Friday, October 19, 2012

ഓപ്പറേഷന്‍ റോസ്....!


 "തിലക് ഹൗസിന്‍റെ ഗാര്‍ഡനില്‍ പൂക്കളല്ല, പുഴുക്കളാണ്, ഹ ഹ ഹ ഹ ഹ "

                ദീപുട്ടന്‍റെ ചോര തിളച്ചു വന്നു. നെഹ്രുവിന്റെ ഒരു നോട്ടം കിട്ടിയതുകൊണ്ടാകാം പിന്നെ കണ്ട്രോള്‍ ചെയ്തു, ഈ ഞായറാഴ്ചകളില്‍ കിടന്നു കിളച്ചും, എന്നും വൈകുന്നേരം കളി കഴിഞ്ഞ് വന്ന് വെള്ളമൊഴിച്ചും , പിന്നെ അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടുന്ന നല്ല ചെടികള്‍ ചോദിച്ചും, കട്ടും കൈക്കലാക്കി ഇവിടെ നട്ട് ഇത്രയുമൊക്കെ ആക്കി കഴിഞ്ഞപ്പോഴാണ് മൂപ്പരുടെ ഒരു കമന്റ്‌, പുഴുക്കളാണ് പോലും, പുഴുക്കള്‍,  ത്ഫൂ....................!

ഹൌസ് മാഷാണത്രേ ,
               എന്നെങ്കിലും ഇവിടെ വന്ന് " ഡാ ദീപു, ഈ റോസ് ഞാന്‍ വീട്ടുന്നു കൊണ്ടന്നതാ, ഇതൊന്നു കുഴിചിട്ടോ", എന്ന് പറയ്യോ,ഹും... അതിനെവിടെ മൂപ്പര്‍ക്ക് സമയം, ഒന്ന് കണ്ണുരുട്ടി ആ സുഭാഷുകാരെ ഒന്ന്  വിരട്ടിയാല്‍ ആ നല്ല ചോന്ന റോസിന്‍റെ തൈ, അല്ലെങ്കില്‍ ഒരു മൂത്ത കൊമ്പ് കിട്ടിയാല്‍ എത്ര നന്നായിരുന്നു, മ്ഹും..................! അതൊന്നും പറ്റൂല,  ഈ കണ്ട സ്ത്രീജനങ്ങള്‍ടെ മുന്‍പില്‍ നിന്നാണ് കമന്റ്‌, അതു കേട്ട് ഇളിക്കാന്‍ കുറെ പീറ പെണ്ണുങ്ങളും, എല്ലാത്തിനും വച്ചിട്ടുണ്ട്, ആ രാമന്‍ മാഷെ പെണ്ണിനാണ് വല്ലാത്ത ചിരി, ഇയാളെന്തെങ്കിലും പറയാന്‍ കാത്ത് നിക്കാണ് പെണ്ണ്, ചിരി കാണാനൊക്കെ നല്ല ഭംഗി തന്നെ, എന്ന് വച്ച്  ഇങ്ങനെ ഇളിക്കണോ,  ഇത്തിര്യേ ഉള്ളു കാ‍ന്താരി, കണ്ടാലാളൊരു പാവം, എന്നാപ്പിന്നെ ഇയാളുടെ വാലില്‍  തൂങ്ങണോ?!

               ദീപുട്ടന്‍ ഹരിക്കുട്ടനെ നോക്കി, ചിരിവന്നു പോയി, അരിശം മുഴുവന്‍ മണ്ണില്‍ തീര്‍ക്കുന്നു പുള്ളി, ഒരു കമ്പി കൊണ്ടാണ് കിള, നേരെ മുന്നില്‍ മാഷുണ്ട് എന്ന സങ്കല്പം കിളയുടെ ശക്തിയും ആഴവും കൂട്ടുന്നു, അവനെപ്പറഞ്ഞിട്ടു കാര്യമില്ല , കാരണം സെല്‍ഫ് സ്റ്റഡി ടൈമില്‍ നേരെ വന്ന്, അവനു രണ്ടെണ്ണം ചെവിക്കുറ്റിക്ക് സമ്മാനം കൊടുക്കുന്നത് അയാളുടെ ഒരു ഹോബിയാണ്, പിന്നെ ചെവി പിടിച്ച് ഒരു തിരുമ്മലും, ഹൊ.. ജീവന്‍ പോകും, ദീപുട്ടനും കിട്ടി ഒരു ദിവസം,

               പെയിന്റിംഗ് മത്സരം നടക്കുന്നു, ദീപുട്ടന്‍ അതിലൂടെ പോയപ്പോള്‍ ഒരു കാഴ്ച കണ്ടു,  ആറാം ക്ലാസ്സിലെ ആ ചെക്കന്‍, ജയന്‍, ഒരു സീനറി വരച്ചിരിക്കുന്നു, കണ്ടാല്‍ ചിരി വരും, നല്ല ചോക്ലേറ്റ് നിറത്തില്‍ മല!, ആരെങ്കിലും അങ്ങനെ മല വരക്ക്യോ? ഏതായാലും അനിയനല്ലേ, വിവരദോഷി, ദീപുട്ടന്‍ വേഗം പോയി ബ്രഷ് തട്ടിപ്പറിച്ചു, പലതരം പച്ചയും നീലയും പിന്നെ പല കളറും കൂട്ടി ഒരത്യുഗ്രന്‍ മല വരച്ചു, കണ്ടോഡാ, എന്നും പറഞ്ഞ് തിരിഞ്ഞപ്പോ അതാ നില്‍ക്കുന്നു, മാഷ്‌, വന്നതല്ല, ആ പിശാച് പോയി വിളിച്ചു കൊണ്ടുവന്നതു തന്നെ, അവന്‍ എന്ത് പറഞ്ഞ് കാണും!, " മാഷെ ഇന്‍റെ ചോക്ലേറ്റ് മല ആ ഏട്ടന്‍ തിന്നു " "എന്നോ?

              ഏതായാലും ഒരു ചെറു പുഞ്ചിരിയോടെ , ഒരു ഇരയെ കിട്ടിയ ആഹ്ളാദത്തോടെ , ദീപുട്ടന്റെ രണ്ടു ചെവിയും പുള്ളി കൈക്കലാക്കി, പിന്നെ ഒരു ചെറിയ പ്രയോഗം, ആ പെട്ടിക്കടക്കാരന്‍ അയ്മുട്ട്യാക്ക നാരങ്ങ പിഴിയണ പോലെ! ചാറു മുഴുവന്‍ പുറത്തു വരുന്ന വരെ ഞെക്കിയും ഞെരിച്ചും...

               ദീപുട്ടന്‍ സ്വര്‍ഗം കണ്ടു, പെരുവിരലിന്റെ മാത്രം ബലത്തില്‍ നില്‍ക്കുന്ന ആ അഭ്യാസം പിന്നെ ഒരു വട്ടം കാണുന്നത് ടൈറ്റാനിക് സിനിമയിലെ നായിക കാണിക്കുമ്പോഴാണ്, അതുകൊണ്ട് തന്നെ സിനിമയില്‍ അതു കണ്ടപ്പോ വല്യ അത്ഭുതമൊന്നും തോന്നിയില്ല! (കുരുത്തം കെട്ടവള്‍ സ്കൂളില്‍ നിന്നും പഠിച്ചതാകും എന്ന് മനസ്സിലോര്‍ക്കുകയും ചെയ്തു!)

               പിടി വിട്ടപ്പോള്‍ ആകെ തലക്കൊരു ചൂട്, ചെവി സ്ഥാനത്തുണ്ടോ അതോ പുള്ളി പറിച്ചു പോക്കറ്റിലിട്ടു കൊണ്ടുപോയോ എന്നറിയാന്‍ തപ്പി നോക്കേണ്ടി വന്നു.ഏതായാലും രണ്ടുമൂന്നു ദിവസം ചെവി ചുകന്നു തന്നെ ഇരുന്നു.

               അപ്പൊ വിഷയത്തിലേക്ക് തിരിച്ചു വരാം, ദീപുട്ടന്‍ വീട്ടില്‍ നിന്നും കൊണ്ടു വന്നു കുഴിച്ചിട്ട നാല് കുഞ്ഞു റോസ് ചെടികളല്ലാതെ തിലക് ഹൌസില്‍ കാര്യമായി ചെടികളൊന്നുമില്ല, എന്നാലും ആ ഡയലോഗ് വേണ്ടായിരുന്നു, പുഷ്പമേളക്ക് പോയി എല്ലാ ഗാര്‍ഡനും വേണ്ടി നിറയെ ചെടികള്‍ വാങ്ങി കൊണ്ടു വന്നതാണ്, എന്തായിരുന്നു ഒരു ചന്തം, പലതരത്തിലുള്ള റോസാപൂക്കള്‍, പച്ചയും, നീലയും, കറുപ്പും ഒഴിച്ച് ബാക്കി എല്ലാ നിറവും! അപ്പൊ തന്നെ ദീപുട്ടന്‍ കുറച്ച് എണ്ണത്തില്‍ കണ്ണ് വച്ചു, മെല്ലെ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു എന്നിട്ടെന്തായി, പ്രിന്സിപ്പല്‍ന്‍റെ ഭാര്യക്ക് ചെടി എന്നുപറഞ്ഞാല്‍ ജീവനാണ്,  ചെടി കൊണ്ടുവന്നതും ഓടിവന്ന് നല്ലതെല്ലാം എടുപ്പിച്ച് വീട്ടു മുറ്റത്ത്‌! അതില്‍ ദീപുട്ടന്‍ തിരഞ്ഞു വെച്ചതെല്ലാം പോയി,  പിന്നെ ആകെ ബാക്കി വന്നത് ഏതൊക്കെയോ ചില ചെടികള്‍ മാത്രം!




                ആ ചെടിക്ക്  വെള്ളം കൊടുത്ത സമയം അവരാ  പെണ്ണിനെ ശ്രദ്ധിച്ചിരുന്നെങ്കില്‍
 ( ആ പെണ്ണും ദീപുട്ടന്റെ ക്ലാസ്സില്‍ തന്നെ!) അതു നന്നായിപ്പോയേനെ!, അഹങ്കാരത്തിന്‍റെ ഒരു വല്യ കൂട്, അതില്‍ പ്രിന്‍സിയുടെ അധികാരത്തിന്റെ വന്‍ കടന്നലുകള്‍ ! ഒന്ന് പറഞ്ഞാല്‍ മറ്റേതിനു നേരെ ഭീഷണിയാണ്  ( ഞാന്‍ അച്ഛനോട് പറഞ്ഞ് കൊടുക്കും എന്ന്) എന്നിട്ടും ദീപുട്ടന്‍ തരം കിട്ടുമ്പോഴൊക്കെ റബ്ബര്‍ ബാന്‍ഡില്‍ കടലാസ് ചുരുട്ടി വച്ച് അവളുടെ തല മണ്ടക്ക് തന്നെ പൂശും! ( ഒരു ദിവസം സംഗതി ശരിയാവില്ല എന്ന് തോന്നി മാപ്പ് പറഞ്ഞ് ദീപുട്ടന്റെ നല്ല ദോസ്തായി പെണ്ണ്! പിന്നെ ദീപുട്ടന്‍ അവളെ ഉപദ്രവിച്ചിട്ടില.)

ഏതായാലും ബാക്കി വന്നത് വീതം വെച്ചപ്പോള്‍ എല്ലാ ഹൗസിനും രണ്ടു വീതം ചെടികള്‍ കിട്ടി!

പക്ഷെ അന്ന് അടയാളം ഇട്ടു വച്ചു ദീപുട്ടന്‍

           " കളരി പരമ്പര ദൈവങ്ങളാണ് സത്യം ( കരാട്ടെക്ക് ദൈവം ഉണ്ടോ ആവോ?) ഇതിനൊരു പണി കൊടുത്തിരിക്കും, അപ്പുറത്ത് സുഭാഷിന്‍റെ ഗാര്‍ഡന്‍റെ പുറത്ത് കുഞ്ഞുവും നില്‍ക്കുന്നുണ്ട്, അവന്‍റെ മുഖത്തും ഒരു പ്രതിജ്ഞയുടെ ക്ഷീണം ദീപുട്ടന്‍ കണ്ടു, ഒന്ന് ചിരിച്ചു, കുഞ്ഞു തിരിച്ചും!

              മാസങ്ങള്‍ കടന്നു പോയി, പത്താം ക്ലാസ്സ്‌ പരീക്ഷ നടക്കുന്നു, അവസാന പരീക്ഷ സോഷ്യല്‍ !,  അതു കഴിഞ്ഞാല്‍ സ്വാതന്ത്ര്യം, നല്ല മാര്ര്‍ക്ക് കിട്ടിയാല്‍ തീര്‍ന്നു, അല്ല കുറവാണെങ്കില്‍ പിന്നെയും നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര്യം!

              കുഞ്ഞു മെല്ലെ ദീപുട്ടന്റെ അടുത്തെത്തി, ദീപുട്ടനും ഹരിക്കുട്ടനും മുടിഞ്ഞ പഠനത്തിലാണ്, എങ്ങനെയെങ്കിലും പാസ്സായല്ലേ പറ്റൂ

            എടാ, നാളെ പരീക്ഷ കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഉടനെ പോകാം എന്നാണ് മാഷ്‌ പറഞ്ഞത്
ദീപുട്ടന്‍ കുഞ്ഞുവിനെ ഒന്ന് നോക്കി, "അതിന്‌? " എന്ന ചോദ്യത്തോടെ!

" ഡാ ദീപു, ആ പ്രിന്‍സിക്കൊരു പണികൊടുക്കണ്ടേ? "

            ദീപുട്ടന്റെ ചോര തിളച്ചു, കഴിഞ്ഞ കൊല്ലമാണെന്ന് തോന്നുന്നു, കഴുത്തിലെ ജപിച്ചു കെട്ടിയ ചരട് കണ്ടു പ്രിന്‍സി ഒരു കമന്റ്‌ " It makes you more ugly !" എന്ന് പറഞ്ഞാല്‍ നിന്നെ അല്ലെങ്കിലേ കാണാന്‍ ഒരു മെനയും ഇല്ല, ഈ കഴുത്തിലെ വടം നിന്നെ പൂര്‍വാധികം വികൃതനാക്കുന്നു എന്ന്! അമ്മ ഇഷ്ടത്തോടെ കെട്ടിത്തന്ന ആ ചരടിനെപ്പറ്റിയാണ് ആ പറഞ്ഞത്
ഇല്ല, മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെ!

അന്ന് ഓങ്ങി വച്ചതാണ് അയാള്‍ക്ക്‌

" അപ്പൊ എന്താ പരിപാടി? "

           "എടാ നമ്മടെ ഗാര്‍ഡനു വേണ്ടി വന്ന ചെടിയല്ലേ അയാളുടെ വീട്ടില്‍ നിറയെ, അപ്പൊ നമുക്ക് അതിന്‌ തന്നെ പണി കൊടുക്കാം!"

കൊള്ളാം  നല്ല പരിപാടി, ഒറ്റ വെടിക്ക് രണ്ടു പ്രതികാരം!

അപ്പൊ അങ്ങിനെ എല്ലാം പറഞ്ഞുറപ്പിച്ചു, പലതരം റോസാ ചെടികള്‍, ഒന്നും വെറുതെ വിടരുത്, അപ്പൊ ഈ ഓപറേഷന്‍ " റോസ് " എന്ന കോഡ്‌ നൈമില്‍ അറിയപ്പെടും,ആന്‍ഡ്‌ ലീഡര്‍  ക്യാപ്റ്റന്‍ കുഞ്ഞു ( അതെ, വീണ്ടും കുഞ്ഞു മഹാരാജാവ് തന്നെ!)

എല്ലാവരും ആയുധങ്ങള്‍ സംഘടിപ്പിച്ചു,

ദീപുട്ടന് അന്ന് ആദ്യമായി സോഷ്യല്‍ പുസ്തകത്തിന്റെ മുന്നില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല!

              സമയം ഒരു മണി, ചിലരൊക്കെ പഠിത്തം മതിയാക്കി ഹോസ്റ്റലില്‍ പോവാന്‍ തുടങ്ങി, മറ്റുചിലര്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു തൂങ്ങാനും, കുഞ്ഞു എല്ലാവരെയും വിളിച്ചുണര്‍ത്തി, ഉറക്കത്തിന്റെ അത്യാവശ്യകതയെ പറ്റി ബോധവല്‍ക്കരണം നടത്തി ഹോസ്റെലിലേക്ക് പറഞ്ഞയച്ചുകൊണ്ടിരുന്നു.

അങ്ങനെ അവസാനത്തെ ആളെയും പറഞ്ഞയച്ചു, കുലംകുത്തികള്‍ കൂട്ടത്തില്‍ ഉണ്ടാവാമല്ലോ!

             ഇപ്പൊ ക്ലാസ്സില്‍ ആകെ ബ്ലാക്ക്‌ കാറ്റ്സ് മാത്രമേ ബാക്കിയുള്ളൂ, എല്ലാവരും മെല്ലെ ആയുധങ്ങള്‍ പുറത്തെടുത്തു, പിന്നെ പതുക്കെ പുറത്തേക്കിറങ്ങി, ലൈറ്റുകള്‍ ഒന്നും ഇല്ല, ആകെ ഇരുട്ട് , പ്രിന്‍സിയുടെ വീട് ഒരു പ്രേത ഭവനം പോലെ കാണപ്പെട്ടു, ആദ്യം ക്യാപ്റ്റന്‍ കുഞ്ഞു മുന്നോട്ടു നീങ്ങി, മതിലിനോട് ചേര്‍ന്ന്‍ കുനിഞ്ഞിരുന്ന്‍ പരിസരം വീക്ഷിച്ചു, ഇല്ല, ആരും അടുത്തൊന്നുമില്ല, ടീച്ചേര്‍സ് കോര്‍ട്ടെഴ്സ് കൂടി ഒന്ന് നിരീക്ഷിച്ചു, ഇല്ല ഒരു കുഞ്ഞുപോലും ഉണര്‍ന്നിരിക്കുന്നില്ല,  എല്ലാം റെഡി!

             കൈ വീശിക്കാണിച്ചു, എല്ലാവരും കുഞ്ഞുവിനെ അനുകരിച്ചു, ഒരു വിജയകാന്ത് സിനിമയെ അനുസ്മരിപ്പിക്കുന്ന പ്രകടനം, ചാഞ്ഞും ചെരിഞ്ഞും നിരങ്ങിയും എല്ലാവരും, ഓരോരുത്തരായി കുഞ്ഞുവിന്റെ അടുത്തേക്ക്!

            മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ  അങ്ങനെ കമാന്‍ഡോ സംഘം ഓപറേഷന്‍ തുടങ്ങി, ആരും മിണ്ടുന്നില്ല, വെറും ആന്ഗ്യങ്ങള്‍ മാത്രം, കഷ്ടിച്ച് ഒരു പത്ത് മിനിറ്റ്, സ്ഥലം ക്ലീന്‍ , സൂക്ഷിച്ചു നോക്കിയപ്പോള്‍ കുറച്ച് അതിരുകടന്നോ എന്ന സംശയം ഇല്ലാതില്ല! പൂവും ഇലയും കൊമ്പും എല്ലാം അരിഞ്ഞു കഴിഞ്ഞപ്പോള്‍ ആകെ ഒരു വിജനത, തിരുപ്പതിയില്‍ പോയ ഒരു പ്രതീതി, എല്ലാം മൊട്ടയടിചിരിക്കുന്നു!

           ഏതായാലും ഒരു ഇലപോലും താഴെ കളയാതെ എല്ലാവരും ഹോസ്റ്റലിലേക്ക് വെച്ചുപിടിച്ചു, മുന്‍പ് പ്ലാന്‍ ചെയ്ത പോലെ തന്നെ, തുണിയില്‍ പൊതിഞ്ഞുകെട്ടി, ബാഗില്‍ ഭദ്രമായി നിക്ഷേപിച്ച് കിടന്നുറങ്ങി.

അന്ന് ദീപുട്ടന്‍ സുഖമായി ഉറങ്ങി, രാവിലെ എണീറ്റ്‌ ചായയും കുടിച്ച് പരീക്ഷക്ക്‌ പോകുമ്പോള്‍ ഒരു സന്തോഷം തോന്നി.

പരീക്ഷ കഴിഞ്ഞതും നേരെ ഹോസ്റ്റലിലേക്ക്, ഡ്രസ്സ്‌ മാറ്റുന്നു, ബാഗ് എടുക്കുന്നു, ആകെ ഒരു വെപ്രാളം, ഇനി എപ്പോ വേണമെങ്കിലും പിടിക്കപ്പെടാം, രക്ഷപ്പെടണം, ശത്രുപാളയത്തിലെ പ്രമുഖരും, സര്‍വ്വ സൈന്യാധിപന്മാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് ഒരു പലായനം, ഹോസ്റെലിനു പുറത്തു കടന്നപ്പോള്‍ ബാക്കി ഉള്ളവരെയും കണ്ടു, എന്റെ ഓട്ടം കണ്ടിട്ടാകണം കുഞ്ഞുട്ടന്‍ ചോദിച്ചു,

 " അന്ക്കെന്തട ഇത്ര ധൃതി " ,

 " ഇപ്പോപ്പോയാല്‍ വേങ്ങരേന്ന്‍ ന്‍റെ ഏട്ടന്റെ ബസ്സുണ്ട്, ആയിനാവുമ്പോ പൈസ കൊട്ക്കണ്ടല്ലോ, ഇയ്യ് പോരുണോ?"

ഉത്തരത്തിനൊന്നും കാത്തുനില്‍ക്കാതെ കത്തിച്ചു വിട്ടു,  ആര്‍ക്കും മുഖം കൊടുക്കാതെ നേരെ ഗേറ്റിലൂടെ പുറത്ത്, മതിലിന്നു പിന്നില്‍ മറഞ്ഞു നില്‍ക്കുമ്പോഴേക്കും ബാക്കി ആളുകളും ഹാജര്‍, അവസാനം രംഗം നിരീക്ഷിച്ച്, കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തി കുഞ്ഞു എല്ലാവരും മുഖത്തോടു മുഖം നോക്കി, പിന്നെ ഒന്ന് ചിരിച്ചു, ചിരി മാറി പൊട്ടിച്ചിരിയിലൂടെ ഒരു അട്ടഹാസത്തിലേക്ക് നീണ്ടു, മൊട്ടക്കുന്ന്‍ പ്രകമ്പനം കൊണ്ടു!

" Operation success, Mission accomplished "

കമാണ്ടോകള്‍, പിരിഞ്ഞു നേരെ വീട്ടിലേക്ക് , ബസ്സിലിരിക്കുമ്പോള്‍ ദീപുട്ടന്റെ മനസ്സില്‍ ഒരു തരം നിര്‍വൃതി,  ആത്മരോഷം ശമിച്ചതിന്റെ അടയാളം!



വാല്‍ :- സോഷ്യല്‍ പരീക്ഷ വളരെ എളുപ്പമായിരുന്നുവെങ്കിലും, ദീപുട്ടന് കാര്യമായി മാര്‍ക്കൊന്നും കിട്ടിയില്ല, പരീക്ഷ ഹാളില്‍ ഉറക്കം തൂങ്ങിയ ഏക കമാന്‍ഡോ ദീപുട്ടനായിരിക്കും! വീട്ടില്‍ എത്തിയ ഉടനെ റോസ് കമ്പുകള്‍ ഒക്കെ കുഴിച്ചിട്ടെങ്കിലും, ഒന്ന് പോലും പിടിച്ചില്ല, കട്ടത് കൊണ്ടാണോ എന്തോ, അതോ ഇനി ശ്രീമതി പ്രിന്‍സി "ഇവന്മാരൊന്നും ഗുണം പിടിക്കില്ല" എന്ന് പ്രാകിക്കാണുമോ?
രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ഒരു പിറന്നാളിന്, ശ്രീമതി പ്രിന്‍സി തന്‍റെ കയ്യാല്‍ ഉണ്ടാക്കിയ ആവിപറക്കുന്ന  ദോശയും, അണ്ടിപ്പരിപ്പ് കറിയും സ്നേഹത്തോടെ വിളമ്പി തന്നപ്പോള്‍ ദീപുട്ടന് ഒരു  ചെറിയ മനസ്താപം തോന്നിയില്ലേ എന്നൊരു സംശയം!

14 comments:

  1. Kalakki.. Paavam nammude Vasudevan sir..

    ReplyDelete
  2. അപ്പൊ സ്കൂളില്‍ ദീപൂട്ടനൊരു പുലിയായിരുന്നു,അല്ലേ?
    ആശംസകള്‍!!!

    ReplyDelete
    Replies
    1. പുലികളിലോരുവ്ന്‍!, നന്ദി മോഹന്‍ ചേട്ടാ!

      Delete
  3. ഓപ്പറേഷന്‍ റോസ്...
    ഹഹഹ, കൊള്ളാം

    ReplyDelete
    Replies
    1. നന്ദി അജിതെട്ട, വായനക്കും , ആസ്വാദനത്തിനും!

      Delete
  4. നന്നായിട്ടുണ്ട് മാഷേ

    ReplyDelete
  5. Adipoli...iniyum ingane oronnu pratheekshikkunnu........

    ReplyDelete
  6. നന്ദി ശില്‍ജിത്, വായനക്കും, അഭിപ്രായത്തിനും!

    ReplyDelete
  7. 'ഓപറേഷന്‍ റോസ്' ഓപറേഷനു ഇടാന്‍ പറ്റിയ പേരുതന്നെ.

    ReplyDelete
    Replies
    1. നന്ദി ശ്രീജിത്ത്‌, ഒന്നുമില്ലെങ്കിലും ഒരു പട്ടാളക്കാരനല്ലേ ഞാനും! ;-)

      Delete