Sunday, October 2, 2016

ഏറുമാടം

  പത്താം തരം പരീക്ഷ നടക്കുന്ന സമയം, പഠിത്തത്തിന്റെ ചൂട് തലയില്‍ കയറി നില്‍ക്കുന്നത് കൊണ്ടും, ക്ലാസ് മുറിയില്‍ ഉറക്കെ വായിച്ചു പഠിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ടും, സ്കൂളില്‍ പുതിയ ഒരു ഉത്തരവ് ഇറങ്ങി. പത്താം ക്ലാസ്സുകാര്‍ക്ക് എവിടെയും ഇരുന്നു പഠിക്കാം! ഉത്തരവ് ഇറങ്ങിയ പാതി, ഇറങ്ങാത്ത പാതി, സ്കൂളിന്റെ മുക്കിലും മൂലയിലും പഠന ക്യാമ്പുകള്‍ ഉയര്‍ന്നു. കാമ്പസ്സിന്റെ ആകെയുള്ള ഹരിതാഭയായുള്ള പറങ്കിമാങ്ങാ മരങ്ങളും, പണി തീരാത്ത കെട്ടിടങ്ങളും എല്ലാം ഒറ്റക്കും കൂട്ടമായും പഠിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് നിറഞ്ഞു. മെല്ലെ മെല്ലെ ഹാരപ്പാ, മോഹന്‍ ജദാരോ എന്ന പോലെ അവിടെ ഒരു സംസ്കാരം ഉരുത്തിരിഞ്ഞു. ആദ്യമൊക്കെ മാവിന്‍ ചുവട്ടിലെ പാറപ്പുറവും, പിന്നീട് പുതപ്പു കൊണ്ട് ഒരു കുഞ്ഞു ടെന്റും, ഇരിക്കാന്‍ കാര്‍ഡ്‌ ബോര്‍ഡ്‌, തുണി ഇത്യാദികളുടെ പ്രാഥമിക സൌകര്യങ്ങളും, പോകപ്പോകെ നാരങ്ങ വെള്ളം കലക്കിയതും, അല്ലറ ചില്ലറ കൊറിക്കാന്‍ ഉള്ള സാധനങ്ങളും ഒക്കെയായി സംഗതി പൊലിമ കൂടാന്‍ തുടങ്ങി. അതിനിടെയാണ് ഒരു വിദ്വാന്‍ ഏറുമാടം ഉണ്ടാക്കുന്ന വിദ്യ വശത്താക്കിയത്! കേരള സംസ്ഥാന നിര്‍മാണ വകുപ്പിന്റെ സ്വന്തമായിരുന്ന പല നിര്‍മ്മാണ സാമഗ്രികളും നാഥന്‍ ഇല്ലാതെ ചിതറിക്കിടക്കുന്നതില്‍ നിന്നും ചില വസ്തു വകകള്‍ ഉപയോഗിച്ച്, പണി തീരാത്ത കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ ആയിരുന്നു ഏറുമാട നിര്‍മ്മിതി. വളരെ വേഗം തന്നെ ആ സൂത്രം ദീപുട്ടനും പഠിച്ചെടുത്തു എന്ന് മാത്രമല്ല, തന്റെ സുഹൃത്തുക്കള്‍ക്കായി കുറേ എണ്ണം പണിഞ്ഞു കൊടുക്കുകയും ചെയ്തു. അപ്പോഴാണ്‌ സ്വന്തമായി തനിക്കും ഒന്നാകാം എന്ന ചിന്ത ദീപുട്ടനെ മഥിക്കുന്നത്. അങ്ങനെ നല്ല തണുപ്പും സൌകര്യവും ഉള്ള ഒരു മൂലയില്‍ ദീപുട്ടന്‍ തന്റെ മാസ്റ്റര്‍ പീസ് ഏറുമാടം പണിഞ്ഞു. ഏറുമാടം എന്നാല്‍ ഒരു ഒന്നൊന്നര ഏറുമാടം!, മൂന്നു പേര്‍ക്ക് ഒന്നിച്ചിരുന്നു പഠിക്കാനും, രണ്ടു പേര്‍ക്ക് കിടന്നുറങ്ങാനും സൌകര്യമുള്ള വലിയ ഒരു ഏറുമാടം. പക്ഷെ ആവേശത്തില്‍ ദീപുട്ടന്‍ ഏറുമാടം കെട്ടുന്നത് പഠിക്കാനാണ് എന്ന സത്യം മറന്നു പോയി!. വെളിച്ചം അധികം കടന്നു വരാത്ത ഒരു മുറിയായിരുന്നു ദീപുട്ടന്‍ തിരഞ്ഞെടുത്തത്, കൂടെ നല്ല തണുപ്പും. കുറച്ചു നേരം വായിച്ചു കഴിയുമ്പോള്‍ ചെറുതായി ഒന്ന് ചെരിഞ്ഞിരിക്കാനും, പിന്നെ ഒന്ന് കിടന്നു വായിക്കാനും പിന്നീട് അറിയാതെ തന്നെ സുഖകരമായി നിദ്രയിലേക്ക് അലിഞ്ഞു ചേരാനും ഉതകുമായിരുന്നു ദീപുട്ടന്റെ ഏറുമാടം. ഇടക്ക് ചാരപ്പണിയുമായി വരുന്ന ടീച്ചര്‍മാരുടെ കണ്ണില്‍ പെടില്ല എന്ന ഗുണവും ഇതിനുണ്ടായിരുന്നു. ക്ലാസ്സ് മുറികള്‍ക്ക് വളരെ അടുത്തുള്ള പണി തീരാത്ത ലാബില്‍ ആയിരുന്നു ഏറുമാടം, അത് കൊണ്ട് തന്നെ സ്കൂളിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി നടന്നിരുന്ന ടീച്ചര്‍മാര്‍ തങ്ങളുടെ മൂക്കിന്നടിയില്‍ ഇത്തരം ഒരു കലാപരിപാടി നടക്കുമെന്ന് സ്വപ്നേപി നിരീച്ചില്യ ന്നു തന്നെ കണക്കാക്കണം! പതുക്കെ പതുക്കെ ദീപുട്ടന്‍ സൌകര്യങ്ങള്‍ കൂട്ടിക്കൂട്ടി ഏറുമാടം ഒരു സ്വര്‍ഗമാക്കി മാറ്റി. പതുപതുത്ത ഇര്പ്പിടം, തലയിണ, ബെഡ് ഷീറ്റ്, വിശറി, ബുക്ക് ഷെല്‍ഫ്, അങ്ങിനെ അങ്ങിനെ സൗകര്യങ്ങള്‍ നീണ്ടു പോയി. സ്റ്റഡി ലീവ് ആയപ്പോഴേക്കും, അസ്സംബ്ലി കഴിയുന്നു, എല്ലാവരും തങ്ങളുടെ പഠന ക്യാമ്പുകളിലും ഏറുമാടങ്ങളിലും സ്ഥലം പിടിക്കുന്നു, പഠനത്തില്‍ മുഴുകുന്നു, ദീപുട്ടന്‍ എന്നെത്തെയും പോലെ മെല്ലെ മെല്ലെ ചായുന്നു ചെരിയുന്നു, കിടക്കുന്നു, ഉറങ്ങുന്നു! ഉച്ചക്ക് ഊണ് കഴിക്കുന്നു, കുറച്ചു നേരം വിശ്രമിക്കുന്നു പിന്നെയും പഠിച്ചു പഠിച്ച് ഉറക്കം പ്രാപിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ പഠിത്തം കോഞ്ഞാട്ട, ഉറക്കം ഭലേ ഭേഷ്!
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു മാസത്തെ സ്റ്റഡി ലീവ് ദീപുട്ടന്റെ പഠന നിലവാരത്തെ പാടേ തകര്‍ത്തു എന്ന് മാത്രമല്ല, പകല്‍ ഉറക്കത്തിന്റെ ശീലം കാരണം, ക്ലാസ്സില്‍ ഉണര്‍ന്നിരിക്കുന്നത് ഒരു വല്ലാത്ത അനുഭവമായി ഭവിച്ചു. എന്തിനേറെ പറയുന്നു, പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴേക്കും, ദീപുട്ടന്‍ കമ്പാര്‍ട്ട്മെന്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ ആരും പറയാതെ തന്നെ തുടങ്ങി. പക്ഷെ ആരുടെക്കെയോ പ്രാര്‍ഥനയും ഗുരുത്വവും കൊണ്ടായിരിക്കണം, ദീപുട്ടന്‍ കഷ്ടിച്ച് ഫസ്റ്റ് ക്ലാസോടെ പത്താം തരം പാസായി എന്ന് മാത്രമല്ല സയന്‍സ് ഗ്രൂപ്പ്‌ കിട്ടി അതെ സ്കൂളില്‍ തുടരാനുള്ള മാര്‍ക്കും കരസ്ഥമാക്കി.


വാല്‍ കഷ്ണം:- ചന്തിക്ക് പുളിവടി വെച്ച് നല്ല പൂശ് കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ദീപുട്ടന്‍ സ്കൂളിന്റെ തന്നെ ഒരു അഭിമാന താരമായി മാറിയേനെ എന്ന്‍ മനസ്സിലാക്കിയ ഒരു അധ്യാപകനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ദീപുട്ടന്‍ പലപ്പോഴും ശിഷ്ട ജീവിതത്തില്‍ ആശിച്ചു പോയിട്ടുണ്ട്!