Sunday, August 14, 2016

ടക്കുവിന്റെ തട്ടുകട


ഈ കഥയില്‍ ദീപുട്ടന് ഒരു റോളും ഇല്ല എന്ന് തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്! പന്ത്രണ്ടാം ക്ലാസ്സിന്റെ അന്ത്യ പാദത്തില്‍ ആണെന്ന് തോന്നുന്നു, പല പരീക്ഷണങ്ങള്‍ക്കും ഇടയില്‍ ജന്തു ശാസ്ത്രം വക മുട്ട വെള്ള വെള്ളത്തില്‍ കലക്കി ജ്യൂസ്‌ ഉണ്ടാക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു, എഗ് ആല്‍ബുമിന്‍ സോല്യുഷന്‍ എന്നും പറയാം. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഒരു കോഴിമുട്ട എടുക്കുന്നു, ചെറിയ ഒരു ദ്വാരം ഇടുന്നു, അതിലൂടെ മുട്ടയുടെ വെള്ള മാത്രം പുറത്തെടുക്കുന്നു, അതിനെ അല്‍പ്പാല്‍പ്പമായി ഒരു ചെറിയ ടംബ്ലറില്‍ ഉള്ള വെള്ളത്തില്‍, തുടര്‍ച്ചയായി ഇളക്കി ചേര്‍ക്കുന്നു. ശ്രദ്ധയോടെയും വൃത്തിയോടെയും ചെയ്‌താല്‍ വേങ്ങര ഫേമസ് ബേക്കറിയിലെ ലൈം ജ്യൂസ്‌ പോലത്തെ ഒരു ദ്രാവകം കിട്ടുന്നു, ഇനി ധൃതി പിടിച്ചാലോ?, മയ്മാക്കാന്റെ പീട്യെലെ കയ്യോണ്ട് “നെക്കി പീഞ്ഞ” സര്‍ബത്ത് മാതിരി അവിടേം ഇവിടേം നാരങ്ങാ അല്ലികള്‍ പോലെ എന്തോ ഉള്ള ഒരു ബെള്ളോം!.
കടപ്പാട് : ഗൂഗിള്‍
ആഴ്ച്ചയില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മെസ്സില്‍ മുട്ട കിട്ടിയിരുന്ന കാലമാണ്, അപ്പോഴാണ്‌ ഈ വെള്ള മാറ്റിയ മഞ്ഞക്കരുകള്‍ ഒരു റോളും ഇല്ലാതെ ലാബില്‍ അങ്ങോളമിങ്ങോളം തേരാ പാര നടക്കുന്നത് എന്നോര്‍ക്കണം. ചില മിടുക്കന്മാര്‍ ഒറ്റ ഇറക്കലിന് മുട്ട മഞ്ഞ അകത്താക്കിയപ്പോള്‍, അന്തം വിട്ട് ആരാധനയോടെ നോക്കി നിന്ന തരുണീ മണിമാരുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ബാക്കിയുള്ള ഗുണ ശേഖരന്മാരില്‍ പലരും കണ്ണടച്ച് അമൃത് കിട്ടിയ ഭാവം മുഖത്ത് പ്രദര്‍ശിപ്പിച്ച് സംഗതി അകത്താക്കി. അക്കൂട്ടത്തില്‍ ദീപുട്ടനും ഉണ്ടായിരുന്നു. ചില സുന്ദരീ രത്നങ്ങള്‍ തങ്ങളുടെ ഓഹരിയായി കിട്ടിയ മുട്ടകള്‍ തങ്ങളുടെ ഇഷ്ടഭാജനങ്ങള്‍ക്ക് കൊടുത്ത് ഇഷ്ടത്തിന് അടിവരയിട്ടു. ഒരു ഓളത്തിന് ദുര്‍രുചിയും ദുര്‍ഗന്ധവും കാര്യമാക്കാതെ സംഗതി വിഴുങ്ങിയ പല യുവ കോമളന്മാരും വെട്ടിലായി എന്നതാണ് സത്യം! ഇത്തരുണത്തില്‍ ആണ് നമ്മുടെ ടക്കുവിന്റെ ആഗമനം, ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ദൈവത്തിനു നന്ദി പറഞ്ഞു വിശപ്പടക്കുന്ന ബഹു ഭൂരിപക്ഷം പുരുഷ ജനങ്ങളില്‍ നിന്നും ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ച ന്യൂട്ടണ്‍ എപ്പ്രകാരം വേറിട്ട്‌ ചിന്തിച്ചുവോ, അപ്പ്രകാരം തന്നെയാണ് ടക്കുവും ചിന്തിച്ചത്. ഇഷ്ടന്‍ ഉടനെത്തന്നെ ബാക്കി വന്ന മഹതീ മഹാന്‍മാരുടെ മുട്ടകള്‍ (തെറ്റിദ്ധരിക്കാതെ സൂക്ഷിക്കുക!) എവിടെ നിന്നോ സംഘടിപ്പിച്ച ഒരു ഗ്ലാസ്സില്‍ ശേഖരിച്ചു നേരെ ഹോസ്റ്റലിലേക്ക് നടന്നു. ഗ്ലാസ്‌ ഉടനെത്തന്നെ ഹോസ്റ്റലില്‍ വെച്ച് ഇഷ്ടന്‍ നേരെ ഡൈനിങ്ങ്‌ ഹാളിലേക്ക് വെച്ച് പിടിച്ചു, തിരിച്ചു വരുമ്പോള്‍ കയ്യില്‍ ഒരു കുഞ്ഞു പൊതിയും ഉണ്ട്. ഹോസ്റ്റലിന്റെ പുറത്ത് നിന്ന് ഇഷ്ടന്‍ രണ്ട് ഇഷ്ടികക്കട്ടകളും എടുത്തു കൊണ്ട് വന്നു. പിന്നീട് സംഭവിച്ചത് ചരിത്രമായിരുന്നു. ഒരു ഇസ്തിരിപ്പെട്ടി എടുത്ത് പിടി രണ്ട് ഇഷ്ടികകള്‍ക്കിടയിലൂടെ താഴേക്ക് എന്ന വണ്ണം തല തിരിച്ച് ഉറപ്പിച്ചു ചൂടാക്കിത്തുടങ്ങി. കൂടെ താന്‍ കൊണ്ട് വന്ന പൊതിയില്‍ നിന്നും കുറച്ച് ഉപ്പ് എടുത്ത് ഗ്ലാസ്സിലെ മുട്ട മഞ്ഞയില്‍ ചേര്‍ത്ത് നല്ല പോലെ യോജിപ്പിച്ച് ചേര്‍ത്തു. ഈ ശുഷ്കാന്തി ലാബില്‍ വെച്ച് കാണിച്ചിരുന്നെങ്കില്‍ നാരങ്ങ പീഞ്ഞ പോലത്തെ വെള്ളം ഉണ്ടാക്കിയതിനു ജന്തു ശാസ്ത്രം ടീച്ചര്‍ വക തലയ്ക്കു കിട്ടിയ കിഴുക്ക് ഒഴിവാക്കാമായിരുന്നു എന്നുള്ള ദീപുട്ടന്റെ ചിന്തയെ ലവലേശം ഗൌനിക്കാതെ ടക്കു തന്റെ പരിപാടിയിലേക്ക് കടന്നു. കഷ്ടിച്ച് ഒരു പത്ത് മിനിട്ട് കൊണ്ട്, അവിടെ കൂടിയവര്‍ക്ക് എല്ലാര്‍ക്കും ടക്കൂസ് തട്ടുകടയുടെ ഉത്ഘാടന ഓഫര്‍ ആയി, ഫ്രീ ഓംലെറ്റ്‌!.
കടപ്പാട് : ഗൂഗിള്‍
ഇത്രയൊക്കെ ചെയ്തിട്ടും, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലുള്ള അവന്റെ എളിമയോടെയുള്ള ചിരിയാണ് ദീപുട്ടനെ അവന്റെ ആരാധകനാക്കി മാറ്റിയത്. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ തട്ടുകട പച്ചപിടിച്ചു വന്നു, ഉപ്പിനു കൂടെ ഉള്ളിയും മുളകും ഇത്യാതി സാധനങ്ങളും കൊണ്ട് പലരും തങ്ങളുടെ അനുഭാവം പ്രകടിപ്പിച്ചു. വൈകാതെ തന്നെ, ടക്കൂസ് തട്ടുകട വിവിധ ഇനം ഓംലറ്റുകളുടെ ഒരു പറുദീസയായി മാറി. മുട്ട മഞ്ഞകള്‍ ലാബില്‍ നിന്നും ഇരന്നു കൊണ്ടുവരാന്‍ ടക്കു, കൂലിക്ക് ആളെ വച്ചു. ദീപുട്ടനാകട്ടെ ടക്കുവിനോടുള്ള ഇഷ്ടക്കൂടുതലുകൊണ്ടും, പിന്നെ ഇത്തിരി പൊങ്ങച്ചം പറഞ്ഞ് ആളാവാം എന്ന ചിന്ത കൊണ്ടും സംഗതി നാട്ടില്‍ ആകെ പാട്ടാക്കി. തന്റെ മൂട്ടില്‍ വാലുപോലെ, മൂക്കളയൊലിപ്പിച്ചു നടക്കുന്ന വിക്ക്രസ്സുകളോടു മുതല്‍, വീട്ടിലേക്ക് ആഴ്ച്ചയില്‍ ഒന്നെന്ന തോതില്‍ അയച്ചിരുന്ന പോസ്റ്റ് കാര്‍ഡില്‍ “ അച്ഛാ അച്ഛാ ഞങ്ങള്‍ ഹോസ്റ്റലില്‍ ഇസ്തിരിപ്പെട്ടിയില്‍ മുട്ട പൊരിച്ചച്ഛാ” എന്ന തരത്തില്‍ വീട്ടുകാരോട് വരെ കാര്യങ്ങള്‍ പക്വതയോടും അഭിമാനത്തോടും കൂടി അവതരിപ്പിച്ചു. പക്ഷെ ഇതിനിടയില്‍ ഈ കാര്യങ്ങള്‍ ഹൌസ് മാസ്റ്റര്‍മാരുടെ ചെവിയില്‍ എത്തിയ വിവരം ദീപുട്ടന്‍ അറിഞ്ഞത്, തന്റെ ചാത്തന്മാര്‍, ഹൌസ് മാസ്റ്റര്‍ ടക്കുവിനെ കയ്യോടെ പിടിച്ച് ചെവിക്കു തൂക്കി ഭേദ്യം ചെയ്തു എന്ന ഹൃദയ ഭേദകമായ വാര്‍ത്ത, ഓടി വന്ന് അറിയിച്ചപ്പോഴാണ്. പ്രയാസമുണ്ടെങ്കിലും ടക്കുവിനെ തൊണ്ടി മുതല്‍ അടക്കം ആ തെണ്ടികള്‍ കൊണ്ട് പോയി എന്ന് പ്രാസമൊപ്പിച്ചു പറയാം എന്നത് ഒരു രസമായിരുന്നു!


വാല്‍ക്കഷ്ണം : ഹൌസ് മാസ്റ്റര്‍മാരുടെ മൂട് താങ്ങികള്‍ ഹോസ്റ്റലില്‍ തന്നെ വേണ്ടുവോളം ഉണ്ടെന്നിരിക്കെ, ദീപുട്ടന്റെ പോസ്റ്റ് കാര്‍ഡില്‍ നിന്നാണ് ഈ രഹസ്യം ചോര്‍ന്നത് എന്നത് ക്ലാസിന്റെ ഒരുമയില്‍ സംശയത്തിന്റെ നികത്താനാകാത്ത ഒരു വിടവ് തീര്‍ക്കാനുള്ള, വിഘടനവാദികളുടെ ഒരു കുടിലതന്ത്രം മാത്രമാണ് എന്ന് ദീപുട്ടന്‍ ഇപ്പോഴും വിശ്വസിച്ചു പോരുന്നു. ആ കത്ത് ഒരിക്കലും വീട്ടില്‍ എത്തിയില്ല എന്ന കാര്യവും ദീപുട്ടന്‍ സൗകര്യ പൂര്‍വ്വം മറക്കുന്നു.

1 comment: