Sunday, August 14, 2016

അത്യാഗ്രഹം ആപത്ത്!

   എട്ടാം തരം കടന്നു കഴിഞ്ഞപ്പോഴേക്കും ദീപുട്ടനും കൂട്ടരും ബാക്ക് ബെഞ്ചെഴ്സ് എന്ന തസ്തികയില്‍ നിന്നും കയറ്റം കിട്ടി ബാക്ക് വേര്‍ഡ്‌ സ്റ്റുഡന്റ്സ് എന്ന തസ്തികയില്‍ നല്ല സീനിയോറിട്ടിയോടെ തന്നെ നിയമനം ലഭിച്ചിരുന്നു. അതു കൊണ്ട് തന്നെ ധാരാളമായി ആനുകൂല്യങ്ങളും ലഭിക്കാന്‍ തുടങ്ങിയിരുന്നു. സെല്‍ഫ് സ്റ്റഡി സമയത്ത്, പ്രത്യേക മുറി, അംഗരക്ഷകര്‍, സ്വന്തമായി എപ്പോള്‍ വേണമെങ്കിലും സഹായത്തിന് ടീച്ചര്‍മാര്‍, ഇതു പാതിരാക്കും ആരെയും വിളിച്ചുണര്‍ത്തി സംശയം ചോദിക്കാനുള്ള സ്വാതന്ത്ര്യം, എല്ലാവരും ഉറങ്ങുമ്പോള്‍ പോലും പഠിക്കാനുള്ള സൗകര്യങ്ങള്‍, പിന്നെ മൊത്തം ക്ലാസ് ആഴ്ച തോറും സ്ഥാനം മാറി ഇരിക്കുമ്പോഴും മുന്നിലെ ബെഞ്ചില്‍ ഇരിക്കാനുള്ള അവകാശങ്ങള്‍, അങ്ങനെ അങ്ങിനെ നീണ്ട് പോകുന്നു ലിസ്റ്റ്. വൈകീട്ട് എല്ലാവരും നിര്‍ബന്ധമായും കളിക്കേണ്ട സമയത്ത് പോലും, ദേഹത്ത് ഒരു തുള്ളി ചളി പറ്റാതെ, കുളിച്ച് സുന്ദരക്കുട്ടന്മാരായി തങ്ങള്‍ക്കു ഇഷ്ടമുള്ള (പാഠ)പുസ്തകങ്ങള്‍ വായിച്ചു രസിക്കാമായിരുന്നു!

   മാസം തോറും മുടങ്ങാതെ നടക്കുന്ന പരീക്ഷകളില്‍ കിട്ടുന്ന കൊട്ടക്കണക്കിനു മാര്‍ക്ക് ചുമന്ന്‍ ടീച്ചര്‍മാര്‍ വരുമ്പോള്‍ ദീപുട്ടനും കൂട്ടുകാരും മാത്രമായിരുന്നു അവരുടെ ആ ജോലി കുറച്ചെങ്കിലും ലഘുകരിച്ചിരുന്നത്. മാത്രമല്ല മൂല്യ നിര്‍ണയം നടത്തി തിരിച്ചു കിട്ടിയ ഉത്തരക്കടലാസും കൊണ്ട് പിന്നെയും ഒന്ന് രണ്ടു മാര്‍ക്കിനു വേണ്ടി ടീച്ചറുടെ കാലു പിടിക്കുകയും, കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് പണ്ടേ ദീപുട്ടന് ഇല്ലായിരുന്നു താനും. പക്ഷെ എന്നെങ്കിലും ഒരു പരീക്ഷക്കെങ്കിലും ഒരു എണ്‍പത് ശതമാനം മാര്‍ക്ക് വാങ്ങണം എന്നത് ദീപുട്ടന്റെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷെ ടീച്ചര്‍മാരോട് കൂടിയുള്ള സ്ഥിര സമ്പര്‍ക്കം കൊണ്ടാകാം, ദീപുട്ടന്‍ പഠിച്ചത് ഒരിക്കലും അവര്‍ പരീക്ഷക്ക്‌ ഇടില്ലായിരുന്നു! ദീപുട്ടനോടുള്ള പ്രത്യേക ഇഷ്ടം മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള ഒരു പ്രത്യേക സൈക്കോളജിക്കല്‍ നീക്കമാകാന്‍ വഴിയുള്ളത് കൊണ്ട് തന്നെ ദീപുട്ടന്‍ അത് മനസ്സിലാക്കി അതൊന്നും കാര്യമായി എടുക്കാറില്ലായിരുന്നു.
അങ്ങനെ കുറച്ചു കാലം കഴിഞ്ഞു പോയപ്പോള്‍ ദീപുട്ടനും ഒരു ആഗ്രഹം, എങ്ങനെയെങ്കിലും അടുത്ത പരീക്ഷക്ക് കുറച്ചു കൂടി മാര്‍ക്ക് വാങ്ങണം. അങ്ങനെ സംഘത്തിലെ എല്ലാവരും ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. അതിനു ശേഷം വരുന്ന പരീക്ഷകള്‍ക്ക് ദീപുട്ടനും കൂട്ടരും തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങിത്തുടങ്ങി. ദീപുട്ടന്‍ ഹാപ്പി, അച്ഛന്‍ അമ്മ, വെരി ഹാപ്പി, ടീച്ചര്‍മാര്‍ വെരി വെരി ഹാപ്പി. അപ്പൊ എന്താ സംഭവം! ചോദ്യക്കടലാസ് കിട്ടിയാലുടന്‍ നോക്കുന്നു, തനിക്ക് ഇതില്‍ ശരിയായി അറിയുന്ന ഉത്തരങ്ങള്‍ എത്ര എണ്ണം ഉണ്ട് എന്ന്, അതിനു ശേഷം ആദ്യം തന്നെ അവസാന ചോദ്യങ്ങളില്‍ നന്നായി അറിയുന്ന ഒന്ന് രണ്ടു ഉത്തരങ്ങള്‍, അതും നീളമുള്ള, നല്ല മാര്‍ക്ക് ഉള്ളവ മാത്രം എഴുതുന്നു, പിന്നെ പുട്ടിനു പീര എന്ന പോലെ തലങ്ങും വിലങ്ങും ഉത്തരങ്ങള്‍ എഴുതുന്നു മൊത്തത്തില്‍ നോക്കിയാല്‍ ആദ്യം ഒരു അഞ്ചു മാര്‍ക്കിന്റെ ചോദ്യത്തിന്റെ ഉത്തരം, പിന്നെ ഒരു രണ്ടു മാര്‍ക്കിന്റെ, പിന്നെ ഒന്നോ രണ്ടോ ഒറ്റ വാക്കോ, പൂരിപ്പിക്കലോ, അതിനു ശേഷം അറിയുന്ന ഏതെങ്കിലും മൂന്നു മാര്‍ക്കിന്റെ, അപ്പോഴേക്കും രണ്ടോ മൂന്നോ പേപ്പര്‍ കഴിഞ്ഞിരിക്കും, അടുത്ത പേജില്‍ പിന്നെയും ആദ്യത്തെ, നന്നായി അറിയുന്ന ഉത്തരം അങ്ങിനെ അങ്ങിനെ പോകും. ചുരുക്കം പറഞ്ഞാല്‍ അറിയുന്ന ഉത്തരം രണ്ടോ മൂന്നോ എണ്ണം ഒരു തവണയില്‍ കൂടുതല്‍ അവിടവിടെയായി വാരി വിതറുന്നു. മാഷ്‌ ഓരോന്നായി നോക്കി രണ്ടു വിരലിന് ഓരോ മാര്‍ക്കെന്ന രീതിയില്‍ മാര്‍ക്കിടുമ്പോള്‍ ദീപുട്ടനും കൂട്ടുകാരും ഹൈ ഫസ്റ്റ് ക്ലാസ്സോടെ പാസ്‌ ആകുന്നു. എത്ര മനോഹരമായ കലാപരിപാടി!.

   മെല്ലെ മെല്ലെ ക്ലാസ്സില്‍ പലര്‍ക്കും ഈ പരിപാടി മനസ്സിലായി, അങ്ങനെയാണ് മുള്ളന്‍ കുട്ടന് ഈ സൂത്രം മനസ്സിലാകുന്നതും. മുള്ളന്‍ എന്ന വട്ടപ്പേര് വന്നത് മുള്ളന്‍ പന്നിയോടുപമ ചൊല്ലാനാകുന്ന പുറകിലോട്ടു വാര്‍ന്നു വെച്ച മുടി കാരണമായിരുന്നു. ആള്‍ ബഹു കേമന്‍, എല്ലാ വിഷയത്തിലും അഗ്രഗണ്യന്‍, ബുദ്ധിമാന്‍, രാവിലെ അസംബ്ലിയില്‍ ഏറ്റവും കൂടുതല്‍ ഉത്തരം പറഞ്ഞ് ക്വിസ് മാസ്റ്ററെ കടത്തി വെട്ടുന്നവന്‍, ടീച്ചര്‍മാരുടെ കണ്ണിലുണ്ണി! പരീക്ഷക്ക്‌ മുള്ളനു കിട്ടുന്ന മാര്‍ക്കുണ്ടെങ്കില്‍ ദീപുട്ടനെപ്പോലെ മൂന്നാള്‍ക്ക് പരീക്ഷ ജയിക്കാം. മുള്ളന്‍ പക്ഷെ ഒരു കള്ളനായിരുന്നു, എല്ലാവരും പഠിക്കുമ്പോള്‍ അവന്‍ കളിയും കച്ചറയുമായി നടക്കും. കൂടെ കൂടുന്ന പാവം സഹപാഠികള്‍ ഉറങ്ങിക്കഴിയുമ്പോള്‍ മുള്ളന്‍ മെല്ലെ എഴുന്നേറ്റ് പഠിത്തം തുടങ്ങും!.
പതിവുപോലെ പരീക്ഷ കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു, കോരമാഷ്‌ ഒരു ഉത്തരക്കടലാസു കെട്ടുമായി ക്ളാസ്സില്‍ കയറി വന്നതും ക്ലാസ്സില്‍ ഒരു കൂട്ടദീര്‍ഗ്ഗ നിശ്വാസം ഉയര്‍ന്നു. കോരമാഷ് വ്യത്യസ്തനാണ്, ആദ്യം മാര്‍ക്ക് കൂടുതലുള്ളവരില്‍ നിന്നും കുറഞ്ഞവരിലേക്ക് എന്ന രീതിയില്‍ ഉത്തരക്കടലാസ് വിതരണം തുടങ്ങും, കുറച്ചു കഴിയുമ്പോള്‍ ഒന്ന് നിര്‍ത്തും പിന്നെ വിളിക്കുന്നവര്‍ക്ക് കടലാസുകള്‍ പറത്തിയാണ് കൊടുക്കുക, കാര്യപ്പെട്ട മാര്‍ക്കും കനവും ഇല്ലാത്തത് കൊണ്ട്, അവ എത്ര ദൂരം വേണമെങ്കിലും പറന്നോളും. ഏറ്റവും അവസാനം സാറിന്റെ കയ്യില്‍ ഒരു കടലാസ് മാത്രം ബാക്കിയാകും, അതാണ് ക്ലാസ്സിലെ ഏറ്റവും മിടുക്കന്‍, ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവന്‍!. വലിയ വ്യത്യാസമൊന്നുമില്ലാതെ കാലങ്ങളായി മുള്ളന്റെ ഉത്തരക്കടലാസ്!
ഒരു വശത്ത് നിന്ന് വിളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പറക്കലും തുടങ്ങി അവസാനം എല്ലാം കഴിഞ്ഞപ്പോള്‍ പതിവിലും വ്യത്യസ്തമായി നാലഞ്ചു കടലാസുണ്ട് മാഷിന്റെ കയ്യില്‍.

  "ആരാ ക്ലാസ്സില്‍ ഫസ്റ്റ് എന്നറിയാമോ?"

 കോരമാഷ് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു. ക്ലാസില്‍ മുള്ളന്‍ ഒഴിച്ചുള്ള എല്ലാ പഠിപ്പിസ്റ്റുകളുടെയും കടലാസ് കിട്ടിയിരുന്നത് കൊണ്ടും, ബാക്കി വന്ന ദീപുട്ടന്റെയും കൂട്ടരുടെയും കാപ്പാസിററ്റി എല്ലാര്‍ക്കും അറിയാവുന്നത് കൊണ്ടും, എല്ലാ നാവിലും അവന്റെ പേര് തന്നെ വന്നു, മുള്ളന്‍ ഒരിത്തിരി നാണത്തോടെ നാലുപാടും നോക്കി പുഞ്ചിരിച്ചു.

  “ഡാ, നീ ഇങ്ങട് വന്നേ” 

  കോരമാഷ് മുള്ളനെ വിളിച്ചു. ക്ലാസിന് അഭിമുഖമായി നിര്‍ത്തി രണ്ടു കൈകൊണ്ടും അവന്റെ തോളില്‍ താളം പിടിച്ചു, എന്നിട്ട് ക്ലാസ്സിനോടായി ചോദിച്ചു

   "ഇവനെത്ര മാര്‍ക്കുണ്ടാകും?"

   നൂറു മുതല്‍ തൊണ്ണൂറ്റി ഏട്ട് വരെയുള്ള സംഖ്യകള്‍ ക്ലാസ്സില്‍ അലയടിച്ചു, കാരണം തൊണ്ണൂറ്റി ഏഴു കിട്ടിയ രണ്ടു മൂന്നു പേര്‍ വേറെയും ഉണ്ടായിരുന്നു

  “അല്ല,” കോരമാഷ് മുള്ളന്‍റെ തോളില്‍ നിന്നും കൈ മെല്ലെ ചെവിയിലേക്ക് നീക്കി ഒന്ന് ചുഴറ്റി പറഞ്ഞു
കടപ്പാട്: ഗൂഗിള്‍

 “ നൂറില്‍ നൂറ്റി അഞ്ച്, അതാണ്‌ ഇവന്റെ മാര്‍ക്ക്”

  ക്ലാസ്സില്‍ ആകെ പിറുപിറുക്കലുകളും, അന്തം വിട്ട നോട്ടങ്ങളും നിറഞ്ഞു, കോരമാഷ് മുള്ളനെ ഒരു ചെവിയില്‍ തൂക്കി നിറുത്തി മറ്റേ കയ്യില്‍ ഉത്തരക്കടലാസ് ഉയര്‍ത്തി കാണിച്ചു, അതെ, നൂറില്‍ നൂറ്റി അഞ്ച് മാര്‍ക്ക്. ദീപുട്ടനും കൂട്ടര്‍ക്കും പെട്ടന്ന് തന്നെ കാര്യം മനസ്സിലായത്‌ കൊണ്ട് എന്ത് ഭേദ്യത്തിനും തയാറായിക്കഴിഞ്ഞിരുന്നു. പക്ഷെ കോരരമാഷിന്റെ മനസ്സിന്റെ നന്മകൊണ്ടോ, അതോ ദീപുട്ടന്റെ പൂര്‍വ്വ ജന്മ സുകൃതം കൊണ്ടോ, ശിക്ഷ എല്ലാ ഉത്തരങ്ങളും അഞ്ചു വട്ടം എഴുതാനും, പിന്നെ ഒരു റീ ടെസ്റ്റിലും ഒതുങ്ങി.

  ശരിക്കും സംഭവിച്ചത് എന്തെന്നാല്‍, ഒന്നു രണ്ടു ചോദ്യങ്ങള്‍ ശരിയായി എഴുതിയില്ല എന്ന് തോന്നിയപ്പോള്‍ മുള്ളന്‍ ദീപുട്ടന്‍ ആന്‍ഡ്‌ പാര്‍ട്ടിയുടെ ടെക്നിക് ഒന്ന് പ്രയോഗിക്കാന്‍ തീരുമാനിച്ചു, മുള്ളന്‍ എന്തെഴുതിയാലും ശരിയായിരിക്കും എന്ന് പരിപൂര്‍ണ്ണ വിശ്വാസം ഉള്ള കോരമാഷാകട്ടെ, എല്ലാത്തിനും അകമഴിഞ്ഞ് മാര്‍ക്ക് കൊടുക്കുകയും ചെയ്തു, അവസാനം കൂട്ടി നോക്കിയപ്പോള്‍ കള്ളി പൊളിഞ്ഞു. അതോടെ കോരമാഷ് എല്ലാ ഉത്തരക്കടലാസുകളും രണ്ടാമത് പരിശോധിക്കുകയും എല്ലാവരെയും കയ്യോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുരുക്കം പറഞ്ഞാല്‍ അവിടെ മുതല്‍ ദീപുട്ടന്‍ ആന്‍ഡ്‌ കമ്പനിയുടെ പഠന നിലവാരം ഗ്രാഫ് ഇന്ത്യവിട്ട റോക്കറ്റ് പോലെ താഴേക്ക് കൂപ്പു കുത്തി. ആകെ ഒരു ഗുണം, അന്ന്‍ ആ പരീക്ഷക്ക്‌ ചോദിച്ച ചോദ്യങ്ങള്‍ ഏത് പാതിരാത്രി ചോദിച്ചാലും പറയാന്‍ ഉതകും വിധം തലയില്‍ കയറി എന്നതാണ്.

വാല്‍ കഷ്ണം :- അത്യാവശ്യം മാര്‍ക്കൊക്കെ വാങ്ങി നടന്നിരുന്നു ടീമിന്റെ വയറ്റത്തടിച്ച മുള്ളന് നല്ല ഒരു പണി കൊടുക്കണം എന്ന് എല്ലാവരും കൂടി വിചാരിച്ചെങ്കിലും, ഒന്ന് കൂടി ഇരുത്തി ചിന്തിച്ചപ്പോള്‍, തങ്ങളുടെ തട്ടിപ്പ് പുറത്ത് വന്നില്ലായിരുന്നെങ്കില്‍ കൊല്ലപ്പരീക്ഷക്ക് ഈ വേലത്തരത്തിനു കോഴിമുട്ടയുടെ രൂപത്തില്‍ മാര്‍ക്ക് കിട്ടിയേനെ എന്ന തിരിച്ചറിവില്‍ മുള്ളനു മാപ്പ് കൊടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. 

1 comment:

  1. ഹാ ഹാ ഹാ.മുള്ളചരിതം അടിപൊളിയാണല്ലോ.ഒരധ്യായത്തിലൊന്നുമൊതുങ്ങുന്ന ഐറ്റമല്ലാന്ന് തോന്നും.

    ReplyDelete