Tuesday, October 23, 2012

ഒരു നക്ഷത്രക്കഥ

ക്രിസ്മസ് എന്നും ഒരു ആഘോഷം തന്നെ, ലോക മലയാളികള്‍ ഒന്നിച്ചും, ഒന്നാകെയും ആഘോഷിക്കുന്ന ഒരു ആഘോഷം, നക്ഷത്രങ്ങളുടെയും, ദീപാലങ്കാരങ്ങളുടെയും, ആഘോഷം, എല്ലാവരും ഒന്നായി സംഗമിക്കുന്ന രാത്രികള്‍ , തീന്‍ മേശ നിറയെ, ഭക്ഷണ സാധനങ്ങള്‍, ക്രിസ്മസ് കരോള്‍, അങ്ങിനെ അങ്ങിനെ പോകുന്നു സംഗതികള്‍

ഇന്നത്തെ കേരളത്തില്‍ വെള്ളമടിക്കാനും, വീട്ടില്‍ തന്നെ അടിച്ചു പാമ്പായി, എന്ത്  താന്തോന്നിത്തരവും കാണിക്കാന്‍ വീട്ടുകാര്‍ പോലും ലൈസെന്‍സ് കൊടുത്തിട്ടുള്ള ദിവസം! ടച്ചിങ്ങ്സ് വാങ്ങാന്‍ വറീതേട്ടന്റെ കടയില്‍ പോയി, ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് പേടിച്ച്  സാധനം വാങ്ങാന്‍ നില്‍ക്കേണ്ടാത്ത ദിവസം, മെല്ലെ അടുക്കളയില്‍ കയറിയാല്‍ അമ്മ തന്നെ ഒരു പ്ലേറ്റില്‍ എന്തെങ്കിലുമൊക്കെ നിറച്ച് കയ്യില്‍ ഒരു പുഞ്ചിരിയോടെ തരുന്ന ദിവസം, കൂടെ ഫ്രീ ആയി ഒരു കൊട്ടും " ഡാ, ഒരു ശ്രദ്ധയൊക്കെ വേണം കേട്ടോ, ഓവര്‍ ആകരുത്! (ഇതൊക്കെ ദീപുട്ടന്റെ ഒരു സ്വപ്നം മാത്രം, ദീപുട്ടന്‍ ഇങ്ങനെ വീട്ടില്‍ ചെയ്‌താല്‍ അമ്മ നാല് ദിവസം പിന്നെ വീര്‍ത്ത മുഖവുമായി നടക്കും, ഇനിയിപ്പോ അമ്മ സമ്മതിച്ചു എന്ന് തന്നെ കരുതിക്കോളൂ, എന്നാലും, പിറ്റേ ദിവസം അമ്മേടെ മുഖം പിന്നേം വീര്‍ത്തിരിക്കും, പക്ഷെ ആ വീര്‍പ്പ് നാലുദിവസം കൊണ്ടല്ല, നാലാഴ്ച കൊണ്ടേ മാറൂ, അച്ഛന് ദേഷ്യം വന്നാല്‍ പിന്നെ എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ മതി!, അച്ഛന്റെ കൈ ഒന്ന് തട്ടിയാല്‍ മതി, പണ്ട് കൈ രണ്ടും കൂട്ടിപ്പിടിച്ചു തൂക്കി നിര്‍ത്തി തുടയില്‍, അടിക്കുമ്പോള്‍ വീഴുന്ന കൈപാടുകള്‍ സ്കൂളില്‍ മറച്ചു പിടിക്കാനാവില്ല എന്ന കാരണം കൊണ്ട് തന്നെ ദീപുട്ടന്‍ മര്യാദ രാമനായി വളര്‍ന്നു!)

ക്രിസ്മസ് കാലത്ത് വീട്ടില്‍ തന്നെ നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്നത്‌ ദീപുട്ടന്റെ അച്ഛന്റെ ഒരു ഹോബി ആയിരുന്നു, പക്ഷെ ഒന്നേ ഉണ്ടാക്കൂ, കാരണം കരണ്ട് കതിച്ചുകളയുന്നതിനോട് അച്ഛന് തീരെ താല്പര്യമില്ലായിരുന്നു, അപ്പോള്‍ കോലായിലെ ബള്‍ബിന്‍റെ ഡ്യൂട്ടി  നക്ഷത്രം ഏറ്റെടുക്കും!
നക്ഷത്രമുണ്ടാക്കുന്നതില്‍ അച്ഛനൊരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു എന്ന് പറയാം, കോളനിയിലെ എല്ലാ നക്ഷത്രങ്ങleക്കാലും ഭംഗി ദീപുട്ടന്റെ വീട്ടിലേതിനു തന്നെ!



സ്കൂളിലും ഈ നക്ഷത്ര കലാ പരിപാടി തുടര്‍ന്ന് വന്നു, കുറച്ച് കാലം ആയപ്പോഴേക്കും അതില്‍ പല പുതിയ കലാവിരുതുകളും! ആരുടെതാണ് ഏറ്റവും ഭംഗി എന്നതും ഒരു മത്സരം തന്നെ ആയിരുന്നു, ഓരോ കൊല്ലവും ഓരോ പുതിയ ഐഡിയ വരും ഓരോ ഹൌസിലും ഇതിനായി പ്രത്യേകം ശ്രദ്ധ കൊടുക്കുന്ന ചില ഭീകരന്മാരും!, രാത്രിയായാല്‍ പിന്നെ ദൂരെ നിന്നും ഇതും ആസ്വദിച്ചിങ്ങനെ ഇരിക്കാന്‍ നല്ല രസമായിരുന്നു!

പ്രസുട്ടനും, ടിന്റുമോനും, ടക്കുവും, ദീപുട്ടനും പിന്നെയും ചില വന്‍ തലകളും ഇപ്രാവശ്യവും ആലോചനയില്‍ തന്നെ, എങ്ങിനെ ഇപ്പ്രാവശ്യം തകര്‍ക്കാം എന്നാണ് ആലോചന!
പ്രസുട്ടന്റെ തലയിലാണ് ആദ്യം ഇമ്മാതിരി ബള്‍ബ്‌ ഒക്കെ കത്താറുള്ളത്, കാരണം അവന്‍റെ ചേട്ടന് കുന്നംകുളത്ത് ഒരു ഇലക്ട്രോണിക് കടയുണ്ട്, ഏതായാലും ഇത്തവണയും അവന്‍ പുതിയ ഒരു ഐഡിയയുമായി വന്നു, ഇത്തവണ രണ്ടു നക്ഷത്രം വാങ്ങാനുംകത്തിക്കാനുമുള്ള തീരുമാനം സംയുക്ത സമിതി അംഗീകരിച്ചു, കുറ്റിപ്പിരിവുമായി ഖജാന്‍ജി, ശ്രീക്കുട്ടന്‍ പുറത്തിറങ്ങി!

അങ്ങനെ ഒരു ഞായറാഴ്ച, കുന്നിറങ്ങിപ്പോയി സാധനങ്ങളൊക്കെ വാങ്ങി, ബാകി വന്ന കാശിന് റിനൌണ്ട് ഹോട്ടലില്‍ നിന്നും പൊറാട്ടയും ചില്ലി ബീഫും പൂശി പിരിവുകാര്‍ തിരിച്ചെത്തി സാധനങ്ങളൊക്കെ പ്രസുട്ടനെ ഏല്‍പ്പിച്ചു, ദീപുട്ടനും പ്രസുട്ടനും പണി തുടങ്ങി, ഇപ്പ്രാവശ്യം എല്ലാവരെയും ഒന്ന് ഞെട്ടിക്കണം, അതിനുള്ള ഒരു വെടിമരുന്ന് പ്രസൂട്ടന്‍ കൊണ്ടുവന്നിട്ടുണ്ട്, ഒരു പുതിയ സര്‍ക്യൂട്ട്!!! പരിപാടി ഭയങ്കര സിമ്പിള്‍ പക്ഷെ സാധനം കിടു! (അന്നൊക്കെ ഈ ഡിസ്കോ ലൈറ്റ് പോലുള്ള സാധനങ്ങള്‍ നല്ല വല്ല ബസ്സിലുമൊക്കെയേ കാണാന്‍ പറ്റൂ!) രണ്ടു നക്ഷത്രവും മാറി മാറി കത്തും!

പിന്നെ ഒരു പ്രശ്നം ഉള്ളത് ടെറസ്സിന്റെ കീ ആണ്, അതു പൂട്ടി പോക്കറ്റിലിട്ടാണ് ഹൌസ് മാഷ്ടെ നടത്തം, ഏതായാലും ബോള്‍ ശ്രീക്കുട്ടന്റെ കോര്‍ട്ടിലായി, അവനാവുമ്പോ ആരും ഒന്നും ചോദിക്കേം പറയേം ഇല്ല ( പഠിക്കുന്ന പിള്ളേര്‍ക്കുള്ള ഡിപ്ളോമാറ്റിക് ഇമ്മ്യണിറ്റി, എന്ത് തോന്നിവാസവും കാട്ടാനുള്ള ലൈസന്‍സ്!) അങ്ങനെശ്രീക്കുട്ടന്‍ താക്കോല്‍ വാങ്ങിക്കാനായി പോയി. കുറച്ചു കഴിഞ്ഞപ്പോ കിതച്ചു കൊണ്ട് ഓടി വരുന്നു ശ്രീക്കുട്ടന്‍,

" എന്താടാ എന്ത് പറ്റി?, ചാവി കിട്ടിയില്ലേ? " ദീപുട്ടന് ആകാംഷ,

" സാധനം ഒക്കെ കിട്ടി പക്ഷെ അര മണിക്കൂറിനകം തിരിച്ചെത്തിച്ചില്ലെങ്കില്‍ എന്‍റെ പരിപ്പെടുക്കും മൂപ്പര് " ശ്രീക്കുട്ടന്‍ കിതച്ചുകൊണ്ട് പറഞ്ഞു.

 പ്രസുട്ടന്റെ മുഖത്ത് ഒരു പുച്ഛം, ഹും, എന്റെ ഇടത്തെ കയ്യോണ്ട് 5 മിനിറ്റ് മതി, പിന്നെയാ അരമണിക്കൂര്‍ എന്ന്  വായിച്ചു എല്ലാവരും, പ്രസുട്ടന്‍ ആള് പുലിയാണ് ഇലക്ട്രോണിക്സില്‍ !

അങ്ങനെ സാധനം ഫിറ്റ്‌ ചെയ്തു, ടെസ്റ്റ്‌ ചെയ്തു, സംഗതി സക്സസ്സ്! എല്ലാവരും മലയിറങ്ങി, ശ്രീക്കുട്ടന്‍ ചാവിയും കൊണ്ട് പിന്നെയും റിലേ!

വൈകുന്നേരമായപ്പോഴേക്കും എല്ലാ ഹൌസിലും ഓരോ സ്റ്റാര്‍ ഉയര്‍ന്നു കഴിഞ്ഞു, ദീപുട്ടന്റെ ഹൌസില്‍ മാത്രം രണ്ടെണ്ണം, ഒന്ന് കൂടി ഇരുട്ടായിട്ടു വേണം മറ്റുള്ളവരെ ഒന്ന് കൂടി ഞെട്ടിക്കാന്‍ എന്ന സന്തോഷത്തിലാണ് എല്ലാവരും.
 മണി ആറര, എല്ലാവരും, സ്റ്റാര്‍ ഓണ്‍ ചെയ്തു, നന്നായി ഇരുട്ടിയിട്ടില്ലാത്തത് കൊണ്ട് ഒരു രസമില്ല, നമുക്ക് കുറച്ചു കൂടി കഴിഞ്ഞിട്ട് ഓണാക്കാം,  പറഞ്ഞത് കുഞ്ഞുട്ടന്‍, എല്ലാവരും ശരിവച്ചു,

ഒരു പത്തിരുപതു മിനിട്ട് കഴിഞ്ഞപ്പോള്‍ ആകെ ഇരുട്ട് പരന്നു,

എന്നാ നോക്കാം, ദീപുട്ടന്‍

 OK, എന്ന് പ്രസുട്ടന്‍

 ഡാ , ആ സ്വിച്ച് ഇട്ടേ, ഹരിക്കുട്ടന്‍ നേരത്തെ ശട്ടം കെട്ടിയിരുന്ന ശിങ്കിടിയോട് താഴെ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു,

സമയം പോകുന്നു, ഇവനെന്താ ഓണാക്കാത്തത്?

ഡാ വേഗം, കുഞ്ഞുട്ടന്‍ വിളിച്ചു പറഞ്ഞില്ല അതിനുമുന്‍പെ ഹരിക്കുട്ടന്‍ മേലേക്ക് പാഞ്ഞു, ഓണാക്കാനല്ല, അവന്‍റെ തലക്കൊന്ന് കൊട്ടാന്‍

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വിളി, മുകളില്‍ നിന്നാണ്,

ഡാ , കത്തിയോ?

ഇല്ല

ഇവിടെ ഓണ്‍ ആണ്, പ്രശ്നമൊന്നുമില്ല!

അയ്യോ ചീറ്റിപ്പോയോ?!

എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും.............

ഇഞ്ഞിപ്പോ മേലെക്കേറാന്‍ എന്താ ചെയ്യാ, ചാവിയാണെങ്കില്‍ ആ ചെയ്ത്താന്‍ വാങ്ങി വക്കൂം ചെയ്തു! ശ്രീക്കുട്ടന്‍ നെടുവീര്‍പ്പിട്ടു!

ഇനിയിപ്പോ ഒന്നും ചെയ്യാനില്ല, ആകെ നാണം കേട്ടു, ഈ കണ്ട വീരവാദമോക്കെ മുഴക്കീട്ട്, മാനക്കെടായിപ്പോയി!, പ്രസുട്ടന്‍ തലയും താഴ്ത്തി കൂട്ടില്‍ കേറാന്‍ പോകുന്ന കോഴിയെപ്പോലെ! പിന്നാലെ എല്ലാവരും..

 മാനക്കേടായിപ്പോയി ദീപുട്ടന്, ഇന്നലെ ആ ടക്കുവിനെ വെറുതെ വെല്ലുവിളിച്ചു, ഇനിയിപ്പോ നാളെ അവനും കൂട്ടരും കളിയാക്കി കൊല്ലും!

അവന്‍ ഒറ്റ സ്റ്റാറെ ഫിറ്റ്‌ ചെയ്തൊള്ളൂ എങ്കിലും, അതു മിന്നിക്കളിക്കുന്നതും നോക്കി ആ പീക്കിരികളൊക്കെ അതിന്‍റെ താഴെപ്പോയി അന്തം വിട്ടു നില്‍ക്കുന്നു, അവനോട് അതിന്‍റെ രഹസ്യം ചോദിച്ചു വേറെ കുറെ ചെക്കന്മാരും! നാളെ അവന്‍റെ അഹങ്കാരം കാണണമല്ലോ ദേവീ... എങ്ങനെയെങ്കിലും അവന്‍റെ ബള്‍ബൊന്ന് ഫ്യൂസായിരുന്നെകില്‍ എന്ന് ആശിച്ചു പോയി!

 ഇരിപ്പുറക്കുന്നില്ല !

ദീപുട്ടന്‍ മെല്ലെ എണീറ്റു, ഷട്ടില്‍ കളിക്കുമ്പോ, സണ്‍ഷേഡിന്റെ മുകളില്‍ കുടുങ്ങിയാല്‍ ദീപുട്ടന്‍ കയറി എടുക്കാറുണ്ട്, ഇതിപ്പോ രണ്ടു സന്ഷേഡിന്‍റെ മുകളില്‍ കേറണം അത്രയല്ലേ ഉള്ളൂ., മൂന്നാമത്തെ കയറ്റത്തിന് മുകളിലെത്തുകയും ചെയ്യാം, പിന്നെ ഇത്ര വല്യ കയറ്റം കേറിയാല്‍ ഇറങ്ങാനാണോ പാട്!

ഏതായാലും ബാത്രൂമിന്റെ പുറകിലെ ജനലിലൂടെ ആകാം അഭ്യാസം, അവിടെ ആകുമ്പോള്‍ ആകെ കാടുപിടിച്ച് കിടക്കുകയായത് കൊണ്ട് ആരും ശ്രദ്ധിക്കില്ല, ദീപുട്ടന്‍ മെല്ലെ പോയി അതിനോട് ചേര്‍ന്ന എല്ലാ ജനലുകളും തുറന്നിട്ടു, പിന്നെ മെല്ലെ ആരുടേയും കണ്ണില്‍ പെടാതെ പുറത്തേക്കിറങ്ങി, മെല്ലെ നടന്നു ഹോസ്റ്ലിന്റെ പിറകിലെത്തി.

ചുറ്റും ഒന്ന് നോക്കി, ഇല്ല ആരും കാണുന്നില്ല, ഉള്ളിലേക്ക് ഒന്ന്‍ എത്തി നോക്കി, കുഴപ്പമൊന്നുമില്ല!


സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്, ജനലിനെ ഒന്ന് തൊട്ടു വണങ്ങി കയറ്റം തുടങ്ങി, കുഴപ്പമില്ല, അത്യാവശ്യം കരാട്ടെ മുറകളും മറ്റും ( അപ്പോഴേക്കും ദീപുട്ടന്‍ ഒരു ബ്രൌണ്‍ ബെല്ട്ടുകാരനായിരുന്നു കേട്ടോ!) പരിശീലിക്കുന്നത്  കൊണ്ട്, ആദ്യ പടി അനായാസം കയറി, ഇനി ഒന്ന് കൂടി കയറണം, അവിടെയാണ് ഒരു പ്രശ്നം, അടുത്ത ജനലില്‍ പിടിക്കാന്‍ ദീപുട്ടന് കയ്യെത്തുന്നില്ല, പണി യായോ, ഒരു നാലിഞ്ചിന്റെ പ്രശ്നമേ ഉള്ളൂ, അതിനിപ്പോപോയി കോംപ്ലാന്‍ കുടിച്ചിട്ടൊന്നും കാര്യമില്ലല്ലോ!

അപ്പോഴാണ്‌ ജനലില്‍ ഒരു കുറ്റി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കാറ്റത്ത്‌, അടയാതിരിക്കാനുള്ള ഒരു ഫിറ്റിംഗ്!, അതില്‍ ഒരു കൈ കൊണ്ട് ചാടിപ്പിടിച്ചാല്‍ തൂങ്ങി മറ്റേ കൈകൊണ്ടു ജനലഴിയില്‍ പിടിക്കാം എന്ന് ഒരു കണക്കു കൂട്ടല്‍ ! ( ദീപുട്ടന്‍ ഒരു നിമിഷം താന്‍ കണക്കില്‍ താന്‍ മോശമാണ് എന്നുള്ള അപ്പ്രിയ സത്യം സൌകര്യ പൂര്‍വ്വം മറന്നു! കണക്ക് തെറ്റിയാല്‍ നേരെ മോന്തേം കുത്തി പാറമേലാകും വീഴുക, പിന്നെ എല്ല് വാരി എടുക്കേണ്ടി വരും!)

തന്‍റെ കാണപ്പെട്ട കരാട്ടെ ദൈവം ജാക്കി ചാനെ മനസ്സില്‍ ധ്യാനിച് ഒരു കാല്‍വിരല്‍ വെന്റിലേറ്റര്‍ ഹോളില്‍ ഊന്നി ഒരു   ചാട്ടം, അമ്മോ, അതാ നില്‍ക്കുന്നു ജനലില്‍ തൂങ്ങി ദീപുട്ടന്‍ !, മിഷന്‍ സക്സസ്സ്!, ഇനി ഒന്ന് കൂടി കയറണം, ദീപുട്ടന്‍ കയറ്റം തുടര്‍ന്നു. രണ്ടാമത്തെ സന്ഷേഡില്‍ കയറാന്‍ ബുദ്ധിമുട്ടായിരുന്നു, കാരണം വീണാല്‍ ബാക്കിയുണ്ടാവില്ല എന്നാ ചിന്തയുടെ കനവും കൊണ്ട് വേണ്ടേ കയറാന്‍ ! പക്ഷെ ഒരു വിധം കയരിപ്പറ്റുമ്പോഴെക്കും ദീപുട്ടന്‍ ക്ഷീണിച്ചവശനായിരുന്നു! ഒരു വിധം ടെറസ്സില്‍ എത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ!, ദീപുട്ടന്‍ ആകെ കിതച്ചു പോയി!

ഏതായാലും എത്തിപ്പെട്ടല്ലോ, വേഗം തന്നെ കീശയില്‍ തപ്പി നോക്കി, ഭാഗ്യം, വീണുപോയിട്ടില്ല ടെസ്റെര്‍ !
 പണി തുടങ്ങി, എല്ലാം എടുത്തു വച്ച് നോക്കുമ്പോള്‍ അതാ ഒരു ചുകന്ന വയര്‍ അറ്റു കിടക്കുന്നു!
ഉടനെ സംഗതി ശരിരാക്കി കണക്ക്ഷന്‍ കൊടുത്തു ( പ്രസുട്ടന്റെ ബുദ്ധി അപാരം തന്നെ ടെറസ്സില്‍ ഒരു മെയിലും ഫീ മെയിലും പ്ലഗ് വെറുതെ കൊടുത്തിരുന്നു, അവന്‍ ഇത് പ്രതീക്ഷിച്ചു കാണണം, അല്ലെങ്കില്‍ ദീപുട്ടന്‍ പണിചെയ്യുന്ന നേരത്ത് ഏതെങ്കിലും കുരുത്തം കെട്ടവന്‍ ഒന്ന്‍ ഓണ്‍ ചെയ്താല്‍ പോയില്ലേ കാര്യം! ( വാളെടുത്തവന്‍ വാളാല്‍ എന്ന് ചൊല്ലും വരും, കീചക വധം ആട്ടക്കഥ ആകെ പടര്‍ന്നിട്ടുണ്ടല്ലോ!)

അതാ മിന്നുന്നു, നക്ഷത്രം !

ഹോ ദീപുട്ടന്‍ സന്തോഷം കൊണ്ട് മതി മറന്നു!



അപ്പോഴേക്കും താഴെ നിന്നും എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി, ആകെ ഒച്ചയും ബഹളവും, എല്ലാവരും സ്റ്റാര്‍ കാണാന്‍ ഓടുകയാണ്! ദീപുട്ടന് അഭിമാനം തോന്നി (ഇത്തിരി അഹങ്കാരവും!) പെട്ടന്ന് താഴെ എത്തണം എന്ന ഒരു ചിന്ത മാത്രം!
ഇറങ്ങാന്‍ താഴോട്ട് നോക്കിയ ദീപുട്ടന്‍ ഞെട്ടിപ്പോയി, ദൈവമേ..., ഇതെന്തു പറ്റി?, ഞാന്‍ കേറുമ്പോ ഇത്രയും ഉയരമില്ലല്ലോ!

ഇതിപ്പോ ഒരു മാതിരി കുത്തബ് മീനാറില്‍ നിന്നും നോക്കുന്ന പോലെ ഉണ്ട്!

രണ്ടും കല്‍പ്പിച്ച് ഒന്ന് ഇറങ്ങാന്‍ നോക്കി, മനസ്സ് സമ്മതിച്ചില്ല, മാത്രമല്ല ശരീരം ആകെ തളര്‍ന്നിരിക്കുന്നു, എങ്ങാനും പിടി വിട്ടാല്‍...

ആകെ ഒരു ഭയം മനസ്സില്‍ കയറിക്കൂടി. താഴെ എല്ലാവരും നില്‍ക്കുന്നുണ്ട്, ഒന്ന് കൂവിയാല്‍, ഒന്ന് നിലവിളിച്ചാല്‍, സംഗതി റെഡി, പക്ഷെ അപ്പോഴും ഒരു പ്രശ്നം ഉണ്ട്, ചാവി വേണമെങ്കില്‍ ഹൌസ് മാസ്റ്റര്‍ തന്നെ വിചാരിക്കണം, മൂപ്പരാണെങ്കില്‍ കല്യാണം കഴിഞ്ഞ് പുതു മോടിയിലാണ്, ഒന്‍പത് എന്നൊരു നേരമുണ്ടെങ്കില്‍ ഉറങ്ങാന്‍ കിടക്കും ( ഉറങ്ങുമോ എന്തോ!) അപ്പൊ അതിനുശേഷം ആര് ചെന്നു വിളിച്ചാലും, ശല്യപ്പെടുത്തിയാലും അവന്‍റെ കാര്യം പിന്നെ ഗോപി!

പിന്നെ, ഓട്ടമായി, പ്രിന്‍സിയുടെ മുന്നില്‍ പോകലായി, അതും ദീപുട്ടനായത് കൊണ്ട്, മാപ്പില്ല, അപ്പൊ വീട്ടുകാരെ വിളിക്കും, അവരുടെ മുന്‍പില്‍ തൊലി ഉരിക്കും, സസ്പെന്ഡ് ചെയ്യും, നാട്ടിലെല്ലാം പാട്ടാകും നാണക്കേട്‌ സഹിക്കാതെ അച്ഛന്‍ ദീപുട്ടന്റെ ചെവിക്കല്ല് തകര്‍ക്കും, അമ്മ കരയും, അങ്ങനെ ഒരു മുഴുനീള ചിത്രം 70 എം എമില്‍ ദീപുട്ടന്റെ മനസ്സില്‍ ഓടിക്കൊണ്ടിരുന്നു! പിന്നെ എന്താ ഒരു വഴി,പിന്നെ  ആകെ വഴി ഉള്ളത്  വാതിലാണ്, ഗവന്മേന്റ്റ് വാതിലാണെങ്കിലും, ബലം കുറയുമെങ്കിലും , പൊളിയുകയോന്നുമില്ല, എന്നാലും ഒന്ന് ശ്രമിക്കുക തന്നെ, ഇപ്പൊ ഇതാണല്ലോ കച്ചിത്തുരുമ്പ്!

വാതില്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഒരു പലക ചെറുതായി ഇളകിക്കിടക്കുന്നു! ഒന്ന് ചവിട്ടി, പോര, ഒരു സ്റ്റെപ് പുറകിലോട്ടെടുത്തു ശക്തിയായി ഒരു " യോക്കോ ഗിരി " കിക്ക്! പക്ഷെ മുട്ടിന്റെ ഉയരത്തിലായത് കൊണ്ട് ശക്തി കിട്ടിയില്ല.
ദീപുട്ടന്‍ നിലത്തിരുന്നു, കൈകള്‍ പുറകില്‍ കുത്തി ഇടത്തെ കാല്‍ കൊണ്ട് ആഞ്ഞു ചവിട്ടി,
പോര, ചെറുതായി ഇളകി എന്നോഴിച്ചാല്‍ ആശാജനകമായ ഒന്നും ഇല്ല!, പക്ഷെ വിട്ടാല്‍ പറ്റില്ലല്ലോ, ദീപുട്ടന്‍ പിന്നെയും ചവിട്ടി, പലപ്രാവശ്യം കാലുകള്‍ മാറി മാറി ചവിട്ടി, പലക ഇളകുന്നുണ്ട് പക്ഷെ പോളിയണമെങ്കില്‍ !!!

ദീപുട്ടന്‍ സര്‍വ ശക്തിയുമെടുത്ത്, ആഞ്ഞൊരു ചവിട്ട്!  " ച്ഹി;ല്‍  ...................."

അതാ കിടക്കുന്നു ഒരു കഷ്ണം!, ദീപുട്ടന്‍ ആവേശഭരിതനായി! പിന്നെ ചവിട്ടോട് ചവിട്ട്!
അവസാനം, ദേ കെടക്കുന്നു ഒരു ഗാപ്‌!, ഒരു പലക പൊളിഞ്ഞു പോന്നു!

ദീപുട്ടന്‍ അത്യാഹ്ളാദന്‍ !

മെല്ലെ തല കടത്തിനോക്കി, ഹോ അളവ് പറഞ്ഞു പൊളിച്ചപോലെ!

തല കടന്നാല്‍  മേല്‍ മുഴുവനും കടക്കും എന്നാണല്ലോ പ്രമാണം!

തല ഉള്ളില്‍ കടത്തി ഒന്ന് ചെരിഞ്ഞു, വിടവിന്റെ ആകൃതി പോലെ വേണമല്ലോ കടക്കാന്‍,

നെഞ്ച് പകുതി വരെ എത്തിയപ്പോ ഒരു മുറുക്കം, പിന്നെ കടക്കാന്‍ പറ്റുന്നില്ല, എന്ത് വന്നാലും മുന്പോട്ട് എന്നല്ലേ ഇപ്പോഴത്തെ സ്ഥിതി, ശബ്ദമുണ്ടാക്കി ആരെയെങ്കിലും വിളിക്കാം എന്ന് വിചാരിച്ചാല്‍ , എല്ലാ പഹയന്മാരും താഴെ സ്റ്റാര്‍ കണ്ടു രസിക്കാന്‍ പോയില്ലേ! ഇനിയിപ്പോ  വേറെ വല്ല ജൂനിയര്‍ പിള്ളേരും ഒച്ച കേട്ടു വന്നാല്‍ പിന്നെ നാണക്കേട് പറയാനുണ്ടോ!

ഒന്ന് കൂടി ബലം കൊടുത്തു ഒരു അര ഇഞ്ച്‌  കൂടി ഉള്ളിലോട്ട്, പക്ഷെ കുരുക്ക് കൂടുതല്‍ മുറുകിയത് പോലെ! കാല്‍ നിലത്ത് ചവിട്ടി, ഒന്ന് കൂടി ശ്രമിച്ചു, ഇല്ല രക്ഷ ഇല്ല!

ഒന്ന് പരിഭ്രമിച്ചു ദീപുട്ടന്‍, പിന്നെ മെല്ലെ കൈ കൊണ്ട് തൊലി ഉന്തി നീക്കാന്‍ തുടങ്ങി, രണ്ടു കൈ കൊണ്ടും മെല്ലെമെല്ലെ!

ഒരു ഇരുപത് മിനിട്ട് ചയ്തു കാണും, ദീപുട്ടന്‍ മെല്ലെ മെല്ലെ പുറത്തോട്ടു (അല്ല , അകത്തോട്ട് നീങ്ങാന്‍ തുടങ്ങി, അകത്തു കടന്ന നെഞ്ച് മുഴുവന്‍ വരിഞ്ഞു കീറിയിരിക്കുന്നു,ഇപ്പൊ വയറാണ് കുടുങ്ങിടിരിക്കുന്നത്, രാത്രി നന്നായി ഭക്ഷണം കഴിച്ചതിനു, തന്നെ തന്നെയും, നല്ല രുചിയില്‍ ഉണ്ടാക്കിയതിന് (അതുകൊണ്ടാണല്ലോ അധികം ഭക്ഷിച്ചത്!) മൊത്തം പാചകക്കാരെയും മനസ്സില്‍ തെറിയഭിഷേകം നടത്തിക്കൊണ്ട്  ദീപുട്ടന്‍ പണി തുടര്‍ന്നു, പിന്നെ ഒരു പത്തു മിനിറ്റ് ദീപുട്ടന്‍ പുറത്ത്!

നെഞ്ച് ആകെ നീറുന്നു, അണ്ണാന്റെ പുറത്ത് ശ്രീരാമന്‍ വരച്ചതെന്ന പോലെ നെഞ്ചിലും പുറത്തും നിറയെ ചുകന്നു തടിച്ച വരകള്‍ ! വിയര്‍ത്തു കുളിച്ചിരിക്കുന്നു, എന്നാലും ഒരു സന്തോഷം, ഒറ്റയാള്‍ പട്ടാളത്തെ ചാവേര്‍ ആക്കാത്തതിനു ദൈവത്തെ വിളിച്ചു വാനോളം പുകഴ്ത്തി, പൊളിഞ്ഞു പോന്ന പലക കുറച്ചു തുപ്പലും കൂട്ടി യഥാസ്ഥാനത്ത് ഫിറ്റ് ചെയ്തു  പിന്നെ താഴോട്ട് കുതിച്ചു! അതാ ഒരു ആള്‍ക്കൂട്ടം, എല്ലാവരുടെയും നോട്ടം മുകളിലേക്ക്, ആളുകള്‍ ആസ്വദിച്ചു കാണുകയാണ്, ദീപുട്ടന്റെ കൂട്ടുകാര്‍ ഇതെന്തൊരു മറിമായം എന്ന മട്ടില്‍ അന്തം വിട്ടു നില്‍ക്കുന്നു! ദീപുട്ടനും ഒന്നുമറിയാത്ത പോലെ കൂട്ടത്തില്‍ കൂടി, പക്ഷെ അവിടെ നിന്നും ആ ക്രിസ്തുമസ് നക്ഷത്രത്തെ കാണുമ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു!



വാല്‍ :- പിന്നെ ഒരിക്കലും ദീപുട്ടന് മുകളില്‍ കയറേണ്ട അവസരം ഉണ്ടായിട്ടില്ല, ഇനിയിപ്പോ ഉണ്ടായാല്‍ തന്നെ ദീപുട്ടന്‍ കയറുകയും ഇല്ല, പലപ്പോഴും ദീപുട്ടന്‍ തന്‍റെ ഈ തീരുമാനത്തെ ക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്, ഒരു തെറ്റ്, ഒരു പിഴവ്, എന്തും സംഭവിക്കുമായിരുന്നു! പൊളിഞ്ഞ വാതില്‍ ഒരു ദിവസം കണ്ട കുഞ്ഞുട്ടന്‍ അതു പൊളിച്ചവന്റെ തന്തക്കും തള്ളക്കും വിളിച്ചപ്പോള്‍, ദീപുട്ടന്‍ ഒന്നും മിണ്ടിയില്ല പകരം ഒന്ന് പുഞ്ചിരിച്ചു, കാരണം, അത് പൊളിച്ച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ പുഞ്ചിരി ഇല്ലതായേനെ!

സമര്‍പ്പണം :- ദൈവത്തിന്


Sunday, October 21, 2012

വാക്യത്തില്‍ പ്രയോഗിക്കുക!


ദീപുട്ടനെ ഇംഗ്ലീഷ് ക്ലാസ്സില്‍ രേണുക ടീച്ചര്‍ പൊക്കി

use the word ‘ tremble ‘ in a sentence “

കേട്ടപ്പോഴേ ദീപുട്ടന് ട്രെമ്ബ്ലിംഗ് തുടങ്ങി, മുട്ട് വിറക്കുന്നു, നാക്ക് കുഴയുന്നു, ഇന്നലെ ക്ലാസ്സില്‍ ടീച്ചറുടെ മധുര മനോഹര ശബ്ദം കേട്ടുറങ്ങിയപ്പോള്‍ ഈ വാക്ക് മിസ്സ്‌ ആയി എന്ന് തോന്നുന്നു!

വടിപോലെ ഒരു മിനിറ്റ് നിന്നപ്പോള്‍ ടീച്ചര്‍ ചോദ്യം പാസ്‌ ചെയ്തു

“സുധീഷ്‌? “ സുധീഷും വടിപോലെ എഴുന്നേറ്റു, “ യുസിറ്റ് “

നല്ല ടീച്ചര്‍, എന്നാ ആത്മഗതത്തോടെ ദീപുട്ടന്‍ ഇരുന്നു

ഒരു ചോക്ക് പറന്നുവന്ന് ദീപുട്ടനെ ഞെട്ടിച്ചു, തല മുഴച്ചോ എന്നൊരു സംശയം!

“ നിന്നോടാരട കുരുത്തം കെട്ടവനെ ഇരിക്കാന്‍ പറഞ്ഞത്? “ ടീച്ചര്‍ ദേഷ്യം കൊണ്ട് വിറച്ചു!

“ അപ്പൊ ടീച്ചര്‍ അല്ലെ ഇപ്പൊ “യു സിറ്റ്” എന്ന് പറഞ്ഞത് “

ക്ലാസ് മുഴുവന്‍ പൊട്ടിച്ചിരികള്‍! ദീപുട്ടന് പ്രമോഷന്‍, ഡസ്കിന്റെ മുകളിലേക്ക്, അതും കൈ രണ്ടും പൊക്കിപ്പിടിച്ച്!

( use it, you sit)

Friday, October 19, 2012

ഓപ്പറേഷന്‍ റോസ്....!


 "തിലക് ഹൗസിന്‍റെ ഗാര്‍ഡനില്‍ പൂക്കളല്ല, പുഴുക്കളാണ്, ഹ ഹ ഹ ഹ ഹ "

                ദീപുട്ടന്‍റെ ചോര തിളച്ചു വന്നു. നെഹ്രുവിന്റെ ഒരു നോട്ടം കിട്ടിയതുകൊണ്ടാകാം പിന്നെ കണ്ട്രോള്‍ ചെയ്തു, ഈ ഞായറാഴ്ചകളില്‍ കിടന്നു കിളച്ചും, എന്നും വൈകുന്നേരം കളി കഴിഞ്ഞ് വന്ന് വെള്ളമൊഴിച്ചും , പിന്നെ അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടുന്ന നല്ല ചെടികള്‍ ചോദിച്ചും, കട്ടും കൈക്കലാക്കി ഇവിടെ നട്ട് ഇത്രയുമൊക്കെ ആക്കി കഴിഞ്ഞപ്പോഴാണ് മൂപ്പരുടെ ഒരു കമന്റ്‌, പുഴുക്കളാണ് പോലും, പുഴുക്കള്‍,  ത്ഫൂ....................!

ഹൌസ് മാഷാണത്രേ ,
               എന്നെങ്കിലും ഇവിടെ വന്ന് " ഡാ ദീപു, ഈ റോസ് ഞാന്‍ വീട്ടുന്നു കൊണ്ടന്നതാ, ഇതൊന്നു കുഴിചിട്ടോ", എന്ന് പറയ്യോ,ഹും... അതിനെവിടെ മൂപ്പര്‍ക്ക് സമയം, ഒന്ന് കണ്ണുരുട്ടി ആ സുഭാഷുകാരെ ഒന്ന്  വിരട്ടിയാല്‍ ആ നല്ല ചോന്ന റോസിന്‍റെ തൈ, അല്ലെങ്കില്‍ ഒരു മൂത്ത കൊമ്പ് കിട്ടിയാല്‍ എത്ര നന്നായിരുന്നു, മ്ഹും..................! അതൊന്നും പറ്റൂല,  ഈ കണ്ട സ്ത്രീജനങ്ങള്‍ടെ മുന്‍പില്‍ നിന്നാണ് കമന്റ്‌, അതു കേട്ട് ഇളിക്കാന്‍ കുറെ പീറ പെണ്ണുങ്ങളും, എല്ലാത്തിനും വച്ചിട്ടുണ്ട്, ആ രാമന്‍ മാഷെ പെണ്ണിനാണ് വല്ലാത്ത ചിരി, ഇയാളെന്തെങ്കിലും പറയാന്‍ കാത്ത് നിക്കാണ് പെണ്ണ്, ചിരി കാണാനൊക്കെ നല്ല ഭംഗി തന്നെ, എന്ന് വച്ച്  ഇങ്ങനെ ഇളിക്കണോ,  ഇത്തിര്യേ ഉള്ളു കാ‍ന്താരി, കണ്ടാലാളൊരു പാവം, എന്നാപ്പിന്നെ ഇയാളുടെ വാലില്‍  തൂങ്ങണോ?!

               ദീപുട്ടന്‍ ഹരിക്കുട്ടനെ നോക്കി, ചിരിവന്നു പോയി, അരിശം മുഴുവന്‍ മണ്ണില്‍ തീര്‍ക്കുന്നു പുള്ളി, ഒരു കമ്പി കൊണ്ടാണ് കിള, നേരെ മുന്നില്‍ മാഷുണ്ട് എന്ന സങ്കല്പം കിളയുടെ ശക്തിയും ആഴവും കൂട്ടുന്നു, അവനെപ്പറഞ്ഞിട്ടു കാര്യമില്ല , കാരണം സെല്‍ഫ് സ്റ്റഡി ടൈമില്‍ നേരെ വന്ന്, അവനു രണ്ടെണ്ണം ചെവിക്കുറ്റിക്ക് സമ്മാനം കൊടുക്കുന്നത് അയാളുടെ ഒരു ഹോബിയാണ്, പിന്നെ ചെവി പിടിച്ച് ഒരു തിരുമ്മലും, ഹൊ.. ജീവന്‍ പോകും, ദീപുട്ടനും കിട്ടി ഒരു ദിവസം,

               പെയിന്റിംഗ് മത്സരം നടക്കുന്നു, ദീപുട്ടന്‍ അതിലൂടെ പോയപ്പോള്‍ ഒരു കാഴ്ച കണ്ടു,  ആറാം ക്ലാസ്സിലെ ആ ചെക്കന്‍, ജയന്‍, ഒരു സീനറി വരച്ചിരിക്കുന്നു, കണ്ടാല്‍ ചിരി വരും, നല്ല ചോക്ലേറ്റ് നിറത്തില്‍ മല!, ആരെങ്കിലും അങ്ങനെ മല വരക്ക്യോ? ഏതായാലും അനിയനല്ലേ, വിവരദോഷി, ദീപുട്ടന്‍ വേഗം പോയി ബ്രഷ് തട്ടിപ്പറിച്ചു, പലതരം പച്ചയും നീലയും പിന്നെ പല കളറും കൂട്ടി ഒരത്യുഗ്രന്‍ മല വരച്ചു, കണ്ടോഡാ, എന്നും പറഞ്ഞ് തിരിഞ്ഞപ്പോ അതാ നില്‍ക്കുന്നു, മാഷ്‌, വന്നതല്ല, ആ പിശാച് പോയി വിളിച്ചു കൊണ്ടുവന്നതു തന്നെ, അവന്‍ എന്ത് പറഞ്ഞ് കാണും!, " മാഷെ ഇന്‍റെ ചോക്ലേറ്റ് മല ആ ഏട്ടന്‍ തിന്നു " "എന്നോ?

              ഏതായാലും ഒരു ചെറു പുഞ്ചിരിയോടെ , ഒരു ഇരയെ കിട്ടിയ ആഹ്ളാദത്തോടെ , ദീപുട്ടന്റെ രണ്ടു ചെവിയും പുള്ളി കൈക്കലാക്കി, പിന്നെ ഒരു ചെറിയ പ്രയോഗം, ആ പെട്ടിക്കടക്കാരന്‍ അയ്മുട്ട്യാക്ക നാരങ്ങ പിഴിയണ പോലെ! ചാറു മുഴുവന്‍ പുറത്തു വരുന്ന വരെ ഞെക്കിയും ഞെരിച്ചും...

               ദീപുട്ടന്‍ സ്വര്‍ഗം കണ്ടു, പെരുവിരലിന്റെ മാത്രം ബലത്തില്‍ നില്‍ക്കുന്ന ആ അഭ്യാസം പിന്നെ ഒരു വട്ടം കാണുന്നത് ടൈറ്റാനിക് സിനിമയിലെ നായിക കാണിക്കുമ്പോഴാണ്, അതുകൊണ്ട് തന്നെ സിനിമയില്‍ അതു കണ്ടപ്പോ വല്യ അത്ഭുതമൊന്നും തോന്നിയില്ല! (കുരുത്തം കെട്ടവള്‍ സ്കൂളില്‍ നിന്നും പഠിച്ചതാകും എന്ന് മനസ്സിലോര്‍ക്കുകയും ചെയ്തു!)

               പിടി വിട്ടപ്പോള്‍ ആകെ തലക്കൊരു ചൂട്, ചെവി സ്ഥാനത്തുണ്ടോ അതോ പുള്ളി പറിച്ചു പോക്കറ്റിലിട്ടു കൊണ്ടുപോയോ എന്നറിയാന്‍ തപ്പി നോക്കേണ്ടി വന്നു.ഏതായാലും രണ്ടുമൂന്നു ദിവസം ചെവി ചുകന്നു തന്നെ ഇരുന്നു.

               അപ്പൊ വിഷയത്തിലേക്ക് തിരിച്ചു വരാം, ദീപുട്ടന്‍ വീട്ടില്‍ നിന്നും കൊണ്ടു വന്നു കുഴിച്ചിട്ട നാല് കുഞ്ഞു റോസ് ചെടികളല്ലാതെ തിലക് ഹൌസില്‍ കാര്യമായി ചെടികളൊന്നുമില്ല, എന്നാലും ആ ഡയലോഗ് വേണ്ടായിരുന്നു, പുഷ്പമേളക്ക് പോയി എല്ലാ ഗാര്‍ഡനും വേണ്ടി നിറയെ ചെടികള്‍ വാങ്ങി കൊണ്ടു വന്നതാണ്, എന്തായിരുന്നു ഒരു ചന്തം, പലതരത്തിലുള്ള റോസാപൂക്കള്‍, പച്ചയും, നീലയും, കറുപ്പും ഒഴിച്ച് ബാക്കി എല്ലാ നിറവും! അപ്പൊ തന്നെ ദീപുട്ടന്‍ കുറച്ച് എണ്ണത്തില്‍ കണ്ണ് വച്ചു, മെല്ലെ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു എന്നിട്ടെന്തായി, പ്രിന്സിപ്പല്‍ന്‍റെ ഭാര്യക്ക് ചെടി എന്നുപറഞ്ഞാല്‍ ജീവനാണ്,  ചെടി കൊണ്ടുവന്നതും ഓടിവന്ന് നല്ലതെല്ലാം എടുപ്പിച്ച് വീട്ടു മുറ്റത്ത്‌! അതില്‍ ദീപുട്ടന്‍ തിരഞ്ഞു വെച്ചതെല്ലാം പോയി,  പിന്നെ ആകെ ബാക്കി വന്നത് ഏതൊക്കെയോ ചില ചെടികള്‍ മാത്രം!




                ആ ചെടിക്ക്  വെള്ളം കൊടുത്ത സമയം അവരാ  പെണ്ണിനെ ശ്രദ്ധിച്ചിരുന്നെങ്കില്‍
 ( ആ പെണ്ണും ദീപുട്ടന്റെ ക്ലാസ്സില്‍ തന്നെ!) അതു നന്നായിപ്പോയേനെ!, അഹങ്കാരത്തിന്‍റെ ഒരു വല്യ കൂട്, അതില്‍ പ്രിന്‍സിയുടെ അധികാരത്തിന്റെ വന്‍ കടന്നലുകള്‍ ! ഒന്ന് പറഞ്ഞാല്‍ മറ്റേതിനു നേരെ ഭീഷണിയാണ്  ( ഞാന്‍ അച്ഛനോട് പറഞ്ഞ് കൊടുക്കും എന്ന്) എന്നിട്ടും ദീപുട്ടന്‍ തരം കിട്ടുമ്പോഴൊക്കെ റബ്ബര്‍ ബാന്‍ഡില്‍ കടലാസ് ചുരുട്ടി വച്ച് അവളുടെ തല മണ്ടക്ക് തന്നെ പൂശും! ( ഒരു ദിവസം സംഗതി ശരിയാവില്ല എന്ന് തോന്നി മാപ്പ് പറഞ്ഞ് ദീപുട്ടന്റെ നല്ല ദോസ്തായി പെണ്ണ്! പിന്നെ ദീപുട്ടന്‍ അവളെ ഉപദ്രവിച്ചിട്ടില.)

ഏതായാലും ബാക്കി വന്നത് വീതം വെച്ചപ്പോള്‍ എല്ലാ ഹൗസിനും രണ്ടു വീതം ചെടികള്‍ കിട്ടി!

പക്ഷെ അന്ന് അടയാളം ഇട്ടു വച്ചു ദീപുട്ടന്‍

           " കളരി പരമ്പര ദൈവങ്ങളാണ് സത്യം ( കരാട്ടെക്ക് ദൈവം ഉണ്ടോ ആവോ?) ഇതിനൊരു പണി കൊടുത്തിരിക്കും, അപ്പുറത്ത് സുഭാഷിന്‍റെ ഗാര്‍ഡന്‍റെ പുറത്ത് കുഞ്ഞുവും നില്‍ക്കുന്നുണ്ട്, അവന്‍റെ മുഖത്തും ഒരു പ്രതിജ്ഞയുടെ ക്ഷീണം ദീപുട്ടന്‍ കണ്ടു, ഒന്ന് ചിരിച്ചു, കുഞ്ഞു തിരിച്ചും!

              മാസങ്ങള്‍ കടന്നു പോയി, പത്താം ക്ലാസ്സ്‌ പരീക്ഷ നടക്കുന്നു, അവസാന പരീക്ഷ സോഷ്യല്‍ !,  അതു കഴിഞ്ഞാല്‍ സ്വാതന്ത്ര്യം, നല്ല മാര്ര്‍ക്ക് കിട്ടിയാല്‍ തീര്‍ന്നു, അല്ല കുറവാണെങ്കില്‍ പിന്നെയും നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര്യം!

              കുഞ്ഞു മെല്ലെ ദീപുട്ടന്റെ അടുത്തെത്തി, ദീപുട്ടനും ഹരിക്കുട്ടനും മുടിഞ്ഞ പഠനത്തിലാണ്, എങ്ങനെയെങ്കിലും പാസ്സായല്ലേ പറ്റൂ

            എടാ, നാളെ പരീക്ഷ കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഉടനെ പോകാം എന്നാണ് മാഷ്‌ പറഞ്ഞത്
ദീപുട്ടന്‍ കുഞ്ഞുവിനെ ഒന്ന് നോക്കി, "അതിന്‌? " എന്ന ചോദ്യത്തോടെ!

" ഡാ ദീപു, ആ പ്രിന്‍സിക്കൊരു പണികൊടുക്കണ്ടേ? "

            ദീപുട്ടന്റെ ചോര തിളച്ചു, കഴിഞ്ഞ കൊല്ലമാണെന്ന് തോന്നുന്നു, കഴുത്തിലെ ജപിച്ചു കെട്ടിയ ചരട് കണ്ടു പ്രിന്‍സി ഒരു കമന്റ്‌ " It makes you more ugly !" എന്ന് പറഞ്ഞാല്‍ നിന്നെ അല്ലെങ്കിലേ കാണാന്‍ ഒരു മെനയും ഇല്ല, ഈ കഴുത്തിലെ വടം നിന്നെ പൂര്‍വാധികം വികൃതനാക്കുന്നു എന്ന്! അമ്മ ഇഷ്ടത്തോടെ കെട്ടിത്തന്ന ആ ചരടിനെപ്പറ്റിയാണ് ആ പറഞ്ഞത്
ഇല്ല, മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെ!

അന്ന് ഓങ്ങി വച്ചതാണ് അയാള്‍ക്ക്‌

" അപ്പൊ എന്താ പരിപാടി? "

           "എടാ നമ്മടെ ഗാര്‍ഡനു വേണ്ടി വന്ന ചെടിയല്ലേ അയാളുടെ വീട്ടില്‍ നിറയെ, അപ്പൊ നമുക്ക് അതിന്‌ തന്നെ പണി കൊടുക്കാം!"

കൊള്ളാം  നല്ല പരിപാടി, ഒറ്റ വെടിക്ക് രണ്ടു പ്രതികാരം!

അപ്പൊ അങ്ങിനെ എല്ലാം പറഞ്ഞുറപ്പിച്ചു, പലതരം റോസാ ചെടികള്‍, ഒന്നും വെറുതെ വിടരുത്, അപ്പൊ ഈ ഓപറേഷന്‍ " റോസ് " എന്ന കോഡ്‌ നൈമില്‍ അറിയപ്പെടും,ആന്‍ഡ്‌ ലീഡര്‍  ക്യാപ്റ്റന്‍ കുഞ്ഞു ( അതെ, വീണ്ടും കുഞ്ഞു മഹാരാജാവ് തന്നെ!)

എല്ലാവരും ആയുധങ്ങള്‍ സംഘടിപ്പിച്ചു,

ദീപുട്ടന് അന്ന് ആദ്യമായി സോഷ്യല്‍ പുസ്തകത്തിന്റെ മുന്നില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല!

              സമയം ഒരു മണി, ചിലരൊക്കെ പഠിത്തം മതിയാക്കി ഹോസ്റ്റലില്‍ പോവാന്‍ തുടങ്ങി, മറ്റുചിലര്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു തൂങ്ങാനും, കുഞ്ഞു എല്ലാവരെയും വിളിച്ചുണര്‍ത്തി, ഉറക്കത്തിന്റെ അത്യാവശ്യകതയെ പറ്റി ബോധവല്‍ക്കരണം നടത്തി ഹോസ്റെലിലേക്ക് പറഞ്ഞയച്ചുകൊണ്ടിരുന്നു.

അങ്ങനെ അവസാനത്തെ ആളെയും പറഞ്ഞയച്ചു, കുലംകുത്തികള്‍ കൂട്ടത്തില്‍ ഉണ്ടാവാമല്ലോ!

             ഇപ്പൊ ക്ലാസ്സില്‍ ആകെ ബ്ലാക്ക്‌ കാറ്റ്സ് മാത്രമേ ബാക്കിയുള്ളൂ, എല്ലാവരും മെല്ലെ ആയുധങ്ങള്‍ പുറത്തെടുത്തു, പിന്നെ പതുക്കെ പുറത്തേക്കിറങ്ങി, ലൈറ്റുകള്‍ ഒന്നും ഇല്ല, ആകെ ഇരുട്ട് , പ്രിന്‍സിയുടെ വീട് ഒരു പ്രേത ഭവനം പോലെ കാണപ്പെട്ടു, ആദ്യം ക്യാപ്റ്റന്‍ കുഞ്ഞു മുന്നോട്ടു നീങ്ങി, മതിലിനോട് ചേര്‍ന്ന്‍ കുനിഞ്ഞിരുന്ന്‍ പരിസരം വീക്ഷിച്ചു, ഇല്ല, ആരും അടുത്തൊന്നുമില്ല, ടീച്ചേര്‍സ് കോര്‍ട്ടെഴ്സ് കൂടി ഒന്ന് നിരീക്ഷിച്ചു, ഇല്ല ഒരു കുഞ്ഞുപോലും ഉണര്‍ന്നിരിക്കുന്നില്ല,  എല്ലാം റെഡി!

             കൈ വീശിക്കാണിച്ചു, എല്ലാവരും കുഞ്ഞുവിനെ അനുകരിച്ചു, ഒരു വിജയകാന്ത് സിനിമയെ അനുസ്മരിപ്പിക്കുന്ന പ്രകടനം, ചാഞ്ഞും ചെരിഞ്ഞും നിരങ്ങിയും എല്ലാവരും, ഓരോരുത്തരായി കുഞ്ഞുവിന്റെ അടുത്തേക്ക്!

            മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ  അങ്ങനെ കമാന്‍ഡോ സംഘം ഓപറേഷന്‍ തുടങ്ങി, ആരും മിണ്ടുന്നില്ല, വെറും ആന്ഗ്യങ്ങള്‍ മാത്രം, കഷ്ടിച്ച് ഒരു പത്ത് മിനിറ്റ്, സ്ഥലം ക്ലീന്‍ , സൂക്ഷിച്ചു നോക്കിയപ്പോള്‍ കുറച്ച് അതിരുകടന്നോ എന്ന സംശയം ഇല്ലാതില്ല! പൂവും ഇലയും കൊമ്പും എല്ലാം അരിഞ്ഞു കഴിഞ്ഞപ്പോള്‍ ആകെ ഒരു വിജനത, തിരുപ്പതിയില്‍ പോയ ഒരു പ്രതീതി, എല്ലാം മൊട്ടയടിചിരിക്കുന്നു!

           ഏതായാലും ഒരു ഇലപോലും താഴെ കളയാതെ എല്ലാവരും ഹോസ്റ്റലിലേക്ക് വെച്ചുപിടിച്ചു, മുന്‍പ് പ്ലാന്‍ ചെയ്ത പോലെ തന്നെ, തുണിയില്‍ പൊതിഞ്ഞുകെട്ടി, ബാഗില്‍ ഭദ്രമായി നിക്ഷേപിച്ച് കിടന്നുറങ്ങി.

അന്ന് ദീപുട്ടന്‍ സുഖമായി ഉറങ്ങി, രാവിലെ എണീറ്റ്‌ ചായയും കുടിച്ച് പരീക്ഷക്ക്‌ പോകുമ്പോള്‍ ഒരു സന്തോഷം തോന്നി.

പരീക്ഷ കഴിഞ്ഞതും നേരെ ഹോസ്റ്റലിലേക്ക്, ഡ്രസ്സ്‌ മാറ്റുന്നു, ബാഗ് എടുക്കുന്നു, ആകെ ഒരു വെപ്രാളം, ഇനി എപ്പോ വേണമെങ്കിലും പിടിക്കപ്പെടാം, രക്ഷപ്പെടണം, ശത്രുപാളയത്തിലെ പ്രമുഖരും, സര്‍വ്വ സൈന്യാധിപന്മാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് ഒരു പലായനം, ഹോസ്റെലിനു പുറത്തു കടന്നപ്പോള്‍ ബാക്കി ഉള്ളവരെയും കണ്ടു, എന്റെ ഓട്ടം കണ്ടിട്ടാകണം കുഞ്ഞുട്ടന്‍ ചോദിച്ചു,

 " അന്ക്കെന്തട ഇത്ര ധൃതി " ,

 " ഇപ്പോപ്പോയാല്‍ വേങ്ങരേന്ന്‍ ന്‍റെ ഏട്ടന്റെ ബസ്സുണ്ട്, ആയിനാവുമ്പോ പൈസ കൊട്ക്കണ്ടല്ലോ, ഇയ്യ് പോരുണോ?"

ഉത്തരത്തിനൊന്നും കാത്തുനില്‍ക്കാതെ കത്തിച്ചു വിട്ടു,  ആര്‍ക്കും മുഖം കൊടുക്കാതെ നേരെ ഗേറ്റിലൂടെ പുറത്ത്, മതിലിന്നു പിന്നില്‍ മറഞ്ഞു നില്‍ക്കുമ്പോഴേക്കും ബാക്കി ആളുകളും ഹാജര്‍, അവസാനം രംഗം നിരീക്ഷിച്ച്, കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തി കുഞ്ഞു എല്ലാവരും മുഖത്തോടു മുഖം നോക്കി, പിന്നെ ഒന്ന് ചിരിച്ചു, ചിരി മാറി പൊട്ടിച്ചിരിയിലൂടെ ഒരു അട്ടഹാസത്തിലേക്ക് നീണ്ടു, മൊട്ടക്കുന്ന്‍ പ്രകമ്പനം കൊണ്ടു!

" Operation success, Mission accomplished "

കമാണ്ടോകള്‍, പിരിഞ്ഞു നേരെ വീട്ടിലേക്ക് , ബസ്സിലിരിക്കുമ്പോള്‍ ദീപുട്ടന്റെ മനസ്സില്‍ ഒരു തരം നിര്‍വൃതി,  ആത്മരോഷം ശമിച്ചതിന്റെ അടയാളം!



വാല്‍ :- സോഷ്യല്‍ പരീക്ഷ വളരെ എളുപ്പമായിരുന്നുവെങ്കിലും, ദീപുട്ടന് കാര്യമായി മാര്‍ക്കൊന്നും കിട്ടിയില്ല, പരീക്ഷ ഹാളില്‍ ഉറക്കം തൂങ്ങിയ ഏക കമാന്‍ഡോ ദീപുട്ടനായിരിക്കും! വീട്ടില്‍ എത്തിയ ഉടനെ റോസ് കമ്പുകള്‍ ഒക്കെ കുഴിച്ചിട്ടെങ്കിലും, ഒന്ന് പോലും പിടിച്ചില്ല, കട്ടത് കൊണ്ടാണോ എന്തോ, അതോ ഇനി ശ്രീമതി പ്രിന്‍സി "ഇവന്മാരൊന്നും ഗുണം പിടിക്കില്ല" എന്ന് പ്രാകിക്കാണുമോ?
രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ഒരു പിറന്നാളിന്, ശ്രീമതി പ്രിന്‍സി തന്‍റെ കയ്യാല്‍ ഉണ്ടാക്കിയ ആവിപറക്കുന്ന  ദോശയും, അണ്ടിപ്പരിപ്പ് കറിയും സ്നേഹത്തോടെ വിളമ്പി തന്നപ്പോള്‍ ദീപുട്ടന് ഒരു  ചെറിയ മനസ്താപം തോന്നിയില്ലേ എന്നൊരു സംശയം!

Friday, October 12, 2012

ജലവിഭ്രാന്തിയുടെ നാള്‍വഴി..

ദീപുട്ടന് വെള്ളം പേടിയാണ്!
കേട്ടാല്‍ ആളുകള്‍ ചിരിക്കും കാരണം ദീപുട്ടന്‍  ജീവിതത്തിന്റെ മുക്കാല്‍ പങ്കും വെള്ളത്തിലായിരുന്നു എന്ന് പറയാം, ഒന്നുകില്‍ അകത്ത്, അല്ലെങ്കില്‍ പുറത്ത്, അതുമല്ലെങ്കില്‍ അകത്തും പുറത്തും. പത്തുപതിനഞ്ചു കൊല്ലം വെള്ളത്തില്‍ പൊങ്ങിക്കിടന്നു ജോലി ചെയ്തു, വീടിന്‍റെ തൊട്ടടുത്ത് കുളം, അമ്മാവന്‍ വീട്ടില്‍ തറവാട്ടു വക കുളം, അടുത്ത് തന്നെ പുഴ, പിന്നെ എന്ത് വേണം! എന്നിട്ടും ദീപുട്ടന് പേടി.

എങ്ങിനെ വന്നു ഈ പേടി?

അതറിയണമെങ്കില്‍ ഒരു പത്തിരുപത് കൊല്ലം പുറകോട്ടു പോണം!

ഇതും ഒരു വെക്കേഷന്‍ കാലം!

ദീപുട്ടന്‍ ഒരു പണിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്നു, അസൈന്മെന്റ് ചെയ്യാന്‍ തുടങ്ങാന്‍ ഇനിയും ഒരു മാസം ബാക്കിയുണ്ട് (അവസാനത്തെ പത്തു ദിവസമാണല്ലോ പണി ചെയ്യേണ്ടത്!)
എന്ത് ചെയ്യണം എന്ന് അന്തം വിട്ടു നില്‍ക്കുമ്പോഴാണ്  ചെറിയച്ചന്‍ ഓടിപ്പിടിച്ച് വരുന്നത്,

" ഏട്ടാ, ഞാന്‍ ഒന്ന് അവള്‍ടെ വീട്ടില്‍ പോയി വരാം, പോയിട്ട് ഒരാഴ്ച്ചയായില്ലേ, കൂട്ടിക്കൊണ്ടു വരണം " ഉച്ചെടെ വണ്ടിക്കു പോകും, ഡാ യ്യ് പോരുണോ?  ", ദീപുട്ടനോട്!

ദീപുട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ ഒരു കള്ളച്ചിരിയോടെ അച്ഛനെ ഒന്ന് നോക്കി, അച്ഛന്‍ മെല്ലെ ഒന്ന് ചിരിച്ചു പിന്നെ മെല്ലെ ഒന്ന് കണ്ണടച്ച് തല വെട്ടിച്ചു കാണിച്ചു

ഹോ, അങ്ങനെ ഒരു ടൂര്‍ തരമായിരിക്കുന്നു, ദീപുട്ടന് സഹിക്കാന്‍ പറ്റിയില്ല!

ചെറിയമ്മേടെ വീട് , ട്രെയിന്‍ ഇറങ്ങി കുറെ നടക്കണം, ഒരു ഉള്‍പ്രദേശംആണെങ്കിലും നല്ല പ്രകൃതി ഭംഗി, നിറയെ മരങ്ങള്‍, നല്ല ആളുകള്‍ , നല്ല വീടുകള്‍, അങ്ങനെ ആകെപ്പാടെ നല്ല ഒരു ഗ്രാമം!

അവിടെ ദീപുട്ടന്‍ ഇതിനു മുന്പ് ഒരു വട്ടമേ പോയിട്ടുള്ളൂ, പക്ഷെ ദീപുട്ടന് ആ സ്ഥലം നല്ല ഇഷ്ടപ്പെട്ടു.

അങ്ങനെ ഒരു ദിവസം മാറ്റാന്‍ ഉള്ള ഉടുപ്പുകളും കയ്യിലെടുത്ത് ദീപുട്ടന്‍ ചെറിയച്ഛന്റെ കൂടെ ഉച്ച വണ്ടി കേറി, ആകെ ഒരു അര മുക്കാല്‍ മണിക്കൂറിന്റെ ദൂരമേ ഉള്ളൂ ട്രെയിനില്‍, പിന്നെ ഇറങ്ങി നടക്കണം.
വണ്ടി ഇറങ്ങിയപ്പോള്‍ ഉണ്ണി മാമന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, ചെറിയമ്മയുടെ മൂത്തതാണ് ഉണ്ണി മാമന്‍ . കുറെ കൊല്ലം കുടുംബമായി ഗള്‍ഫിലായിരുന്നു, ഇപ്പോള്‍ ചില ബിസിനസ്‌ സംരംഭങ്ങളൊക്കെ ആയി ഇങ്ങനെ പോകുന്നു.

സംസാരിച്ചു നടന്ന് വീടെത്തിയത് അറിഞ്ഞില്ല, അവിടെ ചെന്നപ്പോള്‍ ദീപുട്ടനെ എല്ലാവരും ആഘോഷമായി തന്നെ സ്വീകരിച്ചു, ഗള്‍ഫ്‌ അമ്മായി ദീപുട്ടന്‍റെ തലയില്‍ തലോടി, ചെറിയമ്മയുടെ അമ്മയാകട്ടെ, വാരിപുണര്‍ന്നു, പിന്നെ ചായകുടിയും ബഹളവും!

അടുത്ത് തന്നെയാണ് പുഴ, പുഴ ദീപുട്ടന്റെ പോലെ ചെറിയച്ചന്റെയും ഒരു വീക്നെസ് ആയിരുന്നു, ഒരു അഞ്ചു മണിയായപ്പോള്‍ ചെറിയച്ചന്‍ ദീപുട്ടനെയും കൂട്ടി പുഴയിലേക്ക്!

പുഴ കാണേണ്ട ഒരു കാഴ്ച തന്നെ, ദീപുട്ടന്റെ അമ്മാവന്‍ വീട്ടിലെ പുഴയെ " പു " എന്നേ വിളിക്കാന്‍ പറ്റൂ!

കുളിക്കടവ് മുഴുവന്‍ നല്ല പാറയാണ്‌, മറുവശത്താകട്ടെ മണല്‍ പരപ്പും, കുളിക്കടവിന്റെ അടുത്തായി ഉയര്‍ന്നുനില്‍ക്കുന്ന ഒരു പാറയുണ്ട്, 'ദൈവത്താന്‍ പാറ' ഒരു പത്തുപന്ത്രണ്ട് അടി ഉയടം കാണും, ചില കുട്ടികള്‍ അതിന്‍റെ മുകളില്‍ കയറി താഴോട്ടു കുതിക്കുന്നു, ഏതായാലും ദീപുട്ടന്‍ സാഹസത്തിനൊന്നും പോയില്ല!


മെല്ലെ വെള്ളത്തിലേക്ക്‌ ഊര്‍ന്നിറങ്ങി, നല്ല തണുപ്പ് !

കയ്യും കാലും ഒന്നിളക്കിയപ്പോഴേക്കും ഒരു സുഖം തോന്നി, തീരെ ഒഴുക്കില്ല, നല്ല തെളിഞ്ഞ വെള്ളം, ഒന്ന് നിന്നപ്പോഴേക്കും മീന്‍ കൂട്ടങ്ങള്‍ തൊട്ടു തഴുകി കടന്നു പോകുന്നു,  കാല്‍ മുട്ടിലെ മുറിവില്‍ ഒന്ന് കൊതിയപ്പോള്‍ പെട്ടന്ന് ഞെട്ടിപ്പോയി, പിന്നെ ഒരു സുഖം തോന്നി!

മെല്ലെ നീന്താന്‍ തുടങ്ങി , ചെറിയച്ചന്‍ കരയില്‍ തന്നെ ഉണ്ട്, രവിഎട്ടനോട്  സംസാരത്തിലാനെങ്കിലും, ഇടയ്ക്കു ദീപുട്ടനെ ഇടം കണ്ണാല്‍ ശ്രദ്ധിക്കുന്നുണ്ട്, ദീപുട്ടന്‍ ഒന്ന് മുങ്ങാംകുഴി ഇട്ടു, പത്തു വരെ എണ്ണി പിന്നെയും പൊന്തി വന്നു, മുഖത്തെ വെള്ളം ഇരു കൈകള്‍ കൊണ്ടും അമര്‍ത്തിത്തുടച്ചു, പിന്നെ ചെറിയച്ചനെ നോക്കി ഒന്ന് കൈപൊന്തിച്ചു കാണിച്ചു, പിന്നെ ഒന്ന് തലകീഴാക്കി മറിഞ്ഞു നോക്കി, നല്ല രസം!

മുങ്ങാന്‍ കുഴി ഇട്ട് ഒരുപിടി മണല്‍ വാരി മുകളിലേക്കെറിഞ്ഞു, പിന്നെയും മുന്നോട്ടു നീന്തി കുറെ നേരം നീന്തി തുടിച്ചു ,

മറുപുറത്തെ മണല്‍പ്പരപ്പ്‌ മാടി വിളിച്ചു , ദീപുട്ടന്‍ അങ്ങോട്ട്‌ വച്ച് പിടിച്ചു , കരയില്‍ നിറയെ നല്ല ചെറിയ ഉരുണ്ട വെള്ളാരം കല്ലുകള്‍ !, കുറച്ച് എടുത്ത് കയ്യില്‍ പിടിച്ചു, അപ്പോഴേക്കും നേരം സന്ധ്യയായി, കുളിച്ചവരൊക്കെ പോയിരിക്കുന്നു, ദീപുട്ടനും, ചെറിയച്ചനും, രവിഎട്ടനും പിന്നെ അപ്പുറത്തെ ഒരു പണിക്കാരന്‍ നാരായണെട്ടനും മാത്രമേ ഉള്ളൂ.

കൂ..............യ്..

ചെറിയച്ചനാണ്‌,  പോവാനായിക്കാണും, വിളിക്കുന്നു, ദീപുട്ടന്‍ കുറെ കല്ലുകള്‍ മടിശ്ശീല കെട്ടി , കുറച്ചെണ്ണം കയ്യിലും പിടിച്ച് വെള്ളത്തിലേക്കിറങ്ങി, അന്തിക്കാറ്റടിച്ചപ്പോള്‍, ദേഹത്തിനു നല്ല തണുപ്പ്, മെല്ലെ അക്കരയ്ക്കു നീന്താന്‍ തുടങ്ങി, ഏകദേശം പകുതി എത്തിക്കാണും, ദീപുട്ടന് ആകെ ക്ഷീണിച്ച പോലെ തോന്നി, അക്കരെ വരെ നീന്താന്‍ പറ്റില്ല എന്നൊരു തോന്നല്‍, മറുകര മണലായതുകൊണ്ട് കുറച്ച് നീന്തിയാല്‍ കാലുകുത്താന്‍ സാധിക്കും, പക്ഷെ അക്കരെ പോകണമെങ്കില്‍ പാറ കൈകൊണ്ടു തൊടാന്‍ ആകുന്ന വരെ നീന്തണം!

ദീപുട്ടന്‍ തിരിച്ചു നീന്തി

കര അടുത്തെത്തിയിരിക്കുന്നു, ഒന്ന് കാല്‍ നീട്ടി, ഇല്ല നിലയില്ല, ആകെ തളര്‍ന്നിരിക്കുന്നു, എങ്കിലും സര്‍വ്വശക്തിയും എടുത്ത് കുറച്ച് കൂടി മുന്നോട്ട് നീന്തി, ഒന്ന് കൂടി കാലു നീട്ടി, ഇല്ല ഇപ്പോഴും ഇല്ല, പിന്നെ കാല്‍ പൊന്തുന്നില്ല, കൈ രണ്ടും പൊന്തിച്ചു കാണിച്ചു, ചെറിയച്ചന്‍ ശരീരം സോപ്പ് പതപ്പിക്കുന്നതിന്റെ ഇടയിലും, കൈപൊക്കി കാണിച്ചു ചിരിച്ചു,ദീപുട്ടന്‍ ഒന്ന്  കൂടി മുങ്ങി, ഇത്തവണ സ്വയം അല്ല, മുങ്ങിപ്പോയതാണ്, പക്ഷേ ശ്വാസം പിടിച്ചത് കൊണ്ട് വെള്ളം കുടിച്ചില്ല, പിന്നെ അമാന്തിച്ചില്ല, സര്‍വശക്തിയും എടുത്ത് നിലവിളിച്ചു
" രക്ഷിക്കണേ......."
എവിടെ കേള്‍ക്കാന്‍ , ആ വിളി കാറ്റ് കൊണ്ടുപോയി, ശ്വാസം പോയതും ദീപുട്ടന്‍ ഒന്ന് കൂടി മുങ്ങി, ഇത്തവണ, വെള്ളം കുടിച്ചു, വായിലൂടെ മാത്രമല്ല, മൂക്കിലൂടെയും,

" ഏട്ടാ, ഇങ്ങളെ കുട്ടി മുങ്ങിപ്പോവ്വാണല്ലോ! " നാരായണേട്ടനാണ് പറഞ്ഞത്.

" ഏയ്‌, അവന് നന്നായി നീന്താന്‍ അറിയും "

 ഇത് വരെ ഉള്ള ദീപുട്ടന്റെ സര്‍ക്കസ് കണ്ടു നിന്ന ചെറിയച്ചന്‍ പറഞ്ഞ മറുപടി പുള്ളി കേട്ടോ എന്നറിയില്ല, മൂപ്പര്‍ ആപ്പോഴേക്കും വെള്ളത്തിലേക്ക്‌ ചാടിക്കഴിഞ്ഞിരുന്നു, പിന്നാലെ, ചെറിയച്ചനും, പിന്നെ രവിഎട്ടനും!

അപ്പോഴേക്കും പുഴയിലെ പകുതിവെള്ളം ദീപുട്ടന്‍ കുടിച്ചു വറ്റിച്ചിരുന്നു!

മൂന്നാളും കൂടി താങ്ങി എടുത്ത് അക്കരെ എത്തിക്കുമ്പോള്‍ ദീപുട്ടന് ബോധം ഉണ്ട് എന്നെ ഉള്ളൂ, ആകെ തളര്‍ന്നിരുന്നു,

ആകെക്കൂടി ഒരു വെപ്രാളം, കമിഴ്ന്നു കിടക്കാന്‍ തോന്നി, നെഞ്ചിന്റെ ഉള്ളില്‍ നീറുന്നത് പോലെ, ഒന്ന് ഓക്കാനിച്ചു, കുറച്ച് വെള്ളം പുറത്ത് പോയി, പിന്നെയും മലര്‍ന്നു കിടന്നു, ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് ഇപ്പോള്‍ കേള്‍ക്കാം, ദാഹിക്കുന്നു, ഒരു നാരങ്ങ സോഡാ കുടിക്കാന്‍ തോന്നി, പിന്നെ മെല്ലെ എഴുന്നെറ്റിരുന്നു, പിന്നെയും, കിടക്കാന്‍ തോന്നി, ഒന്ന് കൂടി ശര്‍ദ്ദിച്ചു, ഇത്തവണ വെള്ളത്തിന്‌ പുറമേ എന്തൊക്കെയോ പുറത്തു വന്നു, ചെറിയച്ചന്‍ പുറം തടവിക്കൊണ്ടിരുന്നു,
" ഇനിപ്പോ അക്കരേക്ക് എങ്ങന്യാ കടക്ക്വാ, രവ്യെ " ചെറിയച്ചന്‍

" കുറച്ചങ്ങട് നടന്നാ, ആഴം കൊറവ് ള്ള സ്ഥലണ്ട് , ഇഞ്ഞിപ്പോ അതെ പറ്റൂ " രവിഎട്ടന്‍

അങ്ങനെ ഒരു വിധം നടന്ന് പുഴകടന്ന് വീട് ലാക്കാക്കി നടന്നു

" ഇയ്യ് നിപ്പോ ഇതൊന്നും അമ്മായീനോടും, അമ്മമ്മേനോടും, പറയാന്‍ നിക്കണ്ടാട്ടോ ഡാ" ചെറിയച്ചന്‍ എന്നോട് വഴിയില്‍ വച്ച് തന്നെ ശട്ടം കെട്ടി!

" എന്തെ ത്ര വൈകീത്‌ ", ഇരുടായില്ല്യെ? " കേറിചെന്നപ്പോതന്നെ അമ്മമ്മ!

" നനഞ്ഞ തോര്‍ത്ത്‌ വാങ്ങി വച്ചപ്പോള്‍ ചെറിയമ്മയോട്, എല്ലാം പറഞ്ഞു ചെറിയച്ചന്‍, ആരോടും പറയണ്ട എന്ന് പ്രത്യേകം അറിയിക്കുകയും ചെയ്തു!

അങ്ങനെ അന്ന് ഊണും കഴിച്ചു കിടന്നുറങ്ങി

രാവിലെ എണീറ്റ്‌ കോലായില്‍ നിന്നും മുറ്റത്തേക്കിറങ്ങിയതും കണ്ടത് അമ്മായി ഒരു കുടത്തില്‍ വെള്ളവും കൊണ്ട് വരുന്നു, പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളവും പിടിച്ച് വരുന്ന വരവാണ്
എന്നെ ക്കണ്ടതും ഒരു അത്ഭുത ഭാവം
" ന്നാലും ന്‍റെ കുട്ട്യേ, എന്തെന്നലെ പറയാഞ്ഞൂ ? , ഇപ്പൊ ആ നാരായണന്റെ ഭാര്യ കല്യാണി ന്നോട് ചോദിക്യാ ആ പൊഴേല് മുങ്ങിപ്പോയ കുട്ടിക്കെങ്ങനെണ്ട്ന്ന് ? "

" ഇദ്പ്പോ അരമന രഹസ്യം അങ്ങാടിപ്പാട്ട് ന്ന് പറഞ്ഞപോല്യായീലോ!"

" ഏതായാലും ആ പൂങ്കളെലൊന്നു കൊണ്ടോയി ഒരു ചരട് കേട്ടിക്ക്യോണ്ടു , പേട്യൊക്കെ അങ്ങട് പോട്ടെ " അമ്മമ്മ അഭിപ്രായം വ്യക്തമാക്കി.

അങ്ങനെ അന്ന് ആ അധ്യായം തീര്‍ന്നു, വീട്ടില്‍ അമ്മ അറിഞ്ഞില്ലെങ്കിലും അച്ഛനോട് ചെറിയച്ചന്‍ എല്ലാം പറഞ്ഞു

" ഈ കൊശവന്‍ നീന്തണ കണ്ടപ്പോ ഞാന്‍ കരുതി....", എന്നെ നോക്കി ഒരു ചിരി പാസ്സാക്കി ചെറിയച്ചന്‍!

" നിനക്ക് പേടിണ്ടോടാ? " അച്ഛന്‍
" പൂങ്കളെല് പോണോ? " അച്ഛന്‍ പിന്നെയും ചോദിച്ചു
"വേണ്ടച്ചാ, ക്ക് പ്രശ്നോന്നുല്ല" ദീപുട്ടന്‍ ഉറപ്പിച്ചു പറഞ്ഞു!

അങ്ങനെ പുഴക്കുളീടെ കമ്പം തീര്‍ന്നു.

അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷം സ്വിമ്മിംഗ് പൂളിലോന്നു ചാടാന്‍ പറഞ്ഞപ്പോഴാണ് ദീപുട്ടന് ഒരു കാര്യം മനസ്സിലായത്, താനൊരു രോഗിയായിരിക്കുന്നു, ഹൈഡ്രോഫോബിയ അല്ലെങ്കില്‍ ജല വിഭ്രാന്തി! അന്ന് ചവിട്ടിത്തള്ളി സ്വിമ്മിങ്ങ്പൂളിലേക്ക് തള്ളിയിട്ട മാഷോട്, ദീപുട്ടന്‍ ക്ഷമിച്ചിട്ടില്ല, ഇനി ഒട്ടു ക്ഷമിക്കുകയും ഇല്ല!

വാല്‍ :- ഏറെ ബുദ്ധിമുട്ടിയെങ്കിലും ദീപുട്ടന്റെ അസുഖം ഏകദേശം മാറി, എന്നാലും പഞ്ചഭൂതങ്ങളില്‍ ദീപുട്ടന് ഏറെ ഭയം ജലം തന്നെ!. വെള്ളം ദീപുട്ടന്റെ ജീവിതത്തില്‍ അങ്ങനെ കളിച്ചു കൊണ്ടേയിരുന്നു, മരണത്തിന്‍റെ രൂപത്തിലും അല്ലാതെയും, പ്രിയപ്പെട്ട പലരെയും വെള്ളം കൊണ്ടുപോയി, ചിലപ്പോള്‍ അതും ഒരു പ്രതികാരമായെക്കാം, ദീപുട്ടന്‍ വഴങ്ങിക്കൊടുക്കാത്തത്തിന്റെ പ്രതികാരം!






Thursday, October 4, 2012

അണ്ണാച്ചി ഇന്ത്യന്‍സ് - ഒരു മുടി വെട്ടിന്റ കഥ!


90കളുടെ ആദ്യത്തില്‍ ആണെന്ന് തോന്നുന്നു, മൊട്ടക്കുന്നില്‍  ആകെ ഒരു റാപ്പ് തരംഗം!

मैं  5  स्टार  होटल  गया,  बार   गया ,मैंने  देखा

पानी  से  भरा  स्विम्मिंग  पूल  ,आया  मेनेजर

बोला  बैठिये  प्लीस  सर  सर  सर   

आपकी  सेवा  में  मैं  हाज़िर  हूँ,  कुछ  वर्मायिये

बोलिए,  क्या  आप  को  चाहिए ..................

ठंडा  ठंडा  पानी  .....................................ठंडा  ठंडा  पानी  ..............

(http://www.youtube.com/watch?v=_FwhLonMupc&feature=player_detailpage )- ബാബ സെഹ്ഗാള്‍

(http://www.youtube.com/watch?v=kZzBd41NuZw&feature=player_detailpage) - അപ്പാച്ചെ ഇന്ത്യന്‍

ബാബാ സെഹ്ഗാള്‍ , അപ്പാച്ചെ ഇന്ത്യന്‍ , ആകെപ്പാടെ എല്ലാ ചുണ്ടിലും ഒരു ചെറിയ റാപ്പ് തത്തിക്കളിക്കുന്നു, സ്കൂളില്‍ ടിന്റുമോനാണ് താരം, വെക്കേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ അവന്‍ ഒരു കാസെറ്റ് മുഴുവന്‍ കാണാതെ പഠിച്ചു വന്നു, അങ്ങനെ മൊട്ടക്കുന്നിലും ഒരു റാപ്പ് തരംഗം ഉടലെടുത്തു.

ഹോ, സ്റ്റേജ് കണ്ടാല്‍ , ഒരു മൈക്ക് കയ്യില്‍ കിട്ടിയാല്‍ പിന്നെ കാണണം ടിന്റുവിന്‍റെ ഒരു പെര്‍ഫോമന്‍സ്!

       കുട്ടികളെല്ലാവരും ക്ലാസ്സില്‍ അവന്റെ ചുറ്റും ഇരിക്കുന്നു, ആരാധക വൃന്ദങ്ങളുടെ
 ( ഗോപികമാരുടെ എന്നും പറയാം!) കടകണ്ണേറും, ആകപ്പാടെ ഒരു ജഗ പോക!

        അതുകൊണ്ട് തന്നെ ടിന്റുവിന്‍റെ കൂടെ ഞങ്ങളും കൂടി, ഇനി ഉന്നമില്ലാത്ത ഏതെങ്കിലും ഗോപികയുടെ ഏറു തെറ്റിയാല്‍, അത് ഈയുള്ളവന് കിട്ടിയാല്‍ അതും ഭാഗ്യം!

         പാട്ടില്‍ താരം ബാബ ആണെങ്കിലും സ്റ്റൈലില്‍ അപ്പാച്ചെ തന്നെ മന്നന്‍ !, മൊട്ടക്കുന്നിലും സമീപത്തും ഉള്ള ബാര്‍ബര്‍മാര്‍ക്ക്  ഒന്നും ആ സ്റ്റൈലില്‍ മുടി വെട്ടാന്‍ അറിയില്ല,

 പിന്നെ ചിലര്‍ പറയും അതിനു ചെരവ നാക്ക് കൊണ്ട് വടിച്ചാല്‍ മതി എന്ന്!

        മറ്റു ചിലര്‍ പറഞ്ഞിരുന്നത്, ഒരു ചാക്കില്‍ ഒരു എലിയെ പിടിച്ചിട്ട് അതിന്‍റെ ചന്തിക്ക് രണ്ട് പൂശും വെച്ച് കൊടുത്ത്, ആ ചാക്കിന്റെ ഉള്ളില്‍ തല വെച്ചിരുന്നാല്‍ ഒറ്റ മിനിട്ടിന്‍റെ പണിയേ ഉള്ളൂ എന്നാണ്!

ഏതായാലും വമ്പന്‍മാരൊക്കെ ഇതും കേട്ട് സ്റ്റൈല്‍ മോഹം ഉള്ളിലൊതുക്കി പത്തിമടക്കി!

      ഏതായാലും ഓണത്തിന് വീട്ടില്‍ പോയി വന്നപ്പോള്‍ ദീപുട്ടന്റെ കയ്യില്‍ ഒരു പുതിയ സാധനം ഉണ്ടായിരുന്നു, ഒരു ട്രിമ്മര്‍


         ഒരു ചീര്‍പ്പും  അതിന്‍റെ ഉള്ളില്‍ തിരുകിപ്പിടിപ്പിക്കാവുന്ന ഒരു ബ്ലേഡും!

         സാധനം സിമ്പിള്‍ പക്ഷെ   അപ്പാച്ചെ ഇന്ത്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ട്രിമ്മര്‍ ഇതാണെന്നാണ്, ഗള്‍ഫ്‌ ബസാറിലെ ശിവേട്ടന്‍ പറഞ്ഞത്.

        ഏതായാലും സന്തത സഹചാരിയും ഉറ്റ സുഹൃത്തും, പിന്നെ അപ്പാച്ചെയുടെ മരണ ആരാധകനുമായ സുദ്ദുട്ടനെ മാത്രം മെല്ലെ വിളിച്ചു രഹസ്യമായി സാധനം കാട്ടിക്കൊടുത്തു!

"എടാ യ്യ് ഞ്ഞ്‌ ത് ആരിക്കും കാട്ടിക്കൊടുക്കണ്ട! "( മലപ്പുറം ഭാഷേടെ ഒരു ശക്തി, നീ ഇനി ഇത് ആര്‍ക്കും കാണിച്ച് കൊടുക്കേണ്ട എന്നാണ് വ്യാഖ്യാനം!) സുദ്ദുട്ടന്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.

"എല്ലാരും വെര്നെന്‍റെ മുമ്പേ  ഇമ്മക്ക് ഇത് ശര്യാക്കാം , യ്യ് വേം വാ" (എല്ലാവരും വരുന്നതിനു മുന്‍പേ നമ്മള്‍ക്ക് ഇത് ശരിയാക്കാം, നീ വേഗം വാ എന്ന് സാരം)

അങ്ങനെ രണ്ടാളും കൂടി സ്റൊറില്‍ കയറി വാതിലടച്ചു, ഒരു ' ട്രങ്ക് പെട്ടീടെ' മുകളില്‍ സുദ്ദുട്ടന്‍ കയറി ഇരുന്നു, കയ്യില്‍ ഒരു കണ്ണാടിയും ഉണ്ട്!

"തൊടങ്ങട്ടെഡാ?" ദീപുട്ടന്‍ ഒന്ന് കൂടി സമ്മതം ചോദിച്ച് കര്‍മം തുടങ്ങി!

അതാ നല്ല നെടു നീളന്‍ മുടി ക്കഷ്ണങ്ങള്‍ തറയില്‍ വീഴുന്നു, ഇടത്, പിന്നെ വലത്, പിന്നെയും ഇടത് പിന്നെ വീണ്ടും വലത്, അങ്ങനെ കുരങ്ങന്‍ അപ്പം കടിച്ച പോലെ ആണ് വടി!

രണ്ടു വശവും മാച്ചാക്കണ്ടേ!

ഏകദേശം ആയപ്പോള്‍ ദീപുട്ടന്‍ ചോദിച്ചു

" എങ്ങനെണ്ടഡാ?"

"ഏയ്‌, ഇബ്ബാഗം ഇത്തിരീം കൂടി പോണം"

പിന്നേം ദീപുട്ടന്റെ കൈ ചലിച്ചു

"ഇവടെ കൊര്‍ച്ചും കൂടി"

അങ്ങനെ സുദ്ദുട്ടന്‍റെ  ഇഷ്ടം ദീപുട്ടന്‍ നന്നായി നടത്തിക്കൊടുത്തു!

അപ്പോഴാണ് പ്രസുട്ടന്റെ വരവ്

" അജ്ജ്യെന്‍റെ ചെങ്ങായ്," ആദ്യ കാഴ്ചയില്‍ തന്നെ അവന്‍ തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കി !

പിന്നെ വന്ന ഓരോരുത്തരും!,

മുന്നിലെ കണ്ണാടിയില്‍ സൈഡിലെ വൃത്തികേട്‌ കാണാന്‍ പറ്റാത്തത് കൊണ്ടും, പിന്നെ സുദ്ദുട്ടന്‍ നിര്‍ബന്ധിച്ചു ചെയ്യിപ്പിച്ചത് കൊണ്ടും ദീപുട്ടന്റെ തടി രക്ഷപ്പെട്ടു!( ഐഡിയ എന്റെ ആയിപ്പോയി, നിന്റെ ആയിരുന്നെങ്കില്‍ കൊന്നേനെ എന്ന് മനസ്സില്‍ വിചാരിച്ചു കാണണം!)

ഏതായാലും സുദ്ദുട്ടനും  ഒരു ചിന്ന സ്റ്റാര്‍ വാല്യൂ വന്നു, തരുണീ മണികള്‍ കാണുമ്പോള്‍ തന്നെ ചിരിക്കാന്‍ തുടങ്ങി,

രാവിലെ അസ്സംബ്ലിക്ക് മുന്‍പേ കണ്ടപ്പോള്‍ ഹൌസ് മിസ്സ്‌ തന്‍റെ ഇഷ്ടക്കേട് വ്യക്തമാക്കിയതും സുദ്ദുട്ടന് ആധി തുടങ്ങി

"എഹ്, എന്ത്ന്നാട വേദവാ ഇത് " നിന്‍റെ തല എന്ത്ന്നാണപ്പാ  ഈ ചെയ്തത്?" കണ്ണൂര്‍ ഭാഷയില്‍ മിസ്സ്‌. ചോദിച്ചു

ചെറു ചിരിയോടെയാണ് ചോദ്യമെങ്കിലും  സംഗതി പണിയായി എന്നുറപ്പായി.

ഏതായാലും അന്നത്തെ ദിവസം ഒളിച്ചും പാത്തും, ആരുടേം കണ്ണില്‍ പെടാതെയും കഴിച്ചു കൂട്ടി.
ക്ലാസ്സു കഴിഞ്ഞു ഹോസ്റ്റലില്‍ എത്തിയതും ദീപുട്ടനെ പുളിച്ച ചീത്ത!

        ദീപുട്ടന് ആകെ പ്രയാസം തോന്നി, സംഗതി ശരി തന്നെ, ക്ലാസ്സില്‍ എല്ലാവരും, അല്ല, സ്കൂളില്‍ തന്നെ എല്ലാവരും സുദ്ദുട്ടനെ നോക്കി ചിരിക്കുന്നു, ഇനി ഇപ്പൊ എന്താ ഒരു വഴി?

എന്തോ തീരുമാനിച്ചുറച്ച പോലെ ദീപുട്ടന്‍ എണീറ്റു സ്റ്റോറിലേക്ക്!

        കണ്ണാടി മുന്‍പില്‍ വച്ച് ട്രിമ്മര്‍ വച്ചു രണ്ട് വടി, രണ്ടു ഭാഗത്തും, അതാ കിടക്കുന്നു നിബിഡ വനങ്ങള്‍ , അത് വിളഞ്ഞിരുന്ന സ്ഥലമോ?, കൊയ്ത്തു കഴിഞ്ഞ പാടം പോലെ!

       പിറ്റേ ദിവസം രണ്ടാളും ഒരു ക്ലാസ്സ്‌ മുഴുവന്‍ ബെഞ്ചിന്‍റെ മുകളില്‍ കഴിച്ചു കൂട്ടി!( ഹൌസ് മാസ്റെറിനു നന്ദി!)

പിന്നെ കൂട്ട്കാരുടെ വക ഒരു പേരും, " അണ്ണാച്ചി ഇന്ത്യന്‍സ് "

        മുടിക്കുറ്റം മൂന്നു ദിവസം എന്നല്ലേ, മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുദ്ദുട്ടന്‍ ഒരു കല്യാണം കൂടാന്‍ വീട്ടില്‍ പോയി, തിരിച്ചു വന്നത് മൊട്ടയായിട്ടാണ്! ദീപുട്ടനാകെ നിരാശ, കമ്പനി പോയില്ലേ!

" ഇതെന്തേ ചെങ്ങായ്  യ്യ് മോട്ട്യാക്യെത്?"

ആക്ക്യെതല്ലടാ, ഒന്ന് ശര്യാക്കാന്‍ ആ ബാര്‍ബര്‍ കാദറാക്കേനോട് പറഞ്ഞപ്പോ കാട്യേതാണ്"

" ഇഞ്ഞി യ്യ് ഇമ്മാരിപ്പണി കാട്ടണ്ടട്ടോ" ന്നും പറഞ്ഞു.

ഏതായാലും ദീപുട്ടന്‍ ആ തലയും കൊണ്ട്തന്നെ നടന്നു, മുടി വലുതാവും വരെ,

പത്താം തരം പരീക്ഷയുടെ ഹാള്‍ ടിക്കറ്റില്‍ ഇപ്പോഴും ദീപുട്ടന്‍ അപ്പാച്ചെ ആണ്!

വാല്‍ :- സുദ്ദുട്ടന്‍റെ അച്ഛന്‍ ദീപുട്ടനെ വിളിച്ച തെറി സുദ്ദുട്ടന്‍ ഇവിടെ തിരിച്ചു വന്നു വിളമ്പിയില്ല എന്നേ ഉള്ളൂ, പക്ഷെ ദീപുട്ടന്റെ  ചാരന്മാര്‍ മുഖേന അറിഞ്ഞത്, ദീപുട്ടന്റെ വീട്ടില്‍ എല്ലാര്ക്കും ഒരു ദിവസം അലര്‍ജി പിടിച്ചപോലെ തുമ്മലായിരുന്നു എന്നാണ്!



Tuesday, October 2, 2012

ഇംഗ്ലീഷില്‍ തെറി വിളിക്കുന്ന കുട്ടി!

       അവധിക്കാലങ്ങള്‍ എന്നും ഹരം പകരുന്ന ഒരു അനുഭവമായിരുന്നു, വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വരുന്ന ഒരു ഒത്തുകൂടല്‍ !

       ദീപുട്ടനാകട്ടെ ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗവും, അപ്പോള്‍ അവധി എന്നാല്‍ എല്ലാ കുട്ടികളുടെയും ഒരു ഒത്തു കൂടലും, കറക്കവും, വിരുന്നും, പിന്നെ സമ്മാനങ്ങളുടെ കാലവുമാണ്!

അങ്ങനെ ഒരു അവധിക്കാലത്ത്‌ അരങ്ങേറിയതാണ് ഈ കഥ.

       ദീപുട്ടന്റെ അമ്മാവന്‍ വീട് ജില്ലയുടെ ഒരു മൂലക്കുള്ള ഒരു പട്ടിക്കാട്ടിലാണ്, പട്ടിക്കാട്ടില്‍ എന്ന് പറഞ്ഞാല്‍ "അതൊക്കെ പണ്ട്, ഇപ്പൊ ഇത്ക്കൂടെ ദിവസൂം നാല് ബസ്സാ ഓട്ണത് " ന്ന്  ഇപ്പൊ ചായക്കടക്കാരന്‍ കുമാരേട്ടന്‍ പറയും.

         ബസ് ഇറങ്ങി , പാടവും, തോപ്പും, പുഴയും , പറമ്പും,' കുണ്ടനിടവഴികളും' ( കടപ്പാട്  MTV), പഞ്ചായത്ത് റോഡും, പിന്നെയും പാടങ്ങളും കൂട്ടി ഒരു നാലഞ്ച് കിലോമീറ്റര്‍ നടക്കണം എത്തിപ്പെടാന്‍, പുഴയ്ക്കു കുറുകെ പാലം വന്നപ്പോഴാണ് പിന്നെ സോപ്പ് പെട്ടി പോലത്തെ ചില ബസ്സുകള്‍ ഓടാന്‍ തുടങ്ങിയത്, അതും പുഴക്കരയിലെ കയറ്റത്തില്‍ ആളിറങ്ങി നടന്നു കയറി പിന്നെയും ബസ്സില്‍ ഏറണമെന്നത് മറ്റൊരു കാര്യം!


        റോഡില്‍ നിന്നും പാടത്തോട്ട് ആരെങ്കിലും ഇറങ്ങുമ്പോള്‍ ദൂരെ വീടിന്റെ പടിക്കല്‍ നിന്നും കാണാം, പിന്നെ വല്യമ്മക്കൊരു വെപ്രാളമാണ്, ഓടിപ്പോയി വലിയ സ്റ്റീല്‍ ജഗ്ഗില്‍ നിറയെ നാരകത്തിന്റെ ഇലയും ഇഞ്ചിയും  ഞെരടിയിട്ട സംഭാരവുമായി കാത്തു നില്‍ക്കും, അത് വല്യമ്മയുടെ സ്വന്തം പശുക്കളുടെ പാലില്‍ നിന്നും വെണ്ണ കടഞ്ഞു മാറ്റിയ മോര്, എന്നിട്ടും പതച്ചു നില്‍ക്കുന്ന മോരിന്നു മുകളില്‍ നിറയെ വെണ്ണയുടെ മഞ്ഞക്കുത്തുകള്‍ പാറി നടക്കുന്നു!

       പിന്നെ കുളവും പുഴയും, മീന്പിടിക്കലും, സന്ധ്യക്ക്‌ മണ്ണെണ്ണവിളക്കിന്‍റെ ചുറ്റും ഇരുന്നുള്ള നാമം ചൊല്ലലും എല്ലാം ഒരു പിടി നല്ല ഓര്‍മ്മകള്‍ .

       വൈകുന്നേരങ്ങള്‍ എന്നും ഒരു ആഘോഷമാണ്,  കശുവണ്ടി ചുട്ടു തല്ലി അരി വറുത്തതും, ശര്‍ക്കരയും കൂടി ഇടിച്ച്  അണ്ടിപ്പുട്ടുണ്ടാക്കലും, അണ്ടിക്കുക്രു ( മുളച്ച കശുവണ്ടിയുടെ പരിപ്പ്) പറിച്ചു കൊണ്ട് വന്നു കൂട്ടാന്‍ വക്കലും, നെയ്യപ്പവും, കലത്തപ്പവും  നാടന്‍ കോഴിയിറച്ചിയും, പത്തിരിയും, അങ്ങനെ അങ്ങനെ അങ്ങനെ....( വല്യമ്മക്ക് കുറെ കോഴികള്‍ ഉണ്ടായിരുന്നു, വിരുന്നുകാര്‍ വന്നാല്‍ പിന്നെ എല്ലാത്തിനും ഒരു വെപ്രാളം പോലെയാണ്! ആരുടെ ഊഴം എന്നാ ചിന്തയായിരിക്കും അല്ലെ?!) പക്ഷെ അതിനെല്ലാം പുറമേ രാവിലെ ആയാല്‍ എല്ലാര്ക്കും ഓരോ ഗ്ലാസ്‌ നിറയെ പാലുണ്ട്, അതായിരുന്നു ദീപുട്ടന് ഇഷ്ടമില്ലാത്ത ഒരു സാധനം, പഞ്ചസാര വേണ്ടുവോളമിട്ടു ആറ്റി കുറുക്കി ഗ്ലാസ്സിലാക്കി വല്യമ്മ വിളിക്കുമ്പോള്‍ ദേഷ്യം വരും!

       തറവാട്ടു കുളത്തില്‍ നിറയെ മീനുണ്ട്, കണ്ണനും, മുശുവും, പരലും, മാനത്ത് കണ്ണിയും, പോക്രാച്ചി തവളകളും, അങ്ങിനെ എല്ലാം! ചില മഴമാസങ്ങളില്‍ ചേരയും നീര്‍ക്കോലിയും മറ്റും വിരുന്നിനെത്തും.


      കുളം തേവല്‍ ഒരു ആഘോഷം തന്നെയാണ്, തോര്‍ത്തും എടുത്ത് പാടത്തിലേക്ക് മറിക്കുന്ന ഏത്തക്കൊട്ടയിലെ മീനുകളെ ഓടിച്ചിട്ട്‌ പിടിക്കുന്നതും, പിന്നെ ചളിയില്‍ പിടഞ്ഞു കളിക്കുന്ന വന്‍ മീനുകളെ തലക്കടിച്ചു മയക്കി പിടിക്കുന്നതും ചെമ്പുകുടത്തില്‍ ഇട്ട്, നടുമുറ്റത്തിന്റെ മൂലയ്ക്ക് കൊണ്ട് വെക്കുന്നതും, പിന്നെ ദിവസങ്ങളോളം അതില്‍ നിന്നും ജീവനുള്ള മീന്‍ പിടിച്ചു ശരിയാക്കി, ശാപ്പിടുന്നതും ഒക്കെ ഇന്ന് നല്ല ഓര്‍മ്മകള്‍ മാത്രം

പൂമുഖ വാതില്‍ക്കല്‍ !
      നടുമുറ്റത്തെ വെള്ളം ഒഴിഞ്ഞുപോകാന്‍ ഉണ്ടാക്കിയ വഴിയില്‍ ക്രോം ക്രോം ഈണത്തില്‍ കരയുന്ന തവളകളെ, സൂത്രത്തില്‍ പച്ചഈര്‍ക്കളി കൊണ്ടുണ്ടാക്കിയ കുടുക്കില്‍ കുടുക്കുന്നതും, മട്ടിക്കൊലുകൊണ്ട് ബീഡി വലിക്കുന്നതും, കടലാസ് ചുരുട്ടി വിളക്കില്‍ കത്തിച്ചു വലിച്ചതിന് അമ്മയുടെ വക കിഴുക്കു വാങ്ങിയതും, പിണങ്ങിപ്പോയി കിടന്നതും, ആരും അറിയാതെ വല്യമ്മ, ക്രീം ബിസ്കറ്റ് കൊണ്ട് തന്ന് പിണക്കം മാറ്റിയതും (അന്നൊക്കെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ക്രീമ്ബിസ്കറ്റ്  കിട്ടിയാല്‍ ആയി!), മൂന്നാം നിലയില്‍ പോയി( അമ്മാവന്‍ വീട് ഒരു ഭയങ്കര സംഭവമായിരുന്നു!) അവിടെ കിടക്കുന്ന പുരാവസ്തുക്കളും, വലിയമ്മാവന്റെ പട്ടാള ബൂട്ടും, ടെന്നീസ് റാക്കറ്റും, ചേച്ചിയുടെ മണിത്തൊട്ടിലും എല്ലാം കൊണ്ട് കളിക്കുന്നതും മറ്റും ഒരു പിടി രസകരങ്ങളായ അനുഭവങ്ങളായിരുന്നു. അവിടെ നിന്നും അടിച്ചുമാറ്റിയ 100 വര്‍ഷത്തിലധികം പഴക്കമുള്ള മരപാത്രങ്ങളും, ചില്ല് ഗ്ലാസ്സുകളും, ഓട്, പിച്ചള പാത്രങ്ങളും ഒക്കെ ദീപുട്ടന്റെ ശേഖരത്തില്‍ ഇപ്പോഴും ഉണ്ട്!

      പക്ഷെ ദീപുട്ടന്റെ ഇഷ്ട വിനോദം പുഴയില്‍ കളിക്കല്‍ തന്നെ, രാവിലെതന്നെ ഒരു വലിയ പാത്രത്തില്‍ കുരുമുളക് കാച്ചിയ വെളിച്ചെണ്ണയും കൊണ്ട് വല്യമ്മ റെഡിയാണ്!

" വേം തേച്ചു പോയിക്കുളിചോളൂ കുട്ട്യോളെ, ഞ്ഞിപ്പോ വെയിലാവാന്‍ നോക്കി നിക്കണ്ട"

        മടിച്ചു മടിച്ചു ഇത്തിരി എണ്ണയെടുത്ത് തേച്ചു എന്ന് വരുത്തിക്കുംബോഴെക്കും വലിയമ്മ ഓടി വന്നു കയ്യില്‍ പിടിക്കും

" വടെ വാടാ ചെക്കാ",

        സ്നേഹത്തിലാനെങ്കിലും വല്യമ്മ എണ്ണതേച്ച് തരുന്നത് ദീപുട്ടന് തീരെ ഇഷ്ടമില്ലായിരുന്നു, ഒരുവിധം പിടി വിടുവിച്ച് തോര്‍ത്തും കഴുത്തിലിട്ട് ഓടും, പിന്നെ പുഴ എത്തിയാലേ നില്‍ക്കൂ.

അങ്ങനെ ദീപുട്ടനും പരിവാരങ്ങളും കുളിതുടങ്ങും, അല്ല കളി തുടങ്ങും

     മുങ്ങലും പൊങ്ങലും, ഊളി ഇടലും, ചാട്ടവും, കാരണം മറിച്ചിലും , മീന്‍ പിടിക്കലും എന്നിങ്ങനെ ഒരു ഒന്ന്‍ ഒന്നര മണിക്കൂര്‍ !

പിന്നെ നല്ലൊരു തേച്ചു കുളി!

അങ്ങനെ പോകുന്നു കാര്യങ്ങള്‍ . ദീപുട്ടന്റെ പുതിയ സ്കൂളിലെ ആദ്യത്തെ വെക്കേഷന്‍ .
       ദീപുട്ടന്‍ ഇപ്പൊ ഒരു സ്റ്റാര്‍ ആണ്, നാട്ടിലെ എല്ലാ കുട്ടികളും പരീക്ഷ എഴുതി ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് ദീപുട്ടന്‍ വെന്നിക്കൊടി പാറിച്ച് കറങ്ങി നടക്കുന്നത്, അമ്മയുടെ വാക്കുകളില്‍ അഭിമാനം! ( ദീപുട്ടന് ഇത്തിരി ഒരു അഹങ്കാരം വന്നില്ലേ എന്ന് ഒരു സംശയം!)

കുളിക്കാന്‍ ചെന്നപ്പോ അവിടെ അതാ കുളിക്കാന്‍ നിക്കുന്നു കാള മമ്മത്!

" ഡാ യ്യ് മൂപ്പരോട് ഒന്ന് ഇംഗ്ലീഷില്‍ പറഞ്ഞോക്ക് "

പറഞ്ഞത് മധു ഏട്ടന്‍

"ഏയ്‌  അതൊന്നും വേണ്ട", ദീപുട്ടന്‍ .

"ടാ വെറുതെ ഒരു രസത്തിന്, പേര് ചോയ്ച്ചാ മതി"

ശരി എന്ന് ദീപുട്ടനും

ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ഗപ്പുവിനെയും, ഗൌരിയേയും, ദിപുവിനെയും ഒക്കെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഒറ്റ കാച്ച്,

" വാട്ട്‌ ഈസ്‌ യുവര്‍ നെയിം?"

കാള അന്തം വിട്ടു, ദീപുട്ടന് രസം കേറി!

" വേര്‍ ഈസ്‌ യുവര്‍ ഹൌസ്?"

അതാ ഒരു ബാണം കൂടി പിന്നാലെ, കാള വേഗം തന്നെ സ്ഥലം കാലിയാക്കി

ദീപുട്ടന്‍ വീണ്ടും രാജാവ്!

അങ്ങനെ അന്നത്തെ നീരാട്ടും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ പെട്ടന്നൊരു നിശബ്ദത, ദീപുട്ടനും കൂട്ടരും വന്നതും ചെറിയ വല്യമ്മ വന്നു, സ്വീകരണത്തിന് കയ്യില്‍ ഒരു പൂച്ചെണ്ട്!

അടി പൊട്ടിയത്  മധുഎട്ടന്, വിരുന്നുകാരെ തല്ലാന്‍ പാടില്ലല്ലോ, പിന്നെ വയസ്സുകൊണ്ട് നേതാവും പുള്ളി തന്നെ!

കാര്യം മനസ്സിലായില്ല !

"ഇയ്യോക്കെ പൊഴേല് കുളിക്കാന്‍ വര്നോരെ ചീത്ത പറയോ"

"ആ മമ്മദ് വന്നേര്‍ന്നു, ഇവടത്തെ കുട്ട്യായോണ്ട, ഒന്നും പറയാഞ്ഞത് ന്നും പറഞ്ഞു, ,ന്‍റെ തൊലി ഉരിഞ്ഞു പോയി, ഓന്റെ ഒക്കെ വായേത്ത ചീത്ത കേട്ടാ യ്യൊന്നും കുളിച്ചാലും പോവൂല!"

ഓ അപ്പൊ അതാണ് കാര്യം, മിസ്റ്റര്‍ കാള ഒരു പോത്ത് തന്നെ, പേര് ചോദിച്ചത് തെറി എന്ന് തെറ്റിധ്ധരിചിരിക്കുന്നു,

"അയ്യോ വല്യമ്മേ ഞങ്ങള്‍ ചീത്ത ഒന്നും വിളിച്ചില്ല പേര് ചോയ്ച്തെ ഉള്ളൂ"

"അപ്പൊ ഓനങ്ങനെ അല്ലല്ലോ പറഞ്ഞത്, ഇംഗ്ലീഷില്‍ ചീത്ത വിളിച്ചൂ ന്നാണല്ലോ?!"

"  ഇംഗ്ലീഷില്‍ തന്ന്യാ പേര് ചോയ്ച്ചത്‌"   ""

കേട്ടതും വല്യമ്മ അടക്കം എല്ലാരും പൊട്ടിച്ചിരിച്ചു ,

"   ആയ്ന്റെ പൊട്ടന്മാരെ, ഓനെന്ത് ഇംഗ്ലീഷ്, ങ്ങളല്ലാതെ ഓനോട്‌ ഇംഗ്ലീഷ് പറയാമ്പോവോ?
ഓന്റെ കയ്യിന്ന് പൊട്ടാഞ്ഞത് നല്ല കാലം"

ഏതായാലും, ദീപുട്ടന്‍ നാട്ടില്‍ പ്രസിദ്ധനായി!(കുപ്രസിദ്ധനായിഎന്ന് പറയുന്നതാവും യുക്തി!)

ഇംഗ്ലീഷില്‍ തെറി വിളിക്കുന്ന കുട്ടി!

       വൈകീട്ട്  കുളിക്കാന്‍ പോയ അമ്മയോടും ചിലര്‍ ചോദിച്ചു എന്നാണ് അറിഞ്ഞത്!

വാല്‍ :- പേരാണ് ചോദിച്ചത് എന്ന് മമ്മദും അറിഞ്ഞു, അത് കൊണ്ട് തന്നെ തിരിച്ചു പോരാന്‍ ജീപ്പ്  കാത്തു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ നിന്നും ഒരു ചെറിയ പുഞ്ചിരി ദീപുട്ടന് സമ്മാനിച്ചു  (" എന്നെ കണ്ടപ്പോള്‍ ഇംഗ്ലീഷ് അറിയുന്ന ആളെപ്പോലെ തോന്നും അല്ലെ? " എന്ന ഒരു ചോദ്യം മനസ്സിലുണ്ടായിരുന്നോ എന്തോ!)