Sunday, August 14, 2016

ചെങ്കണ്ണ്

   എല്ലാ വര്‍ഷവും മുടങ്ങാതെ മൂന്ന് നാല് ദിവസം അവധിയുമായി വരുന്ന ഒരു വില്ലനായിരുന്നു കണ്ണു സൂക്കേട്. വേനലില്‍ ആരെങ്കിലും ഒരാള്‍ വീട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന സംഗതി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പത്തെഴുപത്‌ കുട്ടികള്‍ക്ക് പകരുകയും പകര്‍ച്ച വ്യാധി തടയാനായി എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യും. മാറി എന്ന് പൂര്‍ണ്ണ ബോധ്യം ഉണ്ടെങ്കില്‍ മാത്രം തിരിച്ചു വന്നാല്‍ മതി എന്നത് കൊണ്ടും, വേണമെങ്കില്‍ തിരിച്ചു വന്നു വീണ്ടും അസുഖം വന്നാല്‍ പിന്നെയും പോകാം എന്നുള്ളതും ആഹ്ലാദകരമായ ഒരു സത്യം ആയിരുന്നു. ദീപുട്ടന്‍ എല്ലാ വര്‍ഷവും ഇതിനായി ഒരാഴ്ചയോളം ലീവ് എടുക്കാറുണ്ടായിരുന്നു. ആദ്യത്തെ രണ്ടു വര്‍ഷം ദീപുട്ടന് ശരിക്കും കണ്ണസുഖം വന്നു എന്നതാണ് സത്യം. പിന്നീടുള്ള വര്‍ഷങ്ങളില്‍ നോക്കിയാല്‍ പടരും എന്ന പേരുള്ളത് കൊണ്ട് പല കണ്ണിലും തുറിച്ചു നോക്കിയിരുന്നു, എന്നിട്ടും വരാതിരുന്നപ്പോള്‍, കണ്ണു തൊട്ട് കണ്ണില്‍ വെക്കല്‍, അസുഖക്കാരുടെ ടവല്‍ എടുത്തു മുഖം തുടക്കല്‍ ഇത്യാദി എല്ലാ പരിപാടികളും മറ്റെല്ലാവരെയും പോലെ ദീപുട്ടനും പയറ്റി.

   നാല് കൊല്ലം കഴിഞ്ഞപ്പോഴേക്കും കീടാണുവിനു മടുത്തു, “ബ്ലടി ബഗ്ഗര്‍, ദിസ്‌ ദീപുട്ടന്‍ ബോയ്‌, ഇനി ഞാനില്ല അവന്റെ കണ്ണില്‍ കയറാന്‍, എന്റെ പേരില്‍ ലീവ് എടുത്തു സുഖിക്കുന്നു, ഇത്രേം ബുദ്ധിമുട്ടുന്നതിന് എനിക്ക് ഒരു വെലേം ഇല്ലേ!” എന്നാലോചിച്ച് ദീപുട്ടനെ ലിസ്റ്റില്‍ നിന്നും തട്ടി. അപ്പൊ പിന്നെ ദീപുട്ടനും കൂട്ടരും മറ്റുചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. യൂക്കാലി എണ്ണ , വിക്സ്, അമൃതാന്ജന്‍ മുതലായ പല വസ്തുക്കളും കണ്ണില്‍ തേച്ച് കണ്ണു ചുവപ്പിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വിക്സ് തേച്ചു ചുകന്നിരുന്ന കണ്ണു പിന്നെപ്പിന്നെ അതിനൊന്നും കുലുങ്ങാതെയായി. മാത്രമല്ല കണ്ണസുഖം പിടിച്ചവരെ വരിക്കു നിര്‍ത്തി മണപ്പിച്ച് നോക്കി ഇമ്മാതിരി എന്തെങ്കിലും മണം കിട്ടിയാല്‍ ആര്‍ട്ട് സാറിന്റെ മുന്നില്‍ തുടര്‍നടപടികള്‍ക്കായി പറഞ്ഞയക്കുന്ന ഒരു കാലമായിരുന്നു അത്. പുള്ളീടെ ചൂരല്‍ ച്ലക്കോം പ്ലക്കോം എന്ന് പതിയുമ്പോള്‍ കണ്ണും ചന്തിയും ഒരു പോലെ ചുവക്കുന്നത് കൊണ്ട് പലരും ആ ഉദ്യമത്തില്‍ നിന്നും മാറി നിന്നിരുന്നു.

   
കടപ്പാട് : ഗൂഗിള്‍
അപ്പോഴാണ്‌ നമ്മുടെ നമ്പുരിക്കുട്ടന്‍ ഒരു ദിവസം കണ്ണൊക്കെ ചോര പോലെ ചുവപ്പിച്ചു വരുന്നത് കാണുന്നത്, ഇത്രയൊക്കെയായിട്ടും ഇഷ്ടന് ഒരു കുലുക്കവുമില്ലെന്നു മാത്രമല്ല, മുഖത്ത് നല്ല ചിരിയും ഉണ്ട്. ഇത്ര ചുവക്കണമെങ്കില്‍ ഒരു ഫുള്‍ ബോട്ടില്‍ വിക്സ് ചിലവാക്കേണ്ടി വരും, പക്ഷെ ഇവനെയാണെങ്കില്‍ ഒരു മണം പോലും ഇല്ല താനും! ഏതായാലും രഹസ്യമായി അവനെ വേണ്ട വിധം കണ്ടപ്പോള്‍ ഇഷ്ടന്‍ കീശയില്‍ നിന്നും ഒരു കായ എടുത്ത് ഒരു കുഞ്ഞി കഷ്ണം ദീപുട്ടന് കൊടുത്തു. എന്താ സാധനം? ചുണ്ടങ്ങ!, കഥകളിക്കാര്‍ കണ്ണു ചുവപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഇതിന്റെ കുരുവാണത്രേ! ഇഷ്ടന്‍ കായ ഒന്ന് പരീക്ഷിച്ചു, കൂടെ ഗിനിപ്പന്നി ആകാന്‍ ദീപുട്ടനെയും ക്ഷണിച്ചു. കായ കൈകൊണ്ട് ഒന്നമര്‍ത്തി  അതിന്റെ നീര് ഇത്തിരി രണ്ടു കണ്ണിലും തൊട്ടതും ദീപുട്ടന്റെ കണ്ണ് നല്ല തെച്ചിപ്പൂ പോലെ തുടുത്തു വന്നു. കൂടെ കണ്ണ് ഇത്തിരി ചെറുതാക്കി പിടിക്കുകയും കൂടി ചെയ്ത് ദീപുട്ടന്‍ കണ്ണാടിയില്‍ ഒന്ന് നോക്കിയതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. അതു കൂടിയായപ്പോള്‍ സംഗതി ഉഷാര്‍, ദീപുട്ടന്‍ ഉടനെത്തന്നെ മെഡിസിനു പോയി.(സിസ്റ്ററെ കാണാന്‍ ക്ളിനിക്കില്‍ പോകുന്നതിനെയാണ് കേട്ടോ മെഡിസിനു പോവല്‍ എന്ന് പറയുന്നത്!). കണ്ണ് കണ്ടതും സിസ്റ്റര്‍ ഞെട്ടി, നോക്കിയാല്‍ പകര്‍ന്നാലോ എന്ന ഭീതിയാല്‍ കണ്ണ് രണ്ടും മുറുക്കിയടച്ചു എന്ന് മാത്രമല്ല ഉടനെത്തന്നെ ദീപുട്ടന് വീട്ടില്‍ പോകാന്‍ വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഏതായാലും ശേഷിച്ച രണ്ടു കൊല്ലവും നമ്പൂരിക്കുട്ടന്റെ ചെപ്പടി വിദ്യ കൊണ്ട് ദീപുട്ടന്‍ വല്യ ബുദ്ധിമുട്ടില്ലാതെ തന്നെ സിക്ക് ലീവ് എടുത്തു നാടിനെയും നാട്ടുകാരെയും സന്ദര്‍ശിച്ചു വന്നു.

3 comments: