഷിക്കേണ്ടത്, എന്നാലും മര്യാദ രാമികള്‍ (ഇങ്ങനെ വിളിക്കാമോ എന്തോ!) ചോദിച്ചു,

" ഏതു ക്ലാസ്സിലാ ?"

മൊത്തം അഡ്രസ്സും പറഞ്ഞപ്പോളല്ലേ സംഗതീടെ കിടപ്പുമനസ്സിലായത്, ആള്‍ അവിടെ ഒരു സ്റ്റാര്‍ ആണ്.( എന്‍റെ കുഞ്ഞു മഹാരാജാവേ, സമ്മതിച്ചിരിക്കുന്നു, അങ്ങയുടെ ചോയ്സ് അപാരം!!)

" അവരെ കാണുമ്പോള്‍ ഒന്നിവിടം വരെ വരാന്‍ പറയണം "

ഇത്തിരി ബഹുമാനത്തോടെ തന്നെ ദീപുട്ടന്‍!,

" ശരി "

അടുത്ത ചോദ്യം ദീപുട്ടന് വേണ്ടിത്തന്നെ ആയിരുന്നു

" ഈ കാങ്കോല്‍ എത്ര ദൂരമുണ്ട്? "

ഇതവണ തരുണികള്‍ ഞെട്ടിപ്പോയി

" അങ്ങ് ദൂരെ മൊട്ടക്കുന്നില്‍ നിന്നും വന്ന ആള്‍ കണ്ണൂരിന്‍റെ ഹൃദയ
സ്പന്ദനങ്ങള്‍ അറിയുന്നത് പോലെ ഒരു ചോദ്യം ചോദിക്കുന്നു!!!! "

പിന്നെ ദീപുട്ടന്‍ പിള്ളേരെ കാര്യത്തിന്റെ കിടപ്പ് വശം പറഞ്ഞു മനസ്സിലാക്കി, അപ്പോള്‍ കണ്ണട വച്ച് വെളുത്തുകൊലുന്നനെ ഉള്ള ഒരു സുന്ദരി പറഞ്ഞു,

" കാങ്കോലിനെപ്പറ്റി അറിയാന്‍ നിങ്ങള്‍ പറഞ്ഞ ആ ധന്യയോടു തന്നെ ചോദിച്ചാല്‍ മതി, അവള്‍ ആ ഭാഗത്ത്‌ നിന്നാണ്"

മനസ്സില്‍ കുഞ്ഞുവിനോട് ഒരായിരം നന്ദി പറഞ്ഞു,

വൈകുന്നേരമായപ്പോള്‍ രണ്ടുമൂന്നു സുന്ദരികള്‍ സ്റ്റാളിന്റെ  അരികില്‍ നിന്ന് പരുങ്ങുന്നു, ശ്രീക്കുട്ടന്‍ മെല്ലെ എന്‍റെ കാലില്‍ ഒന്ന് തട്ടി, ഞാന്‍ ഒന്ന് ചിരിച്ചു.
 ചിരി കണ്ടിട്ടാകണം മൂന്നും കൂടി ഞങ്ങളുടെ അടുത്തേക്ക്!




" വന്ന ഉടനെ ചോദിച്ചു, ആരാ ദീപു? "

" ഞാന്‍ തന്നെ,എന്താ?'

" എന്നെ മനസ്സിലായോ?, ഞാന്‍ ധന്യ"

" മനസ്സിലായി, കുഞ്ഞു പറഞ്ഞിരുന്നു!" ഞാന്‍ വിനീത വിധേയനായി.

അവളുടെ മുഖത്ത് പെട്ടന്ന് ഒരു അത്ഭുതം വിടര്‍ന്നത് ഞാന്‍ കണ്ടു!

" കാങ്കോലില്‍ നിന്നിരുന്ന, വലിയചാലില്‍ പഠിച്ച, ദീപു?"

ഇത്തവണ ദീപുട്ടന്റെ റിലേ ആണ് പോയത്, പെട്ടന്ന് മനസ്സ് പത്തു വര്ഷം പുറകോട്ട് പോയി, ചെന്ന് നിന്നത്, സ്കൂളില്‍ പോകാന്‍ തയ്യാറായി ദീപുട്ടനെയും, ടിങ്കുവിനെയും കാത്തു നില്‍ക്കുന്ന മാമാട്ടിക്കുട്ടിയമ്മയുടെ പോലെ മുടിയുള്ള, ഫ്രോക്ക് ധരിച്ച ഒരു ആറുവയസ്സുകാരിയുടെ മുന്നില്‍!

"പഴയ ധന്യ?!?"

 അങ്ങനെയാണ് ചോദ്യം പുറത്തേക്കു വന്നത്, ദീപുട്ടന്‍ സന്തോഷം കൊണ്ട് കരഞ്ഞില്ല എന്നേ ഉള്ളൂ!

അങ്ങനെ പത്തു നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരുക്കിത്തന്ന കുഞ്ഞുവിനും ദൈവത്തിനും നന്ദി പറഞ്ഞ് അവര്‍ വിശേഷങ്ങള്‍ പങ്കിട്ടു!

മൂന്നു ദിവസങ്ങള്‍ കടന്നുപോയി, ദീപുട്ടന്റെ പ്രൊജക്റ്റ്‌ ടിന്റുവിന്റെ പേരില്‍ പത്രത്തില്‍ വന്നതും, പിന്നെ കുറെ സാധനങ്ങളുടെ ഇടയില്‍ വെറുതെ ഇരിക്കേണ്ടിവന്നതും ഒന്നും ദീപുട്ടനെ വേദനിപ്പിച്ചില്ല, വേദനിപ്പിച്ചെങ്കില്‍ ആകെ മൂന്ന് ദിവസത്തിനപ്പുറത്തെ വിട പറച്ചില്‍ മാത്രം!

അങ്ങനെ ദീപുട്ടന്റെ കണ്ണൂര്‍ സ്വപ്നം സഫലമായി എന്ന് മാത്രമല്ല, അതിന്‍റെ കൂടെ ഫെസ്റിവല്‍ ബോണസ് എന്നപോലെ ഒരു സുഹൃത്തിനെയും തിരിച്ചു കിട്ടി.

     " ഊപര്‍ വാല ജബ് ഭി ദേതാ, ദേതാ ചപ്പര്‍ ഫാട്കെ! "  എന്ന ഹിന്ദി പാട്ട് പോലെ ആയി കാര്യങ്ങള്‍,

 സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ദീപുട്ടന്റെ " സാധനങ്ങള്‍ക്ക് " ഒന്നാം സമ്മാനം!

( ജഡ്ജസ് വന്നപ്പോള്‍ ദീപുട്ടന്‍, കരകൌശലം, തൊഴിലില്ലായ്മ നിര്‍മാര്‍ജനം, കുടില്‍ വ്യവസായം, ദാരിദ്ര നിര്‍മാര്‍ജനം, എന്നീ മസാലകളൊക്കെ ചേര്‍ത്ത് ഈ " സാധനങ്ങള്‍ " ഒക്കെ അങ്ങ് പുഴുങ്ങിക്കൊടുത്തു,  കഴിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു!)

തിരിച്ച് സ്കൂളില്‍ വന്നപ്പോള്‍ കാത്തുനിന്നത് ഘംഭീര സ്വീകരണം, ദീപുട്ടന് പ്രിന്‍സിപ്പല്‍ വക പ്രത്യേക സമ്മാന വാഗ്ദാനം, SUPW മാഷിന്റെ നെഞ്ചിന് വീതി കുറെ കൂടിയിരുന്നു
( ആദ്യമായിട്ടാണ്,ഇങ്ങനെ ഒരു സമ്മാനം!)

ദീപുട്ടന് കിട്ടാനിനി ഒന്നും ബാക്കിയില്ല എന്ന പോലെ!

വാല്‍ :- പ്രിന്‍സിപ്പല്‍ വാഗ്ദാനംചെയ്ത സമ്മാനം ദീപുട്ടന് ഒരിക്കലും കിട്ടിയില്ല,
വീരപ്പന്‍ സാറിന്‍റെ വിഷയത്തില്‍ ദീപുട്ടന്‍ തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങി, പിന്നെ ജീവശാസ്ത്രത്തില്‍ ദീപുട്ടന്‍ റെക്കോര്‍ഡ്‌ മാര്‍ക്ക് വാങ്ങി, കണക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍, ആറു മാസം കഴിഞ്ഞ് കമ്പാര്‍ട്ട്‌മന്റ്‌ പരീക്ഷ കുറച്ചുകൂടി നന്നായി എഴുതണം എന്ന് മനസ്സില്‍ വിചാരിചിരുന്നുവെങ്കിലും, കണക്കു ടീച്ചറിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടതിനാല്‍ ദീപുട്ടന്‍ ആ കടമ്പയും കടന്നു മൊത്തം പറഞ്ഞാല്‍;

  " ഊപര്‍ വാല ജബ് ഭി ദേതാ, ദേതാ ചപ്പര്‍ ഫാട്കെ! "


സമര്‍പ്പണം :- ദീപുട്ടന് വാഗ്ദാനം ചെയ്ത സമ്മാനം തന്നില്ലെങ്കിലും , ദീപുട്ടന്റെ ജീവിതം മാറ്റിമറിച്ച ഒരു യാത്രക്ക് അനുമതി തന്ന , ദീപുട്ടന്റെ തന്നെ സഹ പാഠിയുടെ അച്ഛനും, സ്കൂള്‍ പ്രിന്സിപ്പലുമായിരുന്ന ശ്രീ വാസുദേവന്‍ സാറിന്‍റെ ഓര്‍മയ്ക്ക്.



Sunday, September 23, 2012

കേശുവി ന്‍റെ ശാപവും, ഒരു കുന്ന് ബ്രെഡും!

            മെഡിക്കല്‍ കോളേജിന്റെ മുന്നിലെ വയസ്സന്റെ (ഹിപ്പോക്രറ്റസ് ആണെന്ന് തോന്നുന്നു) പ്രതിമയുടെ മുന്‍പില്‍ അച്ഛനെയും കാത്തുനില്‍ക്കുമ്പോള്‍, വെള്ളക്കോട്ടുകളും, കഴുത്തിനു, ചുറ്റും, അല്ലെങ്കില്‍ വലിയ പോക്കെറ്റില്‍ തിരുകിയ സ്റ്റെത്തും, ചുണ്ടില്‍ എപ്പോഴും പിറുപിറുപ്പും കൊണ്ടു നടന്നു വരുന്ന പെണ്‍കുട്ടികളെയും, വൃത്തിഹീനമായ കോട്ട് കൈത്തണ്ടയില്‍ ഇട്ട്, ചിരിയും തമാശയുമായി വരുന്ന ആണ്കൂട്ടങ്ങളെയും ദീപുട്ടന്‍ ശ്രദ്ധിച്ചു.
            അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ചേച്ചിയെ ഒരു ഡോക്ടര്‍ ആക്കണം എന്നുള്ളത്!, ഏതായാലും കോച്ചിംഗ് ഒന്നും ഇല്ലാതെ എട്ടുനിലയില്‍ എന്ട്രന്‍സ് പരീക്ഷ പോട്ടിയതുകൊണ്ട് ചേച്ചി അതാ, വീടിന്റെ തൊട്ടടുത്ത സ്കൂളില്‍ ടീച്ചര്‍ ആയി ജോലിചെയ്യുന്നു, ആശ വഴിമാറി ഒഴുകി ദീപുട്ടന്റെ മേല്‍ പതിച്ചപ്പോള്‍, ചെറിയ തോതില്‍ ഒരു വെക്കേഷന്‍  ക്ലാസ്സില്‍ ഒക്കെ പോയി ദീപുട്ടനും ഒന്ന് ശ്രമിച്ചു നോക്കി!

            റാങ്ക് ലിസ്റ്റില്‍ വന്നെങ്കിലും, ഇന്ത്യയിലൊട്ടാകെ എഞ്ചിനീയറിംഗിനും, മെഡിസിനും അത്രയും സീറ്റ്‌ ഇല്ലാത്തതിനാല്‍ അതും ചീറ്റിപ്പോയി.
( ഇപ്പൊ കേരളത്തില്‍ മാത്രം അത്ര സീറ്റ്‌ ഉണ്ട് കേട്ടോ!)

 പിന്നെ ആകെ ഉള്ള ആശ്വാസം കുഞ്ഞുമോളില്‍ ആയിരുന്നു, അവള്‍ ആകട്ടെ , ഭയങ്കര ദുര്‍വാശിക്കാരിയും!

             ആദ്യത്തെ പ്രാവശ്യം കക്ഷി പരീക്ഷ പാസായെങ്കിലും, ഇഷ്ട വിഷയം,ഇഷ്ട കോളേജ് എന്നൊക്കെ പറഞ്ഞ്, പോയില്ല, അടുത്തവര്‍ഷം, എഴുതി, പക്ഷെ കഴിഞ്ഞ വര്‍ഷത്തെ പോലെ മുട്ടാപ്പോക്ക് ന്യായമൊന്നും ഇപ്രാവശ്യം പറയാന്‍ പറ്റിയില്ല, എന്തെന്നാല്‍ കക്ഷിക്ക്, ഇപ്രാവശ്യം ഭയങ്കര മാര്‍ക്കായിരുന്നു, അപ്പോപ്പിന്നെ, മനസ്സില്ലാ മനസ്സോടെ പുള്ളി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു, അതിപ്പോ കൊല്ലം ഒന്ന് കഴിഞ്ഞു!

 " ഏട്ടനെന്താ ഇവിടെ?"

ആളെ പെട്ടന്ന്‍ മനസ്സിലായെങ്കിലും, ദീപുട്ടന്‍ ആകെ ഒന്ന് ഞെട്ടിപ്പോയി!

പുറകീന്നുള്ള പ്രതീക്ഷിക്കാത്ത വിളിയല്ലേ, പുറമേ, ദീപുട്ടന്‍ ആകെ ചിന്തയിലും

"ചേച്ചിയെ കാണാന്‍ വന്നതാകും അല്ലെ?"

( വീട്ടില്‍ എല്ലാര്ക്കും ഒരു നല്ല വാലുള്ളതുകൊണ്ട്, കുഞ്ഞു എന്റെ ബാക്കിയാണെന്ന് അവനു മനസ്സിലായിരിക്കുന്നു!

"അല്ല കേശു, വേറെ ഒരു ആവശ്യമുണ്ടായിരുന്നു, എന്‍റെ അമ്മാവന്‍ ഒരാള്‍ അഡ്മിറ്റ്‌ ആണ്, പുള്ളിക്ക് വേണ്ടി ഒരു സഹായത്തിനു വന്നതാണ്."

ദീപുട്ടന്‍ പറഞ്ഞു

"അല്ല നീ എന്താ ഇവിടെ?"  അവന്‍റെ കോട്ടും, സ്ടെതും കണ്ടിട്ടും ദീപുട്ടന്‍ ചോദിച്ചു പോയി. അഞ്ചാറു കൊല്ലം മുന്‍പ് ദീപുട്ടന്റെ കൂടെ വള്ളി നിക്കറും ഇട്ടു നടന്നതല്ലേ!

" ഞാന്‍ ഫസ്റ്റ് ഇയര്‍ ആണ്" കേശുവിന്റെ മറുപടി.

" എന്തായാലും ഇതാണ് എന്റെ ഫോണ്‍ നമ്പര്‍, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം "  കേശു തന്‍റെ ഫോണ്‍ നമ്പര്‍ കൈ മാറി, ഒരു പുഞ്ചിരിയോടെ നടന്നു നീങ്ങി.
ദീപുട്ടന് അഭിമാനം തോന്നി, ഇതാ ഒരാള്‍ കൂടി തന്‍റെ സ്കൂളില്‍ നിന്നും!

പ്രത്യേകിച്ച് അത് കേശു ആയപ്പോള്‍..

പെട്ടന്ന്‍ ദീപുട്ടന്റെ മനസ്സ് ആറേഴു വര്ഷം പുറകോട്ടു നടന്നു

അയ്യോ..... ഒരു നിലവിളി, അതാ ദീപുട്ടന്റെ കയ്യില്‍ ഒരു ചെവി!, ആ ചെവിയുടെ അറ്റത്ത് കിടന്നാടുന്ന ഒരു നരന്ത് പയ്യന്‍, കേശു, കുഞ്ഞു മുഖം, നല്ല ഓമനത്തം, മുഖത്ത്, മുക്കിയെടുത്ത പോലെ നിഷ്കളങ്കത, ഈ കാഴ്ച വല്ല മാഷുംമാരും കണ്ടിരുന്നെങ്കില്‍ ആദ്യം ദീപുട്ടന്റെ ക്രൂരതക്ക്, രണ്ടു പൊട്ടിച്ച് അന്ത്യമിട്ടേനെ!

" എന്‍റെ ഹൌസില്‍ കേറി കക്കാന്‍ മാത്രം ധൈര്യം നിനക്കുണ്ടോടാ?"

അപ്പൊ അതാണ് കാര്യം, കൊച്ചു മിടുക്കന്‍ കട്ടതിനാണ് ദീപുട്ടന്‍ പിടികൂടിയിരിക്കുന്നത്, ചുറ്റും ദീപുട്ടന്റെ വാനര സേനയും ഉണ്ട്,

കാര്യം ഗുരുതരം തന്നെ, കക്കാന്‍ പാടില്ല, അന്യന്‍റെ മുതല്‍ മോഹിക്കരുത് എന്നല്ലേ!

" ഇവന്‍റെ സ്ഥിരം പരിപാടിയ ചേട്ടാ, ഇവനെ വെറുതെ വിടരുത്"

" കഴിഞ്ഞ ആഴ്ച ഇവന്‍ എന്റെ വെള്ളോം കട്ടു"

ഓ, അപ്പൊ കാര്യം വളരെ ഗുരുതരം, ഒരു കിലോ ആപ്പിള്‍ ചോദിച്ചാല്‍ ചിലപ്പോ  ഇവിടെ ആരെങ്കിലും ഒക്കെ തന്നേക്കാം, പക്ഷെ, വെള്ളം!

അടിയും പിടിയും കൂടി ഒരു ബക്കറ്റ്‌ വെള്ളം കിട്ടുമ്പോളെക്കും സെല്‍ഫ് സ്റ്റടിക്കുള്ള ബെല്ലടിച്ചു കാണും, അപ്പൊ കുളി തല്ക്കാലം രാത്രിയിലേക്ക്‌ മാറ്റിവച്ച്, മഗ്ഗില്‍ കുറച്ചു വെള്ളമെടുത്ത് ഒരു കാക്ക കുളി പാസ്സാക്കി (അല്ലെങ്കില്‍ കുളിക്കാത്ത കുറ്റത്തിന് സാറിന്‍റെ വക പണിഷ്മെന്റ് തീര്‍ച്ച! ) , ബാക്കി വെള്ളം മെല്ലെ കട്ടിലിന്റെ അടിയിലേക്ക് തള്ളി വച്ച്, ക്ലാസ്സിലേക്ക് പോകും.

അപ്പൊ ആ വെള്ളം കട്ടവനെ എന്ത് വിളിക്കണം, പെരും കള്ളന്‍ എന്ന് തന്നെ, അതും രണ്ടു ഹൌസ് അപ്പുറം പോയി കട്ടവനെ എന്ത്‌ വിളിക്കണം, കരിങ്കള്ളന്‍ എന്നായാലോ!?

നിലവിളിയോടുകൂടി, അവന്‍ പറയുന്നുമുണ്ട്.

" വിട് ചേട്ടാ, ഞാന്‍ അല്ല, ഞാന്‍ അല്ല ,"

" ഇനി ഈ വഴിക്ക് കണ്ടാല്‍ നിന്നെ ഞാന്‍!...... ശരിയാക്കും......"

ചെവി വിട്ടതും ഒരൊറ്റ ഓട്ടമായിരുന്നു, അതും കരഞ്ഞു കൊണ്ട്!

" ഇതൊക്കെ അവന്‍റെ ഒരു നമ്പരല്ലേ!" ശിഷ്യഗണങ്ങളിലാരോ പറഞ്ഞു.

എന്തായാലും ദീപുട്ടന് ഒരു ചെറിയ പേടി തോന്നി, ഇനിയിപ്പോ ചെക്കന്‍ ആ
 പി ടി സാറിനോടോ മറ്റോ പറഞ്ഞാല്‍ പിന്നെ ആകെ മാനക്കേടാവും!

കോടതി വിട്ട് രണ്ടക്ഷരം വല്ലതും പഠിച്ചു കളയാം എന്നാ ചിന്തയുമായി ഇരിക്കുമ്പോള്‍ ആണ് നമ്മുടെ " ഇരുമ്പന്‍ ജിഷു " കേറി വരുന്നത്, വട്ടപ്പേര് കേട്ടാല്‍ തോന്നുന്നത് പോലെ തന്നെ, ആളൊരു ഇരുമ്പു കട്ട തന്നെ, ദീപുട്ടന്റെ ഒരു ക്ലാസ്സ്‌ താഴെ!

" ആ പാവം പയ്യനെ അങ്ങനെ ഉപദ്രവിക്കണ്ടായിരുന്നു "

ദീപുട്ടന് ഇരുമ്പന്‍റെ വക്കാലത്ത് തീരെ ഇഷ്ടപ്പെട്ടില്ല,

" ഇവനൊക്കെ ഇത്ര കൊടുത്താല്‍ പോര, ഈ പ്രായത്തിലെ കക്കാന്നൊക്കെ പറഞ്ഞാ" ദീപുട്ടന്‍ തന്‍റെ ഭാഗം ന്യായീകരിച്ചു.

ചെമ്മണൂര്‍ ജ്വല്ലറി കുത്തിത്തുറന്നു എന്ന് തോന്നിപ്പോകും കേള്‍ക്കുന്നവര്‍ക്ക്!

" അല്ല ഏട്ടാ, ആ വെള്ളം ഞാനാ എടുത്തത് ", ഇരുമ്പന്‍ കുമ്പസാരിച്ചു
ദീപുട്ടന്‍ ആകെ ചൂളിപ്പോയി, ഒരു വലിയ തെറ്റു പറ്റിയിരിക്കുന്നു, ഈ കുരുത്തം കെട്ടവന്‍മാര്‍ കാരണം പാവം പയ്യന്‍!

" ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു  നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നാണല്ലോ"

എന്തായാലും വളരെ മോശമായി, ദീപുട്ടന്റെ മനസ്സ് പെട്ടന്ന്‍ കുറ്റബോധം കൊണ്ട് നിറഞ്ഞു. പിന്നെ ഉടന്‍ തന്നെ കേശുവിന്റെ ഹൌസിലേക്ക് വെച്ച് പിടിച്ചു

കേശു ബെഡ്ഡില്‍ കമിഴ്ന്ന് കിടക്കുകയാണ്, രണ്ടു മൂന്നു കൂട്ടുകാര്‍ ചുറ്റും ഇരിക്കുന്നു, തേങ്ങലിന്റെ ശക്തിയില്‍ തല ഇടയ്ക്കിടെ ഇളകുന്നു.

ദീപുട്ടനെ കണ്ടതും ആകെ ഒരു നിശബ്ദത, എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ ഒതുങ്ങി നിന്നു, കൂട്ടുകാര്‍ കേശുവിന്റെ ബെഡ്ഡില്‍ നിന്നും എണീറ്റ്‌ മാറി നിന്നു

" നിനക്കൊന്നും ഒരു പണിയും ഇല്ലേ?, പോയി പഠിക്കെടാ" ദീപുട്ടന്‍ എല്ലാവരെയും ആട്ടി വിട്ടു, ക്ഷമ ചോദിക്കുമ്പോഴുള്ള ചമ്മല്‍ ആരും കാണണ്ട!

"ഡാ കേശു, നിനക്ക് പഠിക്കാനൊന്നും ഇല്ലേ " ഇത്തവണ ദീപുട്ടന്റെ സ്വരത്തില്‍ ചെറിയ ഒരു മയം!
 " ഞാനല്ല ചേട്ടാ വെള്ളം എടുത്തത്" കേശു പിന്നെയും തേങ്ങിക്കരഞ്ഞു
" സാരമില്ലെടാ, പോട്ടെ, ചിലപ്പോ, വേറെ ആരെങ്കിലും  ആയിരിക്കും, നീ അതങ്ങ് വിട്ടു കള " ദീപുട്ടന്‍ സമാധാനിപ്പിച്ചു, "ഇനി ആരെങ്കിലും ആ പേരും പറഞ്ഞ് നിന്നെ കളിയാക്കിയാല്‍ നീ എന്നോട് പറഞ്ഞാല്‍ മതി, ഇനി കരയാതെ വല്ലതും പഠിക്കാന്‍ നോക്ക്" ദീപുട്ടന്‍ തന്ത്ര പൂര്‍വ്വം ഇരുമ്പനെ കേസില്‍ നിന്നും ഒഴിവാക്കി.

ഏതായാലും ഈ സംഭവത്തിന്‌ ശേഷം കേശുവും ദീപുട്ടനും നല്ല കൂട്ടുകാരായി

ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ ദീപുട്ടന്റെ കുറ്റബോധം കാരണം ദീപുട്ടന്‍ കേശുവിനെ തന്‍റെ മുഖ്യ ശിങ്കിടി ആയി നിയമിച്ചു!

ഒരു ദിവസം ക്ലാസ്സില്‍ നിന്നും വന്നപ്പോള്‍ ദീപുട്ടന്‍ കാണുന്നത് നയനമനോഹരമായ ഒരു കാഴ്ചയാണ്, കേശു പിന്നെയും തൂങ്ങി നില്‍ക്കുന്നു, പക്ഷെ ഇത്തവണ ഹരിക്കുട്ടന്റെ കയ്യിലാണെന്നു മാത്രം!

" എന്താടാ, എന്തുപറ്റി? "
"എന്തു പറ്റാന്‍ , ഇവന് നീ അന്ന് കൊടുത്തത് ഒന്നും പോര എന്നാ തോന്നുന്നത്"

"ഈ കഴുവേര്‍ടെ മോന്‍ പറയാണ്, നാളെ എനിക്ക് ഇഷ്ടംപോലെ ബ്രെഡ്‌ കിട്ടീലെങ്കില്‍, ഈ ചേട്ടന്മാരൊക്കെ പരീക്ഷക്ക്‌ തോറ്റ് പോട്ടെന്ന്, അവന്‍റെ ഒരു ശാപം!,"

"ഇവനെ ഞാന്‍ ഇപ്പൊ ശരിയാക്കി തരാം"

" വിട്ടു കള ഇവനെ നമുക്ക് നാളെ ശരിയാക്കാം"
" നിങ്ങള്‍ ഒക്കെത്തന്നെയാണ് ഈ ചെക്കന്‍മാരെ വഷളാക്കുന്നത്, ഇവന്‍റെ ഒക്കെ ചന്തി അടിച്ചു പൊട്ടിക്കണം!"

പിറ്റേ ദിവസം രാവിലെ കേശുവിനെ പൊതിഞ്ഞു പന്ത്രണ്ടാം ക്ലാസ്സിലെ മുഴുവന്‍ മക്കളും, എല്ലാവരുടെയും കയ്യില്‍ ഓരോ കഷ്ണം ബ്രെഡ്‌, അപ്പൊ ആകെ ഒരു 30 പീസ്!

അതങ്ങിനെ ഒരു പാത്രത്തില്‍ കുന്നു കൂട്ടി ഇട്ടിരിക്കുകയാണ്, ( 30 കഷ്ണം എന്ന് വിചാരിച്ച് പുച്ച്ചിക്കുന്നവരുടെ ശ്രദ്ധക്ക്, ഇത് സാധാരണ ബ്രഡ്‌ അല്ല, ഒരു വലിയ ബ്രഡ് ആകെ ഒരു 5-6 കഷണമാക്കി ഒരാള്‍ക്ക്‌ നാല് കഷണം ആണ് കിട്ടുക, അതു തന്നെ ധാരാളം, പിന്നെ ശരീര സൌന്ദര്യ വര്‍ധനത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന സുന്ദരികള്‍ ഒന്നോ രണ്ടോ കൊണ്ട് തൃപ്തിപ്പെടും!)


 കേശു അടി തുടങ്ങി!. ഒരു കഷ്ണം എടുക്കുന്നു, നാലാക്കി മുറിക്കുന്നു, ഉരുളക്കിഴങ്ങ് കറിയില്‍ മുക്കുന്നു പിന്നെ ആ ചെറിയ വായ്ക്കുള്ളില്‍ നിറക്കുന്നു, വലിയ സ്റ്റീല്‍ ഗ്ലാസിലെ പാലില്‍ ഒരു കവിള്‍ അകത്താക്കുന്നു!
5 മിനിട്ട് കഴിഞ്ഞില്ല, പ്ലടിലെ കുന്നിന്‍റെ ഉയരം മൂന്നിലൊന്നായി!
കണ്ടു നിന്ന പലരും തലയില്‍ കൈ വച്ചുപോയി,

"എന്റെ ദൈവമേ, ഇതൊക്കെ, എങ്ങോട്ട് പോണു", ദീപുട്ടന്‍ മനസ്സിലോര്‍ത്തു! 

5 മിനിട്ടുകൂടി കഴിഞ്ഞപ്പോള്‍, JCB കുന്നിന്‍റെ പകുതിയും നിരത്തിക്കഴിഞ്ഞു! ഇനി ഒന്നുകൂടെ ചെന്നാല്‍ ഹരിക്കുട്ടന്റെ റെക്കോര്‍ഡ്‌ തകരും!
ഹരിക്കുട്ടന്‍ ആകാംഷയോടെ നോക്കിനിന്നു, അതാ അതും സംഭവിച്ചു!

ചെക്കന്‍ വിടാനുള്ള ഭാവമില്ല, ഇപ്പൊ വെറും പാലിന്റെ കൂടെയാണ് പൂശല്‍!!, പക്ഷെ ഒരു മയം ഒക്കെ വന്നിട്ടുണ്ട്, തീറ്റ മേല്ലെയായി, മുഖത്തെ ആഹ്ലാദവും ചിരിയും ഒന്ന് ക്ഷയിച്ചു,

" വേഗം തിന്നെടാ" ശ്രീക്കുട്ടന്‍, കേശുവിന്റെ തോളത്ത് തട്ടി ഭീഷണിയോടെ പറഞ്ഞു!

"മതി ചേട്ടാ",

"മതീന്നോ?" ഇപ്രാവശ്യം ശബ്ദമുയര്‍ന്നത് കുഞ്ഞുട്ടന്റെ!

" നീ ഇത് മുഴുവന്‍ തിന്നിട്ടു പോയാല്‍ മതി", അല്ലെങ്കില്‍ ഞങ്ങള്‍ തോറ്റുപോയാലോ?!?!"

" ഇവന്‍ ഇത് മുഴുവന്‍ തിന്നാല്‍ നമുക്ക് ഡിസ്ടിങ്ങ്ഷന്‍ ഉറപ്പാ!" ഹരിക്കുട്ടന്‍ പറഞ്ഞു " നീ ഇത് മുഴുവന്‍ തിന്നിട്ടെ പോവുന്നുള്ളൂ, ഹരിക്കുട്ടന്‍ തുടര്‍ന്നു.

ഇത്തവണ വിളറിയത് കേശുവിന്റെ മുഖമാണ്, അവന്‍ ദയനീയമായി ദീപുട്ടനെ ഒന്ന് നോക്കി, " എന്നെ ഒന്ന് രക്ഷിക്കൂ" എന്ന ഒരര്‍ത്ഥം ഉള്ള ആ നോട്ടം, ദീപുട്ടന്‍ കണ്ടില്ല എന്ന് നടിച്ചു. കാരണം കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു, തലമൂത്ത നേതാക്കള്‍ രംഗം കീഴടക്കി, ദീപുട്ടന്‍ വെറും കാഴ്ചക്കാരനായി ഒതുങ്ങി!

കേശു പതുക്കെ അടുത്ത കഷണം കയ്യിലെടുത്ത് പൊട്ടിച്ചു, പാലില്‍ മുക്കി വായിലെക്കടുപ്പിക്കുമ്പോള്‍, കണ്ണുകള്‍ നിറഞ്ഞൊഴുകി, 

ബ്വാ............ ബ്വാ............!!!! 
ഒറ്റ ഓക്കാനം, അതാ തറയില്‍ നിറയെ പാലും ബ്രഡ്‌ കഷ്ണങ്ങളും, പിന്നെ ഒരു കുത്തൊഴുക്ക്, കേശു എഴുന്നേറ്റ് ഓടി, വാഷ്ബസിനില്‍ കൊതി തീരുവോളം ശര്‍ദ്ദിച്ചു, പിന്നാലെ ഓടിഎത്തിയ ദീപുട്ടന്‍ മെല്ലെ പുറത്ത് തടവിക്കൊടുത്തു, എല്ലാം കഴിഞ്ഞപ്പോളെക്കും കേശു പൊട്ടിക്കരഞ്ഞു
" ഞാന്‍ വെറുതെ ഒരു തമാശക്ക് പറഞ്ഞതാ ചേട്ടാ", തേങ്ങലിനിടയിലും അവന്‍ പറഞ്ഞു!

" സാരമില്ലട, പോട്ടെ, എന്നാലും നീ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു "
ദീപുട്ടന്‍.. കേശുവിനെ ആശ്വസിപ്പിക്കുന്നതിനിടയിലും സ്വയം ആശ്വസിക്കാന്‍ പറഞ്ഞു!.

ഏതായാലും കേശുവും ദീപുട്ടനും തമ്മിലുള്ള ബന്ധം അതോടെ തീവ്രമായി
അതുകൊണ്ട് തന്നെ കേശുവിന്റെ ശാപം ഫലിച്ചില്ല ( അല്ലെങ്കിലും,അവനു വയറു നിറയെ ബ്രഡും കിട്ടിയല്ലോ!!)

വാല്‍ :- പരീക്ഷ കഴിഞ്ഞ ദിവസം വൈകുന്നേരം, കേശുവും ദീപുട്ടനും കല്‍ക്കൂനക്ക് മേല്‍ സംസാരിച്ചിരുന്നു, ( അതേ, മിശ്രക്കിട്ട് ദീപുട്ടന്‍ പൊട്ടിച്ച അതേ കല്ലിന്റെ കൂന!) നാളെ രാവിലെ എന്നെന്നേക്കുമായി സ്കൂള്‍ വിട്ടു പോകേണ്ട കാര്യം ആലോചിച്ച് ദീപുട്ടന്റെ കണ്ണു നിറഞ്ഞു, കേശുവും കരയാന്‍ തുടങ്ങി, തേങ്ങി തേങ്ങി തന്നെ! രാവിലെ റെഡി ആയി  ഒരു ബാഗ്‌ മാത്രമെടുത്ത് വീടിലേക്ക്‌ മടങ്ങുമ്പോള്‍ ദീപുട്ടന്റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നൊള്ളൂ, കേശുവിന്റെ കണ്ണില്‍ പെടരുതെ എന്ന്‍, എന്നിട്ടും ഗേററിനടുതെതിയപ്പോള്‍ ദീപുട്ടന്‍ ഒന്ന് തിരിഞ്ഞു നോക്കി, അതാ,   ഹാളിന്‍റെ മുന്‍പില്‍ നിന്നും കൈവീശുന്നു, കേശുവും കൂട്ടുകാരും, അവന്‍റെ കണ്ണീരിന്‍റെ നനവ്‌ ദീപുട്ടന്ടെ ഉള്ളില്‍ ഒരു നീറ്റല്‍ സമ്മാനിച്ചു. ഒരുപിടി നല്ല ഓര്‍മകളുമായി ദീപുട്ടന്‍ പടിയിറങ്ങി..!



Thursday, September 20, 2012

കിണറും കിനാവും!

        ഈ കഥയില്‍ ദീപുട്ടന്‍ വെറും ദൃട്സാക്ഷി മാത്രമാണ്, അതില്‍ കൂടുതല്‍ വേണമെങ്കില്‍ ഒരു കൂലിപ്പണിക്കാരന്റെയും, ഒരു വാച്ച്മാന്റെയും റോള്‍ കൂടി അവന്‍ ചെയ്തിട്ടുണ്ട്. ഇതിലെ നായകന്‍ ടിന്റുമോന്‍ ദീപുട്ടന്റെ സ്കൂളിലെ ഏറ്റവും പഴയ സുഹൃത്തും പിന്നെ ആകെ മൊത്തം സ്കൂളിന്റെ അഭിമാന ഭാജനവും ആണ്.

        ടിന്റുവിനെക്കുറിച്ച് ദീപുട്ടന്‍ പറഞ്ഞാല്‍ അത് 5-6 കൊല്ലം പുറകിലോട്ട്, അതും ഈ സ്കൂളിന്റെ പുറത്ത് 10-14 കി മി ദൂരെ അവര്‍ ആദ്യം പഠിച്ചിരുന്ന സ്കൂളില്‍ എത്തിനില്‍ക്കും.
       കണ്ണൂരില്‍ നിന്നും അച്ഛന്‍ സ്ഥലം മാറി മലപ്പുറത്ത് എത്തിയപ്പോള്‍ , ദീപുട്ടനെ പറിച്ചുനട്ടത് ഈ പോലീസ് സ്കൂളില്‍ ആയിരുന്നു. ആദ്യ ദിവസം തന്നെ ആകെ അന്തം വിട്ടു നിന്ന ദീപുട്ടന്റെ അടുത്ത് ഒരു പയ്യന്‍ വന്നുചോദിച്ചു

" എന്താ പേര്?"

       പേര് പറഞ്ഞതും പിന്നെ പരിചയപ്പെട്ടതും, മറ്റു കൂട്ടുകാര്‍ക്കൊക്കെ പരിചയ പ്പെടുത്തിക്കൊടുത്തതും ഒക്കെ ടിന്റു തന്നെ.

"ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ കൂടുന്നോ? "

എത്ര പെട്ടന്നാണ് ടിന്റു ദീപുട്ടന് കൂട്ടായത്!.

       വീട്ടിലെ സ്വാമി ഫോട്ടോയുടെ പുറകിലെ കാന്തം കൊണ്ടു വന്നത് ഒരു കരിങ്കല്ലില്‍ വച്ച് കുത്തിപ്പൊട്ടിച്ച് ദീപുട്ടന് ഒരു വെല്‍ക്കം ഗിഫ്റ്റ്  കൊടുക്കുക കൂടി ചെയ്തു ഇഷ്ടന്‍ !

       അങ്ങനെ രണ്ടു കൊല്ലം അവര്‍ അടിച്ചുപൊളിച്ചു നടന്നു. അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ദീപുട്ടന് സംസ്കൃതം പഠിക്കാന്‍ ഒരു മോഹം,

എങ്ങിനെ വരാതിരിക്കും,

 " സമ്പ്രതി വാര്‍ത്തായാം സൂയന്താം,  പ്രവാചകാഹ, ബല ദേവാനന്തസാഗര: "

എന്ന് പറഞ്ഞു തുടങ്ങുന്ന വാര്‍ത്ത മനസ്സില്ലാക്കാന്‍ ഇതില്ലാതെ പറ്റില്ലല്ലോ!

        അങ്ങനെ മലയാളവും സംസ്കൃതവും രണ്ടു ക്ലാസ്സായി മാറിയപ്പോള്‍ ദീപുട്ടനും, കുഞ്ഞുമോനും സുഷമയും, ഷീജയും മറ്റും ഒരു ക്ലാസ്സിലും ടിന്റുവും,രാജുക്കുട്ടനും, അമ്മിണിയും, സരിതയും, മറ്റും മറ്റേ ക്ലാസ്സിലും ആകേണ്ടിവന്നു. ക്ലാസുകള്‍ തമ്മിലുള്ള ചേരിപ്പോരില്‍ പലപ്പോഴും അടിവരെ എത്തിയെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ സ്കൂള്‍ വിട്ടാല്‍ ദീപുട്ടന്‍ ടിന്റുവിനെ വീട്ടില്‍ എത്തുമായിരുന്നു. അങ്ങനെ രണ്ടുപേരും പരീക്ഷയൊക്കെ എഴുതി ഈ സ്കൂളിന്റെ ഭാഗമായി മാറി.
ദീപുട്ടന്റെയും ടിന്റുവിന്റെയും കഥ അവിടെ നില്‍ക്കട്ടെ!

നമുക്ക് ഈ കഥയിലെ വില്ലനെ പരിചയപ്പെടാം!

       വീരന്‍ , വിക്രസ്, വില്ലാധി വില്ലന്‍ , പേര്- കുഞ്ഞു , മുഴുവന്‍ പേര് ചാക്കീരി കുഞ്ഞിമമ്മദ്.
സ്കൂളിലെ വിക്രസ്സുകളുടെ ഉസ്താദ് ആണ് കുഞ്ഞു,
ഓട്ടം, ചാട്ടം, പന്ത് കളി, ക്രിക്കറ്റ്‌,വോള്ളി ബോള്‍, ഇത്യാദി സംഗതികളില്‍ സ്കൂളില്‍ അജയ്യന്‍ , മാത്രമോ, ഇതു മരത്തിലും മതിലിലും, കെട്ടിടത്തിലും, വലിഞ്ഞുകേറാന്‍ മിടുക്കന്‍ .., അഭ്യാസി!

       സ്കൂളിന്റെ കലാപരിപാടികള്‍ക്ക് മുന്‍പ് കുഞ്ഞുവിന്റെ അപ്പോയന്‍മെന്റും കാത്ത് മാഷുമാര്‍ ഇരിക്കാറുണ്ടായിരുന്നു, എന്ന് പറഞ്ഞാല്‍ കര്‍ട്ടന്‍ താഴാനും പൊന്താനും, ആദ്യം കര്‍ട്ടന്‍ ഒന്ന് കേട്ടിക്കിട്ടണ്ടേ!

      കേട്ട പാതി, കേള്‍ക്കാത്ത പാതി, കുഞ്ഞുവും അനുചരന്മാരും പരിപാടി തുടങ്ങും.
ഹോ, കാണേണ്ട കാഴ്ചതന്നെ, അവന്‍ ആ മേല്കൂരയുടെ മുകളില്‍ കാണിക്കുന്ന കസര്‍ത്ത്!




ദീപുട്ടനും ഹരം കേറി ഒരു വട്ടം കേറിയിട്ടുണ്ട് പക്ഷെ മുകളില്‍ കയറിയപ്പോ മുട്ട് വിറച്ച് എണീറ്റു നിക്കാന്‍ പോലും പറ്റിയില്ല!
ഒരുവിധത്തില്‍ താഴെ ഇറങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

'ഒരു വാശിക്ക് കിണറ്റില്‍ ചാടിയാല്‍..........

       അതു പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത്, അങ്ങനെ ഒരു വാശിക്ക് കിണറ്റില്‍ (അതെ, ശരിക്കും കിണറ്റില്‍ !!) ഇറങ്ങിയ കഥയാണ്‌ ഈ പറഞ്ഞു വരുന്നത്.

       ചുരുക്കത്തില്‍ ഈ കഥയിലെ വില്ലനാനെങ്കിലും, കുഞ്ഞു എല്ലാവരുടെയും ഒരു ഹീറോ ആയിരുന്നു, എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഒക്കെ ചെയ്യാന്‍ കഴിവുള്ള ഒരാള്‍ ,

 " കുഞ്ഞു കീ ജയ്‌!, കുഞ്ഞു രാജാവ് നീണാള്‍ വാഴട്ടെ!"

ദീപുട്ടനും കുഞ്ഞുവും ടിന്റുവും ഒക്കെ നല്ല കൂട്ടുകാര്‍ തന്നെ ആയിരുന്നു,

       കുഞ്ഞുവിന് ഒരു സൂക്കേടുണ്ട്, എന്താ?, ഇടക്കിടക്ക് തന്റെ കഴിവുകള്‍ ഒക്കെ ഒന്ന് പോടി തട്ടി എടുക്കണം, അല്ലെങ്കില്‍ തന്റെ യന്ത്ര ഭാഗങ്ങള്‍ മുഴുവന്‍ തുരുമ്പിച്ചു പോകും, അതിനായി ആശാന്‍ ഇടയ്ക്കിടെ ചില കസര്‍ത്തുകള്‍ നടത്തും, അതില്‍ ഏറ്റവും ഭയങ്കരമായിരുന്നു സ്കൂളിലെ ആ വലിയ കിണറ്റില്‍ തന്റെ ഗ്ലാസ്‌ തട്ടി ഇടലും പിന്നെ ഒരു കയറില്‍ തൂങ്ങി അത് എടുത്തു കൊണ്ടുവരലും!

       വാവട്ടം കാരണം കിണര്‍ ആഴം തോന്നിക്കാത്തതിനാലും പിന്നെ കുഞ്ഞുവിന്റെ അനായാസ പ്രകടനം കാരണവും ആര്‍ക്കും ഇതൊരു വലിയ കാര്യമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം!

പരീക്ഷ ഡെമോക്ലസ്സിന്‍റെ വാള് പോലെ നില്‍ക്കുന്ന ഒരു കാലം,

       വൈകുന്നേരങ്ങളില്‍ കുട്ടികള്‍ ക്ളാസ് അല്ലാത്ത എല്ലാ ഇടത്തും ഇരുന്നു പഠിക്കുന്നു. കിണറിന്റെ ചുറ്റുപാടും ചില പാറകളിലും, ചെകിടിക്കുന്നിന്മേലും പറങ്കിമാവിന്റെ ചോട്ടിലും ആയി കുറെ പേര്‍!, അതിനിടയില്‍ നമ്മുടെ കഥാനായകന്‍ ടിന്റു, പിന്നെ വില്ലന്‍ കുഞ്ഞു.

ദേ കിടക്കുന്നു ടിന്റുവിന്റെ ഗ്ലാസ്‌ കിണറ്റില്‍!, എങ്ങെനെ വീഴാതിരിക്കും, കുഞ്ഞുവല്ലേ അടുത്ത്!

" നീ പേടിക്കേണ്ട, ഞാന്‍ എടുത്തു തരാം" 

കുഞ്ഞുവിന്റെ ഓഫര്‍ !!, ടിന്റു പക്ഷെ വേറൊന്നായിരുന്നു ആലോചിച്ചത്, ഇത് ഞാന്‍ തന്നെ ഇറങ്ങി എടുത്താല്‍ എന്താ?,  ഇത് ഇത്ര വലിയ കാര്യമൊന്നുമല്ലല്ലോ, ഇവന്‍ എത്ര പ്രാവശ്യം ഇറങ്ങി കേറിയതാ!

" വേണ്ടെട, ഞാന്‍ തന്നെ എടുത്തോളാം", 

പക്ഷെ കുഞ്ഞു വിടില്ലല്ലോ!

അങ്ങനെ അവസാനം ഒരു തീരുമാനത്തിലെത്തി, രണ്ടാളും ഇറങ്ങുന്നു!
" അങ്ങനെ ഒന്ന് വെളിച്ചം കുറഞ്ഞപ്പോള്‍, രണ്ടാളും കൂടി ബക്കറ്റില്‍ നിന്നും കയറും അഴിച്ച് പണി തുടങ്ങി.

" ഡാ ദീപൂ, നീ ഇവടെ ആരും കാണാതെ മറഞ്ഞു നിന്നോളണം, ആരെങ്കിലും വന്നാല്‍ സിഗ്നല്‍ തരണം", കുഞ്ഞു ദീപുട്ടനെ ആസ്ഥാന വാച്ച്മാന്‍ ആക്കി പോസ്റ്റ്‌ ചെയ്തു, വീരാധിവീരന്‍, കുഞ്ഞുമഹാരാജാവിനെ സേവിക്കാനുള്ള അവസരം ദീപുട്ടനും കളഞ്ഞില്ല.

അങ്ങനെ ആദ്യം, കുഞ്ഞുവും പിന്നാലെ ടിന്റുവും കിണറ്റിലേക്ക്

കിണറ്റില്‍ ആകെ കുറച്ച് വെള്ളമേ ഉണ്ടായിരുന്നുളൂ, മുകളില്‍ പാറയാണെങ്കിലും താഴെ നല്ല ചെകിടി മണ്ണ്.

പില്‍ക്കാലത്ത് മൂടിപിടിപ്പിച്ച കിണറിന്‍റെ അടുത്ത് കൂട്ടുകാരൊപ്പം ദീപുട്ടന്‍
താഴെ എത്തി ഗ്ലാസ്സെടുത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നെ ഇനി എന്തിനാ ഇവിടെ നില്‍ക്കുന്നത് എന്നായി!
" ഡാ, നീ ആദ്യം കേറ്", അങ്ങനെ ടിന്റു കയറാന്‍ തുടങ്ങി, ക്ലിഫ് ഹാങ്ങറില്‍,  സ്റ്റാലന്‍ ചെയ്ത പോലെ ഒരു സ്റ്റണ്ട് ആയിരുന്നു മനസ്സിലെങ്കിലും, മണ്ണിടിച്ചില്‍ കാരണവും പിന്നെ മസിലിന്റെ കുറച്ചു കുറവ് കാരണവും ,എന്തോ ,ടിന്റുവിനു മേലെ കയറാന്‍ കഴിഞ്ഞില്ല,

" എടാ ഇത് വളരെ ഈസി അല്ലെ, ഇങ്ങട്ട് മാറ്, ഞാന്‍ കാണിച്ചു തരാം"
പറഞ്ഞു തീര്‍ന്നില്ല, ദേ പോണു എട്ടുകാലി പോണ മാതിരി, മോളിലേക്ക്, ടിന്റു ഒരു അഞ്ച് വട്ടം ശ്വാസം വിട്ടപ്പോഴേക്കും കുഞ്ഞു മുകളില്‍ നിന്നും താഴോട്ടും നോക്കി നില്‍ക്കുന്നു!
" ഇനി അതേ പോലെ ഇങ്ങട്ട് പോരേ", കുഞ്ഞു ഒരു ഉരുള ചോറ് തിന്നാന്‍ പറയുന്നതുപോലെ പറഞ്ഞു
മൂന്നു നാല് പ്രാവശ്യം നോക്കിയപ്പോഴേക്കും ടിന്റു ആകെ ക്ഷീണിച്ചു, മാത്രമല്ല, ആകെ പൊല്ലാപ്പായല്ലോ എന്ന ചിന്തയും വന്നു

" ഡാ ദീപൂ, ഇങ്ങോട്ടുവന്നെ, നമ്മടെ ടിന്റു ഇതില്‍ കുടുങ്ങിപ്പോയി, ഇനി ഇപ്പൊ എന്താ ചെയ്യാ?"
 കുഞ്ഞുവിനും ചെറുതായി ഒരു പേടി  വന്ന പോലെ തോന്നി.
അപ്പോഴേക്കും ചില പയ്യന്മാര്‍ സംഗതി മണത്ത് അറിഞ്ഞ് അവിടെ എത്തി, പിന്നെ എല്ലാം പെട്ടന്നായിരുന്നു,

ഒരു അലൂമിനിയം ബക്കറ്റ്‌ കൊണ്ടു വരലും, അതില്‍ കയറുകെട്ടി ഇറക്കലും എല്ലാം പെട്ടന്ന് കഴിഞ്ഞു.

അങ്ങനെ ടിന്റുമോനെ നരകത്തീന്നു കര കേറ്റാനുള്ള പേടകം തയ്യാറായി!

അങ്ങനെ മെല്ലെ മെല്ലെ , വെയിറ്റ്, റൈറ്റ്, ....പിന്നേം  വെയിറ്റ്.   ഓക്കേ റൈറ്റ് എന്നും പറഞ്ഞു വലി തുടങ്ങി, മെല്ലെ മെല്ലെ പേടകം മുകളിലോട്ട്!

       ടിന്റു റൈറ്റ് പറയുന്നു, ഞങ്ങള്‍ ,കൂലിപ്പണിക്കാര്‍, വലിക്കുന്നു, വെയിറ്റ് പറയുന്നു ഞങ്ങള്‍ നിര്‍ത്തുന്നു, അങ്ങനെ അങ്ങനെ വലിക്കുമ്പോള്‍ ആണ് ഒരു പുതിയ ഓര്‍ഡര്‍ കിട്ടിയത്,

               " വ്ര്‍ഐറ്റ്" 

       ടിന്റു ഉദേശിച്ചത് വെയിറ്റ് ആണെങ്കിലും, കാലത്ത് നാവു വടിക്കാത്തത് കൊണ്ടോ, അതോ ക്ഷീണിച് വായിലെ വെള്ളം വറ്റിയിട്ടാണോ എന്തോ, ആ സ്വരം അങ്ങനെയാണ് പുറത്തു വന്നത്, എന്തിനേറെ പറയുന്നു, കൂലിപ്പണിക്കാര്‍ എല്ലാരും കൂടി ആഞ്ഞു വലിച്ചു,

ദേ വരുന്നു ബക്കറ്റ് പറന്നു കരയിലേക്ക്, അപ്പൊ ടിന്റുവോ?!?!

       കേറി വന്നതിന്റെ പത്തിരട്ടി സ്പീഡില്‍ താഴോട്ട്, ( ഈ ന്യൂട്ടണ്‍ന്‍റെ ഒരു കാര്യം,അനാവശ്യമായി  ഈ ഗ്രാവിറ്റി കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍  ചിലപ്പോ........)

       ജീവന്‍ പൊയ്പോയി, ആകെ ഒരു കൂട്ട നിലവിളി, കിണറ്റില്‍ ആകെ ഒരു നിശബ്ദദ, കുഞ്ഞു തലയില്‍ കൈവച്ചു നില്‍ക്കുന്നു, മൊത്തത്തില്‍  ഒരു ബഹളം,

       ഒരു ലൈറ്റ് പോലുമില്ലാത്ത ഓപറേഷന്‍ ആയതു കൊണ്ടു കിണറ്റില്‍ ഒന്ന് നോക്കാന്‍ പോലും വയ്യ!, ഇനിയിപ്പോ ഉണ്ടെങ്കില്‍ത്തന്നെ ഇതൊന്നും കാണാന്‍ തന്നെ ക്കൊണ്ടാവില്ല എന്നാ മട്ടില്‍ ദീപുട്ടനും

" ഒന്നും പറ്റീല ഡാ"  ചെറിയ ശബ്ദം കിണറ്റില്‍ നിന്നാണ്, തുള്ളിചാടിപ്പോയി എല്ലാവരും, ദീപുട്ടെന്റെ കണ്ണ് നിറഞ്ഞുപോയി!

       അപ്പോഴേക്കും, മാഷ്മാരും പ്രിന്‍സിപ്പലും മറ്റു ജീവനക്കാരും അവിടെ എത്തിക്കഴിഞ്ഞു, പിന്നെ എല്ലാം പെട്ടന്നായിരുന്നു, കായികഭ്യാസിയായ പി ടി മാഷ്‌ കിണറ്റില്‍ തൂങ്ങി ഇറങ്ങി ടിന്റുവിനെയും കഴുത്തില്‍ തൂക്കി കേറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, സാധിച്ചില്ല ( കുഞ്ഞുവിന് ഒരു സാഷ്ടാംഗ പ്രണാമം!)

പിന്നെ വീണ്ടും ഒരു വലിയ ബക്കറ്റ്‌ കെട്ടിയിറക്കി, ടിന്റുവിനെ പുറത്തെടുത്തു.

      ടിന്റുവിനെ പുറത്തു കിട്ടിയാല്‍ ഉടനെ രണ്ടു ചന്തിയിലെയും തോലെടുത്ത് മദ്ദളം കൊട്ടണം എന്ന് വിചാരിച്ചിരുന്ന ചില കശ്മലന്മാരെ, നല്ലവനായ പ്രിന്‍സിപ്പല്‍ വിലക്കി, എങ്കിലും ടിന്റുവിനെ കണ്ടയുടനെ പല്ലുകടിച് , നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ എന്ന്‍ പലരും കണ്ണുരുട്ടിക്കാണിച്ചു!

       ഏതായാലും കിണറ്റിന്റെ ഭാഗത്ത് ഇരുന്നുള്ള പഠിത്തം അതോടെ നിന്നു എന്ന് മാത്രമല്ല, ആറുമണി കഴിഞ്ഞാല്‍ എല്ലാവരും ക്ലാസ്സില്‍ കാണണം എന്നും ഒരു പുതിയ നിയമം നിലവില്‍ വന്നു.

       കുഞ്ഞുവിന്റെ കാര്യം ആരും അറിഞ്ഞില്ല, അവന്‍ ഈ കഥയില്‍ വെറും ഒരു കാഴ്ചക്കാരനായി മാറിയത് കാരണം അവന്റെ ജീവിതം അങ്ങനെ ഒക്കെ തന്നെ പോയി.
      ദീപുട്ട്നാകട്ടെ, ഉറ്റ സുഹൃത്തിനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ശിഷ്ട ജീവിതം തള്ളി നീക്കി!


വാല്‍:: :- ടിന്റുവിന്റെ പേരില്‍ മലയാള ഭാഷയില്‍ ഒരു പുതിയ ഫ്രേസ് കൂടി ജനിച്ചു.( അതോ അത് ഈ സംഭവത്തിന്‌ മുന്‍പേ ഉണ്ടോ?!)  വളരെ വേഗം തന്നെ ആ കിണറിന് ഒരു മൂടി പണിയാന്‍ ഉത്തരവായി. കിണറ്റില്‍ ഇറങ്ങി കേറുക എന്നത് ടിന്റുവിന്റെ ഒരു കിനാവായി ശേഷിച്ചു!


നന്ദി :- കൂലിപ്പണിക്കാനെങ്കിലും ടിന്റുവിനെ വലിച്ചുകേറ്റാന്‍ കൂടിയ അമിത്തിനും, യാദവിനും, രാമകൃഷ്ണനും,പിന്നെ പേരറിയാത്ത കുറച്ചു പേര്‍ക്കും, പിന്നെ പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ സാറിനും



Sunday, September 16, 2012

സോഷ്യലിസ്റ്റ്‌ ദംശനം അഥവാ, ഒരു കൊടും ചതി!


        ദീപുട്ടന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ ആവുക എന്നത്!
സ്കൂളിലെ ശാസ്ത്ര ക്ലാസ്സുകളില്‍ അമ്പേ അജ്ഞന്‍ ആയിരുന്നുവെങ്കിലും, എല്ലാ വര്‍ഷവും സ്കൂള്‍ എക്സിബിഷന്‍ വരുമ്പോളേക്കും ദീപുട്ടന്‍ എവിടുന്നെങ്കിലും , എന്തെങ്കിലും കണ്ടുപിടിച്ചു വരുമായിരുന്നു, എന്ന് മാത്രമല്ല, ഇഷ്ടന്‍ കുറെ സമ്മാനങ്ങളും  കരസ്ഥമാക്കിയിരുന്നു.

 ചുരുക്കത്തില്‍ പറഞ്ഞാല്‍ ഷോര്‍ട്ട് കട്ടില്‍ ഒരു ശാസ്ത്രജ്ഞന്‍!.!!  !

എന്തൊക്കെയായാലും സയന്‍സ് അധ്യാപകര്‍ ഒഴിച്ചുള്ള മറ്റുള്ള എല്ലാവരുടെയും കണ്ണിലെ കരടായിരുന്നു ദീപുട്ടന്‍...
 പിന്നെ, സുകുമാര കലകളിലും മറ്റും അല്പം താല്പര്യമുള്ളത് കൊണ്ട് അതിഭീകരനായ ചിത്രകല മാഷിന്റെയും, സാമൂഹിക,ഉപകാരപ്രദ, ഉല്പാതനക്ഷമ ജോലിയുടെ ( ചുരുക്കത്തില്‍ SUPW!) മാഷിന്റെയും, പിന്നെ ഗാനകോകിലം സംഗീത ടീച്ചര്‍ടെയും, പിന്നെ അത്യാവശ്യം കായിക അദ്ധ്യാപകന്റെയും, ചെറിയ തോതില്‍ വായനശാല ടീചെറുടെയും മറ്റും ഒരു പിന്‍ താങ്ങല്‍ ദീപുട്ടന് ലഭിച്ചിരുന്നു.

ദീപുട്ടന്‍റെ ആജന്മ ശത്രുക്കളായിരുന്നു കണക്കു ടീച്ചറും സാമൂഹ്യപാഠം മാഷും.

എന്ന് പറഞ്ഞാല്‍, കണക്കിന് ദീപുട്ടനെയും, ദീപുട്ടന് സാമൂഹ്യപാഠത്തെയും ഇഷ്ടമില്ലായിരുന്നു,
 അതുകൊണ്ടെന്താ, മാര്‍ക്കുവരുന്ന അന്ന്, എല്ലാകുട്ടികളും അതും തോളില്‍ വച്ച് ഹോസ്റ്റല്‍ വരെ എത്തുമ്പോഴേക്കും ക്ഷീണിച് അവശരായിട്ടണ്ടാകും,

പക്ഷെ ദീപുട്ടന്‍ ഒന്നുകില്‍ കയ്യും വീശി, അല്ലെങ്കില്‍  കിട്ടിയ മാര്‍ക്ക് പോക്കെട്ടിന്റെ ഒരു മൂലയ്ക്ക് വച്ച് ഓടിച്ചാടി നടക്കും,

കണക്കിന്റെ ടീച്ചര്‍ ദീപുട്ടനോട് സാമം,ദാനം, ഭേദം , ധണ്ടം, ഇവക്കു പുറമേ പുതുതായി കണ്ടുപിടിച്ച ചില സൂത്രങ്ങള്‍ കൂടി ഉപയോഗിച്ച് നോക്കി!
നോ രക്ഷ എന്ന് പറഞ്ഞാല്‍ മതിയല്ലോ!

സാമൂഹ്യം പുസ്തകം തുറന്നാല്‍ ഉടനെ ദീപുട്ടന് ഉറക്കം വരും, പിന്നെ ബോധം പോയ പോലെ ആണ്, ആ സമയത്ത് ഒരു കിഡ്നി അടിച്ചു കൊണ്ടുപോയാല്‍ കൂടി അറിയില്ല എന്ന് സാരം!

എന്തായാലും പതിവ് പോലെ ഈ വര്‍ഷവും എക്സിബിഷന്‍ വന്നു, പക്ഷെ ആലപ്പുഴയില്‍ആണ് സംഭവം, " കിഴക്കിന്‍റെ വെനിസ്" എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, കേട്ട പാതി കേള്‍ക്കാത്ത പാതി, പണിതുടങ്ങി.
ഇപ്പ്രാവശ്യം പക്ഷെ , മത്സരം മുറുകിപ്പോയി,
 കേട്ട പാതി, കേള്‍ക്കാത്ത പാതി, ക്ലാസ്സിലെ ഔദ്യോഗിക സയന്‍സ്പുലിആയ ടക്കുവിന്‍റെ തലയില്‍ ഒരു ഇരുനൂറിന്റെ ബള്‍ബ് കത്തി,

എന്തിനേറെ പറയുന്നു, രണ്ടു ദിവസം ആയപ്പോഴേക്കും സംഗതി ആകെ കുളം, കുളത്തില്‍ നിറയെ മീനും!

 എല്ലാ മൂലക്കും ഒന്നുരണ്ടു പേര്‍ ചേര്‍ന്നിരുന്നു പണിയുന്നു,

ചന്ദ്രനില്‍ പോവാന്‍ മുതല്‍ ചന്ദനം ചാലിക്കാന്‍ വരെ കണ്ടുപിടുത്തങ്ങള്‍!!!

എന്തായാലും തിങ്കളാഴ്ചയോടെ ഒരു തീരുമാനമായി, ആകെ രണ്ടു പ്രൊജക്റ്റ്‌ മാത്രമേ പോകുന്നുള്ളൂ, അതില്‍ ദീപുട്ടന്റെയും, ടക്കുവിന്റെയും ഉണ്ട്,

പിന്നെ  ഏറ്റവും നല്ല വാര്‍ത്ത എന്തെന്നാല്‍, ഇനിമുതല്‍ ഒരാഴ്ച, ഈ ടീം ആരും ക്ലാസ്സില്‍ പോവണ്ട!

തുള്ളിചാടിപ്പോയി!

എന്താ കാരണം?!, വ്യാഴാഴ്ച സോഷ്യല്‍ പരീക്ഷ ഉണ്ട്, അപ്പൊ രക്ഷപ്പെട്ടു !

ദീപുട്ടന്‍ പൂര്‍വാധികം ശക്തിയോടെ തന്‍റെ മുഴുവന്‍ സമയവും പ്രൊജെക്ടിനായി ഉഴിഞ്ഞു വച്ചു!

ഇനി ഇപ്പൊ ആലപ്പുഴ പോയില്ലെങ്ങിലും വേണ്ട, സോഷ്യല്‍ തുലഞ്ഞല്ലോ!

അങ്ങനെ വ്യാഴാഴ്ച  കടന്നെത്തി, രാവിലെ മുതല്‍ ദീപുട്ടനും കൂടരും അധ്വനിക്കുകയാണ്, മണി 8കഴിഞ്ഞതെ ഉള്ളൂ, ഇത്ര ശുഷ്കാന്തി, ദീപുട്ടന്‍ ഇതിനു മുന്‍പേ ഡൈനിങ്ങ്‌ ഹാലിലെക്കുള്ള ഓട്ടത്തില്‍ മാത്രമേ കാണിച്ചിട്ടുള്ളൂ,

ഏതായാലും, സംഗതി അങ്ങിനെ അത്യുഗ്രനായി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ ക്ഷണിക്കാതൊരു അതിഥി , വരുന്നു!( അങ്ങിനെ ഒരു സാധനം ഇല്ല എന്ന്, പിന്നീട്, ദീപുട്ടന്റെ പ്രിയ മലയാളം ടീച്ചര്‍ പറഞ്ഞു കൊടുത്തു, അതിഥി എന്നാല്‍ തിഥി നോക്കാതെ വരുന്നവന്‍ എന്നാണത്രേ!)

ഏതായാലും, സോഷ്യല്‍ സര്‍, മിസ്ടര്‍ ഇട്ടിക്കണ്ടപ്പന്‍ ഒരു കുസൃതിച്ചിരിയോടെ  ഞങ്ങളെയും നോക്കി നിന്നു, കുസൃതി ചിരി പിന്നെ ഒരു വികൃതി ചിരി ആയി മാറി!

"  ഡാ, ദീപു... നീ ഇന്ന്‍ പരീക്ഷക്ക് വരണില്യേ? "

ദീപുട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ നിര്‍വികാരത ഭാവിച്ച്, സാറിനെ ഒന്ന് നോക്കി, ഇപ്പോഴും ഭാവം ചിരിതന്നെ! പക്ഷെ ക്രൂരമായ ഒരു ചിരി!
നിന്നെ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഭാവം!

"   ഡാ,. നീയങ്ങ് നടന്നേ, എന്തൂട്ടാ ത്ര ആലോചിക്കാന്‍? "

ത്രിശൂര്‍ ഭാഷയുടെ ഒരു കാര്യം!!, അറക്കാന്‍ ആണ് വിളിക്കുന്നത്, എന്നാലും എന്തൊരു സ്നേഹം!

"  അയ്യോ സാറേ, ക്ലാസ്സില്‍ പോണ്ട എന്നാണല്ലോ പ്രിന്‍സിപ്പല്‍ പറഞ്ഞത്!?"

ദീപുട്ടന്‍ തിരിച്ചടിച്ചു, ഇനിയിപ്പോ പ്രിന്‍സിപ്പല്‍ പറയാന്‍ മറന്നതാകും!

"  അയ്യോട.. ക്ലാസ്സീ പോണ്ട ന്നല്ലേ പറഞ്ഞുള്ളൂ, പരീക്ഷ എഴുതണ്ടാ ന്നല്ലല്ലോ?...

പിന്നെ നെന്നെ ഒക്ക്യല്ലേ ശരിക്കും പരീഷിക്കണ്ടേ?! "

  " അയ്യോ സാര്‍.., ഞാന്‍ ഒന്നും പഠിച്ചിട്ടില്ല! "

"  ഹേയ്..., ഒക്കെ ഈസ്യാണെടോ, ഈ ഞാന്‍ അല്ലെ പരേണ...!

നീയിങ്ങട് വന്നേ,"   പറഞ്ഞതും, കയ്യുപിടിക്കലും, അതും കൊണ്ടു നടക്കലും കഴിഞ്ഞു...

ദീപുട്ടനാട്ടെ, മുന്‍പേ ഗമിക്കുന്നൊരു ഗോവു തന്‍റെ, പിന്‍പേ ..... എന്നമട്ടില്‍ ,പക്ഷെ നിസ്സഹായനായി പിന്നാലെ...!

ഇങ്ങേരാര്, അര്‍ജുനന്‍ന്‍റെ കൊച്ചു മോനോ,? , പക്ഷീടെ കണ്ണ് മാത്രം കാണാന്‍!!! !,
ഇക്കണ്ട പിള്ളേരുടെ ഇടയില്‍  നിന്ന് എന്നെ മാത്രം പിടിച്ചോണ്ട് പോവാന്‍!! !!!,!

ദീപുട്ടന്, ദേഷ്യോം, സങ്കടോം, കരച്ചിലും, ഒക്കെ ഒപ്പം വന്നു!!

ക്ലാസ്സില്‍ എത്തിയതും കൂട്ടച്ചിരിയാണ്!

ഇത് വല്യ ചതിയായിപ്പോയി, ആരാണാവോ ഈ വേല എനിക്കിട്ടുവച്ചത?
,ദീപുട്ടന്‍ മനസ്സിലാലോചിച്ചു!,

 ആ തെണ്ടി, കുഞ്ഞുട്ടന്‍  തന്നെ, ഇന്നലെ രാത്രി, കിടക്കാന്‍ പോയപ്പോ, അവന്‍ ഇരുന്നു തലയിലും കൈവച്ച്, ഉറക്കം തൂങ്ങിക്കൊണ്ട്, സോഷ്യല്‍ പഠിച്ചപ്പോ, ലൈറ്റ് ഓഫ്‌ ചെയ്യാത്തതിന് അവന്‍റെ വീട്ടു കാരെ ഒക്കെ തുമ്മിച്ചതാണ്,

 അതോ ഇനി ആ അഭിക്കുട്ടനാണോ, അവന്‍ പ്രൊജെക്ടിനു കൂട്ടുമോ എന്ന് ചോദിച്ചപ്പോ, നീ ആരാ ഐസക്ക് ന്യൂട്ടണോ എന്ന് ചോദിച്ചു പുചിച്ചതാണ്.

അപ്പോഴാണ്‌ മന്ദസ്മിതയെ  ഓര്‍മ വന്നത്, ഇത് അവള്‍ തന്നെ, അവളാണെങ്കില്‍ ഇയാളുടെ പെറ്റ് ആണ്, അവളുടെ SUPW പ്രൊജെക്ടിനു കൂടെ നില്‍ക്കാമോ എന്ന് ചോദിച്ചപ്പോള്‍, നിഷ്കരുണം ആട്ടി ഓടിച്ചതാണ് ഈ ഉള്ളവന്‍!!!! !!

ഏതായാലും ആരാണ് എന്ന് തീരുമാനത്തിലെത്തുന്നതിനു മുന്‍പേ അടുത്ത കമന്റ്‌,

 " ഹേയ്, നീയെന്ത ഈ പുത്യപെണ്ണിന്‍റെ പോലെ തലേം താത്തി നിക്കണേ, പോയ്‌ ഇര്നെട...."

പിന്നേം പൊട്ടിച്ചിരി, ദീപുട്ടന് അരിശം വന്നു, ശരിക്കും ഒരു ബോംബ്‌ കണ്ടുപിടിച് എല്ലാത്തിന്‍റെ ചന്തീടെ അടിയില്‍ വച്ചു പൊട്ടിക്കണം എന്ന് തോന്നിപ്പോയി!

എതായാലും പരീക്ഷ കഴിഞ്ഞു, ചോദ്യങ്ങളെല്ലാം വളരെ സിമ്പിള്‍, ദീപുട്ടന്‍ 8-9 പേജ് എഴുതി നിറച്ചു,

 ഓ ഇതിനാണോ ഞാന്‍ ഇത്രേം പേടിച്ചത്, എന്ന് മനസ്സിലോര്‍ക്കുകയും ചെയ്തു!

പിന്നെയും ശങ്കരന്‍.................. തെങ്ങില്‍.......................,.............! പ്രൊജക്റ്റ്‌ പിന്നെയും പൂര്‍വാധികം ശക്തിയോടെ..............

"എങ്ങിനെ ഉണ്ടായിരുന്നു  ",

ചോദ്യം ടക്കു ആണ് ചോദിച്ചത്, അതില്‍ ഒരു മുള്ള്ഇല്ലേ എന്നൊരു സംശയം തോന്നിയെങ്കിലും അവനായത് കൊണ്ടു വെറുതെ വിട്ടു.

അടുത്ത ആഴ്ച ഇട്ടി സാര്‍ വന്നത് ഒരു കെട്ട് പേപ്പറും ഒരു  കോട്ട ചിരിയുമായാണ്!

"അപ്പൊ, തൊടങ്ങല്ലേ?...."

ഒരു പത്ത് മിനിറ്റ്, അതാ എല്ലാരും, സ്വന്തം ആന്‍സര്‍ ഷീറ്റുമായി, ചിരിക്കാത്ത ഒരു മുഖം പോലും ക്ലാസ്സിലില്ല,

"  സാര്‍, എന്‍റെ പേപ്പര്‍?"

ദീപുട്ടന്‍ ആവേശത്തോടെ എണീറ്റു നിന്നു ചോദിച്ചു

" നീ കോട്ട കൊണ്ടന്നോ?, ഈ മാര്‍ക്കൊക്കെ നീ എങ്ങിന്യാ കൊണ്ടോവാ?!?!

ശൂം.........................................! ദീപുട്ടന്റെ കാറ്റ് പോയി, ക്ലാസ്സില്‍ ആകെ നിശബ്ദത,

"എല്ലാരും ഇതൊന്നു കണ്ടേ, ഒര് ഐന്‍സ്റ്റീന്‍ വാങ്ങിയ മാര്‍ക്ക്, ക്ലാസ്സിലാകെ, ഒരാളെ തോറ്റിറ്റൊള്ളോ..!"

ഒരൊറ്റ ഏറായിരുന്നു, ഒന്‍പതു പേപ്പറും, ഒന്‍പതു വഴിക്ക്!

"നിന്‍റെ എക്സിബിഷന്‍ ഞാന്‍ ശര്യാക്കിതരനുണ്ട്..."

പറഞ്ഞ പോലെ നടന്നു, ദീപുട്ടന്റെ എക്സിബിഷന്‍ ശരിയായി!

സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി, ദീപുട്ടനില്ലാതെ, ഒരു സംഘം എക്സിബിഷന്‍ കൂടാന്‍ പോയി!

എതായാലും ദീപുട്ടന്‍ അതോടെ ഒരു കാര്യം പഠിച്ചു,
ഐന്‍സ്റ്റീന്‍ ആകാന്‍ സയന്‍സ് മതിയെങ്കിലും, ആളുകളെ മനസ്സിലാക്കാന്‍ സോഷ്യല്‍ തന്നെ പഠിക്കണം!

 "നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നാണല്ലോ"


വാല്‍ : അടുത്ത വര്ഷം പത്താം തരത്തിലായത് കൊണ്ട് ദീപുട്ടന്‍ പഠനത്തില്‍ മാത്രം ശ്രദ്ധ തിരിച്ചു ( പത്തു പോലും പാസ്സാവാതെ, ഇന്നത്തെ കാലത്ത് എന്ത് ശാസ്ത്രഞ്ജന്‍?!?!). അടുത്ത കൊല്ലം പൂര്‍വാധികം ശക്തിയോടെ ദീപുട്ടന്‍ കളത്തിലിറങ്ങി എന്ന് മാത്രമല്ല, ഒന്നാം സമ്മാനം വാങ്ങുകയും ചെയ്തു!


അനുസ്മരണം : നമ്മളുടെ എല്ലാം പ്രിയപ്പെട്ട, അകാലത്തില്‍ നമ്മളെ ,ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ച്, പിരിഞ്ഞു പോയ ഡേവിസ് സാറിന്.

"ഈ കഥ അശ്രുപുഷ്പങ്ങളോടെ, അങ്ങയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു"


Thursday, September 13, 2012

കുറ്റവും ശിക്ഷയും!

      വര്‍ഷങ്ങള്‍ അഞ്ചാറു കഴിഞ്ഞു, സ്കൂളിന്റെ മുഖച്ചായയില്‍ വളരെ വ്യത്യാസങ്ങള്‍ വന്നിരിക്കുന്നു, കുന്നിന്‍ മുകളില്‍ നിറയെ കെട്ടിടങ്ങള്‍ നിരന്നു, ക്ലാസ്സുമുറികളും, ലാബും, ഹോസ്റ്റല്‍, താമസസൌകര്യാദികളും, ഓടിട്ടൊറിയവും,ഡൈനിങ്ങ്‌ ഹാളും മറ്റു  അനുബന്ധസൌകര്യങ്ങളും പിന്നെ കളിസ്ഥലങ്ങളും, കലാകായിക ഉപാധികളും, ഒട്ടനവധി മരങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ മുളച്ചുപോങ്ങിക്കൊണ്ടിരുന്നു.

 അതുപോലെ തന്നെ കുട്ടികളുടെ എണ്ണവും വര്‍ഷം തോറും വര്‍ധിച്ചു വന്നു. 

'എടാ' എന്നു വിളിക്കുന്നതിനേക്കാള്‍ ഏറെ 'ഏട്ടാ' എന്ന് വിളിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ദീപുട്ടനും കൂട്ടുകാര്‍ക്കും സ്വന്തം വലുപ്പത്തിനെപ്പറ്റി ഒരു മതിപ്പോക്കെ തോന്നിത്തുടങ്ങി.

 ചെറിയ വഴക്കുകളും മറ്റും തീര്‍പ്പാക്കുന്നതിനുള്ള  അദ്ധ്യാപകരുടെ മൌനാനുവാദവും ഇതിനു വളം വെക്കുന്നതായിരുന്നു!
               
  "ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല ചേട്ടാ, എന്തെങ്കിലും ചെയ്തേ പറ്റൂ, ഇവന്‍മാര്‍  ഈ ചെയ്യുന്നതൊന്നും സമ്മതിച്ചുകൊടുക്കരുത്"
ശബ്ദം തൊട്ടു താഴത്തെ ബാച്ചിലെ കുമാരന്‍റെ ആയിരുന്നു.

"എന്താ, എന്തുണ്ടായി?, ദീപുട്ടന്റെ സ്വരത്തില്‍ തികഞ്ഞ ഔദ്യോഗികത!

" ഇന്നലെ രാത്രി ക്ലാസ്സില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ഞങ്ങളുനെ യൂനിഫൊമ് ആരോ കക്കൂസില്‍ കൊണ്ടിട്ടിരിക്കുന്നു " "ആരോ അല്ല, ഇത്  അവന്മാര്‍ തന്നെ, ആ ഉത്തര്‍പ്രദേശുകാരന്‍,മിശ്ര തന്നെ,
 ആ സുഭാഷിലെ പഹയന്‍, ആ രാഘവനെ കാണാന്‍ എന്നും പറഞ്ഞ് ഇടയ്ക്കിടെ വരാറുണ്ട്, മഹാ ചെറ്റയാ ", കുമാരന്‍ കൂട്ടിച്ചേര്‍ത്തു.

"അവന്മാരെ നന്നായി ഒന്നു പൊട്ടിക്കണം, കുറെ നാളായി ഞങ്ങള്‍ അവനെ ഓങ്ങിവക്കുന്നു, പക്ഷെ, അതെങ്ങിനെ, എപ്പൊഴും ആ ഗുസ്തിക്കാരന്‍ ചെക്കനും അവരുടെ കൂടെ അല്ലെ!, അവന്‍ ഒറ്റയാളുടെ ധൈര്യത്തിലാണ് ഇവന്മാര്‍ കളിക്കുന്നത്",

 പറഞ്ഞത് ചെള്ളുപോലിരിക്കുന്ന, രാമനായിരുന്നു, "ഇവന്‍ ഇത്രക്കൊക്കെ ആയോ?!?!," ദീപുട്ടന്‍ മനസ്സിലോര്‍ത്തു, 

ആ അരവിന്ദിന്‍റെ മസ്സില്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും, അവന്‍ ഗ്രൗണ്ടില്‍ ഒറ്റക്കൈകൊണ്ട് നടത്ത്ന്ന കസര്‍ത്തിനു നമുക്ക് രണ്ടുകൈ തികയാതെ വരും, പിന്നെ ആകെ ആശ്വാസം അവനു ചേട്ടന്മാരെ ഇത്തിരി ബഹുമാനം ഉണ്ട്‌ എന്നത് മാത്രമാണ്!

ഏതായാലും ആശ്രിതവത്സലര്‍ ആയിപ്പോയതിനാലും പിന്നെ സ്വന്തം ഹൌസില്‍ ഇമേജ് നിലനിര്‍ത്തേണ്ടതിനാലും, ഈ കുരുക്കില്‍ തല വെക്കാതെ പറ്റില്ല!, പുലിവാല്‍ തന്നെ, പക്ഷെ പിടിച്ചില്ലെങ്കില്‍ പിന്നെ സ്വന്തം ഹൌസില്‍ തനിക്കൊക്കെ എന്ത് വില?!!

ഉടനെതന്നെ, ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി, സൂത്രധാരന്‍ നമ്മുടെ ശ്രീക്കുട്ടന്‍ തന്നെ!

ആളൊരു പിടുങ്ങയാണെങ്കിലും, ബുദ്ധിക്കട്ടയാണ്, പഠിത്തത്തില്‍ മുമ്പന്‍, പിന്നെ സൂത്രക്കാരനും, ചതുരന്‍, കൂര്‍മബുദ്ധിക്കാരന്‍, എന്നൊക്കെ പറഞ്ഞാലും അധികമാകില്ല!

" ഒരു കാരണവും തെളിവും ഇല്ലാതെ ഒരാളെ തല്ലിയാല്‍ ആകെ പ്രശ്നമാകും, അതുകൊണ്ടുതന്നെ നമ്മള്‍ വളരെ സൂക്ഷിക്കണം, " 
 " അപ്പൊ ആദ്യം ഒരുകാരണം ഉണ്ടാകണം അല്ലെ ?" 

കൂട്ടത്തില്‍ ഇത്തിരി മുഷ്കനും ശുദ്ധനുമായ ഹരിക്കുട്ടന്‍!!!!! ഇത്തിരി നിഷ്കളങ്കമായിതന്നെ ചോദിച്ചു.

" ഹഹ, അതെയതെ," 

സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ച് ശ്രീക്കുട്ടന്‍ തുടര്‍ന്നു

" അതൊന്നും വേണ്ടടാ, ഇത്തവണ നമുക്ക്, അവനെ ഒന്നുവിളിച്ചു വിരട്ടിവിടാം, ഇനി ഈ ഹൌസില്‍ കാലുകുത്തിയാല്‍ കാലുതല്ലി ഒടിക്കും എന്ന് തന്നെ തട്ടാം"

പ്രസുട്ടന്‍ തന്‍റെ പക്വമായ അഭിപ്രായം അവതരിപ്പിച്ചു.

അതാണ് ഇപ്പൊ നല്ലത്, ദീപുട്ടന്‍ തന്‍റെ യോജിപ്പ് പ്രകടമാക്കി.

"എന്നാലും നമ്മള്‍ ഒന്നു നന്നായി പ്ളാന്‍ ചെയ്തു തന്നെ വേണം പോവാന്‍", ശ്രീക്കുട്ടന്‍ തന്‍റെ നയം വ്യക്തമാക്കി

"ഇവന്‍മാര്‍ രാത്രി ഊണുകഴിഞ്ഞ് ആ കല്ലിന്റെ കൂമ്പാരത്തിനു മോളിലിരുന്നു കട്ടയടിക്കാറുണ്ട്", കുഞ്ഞുട്ടന്‍ തന്‍റെ നിരീക്ഷണ പാടവം അവതരിപ്പിച്ചു,

"ഓക്കേ അപ്പൊ അവിടെത്തന്നെ തുടങ്ങാം, നമുക്ക് അവിടെപ്പോയി മെല്ലെ അവനെ നമ്മുടെ അടുത്തേക്ക് വിളിച്ചു വരുത്തി നൈസ് ആയി കാര്യം പറയാം, പിന്നെ അവന്‍ എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ മാത്രം ഒന്നു തലോടി വിടാം", പ്രസുട്ടന്‍ തന്‍റെ പ്ളാന്‍ പറഞ്ഞു,

" ഇനി അവന്‍ വേറെ എന്തെങ്കിലും തറുതല പറഞ്ഞാല്‍ അവനെ അവിടെ ഇട്ടു പൊട്ടിക്കണം " ഹരിക്കുട്ടന്‍ പല്ല് ഞെരിച്ചു!

" അപ്പൊ, അങ്ങനെ വല്ലതും അവന്‍ പറഞ്ഞാല്‍ ആദ്യത്തെ അടി ഞാന്‍ അടിക്കും, അപ്പൊ മല്ലന്‍ ( പ്രാസുട്ടന്റെ ഇരട്ടപ്പേര് അക്കാലത്ത് അതായിരുന്നു, രാവിലെയും വൈകുന്നേരവും കസര്‍ത്ത് നടത്തി ഇത്തിരി മസ്സില്‍ ഒക്കെ ഉണ്ടാക്കിയെടുത്തിരുന്നു !)എന്നെ ഒന്നു കവര്‍ ചെയ്തേക്കണം, ആ അരവിന്ദനെ നോക്കിയാല്‍ മതി, ബാക്കി ചീളുകളെ ഒക്കെ, ദീപുട്ടനും, ഹരിക്കുട്ടനും പിടിച്ചു വെച്ചേക്കണം, അപ്പോഴേക്കും ഞാന്‍ അവനു മതിയവുന്നോളം കൊടുത്തോളാം"

ശ്രീക്കുട്ടന്‍ ആവേശം കൊണ്ടു.

അങ്ങനെ ആ ദിവസം വന്നു, എല്ലാവരും രാവിലെ മുതല്‍ ആകാംഷഭരിതരായിരുന്നു,
ക്ലാസ്സില്‍ പോലും ആരെയും അറിയിക്കാടെ ഉള്ള ഓപറേഷന്‍!, എങ്ങേനെയെങ്കിലും ഒന്നു രാത്രിയായിക്കിട്ടിയിരുന്നെങ്കില്‍ എന്നും ആലോചിച്ചായിരുന്നു എല്ലാവരുടെയും നടപ്പ്.

അങ്ങനെ ആ സമയം വന്നെത്തി, 8A യില്‍ പഠിക്കുന്ന ടിങ്കുവിനെ മെറ്റല്‍കൂനക്ക് കാവല്‍ ഏല്‍പ്പിച് ദീപുട്ടന്‍ എല്ലാവരുടെയും കൂടെ കുറച്ച് മാറി നിന്നു.

ഒരു 20മിനിറ്റ് ആയിക്കാണും, അതാ വരുന്നു ടിങ്കു ഓടിച്ചാടി!

" ചേട്ടാ,ആ ചേട്ടന്മാര് വന്നിട്ടുണ്ട്"
" ആരൊക്കെ ഉണ്ടെടാ?", കുഞ്ഞുട്ടന്റെ ആകാംഷ,
" ആ അരവിന്ദും,മിശ്രയും, രാഘവനും, പിന്നെ വേറെ ഒരു ചേട്ടനും", ടിങ്കു പറഞ്ഞ് നിര്‍ത്തി.
രാഘവന്‍റെ പേര് പറഞ്ഞത് ദീപുട്ടന് അത്ര പിടിച്ചില്ല, ( രാഘവനും  ദീപുട്ടനും നല്ല ദോസ്തുക്കള്‍ ആയിരുന്നു, മാത്രമല്ല കളി കൈവിട്ടു പോയാല്‍ രാഘവനും ഇട്ടു കൊട്ടേണ്ടി  വരും,ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം,വരാനുള്ളത് വഴിയില്‍ തങ്ങില്ലെല്ലോ!,
" കുഞ്ഞുട്ടാ, നീ മെല്ലെപ്പോയി ആ മിശ്രക്കുഞ്ഞിരാമനെ ഇങ്ങു വിളിക്ക്,നീ ആകുമ്പോള്‍ സംശയമൊന്നും തോന്നില്ല", പ്രസുട്ടന്‍ പറഞ്ഞു.

അങ്ങനെ കുഞ്ഞുട്ടന്‍ മെല്ലെ മെറ്റല്‍ കൂനയെ ലക്ഷ്യമിട്ട് നടന്നു

" മിശ്ര ഒന്നിങ്ങു വന്നേ,ഒരു കാര്യം പറയാനാ, കുഞ്ഞുട്ടന്‍ മയത്തില്‍ പറഞ്ഞു, കുഞ്ഞുട്ടനെ ഭയമില്ലഞ്ഞിട്ടാണോ അതോ സംസാരം മുറുകിയ നിമിഷത്തില്‍ രസച്ചരടുകള്‍, പൊട്ടുമെന്ന് കരുതിയാണോ, അതോ ഇനി എന്തെങ്കിലും അപകടം മണത്തിട്ടാണോ എന്തോ, മിശ്രക്കുഞ്ഞിന്റെ വായില്‍ നിന്നു വന്നത് തറുതലയാണ്, ഹിന്ദി മലയാളീകരിച്ചു വരുമ്പോള്‍ ഏകദേശം

 " എന്ത് പറയാനുണ്ടെങ്കിലും ഇവിടെ എല്ലാരുടെയും മുന്‍പില്‍ വച്ച് മതി" എന്നാകും

കുഞ്ഞുട്ടന്‍ ഒന്നു കൂടി ഉറച്ചുവിളിച്ചപ്പോള്‍ അടുത്ത ഉത്തരം പറഞ്ഞത് പിന്നെ കയ്യൂക്കുള്ള അരവിന്ദന്‍ ആയിരുന്നു, ദൂരെ മാറി നിന്ന എല്ലാര്ക്കും പണി പാളി എന്ന് മനസ്സിലായി, ഇനി ഇപ്പൊ പ്ളാന്‍ B തന്നെ രക്ഷ!,

എല്ലാവരും കളത്തിലെക്കിറങ്ങി, ആദ്യത്തെ അടി പറ്റിക്കാന്‍ മുന്നില്‍ തന്നെ ശ്രീക്കുട്ടനും, അവന്‍റെ  തടി രക്ഷിക്കാന്‍ പിന്നെ മല്ലനും, അതിനു പിന്നില്‍, ദീപുട്ടനും,ഹരിക്കുട്ടനും കുഞ്ഞുട്ടനും, ഏറ്റവും പുറകില്‍ സുദ്ദുട്ടനും.

ശ്രീക്കുട്ടന്‍ കത്തികയറാന്‍ തുടങ്ങി, പിന്നില്‍ നിന്നും പ്രോമ്ടിംഗ് നടക്കുന്നു,

എന്തൊക്കെയായിട്ടും, സംസാരം, അടിക്കാന്‍ മാത്രം മുറുകുന്നില്ല, മലയാളത്തില്‍ ആലോചിച്ച്, ഹിന്ദിയില്‍ പറയുമ്പോഴേക്കും, ഡയലോഗിന്റെ  പഞ്ച് പോകുന്നു.
" ഇതെന്താ ഇങ്ങനെ, അങ്ങട് കേറി പൂശെടാ", 

ഹരിക്കുട്ടന്‍, പിറകില്‍ നിന്നും പറഞ്ഞത് ശ്രീക്കുട്ടനോടാണെങ്കിലും,  കാര്യം ആദ്യം പിടികിട്ടിയത് ദീപുട്ടനായിരുന്നു,

 ഒറ്റച്ചാട്ടത്തിന്, പ്രസുട്ടനെയും, ശ്രീക്കുട്ടനെയും തള്ളി മാറ്റിയതും, മിശ്രപ്പയ്യന്റെ ചെവിക്കല്ല് നോക്കി ഒന്നു കീറിയതും ഒരു മിന്നലുപോലെ എല്ലാവരും കണ്ടു, 

ദേ കിടക്കുന്നു പയ്യന്‍ താഴെ,

 എന്ത് പറ്റി എന്ന് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ പ്രസുട്ടനും ഹരിക്കുട്ടനും മറ്റുള്ളവരെ പൂട്ടിക്കഴിഞ്ഞു,

മിഷന്‍ ഓക്കേ എന്ന് പറയാനാകും മുന്‍പേ, രാഘവന്‍ ഓടി,  

ചെന്ന് പെട്ടതോ, വീരപ്പന്‍ മാഷ്ടെ മുന്‍പില്‍,

അയ്യോ, പണി പാളിപ്പോയല്ലോ!

"എടാ പ്രസൂ, നീയല്ലേ മൂപരുടെ ഇഷ്ട താരം, നീ തന്നെ ഇത് ഡീല്‍ ചെയ്തോ" , ശ്രീക്കുട്ടന്‍ മെല്ലെ ഊരി!

"ഏതായാലും അവന്‍ എല്ലാം വിളമ്പുന്നതിനു മുന്‍പേ നമുക്ക് സാറെ വളക്കാം", ദീപുട്ടന്‍ പ്രസുട്ടനോട്!

അങ്ങനെ പ്രസുട്ടന്‍ നേരെ വീരപ്പന്‍ മാഷിനോട് കാര്യങ്ങള്‍ വിവരിച്ചു, കുറച്ച് വളച്ചും തിരിച്ചും, കക്കൂസ് കഥ കൂട്ടിയും പറഞ്ഞതും പ്രസുവിന്റെ മൂക്കിനു മുന്‍പിലൂടെ ഒരു കാറ്റ് കടന്നു പോയി, 

എന്ത് സംഭവിച്ചു എന്ന് അറിയും മുന്‍പേ, രാഘവന്‍ ചെവിക്കല്ലും പൊത്തി നിലത്തിരുന്നു പോയി!, 

വീരപ്പന്‍ മാഷ്‌ പിന്നെയും രണ്ടു വട്ടം കൈ വീശി, ഇത്തവണ കിട്ടിയത് മിശ്രക്കും, അരവിന്ദനും,

 ദീപുട്ടന്റെ  കളസം നനഞ്ഞില്ല എന്നെ ഉള്ളൂ, അടുത്തത് എനിക്ക് തന്നെ എന്ന് വിചാരിച്ച് മനസ്സിനെ പാകപ്പെടുത്തിയപ്പോഴേക്കും, വീരപ്പന്‍ മാഷ്‌ പ്രസുട്ടനോടായി

" ഇനി ഇവന്മാരെ സ്വന്തം ഹോസ്റ്റലില്‍ അല്ലാതെ കണ്ടാല്‍ ഉടനെ എന്നെ അറിയിക്കണം, ശരി, പോയ്‌ പഠിക്കാന്‍ നോക്ക്"

ഒഹ്... ശ്വാസം നേരെ വീണു, തിരിഞ്ഞു നടന്നതും, പുറകില്‍ നിന്ന്‍ "ഇനി ഇങ്ങനെ അടിപിടി ഉണ്ടായാല്‍ ഞാന്‍ യാരെയും വെറുതെ വിടില്ല, സൂക്ഷിച്ചോ!" എന്നൊരു വാണിംഗ്!.

ഹോസ്റ്റലില്‍ പോയി എല്ലാരും മാനം രക്ഷപ്പെട്ടതിലും, അടി ഒഴിവാക്കി തന്നതിനും ദൈവത്തിനു നന്ദി പറഞ്ഞു,

 കുമാരന്‍ ഓടി വന്നു ദീപുട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞു , " എന്‍റെ, ചേട്ടാ,ആ അടി കലക്കി, അവന്‍ ഈ ജമ്മത്ത് ഇവിടെ കേറില്ല"

പക്ഷെ അപ്പോഴും ദീപുട്ടന്റെ മനസ്സില്‍ വീരപ്പന്‍ മാഷിന്റെ ദേഷ്യത്തിന്റെ ആദ്യ കനി ഏറ്റു വാങ്ങിയ രാഘവനായിരുന്നു.

 ഇവിടെ വിജയാഘോഷം നടക്കുമ്പോള്‍ അപ്പുറത്തെ വിങ്ങില്‍, അരവിന്ദനും, രാഘവനും, അടിയാലും, അപമാനത്താലും, വിങ്ങിപ്പൊട്ടുകയായിരുന്നു,

ദീപുട്ടന്‍, മെല്ലെ രാഘവന്‍റെ കൈ പിടിച്ചു,
 " പോട്ടെടാ, നീ പെട്ടുപോയതല്ലേ, വിട്ടുകള,"

രാഘവന്‍ മോങ്ങിക്കൊണ്ടിരുന്നു, ദീപുട്ടനും ചെറിയ ഒരു സങ്കടം വരാതിരുന്നില്ല, കാരണം, ശ്രീക്കുട്ടന്‍ തന്നെ ഇടപെട്ടിരുന്നെങ്കില്‍ ഈ അടി ഉണ്ടാവില്ലായിരുന്നു, 

താന്‍ കാരണം പാവം രാഘവനും പെട്ടുപോയി എന്ന ചെറിയ സങ്കടം ദീപുട്ടനും ഉണ്ടായി

എന്തായാലും എല്ലാം ശുഭം, ദീപുട്ടന്റെ തലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി!

വാല്‍ :- കുറെ നാള്‍ എല്ലാവര്ക്കും ചെറിയ ഒരു ഭയം ഉണ്ടായിരുന്നു, കാരണം എപ്പോ എവിടെ നിന്നും അടി പ്രതീക്ഷിക്കാമല്ലോ!

      കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ദീപുട്ടന്‍റെ ചാരന്മാര്‍ ഒരു ഞെട്ടിക്കുന്ന വിവരം കൊണ്ടു വന്നു. കുമാരന്‍റെ തലതിരിഞ്ഞ ചില സുഹൃത്തുക്കളുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ചില പിള്ളേര്‍ പകരം വീട്ടിയത് ഒരു യൂനിഫോമിനോടായിരുന്നു, കഷ്ടകാലം കുമാരന്‍റെ കൂടെ ആയതു ദൈവ വിധി ആണോ അതോ മിശ്രയുടെ മുജ്ജന്മ പാപങ്ങളുടെ , ഭൂമിയിലെ സെറ്റില്‍മെന്‍റ് ആണോ എന്നോര്‍ത്ത് ദീപുട്ടന്‍ ദീര്‍ഘനിശ്വാസം വിട്ടെങ്കിലും, കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്ത് രഹസ്യം തന്‍റെ ഉള്ളില്‍ തന്നെ അടക്കം ചെയ്തു!.