Tuesday, October 23, 2012

ഒരു നക്ഷത്രക്കഥ

ക്രിസ്മസ് എന്നും ഒരു ആഘോഷം തന്നെ, ലോക മലയാളികള്‍ ഒന്നിച്ചും, ഒന്നാകെയും ആഘോഷിക്കുന്ന ഒരു ആഘോഷം, നക്ഷത്രങ്ങളുടെയും, ദീപാലങ്കാരങ്ങളുടെയും, ആഘോഷം, എല്ലാവരും ഒന്നായി സംഗമിക്കുന്ന രാത്രികള്‍ , തീന്‍ മേശ നിറയെ, ഭക്ഷണ സാധനങ്ങള്‍, ക്രിസ്മസ് കരോള്‍, അങ്ങിനെ അങ്ങിനെ പോകുന്നു സംഗതികള്‍

ഇന്നത്തെ കേരളത്തില്‍ വെള്ളമടിക്കാനും, വീട്ടില്‍ തന്നെ അടിച്ചു പാമ്പായി, എന്ത്  താന്തോന്നിത്തരവും കാണിക്കാന്‍ വീട്ടുകാര്‍ പോലും ലൈസെന്‍സ് കൊടുത്തിട്ടുള്ള ദിവസം! ടച്ചിങ്ങ്സ് വാങ്ങാന്‍ വറീതേട്ടന്റെ കടയില്‍ പോയി, ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് പേടിച്ച്  സാധനം വാങ്ങാന്‍ നില്‍ക്കേണ്ടാത്ത ദിവസം, മെല്ലെ അടുക്കളയില്‍ കയറിയാല്‍ അമ്മ തന്നെ ഒരു പ്ലേറ്റില്‍ എന്തെങ്കിലുമൊക്കെ നിറച്ച് കയ്യില്‍ ഒരു പുഞ്ചിരിയോടെ തരുന്ന ദിവസം, കൂടെ ഫ്രീ ആയി ഒരു കൊട്ടും " ഡാ, ഒരു ശ്രദ്ധയൊക്കെ വേണം കേട്ടോ, ഓവര്‍ ആകരുത്! (ഇതൊക്കെ ദീപുട്ടന്റെ ഒരു സ്വപ്നം മാത്രം, ദീപുട്ടന്‍ ഇങ്ങനെ വീട്ടില്‍ ചെയ്‌താല്‍ അമ്മ നാല് ദിവസം പിന്നെ വീര്‍ത്ത മുഖവുമായി നടക്കും, ഇനിയിപ്പോ അമ്മ സമ്മതിച്ചു എന്ന് തന്നെ കരുതിക്കോളൂ, എന്നാലും, പിറ്റേ ദിവസം അമ്മേടെ മുഖം പിന്നേം വീര്‍ത്തിരിക്കും, പക്ഷെ ആ വീര്‍പ്പ് നാലുദിവസം കൊണ്ടല്ല, നാലാഴ്ച കൊണ്ടേ മാറൂ, അച്ഛന് ദേഷ്യം വന്നാല്‍ പിന്നെ എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ മതി!, അച്ഛന്റെ കൈ ഒന്ന് തട്ടിയാല്‍ മതി, പണ്ട് കൈ രണ്ടും കൂട്ടിപ്പിടിച്ചു തൂക്കി നിര്‍ത്തി തുടയില്‍, അടിക്കുമ്പോള്‍ വീഴുന്ന കൈപാടുകള്‍ സ്കൂളില്‍ മറച്ചു പിടിക്കാനാവില്ല എന്ന കാരണം കൊണ്ട് തന്നെ ദീപുട്ടന്‍ മര്യാദ രാമനായി വളര്‍ന്നു!)

ക്രിസ്മസ് കാലത്ത് വീട്ടില്‍ തന്നെ നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്നത്‌ ദീപുട്ടന്റെ അച്ഛന്റെ ഒരു ഹോബി ആയിരുന്നു, പക്ഷെ ഒന്നേ ഉണ്ടാക്കൂ, കാരണം കരണ്ട് കതിച്ചുകളയുന്നതിനോട് അച്ഛന് തീരെ താല്പര്യമില്ലായിരുന്നു, അപ്പോള്‍ കോലായിലെ ബള്‍ബിന്‍റെ ഡ്യൂട്ടി  നക്ഷത്രം ഏറ്റെടുക്കും!
നക്ഷത്രമുണ്ടാക്കുന്നതില്‍ അച്ഛനൊരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു എന്ന് പറയാം, കോളനിയിലെ എല്ലാ നക്ഷത്രങ്ങleക്കാലും ഭംഗി ദീപുട്ടന്റെ വീട്ടിലേതിനു തന്നെ!



സ്കൂളിലും ഈ നക്ഷത്ര കലാ പരിപാടി തുടര്‍ന്ന് വന്നു, കുറച്ച് കാലം ആയപ്പോഴേക്കും അതില്‍ പല പുതിയ കലാവിരുതുകളും! ആരുടെതാണ് ഏറ്റവും ഭംഗി എന്നതും ഒരു മത്സരം തന്നെ ആയിരുന്നു, ഓരോ കൊല്ലവും ഓരോ പുതിയ ഐഡിയ വരും ഓരോ ഹൌസിലും ഇതിനായി പ്രത്യേകം ശ്രദ്ധ കൊടുക്കുന്ന ചില ഭീകരന്മാരും!, രാത്രിയായാല്‍ പിന്നെ ദൂരെ നിന്നും ഇതും ആസ്വദിച്ചിങ്ങനെ ഇരിക്കാന്‍ നല്ല രസമായിരുന്നു!

പ്രസുട്ടനും, ടിന്റുമോനും, ടക്കുവും, ദീപുട്ടനും പിന്നെയും ചില വന്‍ തലകളും ഇപ്രാവശ്യവും ആലോചനയില്‍ തന്നെ, എങ്ങിനെ ഇപ്പ്രാവശ്യം തകര്‍ക്കാം എന്നാണ് ആലോചന!
പ്രസുട്ടന്റെ തലയിലാണ് ആദ്യം ഇമ്മാതിരി ബള്‍ബ്‌ ഒക്കെ കത്താറുള്ളത്, കാരണം അവന്‍റെ ചേട്ടന് കുന്നംകുളത്ത് ഒരു ഇലക്ട്രോണിക് കടയുണ്ട്, ഏതായാലും ഇത്തവണയും അവന്‍ പുതിയ ഒരു ഐഡിയയുമായി വന്നു, ഇത്തവണ രണ്ടു നക്ഷത്രം വാങ്ങാനുംകത്തിക്കാനുമുള്ള തീരുമാനം സംയുക്ത സമിതി അംഗീകരിച്ചു, കുറ്റിപ്പിരിവുമായി ഖജാന്‍ജി, ശ്രീക്കുട്ടന്‍ പുറത്തിറങ്ങി!

അങ്ങനെ ഒരു ഞായറാഴ്ച, കുന്നിറങ്ങിപ്പോയി സാധനങ്ങളൊക്കെ വാങ്ങി, ബാകി വന്ന കാശിന് റിനൌണ്ട് ഹോട്ടലില്‍ നിന്നും പൊറാട്ടയും ചില്ലി ബീഫും പൂശി പിരിവുകാര്‍ തിരിച്ചെത്തി സാധനങ്ങളൊക്കെ പ്രസുട്ടനെ ഏല്‍പ്പിച്ചു, ദീപുട്ടനും പ്രസുട്ടനും പണി തുടങ്ങി, ഇപ്പ്രാവശ്യം എല്ലാവരെയും ഒന്ന് ഞെട്ടിക്കണം, അതിനുള്ള ഒരു വെടിമരുന്ന് പ്രസൂട്ടന്‍ കൊണ്ടുവന്നിട്ടുണ്ട്, ഒരു പുതിയ സര്‍ക്യൂട്ട്!!! പരിപാടി ഭയങ്കര സിമ്പിള്‍ പക്ഷെ സാധനം കിടു! (അന്നൊക്കെ ഈ ഡിസ്കോ ലൈറ്റ് പോലുള്ള സാധനങ്ങള്‍ നല്ല വല്ല ബസ്സിലുമൊക്കെയേ കാണാന്‍ പറ്റൂ!) രണ്ടു നക്ഷത്രവും മാറി മാറി കത്തും!

പിന്നെ ഒരു പ്രശ്നം ഉള്ളത് ടെറസ്സിന്റെ കീ ആണ്, അതു പൂട്ടി പോക്കറ്റിലിട്ടാണ് ഹൌസ് മാഷ്ടെ നടത്തം, ഏതായാലും ബോള്‍ ശ്രീക്കുട്ടന്റെ കോര്‍ട്ടിലായി, അവനാവുമ്പോ ആരും ഒന്നും ചോദിക്കേം പറയേം ഇല്ല ( പഠിക്കുന്ന പിള്ളേര്‍ക്കുള്ള ഡിപ്ളോമാറ്റിക് ഇമ്മ്യണിറ്റി, എന്ത് തോന്നിവാസവും കാട്ടാനുള്ള ലൈസന്‍സ്!) അങ്ങനെശ്രീക്കുട്ടന്‍ താക്കോല്‍ വാങ്ങിക്കാനായി പോയി. കുറച്ചു കഴിഞ്ഞപ്പോ കിതച്ചു കൊണ്ട് ഓടി വരുന്നു ശ്രീക്കുട്ടന്‍,

" എന്താടാ എന്ത് പറ്റി?, ചാവി കിട്ടിയില്ലേ? " ദീപുട്ടന് ആകാംഷ,

" സാധനം ഒക്കെ കിട്ടി പക്ഷെ അര മണിക്കൂറിനകം തിരിച്ചെത്തിച്ചില്ലെങ്കില്‍ എന്‍റെ പരിപ്പെടുക്കും മൂപ്പര് " ശ്രീക്കുട്ടന്‍ കിതച്ചുകൊണ്ട് പറഞ്ഞു.

 പ്രസുട്ടന്റെ മുഖത്ത് ഒരു പുച്ഛം, ഹും, എന്റെ ഇടത്തെ കയ്യോണ്ട് 5 മിനിറ്റ് മതി, പിന്നെയാ അരമണിക്കൂര്‍ എന്ന്  വായിച്ചു എല്ലാവരും, പ്രസുട്ടന്‍ ആള് പുലിയാണ് ഇലക്ട്രോണിക്സില്‍ !

അങ്ങനെ സാധനം ഫിറ്റ്‌ ചെയ്തു, ടെസ്റ്റ്‌ ചെയ്തു, സംഗതി സക്സസ്സ്! എല്ലാവരും മലയിറങ്ങി, ശ്രീക്കുട്ടന്‍ ചാവിയും കൊണ്ട് പിന്നെയും റിലേ!

വൈകുന്നേരമായപ്പോഴേക്കും എല്ലാ ഹൌസിലും ഓരോ സ്റ്റാര്‍ ഉയര്‍ന്നു കഴിഞ്ഞു, ദീപുട്ടന്റെ ഹൌസില്‍ മാത്രം രണ്ടെണ്ണം, ഒന്ന് കൂടി ഇരുട്ടായിട്ടു വേണം മറ്റുള്ളവരെ ഒന്ന് കൂടി ഞെട്ടിക്കാന്‍ എന്ന സന്തോഷത്തിലാണ് എല്ലാവരും.
 മണി ആറര, എല്ലാവരും, സ്റ്റാര്‍ ഓണ്‍ ചെയ്തു, നന്നായി ഇരുട്ടിയിട്ടില്ലാത്തത് കൊണ്ട് ഒരു രസമില്ല, നമുക്ക് കുറച്ചു കൂടി കഴിഞ്ഞിട്ട് ഓണാക്കാം,  പറഞ്ഞത് കുഞ്ഞുട്ടന്‍, എല്ലാവരും ശരിവച്ചു,

ഒരു പത്തിരുപതു മിനിട്ട് കഴിഞ്ഞപ്പോള്‍ ആകെ ഇരുട്ട് പരന്നു,

എന്നാ നോക്കാം, ദീപുട്ടന്‍

 OK, എന്ന് പ്രസുട്ടന്‍

 ഡാ , ആ സ്വിച്ച് ഇട്ടേ, ഹരിക്കുട്ടന്‍ നേരത്തെ ശട്ടം കെട്ടിയിരുന്ന ശിങ്കിടിയോട് താഴെ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു,

സമയം പോകുന്നു, ഇവനെന്താ ഓണാക്കാത്തത്?

ഡാ വേഗം, കുഞ്ഞുട്ടന്‍ വിളിച്ചു പറഞ്ഞില്ല അതിനുമുന്‍പെ ഹരിക്കുട്ടന്‍ മേലേക്ക് പാഞ്ഞു, ഓണാക്കാനല്ല, അവന്‍റെ തലക്കൊന്ന് കൊട്ടാന്‍

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വിളി, മുകളില്‍ നിന്നാണ്,

ഡാ , കത്തിയോ?

ഇല്ല

ഇവിടെ ഓണ്‍ ആണ്, പ്രശ്നമൊന്നുമില്ല!

അയ്യോ ചീറ്റിപ്പോയോ?!

എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും.............

ഇഞ്ഞിപ്പോ മേലെക്കേറാന്‍ എന്താ ചെയ്യാ, ചാവിയാണെങ്കില്‍ ആ ചെയ്ത്താന്‍ വാങ്ങി വക്കൂം ചെയ്തു! ശ്രീക്കുട്ടന്‍ നെടുവീര്‍പ്പിട്ടു!

ഇനിയിപ്പോ ഒന്നും ചെയ്യാനില്ല, ആകെ നാണം കേട്ടു, ഈ കണ്ട വീരവാദമോക്കെ മുഴക്കീട്ട്, മാനക്കെടായിപ്പോയി!, പ്രസുട്ടന്‍ തലയും താഴ്ത്തി കൂട്ടില്‍ കേറാന്‍ പോകുന്ന കോഴിയെപ്പോലെ! പിന്നാലെ എല്ലാവരും..

 മാനക്കേടായിപ്പോയി ദീപുട്ടന്, ഇന്നലെ ആ ടക്കുവിനെ വെറുതെ വെല്ലുവിളിച്ചു, ഇനിയിപ്പോ നാളെ അവനും കൂട്ടരും കളിയാക്കി കൊല്ലും!

അവന്‍ ഒറ്റ സ്റ്റാറെ ഫിറ്റ്‌ ചെയ്തൊള്ളൂ എങ്കിലും, അതു മിന്നിക്കളിക്കുന്നതും നോക്കി ആ പീക്കിരികളൊക്കെ അതിന്‍റെ താഴെപ്പോയി അന്തം വിട്ടു നില്‍ക്കുന്നു, അവനോട് അതിന്‍റെ രഹസ്യം ചോദിച്ചു വേറെ കുറെ ചെക്കന്മാരും! നാളെ അവന്‍റെ അഹങ്കാരം കാണണമല്ലോ ദേവീ... എങ്ങനെയെങ്കിലും അവന്‍റെ ബള്‍ബൊന്ന് ഫ്യൂസായിരുന്നെകില്‍ എന്ന് ആശിച്ചു പോയി!

 ഇരിപ്പുറക്കുന്നില്ല !

ദീപുട്ടന്‍ മെല്ലെ എണീറ്റു, ഷട്ടില്‍ കളിക്കുമ്പോ, സണ്‍ഷേഡിന്റെ മുകളില്‍ കുടുങ്ങിയാല്‍ ദീപുട്ടന്‍ കയറി എടുക്കാറുണ്ട്, ഇതിപ്പോ രണ്ടു സന്ഷേഡിന്‍റെ മുകളില്‍ കേറണം അത്രയല്ലേ ഉള്ളൂ., മൂന്നാമത്തെ കയറ്റത്തിന് മുകളിലെത്തുകയും ചെയ്യാം, പിന്നെ ഇത്ര വല്യ കയറ്റം കേറിയാല്‍ ഇറങ്ങാനാണോ പാട്!

ഏതായാലും ബാത്രൂമിന്റെ പുറകിലെ ജനലിലൂടെ ആകാം അഭ്യാസം, അവിടെ ആകുമ്പോള്‍ ആകെ കാടുപിടിച്ച് കിടക്കുകയായത് കൊണ്ട് ആരും ശ്രദ്ധിക്കില്ല, ദീപുട്ടന്‍ മെല്ലെ പോയി അതിനോട് ചേര്‍ന്ന എല്ലാ ജനലുകളും തുറന്നിട്ടു, പിന്നെ മെല്ലെ ആരുടേയും കണ്ണില്‍ പെടാതെ പുറത്തേക്കിറങ്ങി, മെല്ലെ നടന്നു ഹോസ്റ്ലിന്റെ പിറകിലെത്തി.

ചുറ്റും ഒന്ന് നോക്കി, ഇല്ല ആരും കാണുന്നില്ല, ഉള്ളിലേക്ക് ഒന്ന്‍ എത്തി നോക്കി, കുഴപ്പമൊന്നുമില്ല!


സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്, ജനലിനെ ഒന്ന് തൊട്ടു വണങ്ങി കയറ്റം തുടങ്ങി, കുഴപ്പമില്ല, അത്യാവശ്യം കരാട്ടെ മുറകളും മറ്റും ( അപ്പോഴേക്കും ദീപുട്ടന്‍ ഒരു ബ്രൌണ്‍ ബെല്ട്ടുകാരനായിരുന്നു കേട്ടോ!) പരിശീലിക്കുന്നത്  കൊണ്ട്, ആദ്യ പടി അനായാസം കയറി, ഇനി ഒന്ന് കൂടി കയറണം, അവിടെയാണ് ഒരു പ്രശ്നം, അടുത്ത ജനലില്‍ പിടിക്കാന്‍ ദീപുട്ടന് കയ്യെത്തുന്നില്ല, പണി യായോ, ഒരു നാലിഞ്ചിന്റെ പ്രശ്നമേ ഉള്ളൂ, അതിനിപ്പോപോയി കോംപ്ലാന്‍ കുടിച്ചിട്ടൊന്നും കാര്യമില്ലല്ലോ!

അപ്പോഴാണ്‌ ജനലില്‍ ഒരു കുറ്റി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കാറ്റത്ത്‌, അടയാതിരിക്കാനുള്ള ഒരു ഫിറ്റിംഗ്!, അതില്‍ ഒരു കൈ കൊണ്ട് ചാടിപ്പിടിച്ചാല്‍ തൂങ്ങി മറ്റേ കൈകൊണ്ടു ജനലഴിയില്‍ പിടിക്കാം എന്ന് ഒരു കണക്കു കൂട്ടല്‍ ! ( ദീപുട്ടന്‍ ഒരു നിമിഷം താന്‍ കണക്കില്‍ താന്‍ മോശമാണ് എന്നുള്ള അപ്പ്രിയ സത്യം സൌകര്യ പൂര്‍വ്വം മറന്നു! കണക്ക് തെറ്റിയാല്‍ നേരെ മോന്തേം കുത്തി പാറമേലാകും വീഴുക, പിന്നെ എല്ല് വാരി എടുക്കേണ്ടി വരും!)

തന്‍റെ കാണപ്പെട്ട കരാട്ടെ ദൈവം ജാക്കി ചാനെ മനസ്സില്‍ ധ്യാനിച് ഒരു കാല്‍വിരല്‍ വെന്റിലേറ്റര്‍ ഹോളില്‍ ഊന്നി ഒരു   ചാട്ടം, അമ്മോ, അതാ നില്‍ക്കുന്നു ജനലില്‍ തൂങ്ങി ദീപുട്ടന്‍ !, മിഷന്‍ സക്സസ്സ്!, ഇനി ഒന്ന് കൂടി കയറണം, ദീപുട്ടന്‍ കയറ്റം തുടര്‍ന്നു. രണ്ടാമത്തെ സന്ഷേഡില്‍ കയറാന്‍ ബുദ്ധിമുട്ടായിരുന്നു, കാരണം വീണാല്‍ ബാക്കിയുണ്ടാവില്ല എന്നാ ചിന്തയുടെ കനവും കൊണ്ട് വേണ്ടേ കയറാന്‍ ! പക്ഷെ ഒരു വിധം കയരിപ്പറ്റുമ്പോഴെക്കും ദീപുട്ടന്‍ ക്ഷീണിച്ചവശനായിരുന്നു! ഒരു വിധം ടെറസ്സില്‍ എത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ!, ദീപുട്ടന്‍ ആകെ കിതച്ചു പോയി!

ഏതായാലും എത്തിപ്പെട്ടല്ലോ, വേഗം തന്നെ കീശയില്‍ തപ്പി നോക്കി, ഭാഗ്യം, വീണുപോയിട്ടില്ല ടെസ്റെര്‍ !
 പണി തുടങ്ങി, എല്ലാം എടുത്തു വച്ച് നോക്കുമ്പോള്‍ അതാ ഒരു ചുകന്ന വയര്‍ അറ്റു കിടക്കുന്നു!
ഉടനെ സംഗതി ശരിരാക്കി കണക്ക്ഷന്‍ കൊടുത്തു ( പ്രസുട്ടന്റെ ബുദ്ധി അപാരം തന്നെ ടെറസ്സില്‍ ഒരു മെയിലും ഫീ മെയിലും പ്ലഗ് വെറുതെ കൊടുത്തിരുന്നു, അവന്‍ ഇത് പ്രതീക്ഷിച്ചു കാണണം, അല്ലെങ്കില്‍ ദീപുട്ടന്‍ പണിചെയ്യുന്ന നേരത്ത് ഏതെങ്കിലും കുരുത്തം കെട്ടവന്‍ ഒന്ന്‍ ഓണ്‍ ചെയ്താല്‍ പോയില്ലേ കാര്യം! ( വാളെടുത്തവന്‍ വാളാല്‍ എന്ന് ചൊല്ലും വരും, കീചക വധം ആട്ടക്കഥ ആകെ പടര്‍ന്നിട്ടുണ്ടല്ലോ!)

അതാ മിന്നുന്നു, നക്ഷത്രം !

ഹോ ദീപുട്ടന്‍ സന്തോഷം കൊണ്ട് മതി മറന്നു!



അപ്പോഴേക്കും താഴെ നിന്നും എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി, ആകെ ഒച്ചയും ബഹളവും, എല്ലാവരും സ്റ്റാര്‍ കാണാന്‍ ഓടുകയാണ്! ദീപുട്ടന് അഭിമാനം തോന്നി (ഇത്തിരി അഹങ്കാരവും!) പെട്ടന്ന് താഴെ എത്തണം എന്ന ഒരു ചിന്ത മാത്രം!
ഇറങ്ങാന്‍ താഴോട്ട് നോക്കിയ ദീപുട്ടന്‍ ഞെട്ടിപ്പോയി, ദൈവമേ..., ഇതെന്തു പറ്റി?, ഞാന്‍ കേറുമ്പോ ഇത്രയും ഉയരമില്ലല്ലോ!

ഇതിപ്പോ ഒരു മാതിരി കുത്തബ് മീനാറില്‍ നിന്നും നോക്കുന്ന പോലെ ഉണ്ട്!

രണ്ടും കല്‍പ്പിച്ച് ഒന്ന് ഇറങ്ങാന്‍ നോക്കി, മനസ്സ് സമ്മതിച്ചില്ല, മാത്രമല്ല ശരീരം ആകെ തളര്‍ന്നിരിക്കുന്നു, എങ്ങാനും പിടി വിട്ടാല്‍...

ആകെ ഒരു ഭയം മനസ്സില്‍ കയറിക്കൂടി. താഴെ എല്ലാവരും നില്‍ക്കുന്നുണ്ട്, ഒന്ന് കൂവിയാല്‍, ഒന്ന് നിലവിളിച്ചാല്‍, സംഗതി റെഡി, പക്ഷെ അപ്പോഴും ഒരു പ്രശ്നം ഉണ്ട്, ചാവി വേണമെങ്കില്‍ ഹൌസ് മാസ്റ്റര്‍ തന്നെ വിചാരിക്കണം, മൂപ്പരാണെങ്കില്‍ കല്യാണം കഴിഞ്ഞ് പുതു മോടിയിലാണ്, ഒന്‍പത് എന്നൊരു നേരമുണ്ടെങ്കില്‍ ഉറങ്ങാന്‍ കിടക്കും ( ഉറങ്ങുമോ എന്തോ!) അപ്പൊ അതിനുശേഷം ആര് ചെന്നു വിളിച്ചാലും, ശല്യപ്പെടുത്തിയാലും അവന്‍റെ കാര്യം പിന്നെ ഗോപി!

പിന്നെ, ഓട്ടമായി, പ്രിന്‍സിയുടെ മുന്നില്‍ പോകലായി, അതും ദീപുട്ടനായത് കൊണ്ട്, മാപ്പില്ല, അപ്പൊ വീട്ടുകാരെ വിളിക്കും, അവരുടെ മുന്‍പില്‍ തൊലി ഉരിക്കും, സസ്പെന്ഡ് ചെയ്യും, നാട്ടിലെല്ലാം പാട്ടാകും നാണക്കേട്‌ സഹിക്കാതെ അച്ഛന്‍ ദീപുട്ടന്റെ ചെവിക്കല്ല് തകര്‍ക്കും, അമ്മ കരയും, അങ്ങനെ ഒരു മുഴുനീള ചിത്രം 70 എം എമില്‍ ദീപുട്ടന്റെ മനസ്സില്‍ ഓടിക്കൊണ്ടിരുന്നു! പിന്നെ എന്താ ഒരു വഴി,പിന്നെ  ആകെ വഴി ഉള്ളത്  വാതിലാണ്, ഗവന്മേന്റ്റ് വാതിലാണെങ്കിലും, ബലം കുറയുമെങ്കിലും , പൊളിയുകയോന്നുമില്ല, എന്നാലും ഒന്ന് ശ്രമിക്കുക തന്നെ, ഇപ്പൊ ഇതാണല്ലോ കച്ചിത്തുരുമ്പ്!

വാതില്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഒരു പലക ചെറുതായി ഇളകിക്കിടക്കുന്നു! ഒന്ന് ചവിട്ടി, പോര, ഒരു സ്റ്റെപ് പുറകിലോട്ടെടുത്തു ശക്തിയായി ഒരു " യോക്കോ ഗിരി " കിക്ക്! പക്ഷെ മുട്ടിന്റെ ഉയരത്തിലായത് കൊണ്ട് ശക്തി കിട്ടിയില്ല.
ദീപുട്ടന്‍ നിലത്തിരുന്നു, കൈകള്‍ പുറകില്‍ കുത്തി ഇടത്തെ കാല്‍ കൊണ്ട് ആഞ്ഞു ചവിട്ടി,
പോര, ചെറുതായി ഇളകി എന്നോഴിച്ചാല്‍ ആശാജനകമായ ഒന്നും ഇല്ല!, പക്ഷെ വിട്ടാല്‍ പറ്റില്ലല്ലോ, ദീപുട്ടന്‍ പിന്നെയും ചവിട്ടി, പലപ്രാവശ്യം കാലുകള്‍ മാറി മാറി ചവിട്ടി, പലക ഇളകുന്നുണ്ട് പക്ഷെ പോളിയണമെങ്കില്‍ !!!

ദീപുട്ടന്‍ സര്‍വ ശക്തിയുമെടുത്ത്, ആഞ്ഞൊരു ചവിട്ട്!  " ച്ഹി;ല്‍  ...................."

അതാ കിടക്കുന്നു ഒരു കഷ്ണം!, ദീപുട്ടന്‍ ആവേശഭരിതനായി! പിന്നെ ചവിട്ടോട് ചവിട്ട്!
അവസാനം, ദേ കെടക്കുന്നു ഒരു ഗാപ്‌!, ഒരു പലക പൊളിഞ്ഞു പോന്നു!

ദീപുട്ടന്‍ അത്യാഹ്ളാദന്‍ !

മെല്ലെ തല കടത്തിനോക്കി, ഹോ അളവ് പറഞ്ഞു പൊളിച്ചപോലെ!

തല കടന്നാല്‍  മേല്‍ മുഴുവനും കടക്കും എന്നാണല്ലോ പ്രമാണം!

തല ഉള്ളില്‍ കടത്തി ഒന്ന് ചെരിഞ്ഞു, വിടവിന്റെ ആകൃതി പോലെ വേണമല്ലോ കടക്കാന്‍,

നെഞ്ച് പകുതി വരെ എത്തിയപ്പോ ഒരു മുറുക്കം, പിന്നെ കടക്കാന്‍ പറ്റുന്നില്ല, എന്ത് വന്നാലും മുന്പോട്ട് എന്നല്ലേ ഇപ്പോഴത്തെ സ്ഥിതി, ശബ്ദമുണ്ടാക്കി ആരെയെങ്കിലും വിളിക്കാം എന്ന് വിചാരിച്ചാല്‍ , എല്ലാ പഹയന്മാരും താഴെ സ്റ്റാര്‍ കണ്ടു രസിക്കാന്‍ പോയില്ലേ! ഇനിയിപ്പോ  വേറെ വല്ല ജൂനിയര്‍ പിള്ളേരും ഒച്ച കേട്ടു വന്നാല്‍ പിന്നെ നാണക്കേട് പറയാനുണ്ടോ!

ഒന്ന് കൂടി ബലം കൊടുത്തു ഒരു അര ഇഞ്ച്‌  കൂടി ഉള്ളിലോട്ട്, പക്ഷെ കുരുക്ക് കൂടുതല്‍ മുറുകിയത് പോലെ! കാല്‍ നിലത്ത് ചവിട്ടി, ഒന്ന് കൂടി ശ്രമിച്ചു, ഇല്ല രക്ഷ ഇല്ല!

ഒന്ന് പരിഭ്രമിച്ചു ദീപുട്ടന്‍, പിന്നെ മെല്ലെ കൈ കൊണ്ട് തൊലി ഉന്തി നീക്കാന്‍ തുടങ്ങി, രണ്ടു കൈ കൊണ്ടും മെല്ലെമെല്ലെ!

ഒരു ഇരുപത് മിനിട്ട് ചയ്തു കാണും, ദീപുട്ടന്‍ മെല്ലെ മെല്ലെ പുറത്തോട്ടു (അല്ല , അകത്തോട്ട് നീങ്ങാന്‍ തുടങ്ങി, അകത്തു കടന്ന നെഞ്ച് മുഴുവന്‍ വരിഞ്ഞു കീറിയിരിക്കുന്നു,ഇപ്പൊ വയറാണ് കുടുങ്ങിടിരിക്കുന്നത്, രാത്രി നന്നായി ഭക്ഷണം കഴിച്ചതിനു, തന്നെ തന്നെയും, നല്ല രുചിയില്‍ ഉണ്ടാക്കിയതിന് (അതുകൊണ്ടാണല്ലോ അധികം ഭക്ഷിച്ചത്!) മൊത്തം പാചകക്കാരെയും മനസ്സില്‍ തെറിയഭിഷേകം നടത്തിക്കൊണ്ട്  ദീപുട്ടന്‍ പണി തുടര്‍ന്നു, പിന്നെ ഒരു പത്തു മിനിറ്റ് ദീപുട്ടന്‍ പുറത്ത്!

നെഞ്ച് ആകെ നീറുന്നു, അണ്ണാന്റെ പുറത്ത് ശ്രീരാമന്‍ വരച്ചതെന്ന പോലെ നെഞ്ചിലും പുറത്തും നിറയെ ചുകന്നു തടിച്ച വരകള്‍ ! വിയര്‍ത്തു കുളിച്ചിരിക്കുന്നു, എന്നാലും ഒരു സന്തോഷം, ഒറ്റയാള്‍ പട്ടാളത്തെ ചാവേര്‍ ആക്കാത്തതിനു ദൈവത്തെ വിളിച്ചു വാനോളം പുകഴ്ത്തി, പൊളിഞ്ഞു പോന്ന പലക കുറച്ചു തുപ്പലും കൂട്ടി യഥാസ്ഥാനത്ത് ഫിറ്റ് ചെയ്തു  പിന്നെ താഴോട്ട് കുതിച്ചു! അതാ ഒരു ആള്‍ക്കൂട്ടം, എല്ലാവരുടെയും നോട്ടം മുകളിലേക്ക്, ആളുകള്‍ ആസ്വദിച്ചു കാണുകയാണ്, ദീപുട്ടന്റെ കൂട്ടുകാര്‍ ഇതെന്തൊരു മറിമായം എന്ന മട്ടില്‍ അന്തം വിട്ടു നില്‍ക്കുന്നു! ദീപുട്ടനും ഒന്നുമറിയാത്ത പോലെ കൂട്ടത്തില്‍ കൂടി, പക്ഷെ അവിടെ നിന്നും ആ ക്രിസ്തുമസ് നക്ഷത്രത്തെ കാണുമ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു!



വാല്‍ :- പിന്നെ ഒരിക്കലും ദീപുട്ടന് മുകളില്‍ കയറേണ്ട അവസരം ഉണ്ടായിട്ടില്ല, ഇനിയിപ്പോ ഉണ്ടായാല്‍ തന്നെ ദീപുട്ടന്‍ കയറുകയും ഇല്ല, പലപ്പോഴും ദീപുട്ടന്‍ തന്‍റെ ഈ തീരുമാനത്തെ ക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്, ഒരു തെറ്റ്, ഒരു പിഴവ്, എന്തും സംഭവിക്കുമായിരുന്നു! പൊളിഞ്ഞ വാതില്‍ ഒരു ദിവസം കണ്ട കുഞ്ഞുട്ടന്‍ അതു പൊളിച്ചവന്റെ തന്തക്കും തള്ളക്കും വിളിച്ചപ്പോള്‍, ദീപുട്ടന്‍ ഒന്നും മിണ്ടിയില്ല പകരം ഒന്ന് പുഞ്ചിരിച്ചു, കാരണം, അത് പൊളിച്ച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ പുഞ്ചിരി ഇല്ലതായേനെ!

സമര്‍പ്പണം :- ദൈവത്തിന്


16 comments:

  1. അങ്ങനെ ഒരു നക്ഷത്രക്കാലം

    ReplyDelete
  2. ചെറുപ്പത്തില്‍ എന്ത് ധൈര്യമാരുന്നു, ഇന്നാണെങ്കില്‍ എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെന്നു വെയ്ക്കും.

    ദീപുട്ടനും ഒന്നുമറിയാത്ത പോലെ കൂട്ടത്തില്‍ കൂടി, പക്ഷെ അവിടെ നിന്നും ആ ക്രിസ്ത്മസ് നക്ഷത്രത്തെ കാണുമ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു!

    പണ്ടത്തെ കുഞ്ഞു കുഞ്ഞു ആഹ്ലാദങ്ങള്‍ ഇന്ന് ലോജിക്ക് ഇല്ലാതാവയിരിക്കുന്നു.

    ReplyDelete
    Replies
    1. വായനക്ക് നന്ദി, ഇപ്പോള്‍ പരാജയങ്ങളെ നേരിടാന്‍ പേടിയായിത്തുടങ്ങി ശ്രീജിത് !

      Delete
  3. അമ്പടാ‍ ദീപൂട്ടാ
    നീ ആള് കൊള്ളാല്ലോ

    ReplyDelete
    Replies
    1. ;-). നന്ദി അജിത്തേട്ടാ, വായനക്കും അഭിപ്രായത്തിനും!

      Delete
  4. Replies
    1. നന്ദി കണ്ണൂരാന്‍, വായനക്ക്!

      Delete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. നക്ഷത്രങ്ങളുടെ വസന്തം...ഓര്‍ക്കാന്‍ നല്ല രസമുള്ള കാലമാണ് !
    അതിനിടക്ക് അടിച്ചു പിപ്പിരിയും ആയോ....ഹിഹി !
    എന്തായാലും ദീപൂട്ടന്‍ കൊള്ളാം ...
    ആശംസകള്‍
    അസ്രുസ്
    ....
    ...
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
    Replies
    1. വായനക്കും ആസ്വാദനത്തിനും, അഭിനന്ദനത്തിനും നന്ദി നാട്ടുകാരാ!
      asrus,ഞാന്‍ ഇടയ്ക്കിടയ്ക്ക് വന്നു ആ ഗ്യാസ് കുറ്റി നോക്കി പോകാറുണ്ട്, കമന്റ്‌ ഇട്ട് ഇങ്ങളെ എടങ്ങേരാക്കണ്ട ന്ന് ച്ച്ട്ടാണ്!

      Delete
  7. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  8. നക്ഷത്രത്തിനു നല്ല തിളക്കം

    ReplyDelete
  9. നക്ഷത്രത്തിനു നല്ല തിളക്കം

    ReplyDelete