Sunday, October 2, 2016

ഏറുമാടം

  പത്താം തരം പരീക്ഷ നടക്കുന്ന സമയം, പഠിത്തത്തിന്റെ ചൂട് തലയില്‍ കയറി നില്‍ക്കുന്നത് കൊണ്ടും, ക്ലാസ് മുറിയില്‍ ഉറക്കെ വായിച്ചു പഠിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ടും, സ്കൂളില്‍ പുതിയ ഒരു ഉത്തരവ് ഇറങ്ങി. പത്താം ക്ലാസ്സുകാര്‍ക്ക് എവിടെയും ഇരുന്നു പഠിക്കാം! ഉത്തരവ് ഇറങ്ങിയ പാതി, ഇറങ്ങാത്ത പാതി, സ്കൂളിന്റെ മുക്കിലും മൂലയിലും പഠന ക്യാമ്പുകള്‍ ഉയര്‍ന്നു. കാമ്പസ്സിന്റെ ആകെയുള്ള ഹരിതാഭയായുള്ള പറങ്കിമാങ്ങാ മരങ്ങളും, പണി തീരാത്ത കെട്ടിടങ്ങളും എല്ലാം ഒറ്റക്കും കൂട്ടമായും പഠിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് നിറഞ്ഞു. മെല്ലെ മെല്ലെ ഹാരപ്പാ, മോഹന്‍ ജദാരോ എന്ന പോലെ അവിടെ ഒരു സംസ്കാരം ഉരുത്തിരിഞ്ഞു. ആദ്യമൊക്കെ മാവിന്‍ ചുവട്ടിലെ പാറപ്പുറവും, പിന്നീട് പുതപ്പു കൊണ്ട് ഒരു കുഞ്ഞു ടെന്റും, ഇരിക്കാന്‍ കാര്‍ഡ്‌ ബോര്‍ഡ്‌, തുണി ഇത്യാദികളുടെ പ്രാഥമിക സൌകര്യങ്ങളും, പോകപ്പോകെ നാരങ്ങ വെള്ളം കലക്കിയതും, അല്ലറ ചില്ലറ കൊറിക്കാന്‍ ഉള്ള സാധനങ്ങളും ഒക്കെയായി സംഗതി പൊലിമ കൂടാന്‍ തുടങ്ങി. അതിനിടെയാണ് ഒരു വിദ്വാന്‍ ഏറുമാടം ഉണ്ടാക്കുന്ന വിദ്യ വശത്താക്കിയത്! കേരള സംസ്ഥാന നിര്‍മാണ വകുപ്പിന്റെ സ്വന്തമായിരുന്ന പല നിര്‍മ്മാണ സാമഗ്രികളും നാഥന്‍ ഇല്ലാതെ ചിതറിക്കിടക്കുന്നതില്‍ നിന്നും ചില വസ്തു വകകള്‍ ഉപയോഗിച്ച്, പണി തീരാത്ത കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ ആയിരുന്നു ഏറുമാട നിര്‍മ്മിതി. വളരെ വേഗം തന്നെ ആ സൂത്രം ദീപുട്ടനും പഠിച്ചെടുത്തു എന്ന് മാത്രമല്ല, തന്റെ സുഹൃത്തുക്കള്‍ക്കായി കുറേ എണ്ണം പണിഞ്ഞു കൊടുക്കുകയും ചെയ്തു. അപ്പോഴാണ്‌ സ്വന്തമായി തനിക്കും ഒന്നാകാം എന്ന ചിന്ത ദീപുട്ടനെ മഥിക്കുന്നത്. അങ്ങനെ നല്ല തണുപ്പും സൌകര്യവും ഉള്ള ഒരു മൂലയില്‍ ദീപുട്ടന്‍ തന്റെ മാസ്റ്റര്‍ പീസ് ഏറുമാടം പണിഞ്ഞു. ഏറുമാടം എന്നാല്‍ ഒരു ഒന്നൊന്നര ഏറുമാടം!, മൂന്നു പേര്‍ക്ക് ഒന്നിച്ചിരുന്നു പഠിക്കാനും, രണ്ടു പേര്‍ക്ക് കിടന്നുറങ്ങാനും സൌകര്യമുള്ള വലിയ ഒരു ഏറുമാടം. പക്ഷെ ആവേശത്തില്‍ ദീപുട്ടന്‍ ഏറുമാടം കെട്ടുന്നത് പഠിക്കാനാണ് എന്ന സത്യം മറന്നു പോയി!. വെളിച്ചം അധികം കടന്നു വരാത്ത ഒരു മുറിയായിരുന്നു ദീപുട്ടന്‍ തിരഞ്ഞെടുത്തത്, കൂടെ നല്ല തണുപ്പും. കുറച്ചു നേരം വായിച്ചു കഴിയുമ്പോള്‍ ചെറുതായി ഒന്ന് ചെരിഞ്ഞിരിക്കാനും, പിന്നെ ഒന്ന് കിടന്നു വായിക്കാനും പിന്നീട് അറിയാതെ തന്നെ സുഖകരമായി നിദ്രയിലേക്ക് അലിഞ്ഞു ചേരാനും ഉതകുമായിരുന്നു ദീപുട്ടന്റെ ഏറുമാടം. ഇടക്ക് ചാരപ്പണിയുമായി വരുന്ന ടീച്ചര്‍മാരുടെ കണ്ണില്‍ പെടില്ല എന്ന ഗുണവും ഇതിനുണ്ടായിരുന്നു. ക്ലാസ്സ് മുറികള്‍ക്ക് വളരെ അടുത്തുള്ള പണി തീരാത്ത ലാബില്‍ ആയിരുന്നു ഏറുമാടം, അത് കൊണ്ട് തന്നെ സ്കൂളിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി നടന്നിരുന്ന ടീച്ചര്‍മാര്‍ തങ്ങളുടെ മൂക്കിന്നടിയില്‍ ഇത്തരം ഒരു കലാപരിപാടി നടക്കുമെന്ന് സ്വപ്നേപി നിരീച്ചില്യ ന്നു തന്നെ കണക്കാക്കണം! പതുക്കെ പതുക്കെ ദീപുട്ടന്‍ സൌകര്യങ്ങള്‍ കൂട്ടിക്കൂട്ടി ഏറുമാടം ഒരു സ്വര്‍ഗമാക്കി മാറ്റി. പതുപതുത്ത ഇര്പ്പിടം, തലയിണ, ബെഡ് ഷീറ്റ്, വിശറി, ബുക്ക് ഷെല്‍ഫ്, അങ്ങിനെ അങ്ങിനെ സൗകര്യങ്ങള്‍ നീണ്ടു പോയി. സ്റ്റഡി ലീവ് ആയപ്പോഴേക്കും, അസ്സംബ്ലി കഴിയുന്നു, എല്ലാവരും തങ്ങളുടെ പഠന ക്യാമ്പുകളിലും ഏറുമാടങ്ങളിലും സ്ഥലം പിടിക്കുന്നു, പഠനത്തില്‍ മുഴുകുന്നു, ദീപുട്ടന്‍ എന്നെത്തെയും പോലെ മെല്ലെ മെല്ലെ ചായുന്നു ചെരിയുന്നു, കിടക്കുന്നു, ഉറങ്ങുന്നു! ഉച്ചക്ക് ഊണ് കഴിക്കുന്നു, കുറച്ചു നേരം വിശ്രമിക്കുന്നു പിന്നെയും പഠിച്ചു പഠിച്ച് ഉറക്കം പ്രാപിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ പഠിത്തം കോഞ്ഞാട്ട, ഉറക്കം ഭലേ ഭേഷ്!
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു മാസത്തെ സ്റ്റഡി ലീവ് ദീപുട്ടന്റെ പഠന നിലവാരത്തെ പാടേ തകര്‍ത്തു എന്ന് മാത്രമല്ല, പകല്‍ ഉറക്കത്തിന്റെ ശീലം കാരണം, ക്ലാസ്സില്‍ ഉണര്‍ന്നിരിക്കുന്നത് ഒരു വല്ലാത്ത അനുഭവമായി ഭവിച്ചു. എന്തിനേറെ പറയുന്നു, പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴേക്കും, ദീപുട്ടന്‍ കമ്പാര്‍ട്ട്മെന്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ ആരും പറയാതെ തന്നെ തുടങ്ങി. പക്ഷെ ആരുടെക്കെയോ പ്രാര്‍ഥനയും ഗുരുത്വവും കൊണ്ടായിരിക്കണം, ദീപുട്ടന്‍ കഷ്ടിച്ച് ഫസ്റ്റ് ക്ലാസോടെ പത്താം തരം പാസായി എന്ന് മാത്രമല്ല സയന്‍സ് ഗ്രൂപ്പ്‌ കിട്ടി അതെ സ്കൂളില്‍ തുടരാനുള്ള മാര്‍ക്കും കരസ്ഥമാക്കി.


വാല്‍ കഷ്ണം:- ചന്തിക്ക് പുളിവടി വെച്ച് നല്ല പൂശ് കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ദീപുട്ടന്‍ സ്കൂളിന്റെ തന്നെ ഒരു അഭിമാന താരമായി മാറിയേനെ എന്ന്‍ മനസ്സിലാക്കിയ ഒരു അധ്യാപകനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ദീപുട്ടന്‍ പലപ്പോഴും ശിഷ്ട ജീവിതത്തില്‍ ആശിച്ചു പോയിട്ടുണ്ട്!

Sunday, August 14, 2016

ഒരു കടന്നല്‍ കുത്തും, ഇമ്പോസിഷനും

   സുശീല സിസ്റ്റര്‍ ദീപുട്ടന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിസ്റ്റര്‍ ആയിരുന്നു. മറ്റൊന്നും കൊണ്ടല്ല, നാഴികക്ക് നാപ്പതു വട്ടമെന്ന പോലെ തലവേദന, വയറുവേദന, കൈകാല്‍ വേദന, മുറിവ്, ഉളുക്ക്, ചതവ് എന്നീ വിവിധ രോഗങ്ങളുമായി ഇടയ്ക്കിടെ സിസ്റ്ററുടെ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ അറ്റെന്‍ഡന്‍സ് വാങ്ങിയ ചുരുക്കം ചിലരില്‍ ഒന്ന് ദീപുട്ടനായിരുന്നു. കാണുമ്പോള്‍ തന്നെ സിസ്റ്റര്‍ ചോദിക്കും, ഇന്നെന്താ കള്ളാ നിനക്ക് അസുഖം എന്ന്! ക്ലാസ് ഒഴിവാക്കുന്നതിലും കൂടുതലായി എന്നും അതിരാവിലെ ഉള്ള പീ ടീ ഒഴിവാക്കാനായിരുന്നു ദീപുട്ടന്റെ മിക്കപ്പോഴും ഉള്ള ശ്രമം.

   അങ്ങിനെ ഇരിക്കെ ഒരു ദിവസം സയന്‍സ് ടീച്ചര്‍ ക്ലാസ്സില്‍ ഒട്ടുമിക്ക കുട്ടികള്‍ക്കും ഇമ്പോസിഷന്‍ കൊടുത്തു, പത്തും ഇരുപതും അല്ല, അഞ്ഞൂറ് വീതം! ടീച്ചര്‍ ആണെങ്കില്‍ ദേഷ്യം വന്നാല്‍ പുറം കയ്യില്‍ മരത്തിന്റെ സ്കൈല്‍ വിലങ്ങനെ പിടിച്ച് ആണ് അടിക്കുക, അതും മിനിമം മൂന്നു വട്ടം. അത് കൊണ്ട് തന്നെ എല്ലാവരും സെല്‍ഫ് സ്റ്റഡി കഴിഞ്ഞും രാത്രി തന്നെ ഇരുന്ന് എഴുത്ത് തുടങ്ങി. ദീപുട്ടനും എഴുതി , പക്ഷെ ഒരു പത്തിരുനൂറു കഴിഞ്ഞപ്പോഴേക്കും ദീപുട്ടന്‍ ക്ഷീണിച്ച് ഉറക്കം തൂങ്ങിത്തുടങ്ങി. ബാക്കി വന്നത്, അതിരാവിലെ എണീറ്റ് എഴുതാമെന്ന ദൃഡനിശ്ചയത്തില്‍ ദീപുട്ടന്‍ സ്വൈര്യമായി ഉറങ്ങി. രാവിലത്തെ പ്രാരാബ്ദങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോഴേക്കും ദീപുട്ടന് സമയം കിട്ടിയില്ല എന്ന് മാത്രമല്ല, ബാക്കി ഉള്ളവര്‍ മിക്കവാറും രാത്രി തന്നെ പണി തീര്‍ത്തത് കൊണ്ട് ദീപുട്ടന്റെ കൂടെ അടി വാങ്ങാനും, ബെഞ്ചില്‍ കയറിനില്‍ക്കാനും വേറെ ആരും ഇല്ലെന്നുമായി. എന്തിനേറെ പറയുന്നു, പേടിപ്പനി പിടിച്ച ദീപുട്ടന്‍ നേരെ വിട്ടു, സുശീല സിസ്റെരുടെ സമക്ഷത്തിലെക്ക്.

   “സിസ്റ്റര്‍, ഭയങ്കര കാലു വേദന, ഇന്ന് ക്ലാസ്സില്‍ പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല”

   “എടാ മടിയാ, കുറച്ചു നടന്നാലേ കാലൊക്കെ ഒന്ന് ശരിയാകൂ, നീ വേലയിറക്കാതെ ക്ലാസ്സില്‍ പോ” 

   സിസ്റ്റര്‍ ഒരു മയവുമില്ലാതെ ദീപുട്ടനെ ആട്ടിയോടിച്ചു. ദീപുട്ടന്‍ തന്റെ പതിനെട്ടാമത്തെ അടവായ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ തുടങ്ങി, പക്ഷെ സിസ്റെരുടെ മനസ്സലിയുന്ന ഒരു ലക്ഷണവും ഇല്ല, അവസാനം സഹികെട്ട സിസ്റ്റര്‍ ദീപുട്ടന് രണ്ടു ബ്രുഫിന്‍ ഗുളികയും പിന്നെ പുരട്ടാന്‍ ഒരു ക്രീമും തന്നു വിട്ടു. തന്റെ പ്ലാന്‍ പൊളിഞ്ഞതില്‍ അത്യധികം വ്യസനത്തോടെ ദീപുട്ടന്‍ ഇനിയെന്ത് എന്നാ ആലോച്ചനയോടു കൂടി മെല്ലെ ക്ലാസ്സിലേക്ക് നടന്നു. അപ്പോഴാണ്‌ ബള്‍ബ്‌ കത്തിയത്! യൂറേക്കാ.. ദീപുട്ടന്‍ വേഗം തന്നെ ക്രീം തുറന്ന് വലത്തുകയ്യിലെ നടുവിരലില്‍ നന്നായി തേച്ചു പിടിപ്പിച്ചു. സ്വതേ തടിച്ചു കുറുകിയ വിരല്‍ എണ്ണമയം ഉള്ള ക്രീം പുരണ്ടപ്പോള്‍ സാമാന്യത്തില്‍ അധികം തടിച്ച പോലെ കാണപ്പെട്ടു, മാത്രമല്ല ക്ലാസ്സില്‍ ചോദിച്ച എല്ലാവരോടും ദീപുട്ടന്‍ വിരലില്‍  കടന്നല്‍ കുത്തി എന്നുള്ള ഒരു കഥയും പടച്ചു വിട്ടു. മൂന്നാമത്തെ പിര്യെഡില്‍ സയന്‍സ് ടീച്ചര്‍ വന്നു എന്ന് മാത്രമല്ല ഇമ്പോസിഷന്‍ എഴുതാത്തവരോട് എഴുന്നേറ്റു നില്‍ക്കാനും പറഞ്ഞു. രണ്ടാമത്തെ ബെഞ്ചില്‍ ദീപുട്ടന്‍ തന്റെ പൂര്‍ത്തിയായ ഇരുനൂറും കൊണ്ട് ടീച്ചര്‍ വരുന്നതും കാത്ത് നിന്നു. ഓരോരുത്തരോട് ചോദിക്കുന്നു, ആവശ്യത്തിന് അടിയും കിഴുക്കും കൊടുക്കുന്നു, പിറ്റേ ദിവസത്തേക്ക് വീണ്ടും ഇമ്പോസിഷന്‍ കൊടുക്കുന്നു, പിന്നെ അടുത്ത ഇരയിലെക്ക് നീങ്ങുന്നു, അങ്ങനെ ദീപുട്ടന്റെ ഊഴവും വന്നു.
കടപ്പാട് : ഗൂഗിള്‍

“ഞാന്‍ ഇരുനൂറു വട്ടം എഴുതി മിസ്സ്‌”

“ ഓ നന്നായി, ബാക്കി ഞാന്‍ എഴുതാം , എന്താ?” മിസ്സ്‌ പുച്ഛത്തോടെ കളിയാക്കി

ദീപുട്ടന്‍ തന്റെ ക്രീം തേച്ചു തടിപ്പിച്ച വിരല്‍ കാണിക്കുന്നു, മുഖത്ത് വിനയവും, നിഷ്കളങ്കതയും, സത്യസന്ധതയും, ദൈന്യതയും ആവോളം വാരിപ്പൂശുന്നു, പിന്നെ ഇടറിയ ശബ്ദത്തില്‍ പറയുന്നു,

 “ഇന്നലെ രാത്രി കടന്നല്‍ കുത്തി മിസ്സ്‌, ഭയങ്കര വേദനയായിരുന്നു, അതുകൊണ്ട് ഇത്രയേ എഴുതാന്‍ സാധിച്ചുള്ളൂ”

ദേ കിടക്കുന്നു മിസ്സ്‌! ഫ്ലാറ്റ്...

“കണ്ടു പഠിക്കെടാ മടിയന്മാരെ, ഇങ്ങനെ വേണം കുട്ടികളായാല്‍, കൈ വയ്യാതിരുന്നിട്ടും അവന്‍ തന്നാല്‍ ആവുന്നത്ര എഴുതി! 

മിസ്സ്‌ ദീപുട്ടനെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു.


വാല്‍ക്കഷ്ണം:- ടീച്ചരുടെ വാല്‍സല്യവും, രണ്ടു മൂന്നു ദിവസം കയ്യിനെപ്പറ്റി ഉള്ള ചോദ്യവും ദീപുട്ടനില്‍ വളരെയേറെ കുറ്റ ബോധം ഉണര്‍ത്തി എന്നത് പലര്‍ക്കും അറിയാത്ത ഒരു സത്യം. അതിനു ശേഷം, എത്ര വൈകിയാലും ഹോം വര്‍ക്കും ഇമ്പോസിഷനും എഴുതാതെ ദീപുട്ടന്‍ ഒരിക്കലും ക്ലാസ്സില്‍ വന്നിട്ടില്ല എന്നതും പരമാര്‍ത്ഥം.

ടക്കുവിന്റെ തട്ടുകട


ഈ കഥയില്‍ ദീപുട്ടന് ഒരു റോളും ഇല്ല എന്ന് തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്! പന്ത്രണ്ടാം ക്ലാസ്സിന്റെ അന്ത്യ പാദത്തില്‍ ആണെന്ന് തോന്നുന്നു, പല പരീക്ഷണങ്ങള്‍ക്കും ഇടയില്‍ ജന്തു ശാസ്ത്രം വക മുട്ട വെള്ള വെള്ളത്തില്‍ കലക്കി ജ്യൂസ്‌ ഉണ്ടാക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു, എഗ് ആല്‍ബുമിന്‍ സോല്യുഷന്‍ എന്നും പറയാം. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഒരു കോഴിമുട്ട എടുക്കുന്നു, ചെറിയ ഒരു ദ്വാരം ഇടുന്നു, അതിലൂടെ മുട്ടയുടെ വെള്ള മാത്രം പുറത്തെടുക്കുന്നു, അതിനെ അല്‍പ്പാല്‍പ്പമായി ഒരു ചെറിയ ടംബ്ലറില്‍ ഉള്ള വെള്ളത്തില്‍, തുടര്‍ച്ചയായി ഇളക്കി ചേര്‍ക്കുന്നു. ശ്രദ്ധയോടെയും വൃത്തിയോടെയും ചെയ്‌താല്‍ വേങ്ങര ഫേമസ് ബേക്കറിയിലെ ലൈം ജ്യൂസ്‌ പോലത്തെ ഒരു ദ്രാവകം കിട്ടുന്നു, ഇനി ധൃതി പിടിച്ചാലോ?, മയ്മാക്കാന്റെ പീട്യെലെ കയ്യോണ്ട് “നെക്കി പീഞ്ഞ” സര്‍ബത്ത് മാതിരി അവിടേം ഇവിടേം നാരങ്ങാ അല്ലികള്‍ പോലെ എന്തോ ഉള്ള ഒരു ബെള്ളോം!.
കടപ്പാട് : ഗൂഗിള്‍
ആഴ്ച്ചയില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മെസ്സില്‍ മുട്ട കിട്ടിയിരുന്ന കാലമാണ്, അപ്പോഴാണ്‌ ഈ വെള്ള മാറ്റിയ മഞ്ഞക്കരുകള്‍ ഒരു റോളും ഇല്ലാതെ ലാബില്‍ അങ്ങോളമിങ്ങോളം തേരാ പാര നടക്കുന്നത് എന്നോര്‍ക്കണം. ചില മിടുക്കന്മാര്‍ ഒറ്റ ഇറക്കലിന് മുട്ട മഞ്ഞ അകത്താക്കിയപ്പോള്‍, അന്തം വിട്ട് ആരാധനയോടെ നോക്കി നിന്ന തരുണീ മണിമാരുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ബാക്കിയുള്ള ഗുണ ശേഖരന്മാരില്‍ പലരും കണ്ണടച്ച് അമൃത് കിട്ടിയ ഭാവം മുഖത്ത് പ്രദര്‍ശിപ്പിച്ച് സംഗതി അകത്താക്കി. അക്കൂട്ടത്തില്‍ ദീപുട്ടനും ഉണ്ടായിരുന്നു. ചില സുന്ദരീ രത്നങ്ങള്‍ തങ്ങളുടെ ഓഹരിയായി കിട്ടിയ മുട്ടകള്‍ തങ്ങളുടെ ഇഷ്ടഭാജനങ്ങള്‍ക്ക് കൊടുത്ത് ഇഷ്ടത്തിന് അടിവരയിട്ടു. ഒരു ഓളത്തിന് ദുര്‍രുചിയും ദുര്‍ഗന്ധവും കാര്യമാക്കാതെ സംഗതി വിഴുങ്ങിയ പല യുവ കോമളന്മാരും വെട്ടിലായി എന്നതാണ് സത്യം! ഇത്തരുണത്തില്‍ ആണ് നമ്മുടെ ടക്കുവിന്റെ ആഗമനം, ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ദൈവത്തിനു നന്ദി പറഞ്ഞു വിശപ്പടക്കുന്ന ബഹു ഭൂരിപക്ഷം പുരുഷ ജനങ്ങളില്‍ നിന്നും ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ച ന്യൂട്ടണ്‍ എപ്പ്രകാരം വേറിട്ട്‌ ചിന്തിച്ചുവോ, അപ്പ്രകാരം തന്നെയാണ് ടക്കുവും ചിന്തിച്ചത്. ഇഷ്ടന്‍ ഉടനെത്തന്നെ ബാക്കി വന്ന മഹതീ മഹാന്‍മാരുടെ മുട്ടകള്‍ (തെറ്റിദ്ധരിക്കാതെ സൂക്ഷിക്കുക!) എവിടെ നിന്നോ സംഘടിപ്പിച്ച ഒരു ഗ്ലാസ്സില്‍ ശേഖരിച്ചു നേരെ ഹോസ്റ്റലിലേക്ക് നടന്നു. ഗ്ലാസ്‌ ഉടനെത്തന്നെ ഹോസ്റ്റലില്‍ വെച്ച് ഇഷ്ടന്‍ നേരെ ഡൈനിങ്ങ്‌ ഹാളിലേക്ക് വെച്ച് പിടിച്ചു, തിരിച്ചു വരുമ്പോള്‍ കയ്യില്‍ ഒരു കുഞ്ഞു പൊതിയും ഉണ്ട്. ഹോസ്റ്റലിന്റെ പുറത്ത് നിന്ന് ഇഷ്ടന്‍ രണ്ട് ഇഷ്ടികക്കട്ടകളും എടുത്തു കൊണ്ട് വന്നു. പിന്നീട് സംഭവിച്ചത് ചരിത്രമായിരുന്നു. ഒരു ഇസ്തിരിപ്പെട്ടി എടുത്ത് പിടി രണ്ട് ഇഷ്ടികകള്‍ക്കിടയിലൂടെ താഴേക്ക് എന്ന വണ്ണം തല തിരിച്ച് ഉറപ്പിച്ചു ചൂടാക്കിത്തുടങ്ങി. കൂടെ താന്‍ കൊണ്ട് വന്ന പൊതിയില്‍ നിന്നും കുറച്ച് ഉപ്പ് എടുത്ത് ഗ്ലാസ്സിലെ മുട്ട മഞ്ഞയില്‍ ചേര്‍ത്ത് നല്ല പോലെ യോജിപ്പിച്ച് ചേര്‍ത്തു. ഈ ശുഷ്കാന്തി ലാബില്‍ വെച്ച് കാണിച്ചിരുന്നെങ്കില്‍ നാരങ്ങ പീഞ്ഞ പോലത്തെ വെള്ളം ഉണ്ടാക്കിയതിനു ജന്തു ശാസ്ത്രം ടീച്ചര്‍ വക തലയ്ക്കു കിട്ടിയ കിഴുക്ക് ഒഴിവാക്കാമായിരുന്നു എന്നുള്ള ദീപുട്ടന്റെ ചിന്തയെ ലവലേശം ഗൌനിക്കാതെ ടക്കു തന്റെ പരിപാടിയിലേക്ക് കടന്നു. കഷ്ടിച്ച് ഒരു പത്ത് മിനിട്ട് കൊണ്ട്, അവിടെ കൂടിയവര്‍ക്ക് എല്ലാര്‍ക്കും ടക്കൂസ് തട്ടുകടയുടെ ഉത്ഘാടന ഓഫര്‍ ആയി, ഫ്രീ ഓംലെറ്റ്‌!.
കടപ്പാട് : ഗൂഗിള്‍
ഇത്രയൊക്കെ ചെയ്തിട്ടും, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലുള്ള അവന്റെ എളിമയോടെയുള്ള ചിരിയാണ് ദീപുട്ടനെ അവന്റെ ആരാധകനാക്കി മാറ്റിയത്. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ തട്ടുകട പച്ചപിടിച്ചു വന്നു, ഉപ്പിനു കൂടെ ഉള്ളിയും മുളകും ഇത്യാതി സാധനങ്ങളും കൊണ്ട് പലരും തങ്ങളുടെ അനുഭാവം പ്രകടിപ്പിച്ചു. വൈകാതെ തന്നെ, ടക്കൂസ് തട്ടുകട വിവിധ ഇനം ഓംലറ്റുകളുടെ ഒരു പറുദീസയായി മാറി. മുട്ട മഞ്ഞകള്‍ ലാബില്‍ നിന്നും ഇരന്നു കൊണ്ടുവരാന്‍ ടക്കു, കൂലിക്ക് ആളെ വച്ചു. ദീപുട്ടനാകട്ടെ ടക്കുവിനോടുള്ള ഇഷ്ടക്കൂടുതലുകൊണ്ടും, പിന്നെ ഇത്തിരി പൊങ്ങച്ചം പറഞ്ഞ് ആളാവാം എന്ന ചിന്ത കൊണ്ടും സംഗതി നാട്ടില്‍ ആകെ പാട്ടാക്കി. തന്റെ മൂട്ടില്‍ വാലുപോലെ, മൂക്കളയൊലിപ്പിച്ചു നടക്കുന്ന വിക്ക്രസ്സുകളോടു മുതല്‍, വീട്ടിലേക്ക് ആഴ്ച്ചയില്‍ ഒന്നെന്ന തോതില്‍ അയച്ചിരുന്ന പോസ്റ്റ് കാര്‍ഡില്‍ “ അച്ഛാ അച്ഛാ ഞങ്ങള്‍ ഹോസ്റ്റലില്‍ ഇസ്തിരിപ്പെട്ടിയില്‍ മുട്ട പൊരിച്ചച്ഛാ” എന്ന തരത്തില്‍ വീട്ടുകാരോട് വരെ കാര്യങ്ങള്‍ പക്വതയോടും അഭിമാനത്തോടും കൂടി അവതരിപ്പിച്ചു. പക്ഷെ ഇതിനിടയില്‍ ഈ കാര്യങ്ങള്‍ ഹൌസ് മാസ്റ്റര്‍മാരുടെ ചെവിയില്‍ എത്തിയ വിവരം ദീപുട്ടന്‍ അറിഞ്ഞത്, തന്റെ ചാത്തന്മാര്‍, ഹൌസ് മാസ്റ്റര്‍ ടക്കുവിനെ കയ്യോടെ പിടിച്ച് ചെവിക്കു തൂക്കി ഭേദ്യം ചെയ്തു എന്ന ഹൃദയ ഭേദകമായ വാര്‍ത്ത, ഓടി വന്ന് അറിയിച്ചപ്പോഴാണ്. പ്രയാസമുണ്ടെങ്കിലും ടക്കുവിനെ തൊണ്ടി മുതല്‍ അടക്കം ആ തെണ്ടികള്‍ കൊണ്ട് പോയി എന്ന് പ്രാസമൊപ്പിച്ചു പറയാം എന്നത് ഒരു രസമായിരുന്നു!


വാല്‍ക്കഷ്ണം : ഹൌസ് മാസ്റ്റര്‍മാരുടെ മൂട് താങ്ങികള്‍ ഹോസ്റ്റലില്‍ തന്നെ വേണ്ടുവോളം ഉണ്ടെന്നിരിക്കെ, ദീപുട്ടന്റെ പോസ്റ്റ് കാര്‍ഡില്‍ നിന്നാണ് ഈ രഹസ്യം ചോര്‍ന്നത് എന്നത് ക്ലാസിന്റെ ഒരുമയില്‍ സംശയത്തിന്റെ നികത്താനാകാത്ത ഒരു വിടവ് തീര്‍ക്കാനുള്ള, വിഘടനവാദികളുടെ ഒരു കുടിലതന്ത്രം മാത്രമാണ് എന്ന് ദീപുട്ടന്‍ ഇപ്പോഴും വിശ്വസിച്ചു പോരുന്നു. ആ കത്ത് ഒരിക്കലും വീട്ടില്‍ എത്തിയില്ല എന്ന കാര്യവും ദീപുട്ടന്‍ സൗകര്യ പൂര്‍വ്വം മറക്കുന്നു.

അത്യാഗ്രഹം ആപത്ത്!

   എട്ടാം തരം കടന്നു കഴിഞ്ഞപ്പോഴേക്കും ദീപുട്ടനും കൂട്ടരും ബാക്ക് ബെഞ്ചെഴ്സ് എന്ന തസ്തികയില്‍ നിന്നും കയറ്റം കിട്ടി ബാക്ക് വേര്‍ഡ്‌ സ്റ്റുഡന്റ്സ് എന്ന തസ്തികയില്‍ നല്ല സീനിയോറിട്ടിയോടെ തന്നെ നിയമനം ലഭിച്ചിരുന്നു. അതു കൊണ്ട് തന്നെ ധാരാളമായി ആനുകൂല്യങ്ങളും ലഭിക്കാന്‍ തുടങ്ങിയിരുന്നു. സെല്‍ഫ് സ്റ്റഡി സമയത്ത്, പ്രത്യേക മുറി, അംഗരക്ഷകര്‍, സ്വന്തമായി എപ്പോള്‍ വേണമെങ്കിലും സഹായത്തിന് ടീച്ചര്‍മാര്‍, ഇതു പാതിരാക്കും ആരെയും വിളിച്ചുണര്‍ത്തി സംശയം ചോദിക്കാനുള്ള സ്വാതന്ത്ര്യം, എല്ലാവരും ഉറങ്ങുമ്പോള്‍ പോലും പഠിക്കാനുള്ള സൗകര്യങ്ങള്‍, പിന്നെ മൊത്തം ക്ലാസ് ആഴ്ച തോറും സ്ഥാനം മാറി ഇരിക്കുമ്പോഴും മുന്നിലെ ബെഞ്ചില്‍ ഇരിക്കാനുള്ള അവകാശങ്ങള്‍, അങ്ങനെ അങ്ങിനെ നീണ്ട് പോകുന്നു ലിസ്റ്റ്. വൈകീട്ട് എല്ലാവരും നിര്‍ബന്ധമായും കളിക്കേണ്ട സമയത്ത് പോലും, ദേഹത്ത് ഒരു തുള്ളി ചളി പറ്റാതെ, കുളിച്ച് സുന്ദരക്കുട്ടന്മാരായി തങ്ങള്‍ക്കു ഇഷ്ടമുള്ള (പാഠ)പുസ്തകങ്ങള്‍ വായിച്ചു രസിക്കാമായിരുന്നു!

   മാസം തോറും മുടങ്ങാതെ നടക്കുന്ന പരീക്ഷകളില്‍ കിട്ടുന്ന കൊട്ടക്കണക്കിനു മാര്‍ക്ക് ചുമന്ന്‍ ടീച്ചര്‍മാര്‍ വരുമ്പോള്‍ ദീപുട്ടനും കൂട്ടുകാരും മാത്രമായിരുന്നു അവരുടെ ആ ജോലി കുറച്ചെങ്കിലും ലഘുകരിച്ചിരുന്നത്. മാത്രമല്ല മൂല്യ നിര്‍ണയം നടത്തി തിരിച്ചു കിട്ടിയ ഉത്തരക്കടലാസും കൊണ്ട് പിന്നെയും ഒന്ന് രണ്ടു മാര്‍ക്കിനു വേണ്ടി ടീച്ചറുടെ കാലു പിടിക്കുകയും, കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് പണ്ടേ ദീപുട്ടന് ഇല്ലായിരുന്നു താനും. പക്ഷെ എന്നെങ്കിലും ഒരു പരീക്ഷക്കെങ്കിലും ഒരു എണ്‍പത് ശതമാനം മാര്‍ക്ക് വാങ്ങണം എന്നത് ദീപുട്ടന്റെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷെ ടീച്ചര്‍മാരോട് കൂടിയുള്ള സ്ഥിര സമ്പര്‍ക്കം കൊണ്ടാകാം, ദീപുട്ടന്‍ പഠിച്ചത് ഒരിക്കലും അവര്‍ പരീക്ഷക്ക്‌ ഇടില്ലായിരുന്നു! ദീപുട്ടനോടുള്ള പ്രത്യേക ഇഷ്ടം മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള ഒരു പ്രത്യേക സൈക്കോളജിക്കല്‍ നീക്കമാകാന്‍ വഴിയുള്ളത് കൊണ്ട് തന്നെ ദീപുട്ടന്‍ അത് മനസ്സിലാക്കി അതൊന്നും കാര്യമായി എടുക്കാറില്ലായിരുന്നു.
അങ്ങനെ കുറച്ചു കാലം കഴിഞ്ഞു പോയപ്പോള്‍ ദീപുട്ടനും ഒരു ആഗ്രഹം, എങ്ങനെയെങ്കിലും അടുത്ത പരീക്ഷക്ക് കുറച്ചു കൂടി മാര്‍ക്ക് വാങ്ങണം. അങ്ങനെ സംഘത്തിലെ എല്ലാവരും ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. അതിനു ശേഷം വരുന്ന പരീക്ഷകള്‍ക്ക് ദീപുട്ടനും കൂട്ടരും തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങിത്തുടങ്ങി. ദീപുട്ടന്‍ ഹാപ്പി, അച്ഛന്‍ അമ്മ, വെരി ഹാപ്പി, ടീച്ചര്‍മാര്‍ വെരി വെരി ഹാപ്പി. അപ്പൊ എന്താ സംഭവം! ചോദ്യക്കടലാസ് കിട്ടിയാലുടന്‍ നോക്കുന്നു, തനിക്ക് ഇതില്‍ ശരിയായി അറിയുന്ന ഉത്തരങ്ങള്‍ എത്ര എണ്ണം ഉണ്ട് എന്ന്, അതിനു ശേഷം ആദ്യം തന്നെ അവസാന ചോദ്യങ്ങളില്‍ നന്നായി അറിയുന്ന ഒന്ന് രണ്ടു ഉത്തരങ്ങള്‍, അതും നീളമുള്ള, നല്ല മാര്‍ക്ക് ഉള്ളവ മാത്രം എഴുതുന്നു, പിന്നെ പുട്ടിനു പീര എന്ന പോലെ തലങ്ങും വിലങ്ങും ഉത്തരങ്ങള്‍ എഴുതുന്നു മൊത്തത്തില്‍ നോക്കിയാല്‍ ആദ്യം ഒരു അഞ്ചു മാര്‍ക്കിന്റെ ചോദ്യത്തിന്റെ ഉത്തരം, പിന്നെ ഒരു രണ്ടു മാര്‍ക്കിന്റെ, പിന്നെ ഒന്നോ രണ്ടോ ഒറ്റ വാക്കോ, പൂരിപ്പിക്കലോ, അതിനു ശേഷം അറിയുന്ന ഏതെങ്കിലും മൂന്നു മാര്‍ക്കിന്റെ, അപ്പോഴേക്കും രണ്ടോ മൂന്നോ പേപ്പര്‍ കഴിഞ്ഞിരിക്കും, അടുത്ത പേജില്‍ പിന്നെയും ആദ്യത്തെ, നന്നായി അറിയുന്ന ഉത്തരം അങ്ങിനെ അങ്ങിനെ പോകും. ചുരുക്കം പറഞ്ഞാല്‍ അറിയുന്ന ഉത്തരം രണ്ടോ മൂന്നോ എണ്ണം ഒരു തവണയില്‍ കൂടുതല്‍ അവിടവിടെയായി വാരി വിതറുന്നു. മാഷ്‌ ഓരോന്നായി നോക്കി രണ്ടു വിരലിന് ഓരോ മാര്‍ക്കെന്ന രീതിയില്‍ മാര്‍ക്കിടുമ്പോള്‍ ദീപുട്ടനും കൂട്ടുകാരും ഹൈ ഫസ്റ്റ് ക്ലാസ്സോടെ പാസ്‌ ആകുന്നു. എത്ര മനോഹരമായ കലാപരിപാടി!.

   മെല്ലെ മെല്ലെ ക്ലാസ്സില്‍ പലര്‍ക്കും ഈ പരിപാടി മനസ്സിലായി, അങ്ങനെയാണ് മുള്ളന്‍ കുട്ടന് ഈ സൂത്രം മനസ്സിലാകുന്നതും. മുള്ളന്‍ എന്ന വട്ടപ്പേര് വന്നത് മുള്ളന്‍ പന്നിയോടുപമ ചൊല്ലാനാകുന്ന പുറകിലോട്ടു വാര്‍ന്നു വെച്ച മുടി കാരണമായിരുന്നു. ആള്‍ ബഹു കേമന്‍, എല്ലാ വിഷയത്തിലും അഗ്രഗണ്യന്‍, ബുദ്ധിമാന്‍, രാവിലെ അസംബ്ലിയില്‍ ഏറ്റവും കൂടുതല്‍ ഉത്തരം പറഞ്ഞ് ക്വിസ് മാസ്റ്ററെ കടത്തി വെട്ടുന്നവന്‍, ടീച്ചര്‍മാരുടെ കണ്ണിലുണ്ണി! പരീക്ഷക്ക്‌ മുള്ളനു കിട്ടുന്ന മാര്‍ക്കുണ്ടെങ്കില്‍ ദീപുട്ടനെപ്പോലെ മൂന്നാള്‍ക്ക് പരീക്ഷ ജയിക്കാം. മുള്ളന്‍ പക്ഷെ ഒരു കള്ളനായിരുന്നു, എല്ലാവരും പഠിക്കുമ്പോള്‍ അവന്‍ കളിയും കച്ചറയുമായി നടക്കും. കൂടെ കൂടുന്ന പാവം സഹപാഠികള്‍ ഉറങ്ങിക്കഴിയുമ്പോള്‍ മുള്ളന്‍ മെല്ലെ എഴുന്നേറ്റ് പഠിത്തം തുടങ്ങും!.
പതിവുപോലെ പരീക്ഷ കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു, കോരമാഷ്‌ ഒരു ഉത്തരക്കടലാസു കെട്ടുമായി ക്ളാസ്സില്‍ കയറി വന്നതും ക്ലാസ്സില്‍ ഒരു കൂട്ടദീര്‍ഗ്ഗ നിശ്വാസം ഉയര്‍ന്നു. കോരമാഷ് വ്യത്യസ്തനാണ്, ആദ്യം മാര്‍ക്ക് കൂടുതലുള്ളവരില്‍ നിന്നും കുറഞ്ഞവരിലേക്ക് എന്ന രീതിയില്‍ ഉത്തരക്കടലാസ് വിതരണം തുടങ്ങും, കുറച്ചു കഴിയുമ്പോള്‍ ഒന്ന് നിര്‍ത്തും പിന്നെ വിളിക്കുന്നവര്‍ക്ക് കടലാസുകള്‍ പറത്തിയാണ് കൊടുക്കുക, കാര്യപ്പെട്ട മാര്‍ക്കും കനവും ഇല്ലാത്തത് കൊണ്ട്, അവ എത്ര ദൂരം വേണമെങ്കിലും പറന്നോളും. ഏറ്റവും അവസാനം സാറിന്റെ കയ്യില്‍ ഒരു കടലാസ് മാത്രം ബാക്കിയാകും, അതാണ് ക്ലാസ്സിലെ ഏറ്റവും മിടുക്കന്‍, ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവന്‍!. വലിയ വ്യത്യാസമൊന്നുമില്ലാതെ കാലങ്ങളായി മുള്ളന്റെ ഉത്തരക്കടലാസ്!
ഒരു വശത്ത് നിന്ന് വിളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പറക്കലും തുടങ്ങി അവസാനം എല്ലാം കഴിഞ്ഞപ്പോള്‍ പതിവിലും വ്യത്യസ്തമായി നാലഞ്ചു കടലാസുണ്ട് മാഷിന്റെ കയ്യില്‍.

  "ആരാ ക്ലാസ്സില്‍ ഫസ്റ്റ് എന്നറിയാമോ?"

 കോരമാഷ് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു. ക്ലാസില്‍ മുള്ളന്‍ ഒഴിച്ചുള്ള എല്ലാ പഠിപ്പിസ്റ്റുകളുടെയും കടലാസ് കിട്ടിയിരുന്നത് കൊണ്ടും, ബാക്കി വന്ന ദീപുട്ടന്റെയും കൂട്ടരുടെയും കാപ്പാസിററ്റി എല്ലാര്‍ക്കും അറിയാവുന്നത് കൊണ്ടും, എല്ലാ നാവിലും അവന്റെ പേര് തന്നെ വന്നു, മുള്ളന്‍ ഒരിത്തിരി നാണത്തോടെ നാലുപാടും നോക്കി പുഞ്ചിരിച്ചു.

  “ഡാ, നീ ഇങ്ങട് വന്നേ” 

  കോരമാഷ് മുള്ളനെ വിളിച്ചു. ക്ലാസിന് അഭിമുഖമായി നിര്‍ത്തി രണ്ടു കൈകൊണ്ടും അവന്റെ തോളില്‍ താളം പിടിച്ചു, എന്നിട്ട് ക്ലാസ്സിനോടായി ചോദിച്ചു

   "ഇവനെത്ര മാര്‍ക്കുണ്ടാകും?"

   നൂറു മുതല്‍ തൊണ്ണൂറ്റി ഏട്ട് വരെയുള്ള സംഖ്യകള്‍ ക്ലാസ്സില്‍ അലയടിച്ചു, കാരണം തൊണ്ണൂറ്റി ഏഴു കിട്ടിയ രണ്ടു മൂന്നു പേര്‍ വേറെയും ഉണ്ടായിരുന്നു

  “അല്ല,” കോരമാഷ് മുള്ളന്‍റെ തോളില്‍ നിന്നും കൈ മെല്ലെ ചെവിയിലേക്ക് നീക്കി ഒന്ന് ചുഴറ്റി പറഞ്ഞു
കടപ്പാട്: ഗൂഗിള്‍

 “ നൂറില്‍ നൂറ്റി അഞ്ച്, അതാണ്‌ ഇവന്റെ മാര്‍ക്ക്”

  ക്ലാസ്സില്‍ ആകെ പിറുപിറുക്കലുകളും, അന്തം വിട്ട നോട്ടങ്ങളും നിറഞ്ഞു, കോരമാഷ് മുള്ളനെ ഒരു ചെവിയില്‍ തൂക്കി നിറുത്തി മറ്റേ കയ്യില്‍ ഉത്തരക്കടലാസ് ഉയര്‍ത്തി കാണിച്ചു, അതെ, നൂറില്‍ നൂറ്റി അഞ്ച് മാര്‍ക്ക്. ദീപുട്ടനും കൂട്ടര്‍ക്കും പെട്ടന്ന് തന്നെ കാര്യം മനസ്സിലായത്‌ കൊണ്ട് എന്ത് ഭേദ്യത്തിനും തയാറായിക്കഴിഞ്ഞിരുന്നു. പക്ഷെ കോരരമാഷിന്റെ മനസ്സിന്റെ നന്മകൊണ്ടോ, അതോ ദീപുട്ടന്റെ പൂര്‍വ്വ ജന്മ സുകൃതം കൊണ്ടോ, ശിക്ഷ എല്ലാ ഉത്തരങ്ങളും അഞ്ചു വട്ടം എഴുതാനും, പിന്നെ ഒരു റീ ടെസ്റ്റിലും ഒതുങ്ങി.

  ശരിക്കും സംഭവിച്ചത് എന്തെന്നാല്‍, ഒന്നു രണ്ടു ചോദ്യങ്ങള്‍ ശരിയായി എഴുതിയില്ല എന്ന് തോന്നിയപ്പോള്‍ മുള്ളന്‍ ദീപുട്ടന്‍ ആന്‍ഡ്‌ പാര്‍ട്ടിയുടെ ടെക്നിക് ഒന്ന് പ്രയോഗിക്കാന്‍ തീരുമാനിച്ചു, മുള്ളന്‍ എന്തെഴുതിയാലും ശരിയായിരിക്കും എന്ന് പരിപൂര്‍ണ്ണ വിശ്വാസം ഉള്ള കോരമാഷാകട്ടെ, എല്ലാത്തിനും അകമഴിഞ്ഞ് മാര്‍ക്ക് കൊടുക്കുകയും ചെയ്തു, അവസാനം കൂട്ടി നോക്കിയപ്പോള്‍ കള്ളി പൊളിഞ്ഞു. അതോടെ കോരമാഷ് എല്ലാ ഉത്തരക്കടലാസുകളും രണ്ടാമത് പരിശോധിക്കുകയും എല്ലാവരെയും കയ്യോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുരുക്കം പറഞ്ഞാല്‍ അവിടെ മുതല്‍ ദീപുട്ടന്‍ ആന്‍ഡ്‌ കമ്പനിയുടെ പഠന നിലവാരം ഗ്രാഫ് ഇന്ത്യവിട്ട റോക്കറ്റ് പോലെ താഴേക്ക് കൂപ്പു കുത്തി. ആകെ ഒരു ഗുണം, അന്ന്‍ ആ പരീക്ഷക്ക്‌ ചോദിച്ച ചോദ്യങ്ങള്‍ ഏത് പാതിരാത്രി ചോദിച്ചാലും പറയാന്‍ ഉതകും വിധം തലയില്‍ കയറി എന്നതാണ്.

വാല്‍ കഷ്ണം :- അത്യാവശ്യം മാര്‍ക്കൊക്കെ വാങ്ങി നടന്നിരുന്നു ടീമിന്റെ വയറ്റത്തടിച്ച മുള്ളന് നല്ല ഒരു പണി കൊടുക്കണം എന്ന് എല്ലാവരും കൂടി വിചാരിച്ചെങ്കിലും, ഒന്ന് കൂടി ഇരുത്തി ചിന്തിച്ചപ്പോള്‍, തങ്ങളുടെ തട്ടിപ്പ് പുറത്ത് വന്നില്ലായിരുന്നെങ്കില്‍ കൊല്ലപ്പരീക്ഷക്ക് ഈ വേലത്തരത്തിനു കോഴിമുട്ടയുടെ രൂപത്തില്‍ മാര്‍ക്ക് കിട്ടിയേനെ എന്ന തിരിച്ചറിവില്‍ മുള്ളനു മാപ്പ് കൊടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. 

ചെങ്കണ്ണ്

   എല്ലാ വര്‍ഷവും മുടങ്ങാതെ മൂന്ന് നാല് ദിവസം അവധിയുമായി വരുന്ന ഒരു വില്ലനായിരുന്നു കണ്ണു സൂക്കേട്. വേനലില്‍ ആരെങ്കിലും ഒരാള്‍ വീട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന സംഗതി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പത്തെഴുപത്‌ കുട്ടികള്‍ക്ക് പകരുകയും പകര്‍ച്ച വ്യാധി തടയാനായി എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യും. മാറി എന്ന് പൂര്‍ണ്ണ ബോധ്യം ഉണ്ടെങ്കില്‍ മാത്രം തിരിച്ചു വന്നാല്‍ മതി എന്നത് കൊണ്ടും, വേണമെങ്കില്‍ തിരിച്ചു വന്നു വീണ്ടും അസുഖം വന്നാല്‍ പിന്നെയും പോകാം എന്നുള്ളതും ആഹ്ലാദകരമായ ഒരു സത്യം ആയിരുന്നു. ദീപുട്ടന്‍ എല്ലാ വര്‍ഷവും ഇതിനായി ഒരാഴ്ചയോളം ലീവ് എടുക്കാറുണ്ടായിരുന്നു. ആദ്യത്തെ രണ്ടു വര്‍ഷം ദീപുട്ടന് ശരിക്കും കണ്ണസുഖം വന്നു എന്നതാണ് സത്യം. പിന്നീടുള്ള വര്‍ഷങ്ങളില്‍ നോക്കിയാല്‍ പടരും എന്ന പേരുള്ളത് കൊണ്ട് പല കണ്ണിലും തുറിച്ചു നോക്കിയിരുന്നു, എന്നിട്ടും വരാതിരുന്നപ്പോള്‍, കണ്ണു തൊട്ട് കണ്ണില്‍ വെക്കല്‍, അസുഖക്കാരുടെ ടവല്‍ എടുത്തു മുഖം തുടക്കല്‍ ഇത്യാദി എല്ലാ പരിപാടികളും മറ്റെല്ലാവരെയും പോലെ ദീപുട്ടനും പയറ്റി.

   നാല് കൊല്ലം കഴിഞ്ഞപ്പോഴേക്കും കീടാണുവിനു മടുത്തു, “ബ്ലടി ബഗ്ഗര്‍, ദിസ്‌ ദീപുട്ടന്‍ ബോയ്‌, ഇനി ഞാനില്ല അവന്റെ കണ്ണില്‍ കയറാന്‍, എന്റെ പേരില്‍ ലീവ് എടുത്തു സുഖിക്കുന്നു, ഇത്രേം ബുദ്ധിമുട്ടുന്നതിന് എനിക്ക് ഒരു വെലേം ഇല്ലേ!” എന്നാലോചിച്ച് ദീപുട്ടനെ ലിസ്റ്റില്‍ നിന്നും തട്ടി. അപ്പൊ പിന്നെ ദീപുട്ടനും കൂട്ടരും മറ്റുചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. യൂക്കാലി എണ്ണ , വിക്സ്, അമൃതാന്ജന്‍ മുതലായ പല വസ്തുക്കളും കണ്ണില്‍ തേച്ച് കണ്ണു ചുവപ്പിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വിക്സ് തേച്ചു ചുകന്നിരുന്ന കണ്ണു പിന്നെപ്പിന്നെ അതിനൊന്നും കുലുങ്ങാതെയായി. മാത്രമല്ല കണ്ണസുഖം പിടിച്ചവരെ വരിക്കു നിര്‍ത്തി മണപ്പിച്ച് നോക്കി ഇമ്മാതിരി എന്തെങ്കിലും മണം കിട്ടിയാല്‍ ആര്‍ട്ട് സാറിന്റെ മുന്നില്‍ തുടര്‍നടപടികള്‍ക്കായി പറഞ്ഞയക്കുന്ന ഒരു കാലമായിരുന്നു അത്. പുള്ളീടെ ചൂരല്‍ ച്ലക്കോം പ്ലക്കോം എന്ന് പതിയുമ്പോള്‍ കണ്ണും ചന്തിയും ഒരു പോലെ ചുവക്കുന്നത് കൊണ്ട് പലരും ആ ഉദ്യമത്തില്‍ നിന്നും മാറി നിന്നിരുന്നു.

   
കടപ്പാട് : ഗൂഗിള്‍
അപ്പോഴാണ്‌ നമ്മുടെ നമ്പുരിക്കുട്ടന്‍ ഒരു ദിവസം കണ്ണൊക്കെ ചോര പോലെ ചുവപ്പിച്ചു വരുന്നത് കാണുന്നത്, ഇത്രയൊക്കെയായിട്ടും ഇഷ്ടന് ഒരു കുലുക്കവുമില്ലെന്നു മാത്രമല്ല, മുഖത്ത് നല്ല ചിരിയും ഉണ്ട്. ഇത്ര ചുവക്കണമെങ്കില്‍ ഒരു ഫുള്‍ ബോട്ടില്‍ വിക്സ് ചിലവാക്കേണ്ടി വരും, പക്ഷെ ഇവനെയാണെങ്കില്‍ ഒരു മണം പോലും ഇല്ല താനും! ഏതായാലും രഹസ്യമായി അവനെ വേണ്ട വിധം കണ്ടപ്പോള്‍ ഇഷ്ടന്‍ കീശയില്‍ നിന്നും ഒരു കായ എടുത്ത് ഒരു കുഞ്ഞി കഷ്ണം ദീപുട്ടന് കൊടുത്തു. എന്താ സാധനം? ചുണ്ടങ്ങ!, കഥകളിക്കാര്‍ കണ്ണു ചുവപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഇതിന്റെ കുരുവാണത്രേ! ഇഷ്ടന്‍ കായ ഒന്ന് പരീക്ഷിച്ചു, കൂടെ ഗിനിപ്പന്നി ആകാന്‍ ദീപുട്ടനെയും ക്ഷണിച്ചു. കായ കൈകൊണ്ട് ഒന്നമര്‍ത്തി  അതിന്റെ നീര് ഇത്തിരി രണ്ടു കണ്ണിലും തൊട്ടതും ദീപുട്ടന്റെ കണ്ണ് നല്ല തെച്ചിപ്പൂ പോലെ തുടുത്തു വന്നു. കൂടെ കണ്ണ് ഇത്തിരി ചെറുതാക്കി പിടിക്കുകയും കൂടി ചെയ്ത് ദീപുട്ടന്‍ കണ്ണാടിയില്‍ ഒന്ന് നോക്കിയതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. അതു കൂടിയായപ്പോള്‍ സംഗതി ഉഷാര്‍, ദീപുട്ടന്‍ ഉടനെത്തന്നെ മെഡിസിനു പോയി.(സിസ്റ്ററെ കാണാന്‍ ക്ളിനിക്കില്‍ പോകുന്നതിനെയാണ് കേട്ടോ മെഡിസിനു പോവല്‍ എന്ന് പറയുന്നത്!). കണ്ണ് കണ്ടതും സിസ്റ്റര്‍ ഞെട്ടി, നോക്കിയാല്‍ പകര്‍ന്നാലോ എന്ന ഭീതിയാല്‍ കണ്ണ് രണ്ടും മുറുക്കിയടച്ചു എന്ന് മാത്രമല്ല ഉടനെത്തന്നെ ദീപുട്ടന് വീട്ടില്‍ പോകാന്‍ വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഏതായാലും ശേഷിച്ച രണ്ടു കൊല്ലവും നമ്പൂരിക്കുട്ടന്റെ ചെപ്പടി വിദ്യ കൊണ്ട് ദീപുട്ടന്‍ വല്യ ബുദ്ധിമുട്ടില്ലാതെ തന്നെ സിക്ക് ലീവ് എടുത്തു നാടിനെയും നാട്ടുകാരെയും സന്ദര്‍ശിച്ചു വന്നു.