ബോംബെ നഗരം എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ! ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ പറയാന്‍ മാത്രമുപയോഗിക്കുന്ന ബോംബയുടെ നല്ലതും ചീത്തയുമായ പല വശങ്ങളുടെയും യഥാര്‍ത്ഥ വശം ഞാന്‍ നേരില്‍ കണ്ടു, എന്നിട്ടും അവശേഷിച്ചത് ആരാധന മാത്രം!
കാമുകിയുടെ കയ്യില്‍ പിടിച്ചു നടന്നാലോ, നടുറോഡില്‍ അവളെ കുസൃതിയോടെ ഒന്ന് ചുംബിച്ചാലോ ആരും ഒന്നും ശ്രദ്ധിച്ചു എന്ന് വരില്ല, അതു പോലെ ഫുട് പാത്തില്‍ അര്ദ്ധപ്പ്രാണനായി ഞരങ്ങുന്ന പാവത്തിനും ഇത് തന്നെ ഗതി!
രഹസ്യമായി മാത്രം കേട്ടുവന്ന, മുൻപൊരിക്കലും കാണാത്ത വേശ്യതെരുവിലൂടെ ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ട കാഴ്ചകള്‍ കണ്ണിനും മനസ്സിനും ഏറെ അലോസരം ഉളവാക്കി. റോഡിന്റെ ഇരുവശങ്ങളിലും, വെവ്വേറെ എന്ന് പറയാന്‍ ചുമരുകളില്ലാത്ത വീടുകള്‍, ഇടുങ്ങിയ വാതിലുകളുടെ രണ്ടു വശങ്ങളിലും ഓരോ അടി വീതം മാത്രം വീതിയും ഫുട് പാത്തില്‍ നിന്നും ഒന്നോ അല്ലെങ്കില്‍ രണ്ടോ പടി ഉയരം മാത്രവുമുള്ള കുടുസ്സുമുറികള്‍. തുപ്പിച്ചുവപ്പിച്ച ചുമരുകളും, ദീപക്കാലുകളും, വീടിന്റെ പടികളില്‍ കുശലം പറഞ്ഞും, പേന്‍ നോക്കിയും, മുറുക്കിയും, ഇന്നത്തെ അന്നദാദാവിനെ നോക്കിയും ഇരിക്കുന്ന പെണ്ണുങ്ങള്, പ്രായം പത്തു മുതല്‍ അമ്പതു വയസ്സുവരെ കാണും! ആദ്യം കാണുന്നത് വിലകുറഞ്ഞ ലിപ്സ്റ്റിക്കിന്റെ ചുവപ്പും, പൌഡറും റൂഷുമിട്ട മുഖവും പിന്നെ കാണിക്കണമെന്നു കരുത്തുന്നതൊക്കെയും കാണിക്കുന്ന കുപ്പായങ്ങളും! മുഖത്ത് കാണിക്കുന്ന പ്രസന്നത വെറും യാന്ത്രികം എന്ന് ആരും പറഞ്ഞുപോകും.
നടന്നു പോകുന്ന ആരെയും കണ്ണുകാട്ടി വിളിക്കുന്നു, എന്നിട്ടും നില്‍ക്കാത്ത ഒരു പയ്യന്റെ കൈ പിടിച്ചു നിര്‍ത്തുന്നു, വെറുപ്പോടെ, അവജ്ഞയോടെ, ആ കൈ തട്ടിമാറ്റി ഒന്ന് കൂടി തന്റെ നടത്തത്തിന്റെ വേഗത കൂട്ടിയ അവന്റെ പുരുഷത്വത്തിനെ അവഹേളിക്കുന്ന ചോദ്യങ്ങള്‍ വിളിച്ചു ചോദിക്കുന്നു, പിന്നെ അവനെ പ്രാകി ഒന്ന് കാര്‍ക്കിച്ചു തുപ്പുന്നു വീണ്ടും, അടുത്ത ഇരയെ തേടുന്നു!
പത്തു വയസ്സുപ്രായം തോന്നിക്കുന്ന ഒരു പെൺ കുട്ടിയുടെ പിന്നാലെ, ഒരു വീട്ടിലേക്കു കയറിപ്പോകുന്ന മധ്യവയസ്കന് ,
നടന്നു പോകുന്ന വഴി തിരിഞ്ഞുനില്‍ക്കുന്ന ഒരു പെണ്ണിന്റെ പുറകില്‍ തലോടിയതിന് കണ്ണുപൊട്ടുന്ന തെറി കേട്ടിട്ടും പുഞ്ചിരിയോടെ നടന്നുപോകുന്ന യുവാവ്,
സിനിമാക്കൊട്ടകകളും, അതിനു പുറത്ത് സിനിമക്കിടെ നിറം പകരാന്‍ തയ്യാറായി നില്ക്കുന്ന യുവതികളും,
ഇറച്ചിക്കടയിലെന്ന പോലെ മനുഷ്യ മാംസത്തിനും വിലപേശുന്ന കാഴ്ചകള്‍, ഒടുവില്‍ മനസ്സില്ലാമനസ്സോടെ വഴങ്ങിക്കൊടുക്കുമ്പോള്‍ വേട്ടക്കാരന്റെ ചുണ്ടത്ത് വിടരുന്ന പുഞ്ചിരി, കുറച്ചു നേരത്തിനുശേഷം ഇടുങ്ങിയ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ ഇര താനായിരുന്നു എന്ന് തിരിച്ചറിഞ്ഞ പോലെ മുഖത്തെ നിരാശ, പിന്നാലെ ഇറങ്ങി വന്ന അവളുടെ മുഖത്തെ പുച്ഛം!
ഇതും ഒരു ലോകം!
വിലകൂടിയ കാറിന്റെ പുറകിലെ വാതില്‍ ഡ്രൈവര്‍ തുറന്നു തരുന്നതും കാത്തിരിക്കുന്ന യാത്രക്കാര്‍, വടിവൊത്ത വെള്ളക്കുപ്പായവും, തൊപ്പിയും വച്ച സുമുഖനായ ഡ്രൈവര്‍ വാതില്‍ തുറന്നുകൊടുക്കുമ്പോള്‍ മുഖത്തെ യാന്ത്രികമായ പുഞ്ചിരിയും, നന്ദി പറച്ചിലും, കൂടെയുള്ള ആളുടെ കയ്യില്‍, വീഴാതിരിക്കാന്‍ എന്ന മട്ടില്‍ മുറുക്കിപ്പിടിച്ച് തറയില്‍ നിന്നും നാലഞ്ച് ഇഞ്ച് ഉയരത്തില്‍ തലയുയര്‍ത്തി നടക്കുന്ന യുവതികള്‍, അനുഗമിക്കുന്ന ഭര്‍ത്താവിനെക്കാള്‍ നാലടി മുന്നില്‍ തന്റെ സുഹൃത്തുക്കളോടൊത്ത് ചേരാന്‍ വെമ്പി നടക്കുന്ന ഒരു മധ്യവയസ്ക പെട്ടന്ന് തിരഞ്ഞ്, വേഗം നടക്കാനായി ഭര്ത്താവിനോടാഅജ്ഞാപിച്ചു!
ഇതും അതേ ലോകം, പക്ഷെ മറ്റൊരു കോണ്‍ ,
അംബരചുംബികളും, ചാല് എന്ന കോളനികളും, കക്കൂസുകള്‍ പോലുമില്ലാത്ത, ദുര്‍ഗന്ധം പരന്നുനില്ക്കുന്ന ചേരികളും അങ്ങനെ ജീവിതത്തിന്റെ എത്രയെത്ര മുഖങ്ങള്‍! ഈ മഹാനഗരത്തിന്റെ ഹൃദയത്തില്‍ ഞാനും കുറെ നാള് ജീവിതം ആഘോഷിച്ചു, എങ്കിലും ബോംബെ എന്ന പേര് ഇന്നും എനിക്ക് ആദ്യം ഒരു നടുക്കം തന്നെയാണ് സമ്മാനിക്കാറുള്ളത്. ഈ കണ്ട ജീവിതങ്ങളൊക്കെയും ഒറ്റ ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു!
രണ്ടായിരാമാണ്ടിന്റെ ആദ്യത്തിലാണ് ഞാനും ഇന്റെര്‍നെറ്റിന്റെ ലോകത്തില്‍ പിച്ചവെക്കുന്നത്, വല്ലപ്പോഴും ജോലിസംബന്ധമായി ബോംബേയ്ക്ക് പോകുമ്പോള്‍ , കൊളാബയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കഫെയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍ , ടൂറിസ്റ്റുകളുടെയും, കാപ്പിരികളായ മയക്കുമരുന്നുകാരുടെയും, വഴിവാണിഭക്കാരുടെയും, ഒട്ടനവധി മലയാളികളുടെയും ആസ്ഥാനം. മണിക്കൂറുകള്‍ കാത്തുനിന്നാലെ ഒരു മണിക്കൂര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ലഭിക്കൂ, അങ്ങനെയുള്ള ഒരു കാത്തിരിപ്പിനിടയിലാണ് ഞാന്‍ ഡോളിയെ പരിചയപ്പെടുന്നത്.
അഞ്ചടി ഉയരം, മെലിഞ്ഞ ശരീരം, ഭംഗിയുള്ള കൂര്‍ത്ത മുഖം, ഗോതമ്പിന്റെ നിറം, ഒട്ടിച്ചു വെച്ച പോലത്തെ പുഞ്ചിരി, കുലീനമായ പെരുമാറ്റം, നവീനമായ വസ്ത്രധാരണം, അവളുടെ സംസാരവും പെരുംമാറ്റവും അവളുടെ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും കുറിച്ച് ആരിലും മതിപ്പുണ്ടാക്കാന്‍ പോന്നതായിരുന്നു.
മണിക്കൂറുകളുടെ കാത്തിരിപ്പില്‍, ഞങ്ങള്‍ കുറേ നേരം സംസാരിച്ചു, കഫെ ഉടമ മോഹനോട് തനിക്ക് ആദ്യം അവസരം തരണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അയാള്‍ എന്നെ ചൂണ്ടിക്കാണിച്ചു. ഉറക്കമല്ലാതെ വേറെ അത്യാവശ്യമൊന്നും ഇല്ലാത്തതുകൊണ്ട് ഞാനും വഴങ്ങി. അവളെ കൊണ്ടുപോകാന്‍ കൂട്ടുകാരന് വരും എന്നായിരുന്നു അവള് പറഞ്ഞ കാരണം. അത് സത്യമാണ് എന്ന് അര മണിക്കൂര്‍ കൊണ്ട് തന്നെ മനസ്സിലായി, സുമുഖനായ ഒരു ചെറുപ്പക്കാരന് അവളെ അവിടെ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടുപോയി.
ഒരു വര്‍ഷത്തിനിടയില്‍ പലപ്പോഴായി ഞങ്ങള്‍ കണ്ടു മുട്ടി. ജീവിതം ആസ്വദിച്ചു തന്നെ ആഘോഷിക്കുകയായിരുന്നു അവള്! ചില രാത്രികളില്‍ കൂട്ടുകാരുടെ കൂടെ ആടിയും പാടിയും കാല്‍നടയായി നഗരപ്രദക്ഷിണം നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, ഏതു തിരക്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കും ഡോളി!
മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ബോംബെ എന്ന മുംബൈയില്‍ സ്ഥിരമായ ജോലിക്ക് വരുമ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു, വീട് വിട്ടുള്ള താമസം, ഭക്ഷണം, എല്ലാം എന്നെ ആലോസരപ്പെടുത്തി. ഓഫീസിലെ ജോലിക്കുശേഷം, ഒരു നഗരപ്രദക്ഷിണം ഞാന്‍ പതിവാക്കിയിരുന്നു. ഗംഗാധര്‍ നായ്ക്ക് എന്ന ബാബയുടെ, പാനിപൂരിയും, പിന്നെ വിനോദ് കുമാര്‍ എന്ന ബീഹാരിപ്പയ്യന്റെ കടയിലെ കരിമ്പ് ജ്യൂസും, (അതും പട്യാല ഗ്ലാസ് എന്ന വലിയ ഗ്ലാസ്നിറയെ!) ഒരു ശീലമായി മാറിയിരുന്നു!
ആ യാത്രയില്‍ റിസര്‍വ് ബാങ്കും, സ്റ്റോക്ക് മാര്‍ക്കറ്റും, ഫോര്‍ട്ടും, ഫൌണ്ടനും, പബ്ലിക് ലൈബ്രറിയും, ആര്‍ട്ട് ഗാലറിയും, എല്ലാം പെടുമായിരുന്നു, ചില ദിവസങ്ങളില്‍ ഗേറ്റ് വേയുടെ ചുവട്ടില്‍ കാറ്റുകൊണ്ടിരിക്കാനും പോകാറുണ്ടായിരുന്നു.
.jpg)
അങ്ങനെയുള്ള ഒരു സായാഹ്നം എന്റെ ജീവിതത്തെ ആകെ ഉലച്ചു!
പുസ്തകങ്ങള്‍ വാങ്ങി അപ്പോളോയിലേക്ക് നടക്കുകയായിരുന്നു ഞാന്‍
ആര്‍ട്ട് ഗാലറിക്കു തൊട്ടു മുന്‍പത്തെ ബസ് സ്റ്റോപ്പ്, രണ്ടു മൂന്നു പേര് അക്ഷമരായി ബസ് കാത്തു നില്ക്കുന്നു, തൊട്ടപ്പുറത്ത് പ്രാകൃത വേഷത്തില്‍ ഒരു ഭിക്ഷക്കാരി, ഒരു കയ്യില്‍ ഒരു പ്ലാസ്റ്റിക് കവര്‍ മറുകയ്യില്‍ ഒരു പഴയ വാനിറ്റിബാഗ്, ഞാന്‍ അടുത്ത് എത്തിയതും അവര്‍ എന്റെ അടുത്തേക്ക് നീങ്ങിവന്നു.
" ഏക് പാഞ്ച് രൂപയാ ദേഗാ ക്യാ സാബ് "
കൈ നീട്ടിക്കൊണ്ടാണ് ചോദ്യം,
ആദ്യം വന്നത് ദേഷ്യമാണ്, വേണ്ടത്ര കാശ് ചോദിച്ചു വാങ്ങുന്ന ഭിക്ഷക്കാരികളെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അമര്‍ഷം അടക്കാന്‍ വയ്യാതെ ഞാന്‍ ഒരുനിമിഷം നിന്ന് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കി!
എന്റെ മനസ്സില്‍ മിന്നല്പിണരുകള് പാഞ്ഞു, പക്ഷെ ഇത്തവണ അത് കോപത്തിന്റെതായിരുന്നില്ല!
എന്റെ മുന്പില് നില്‍ക്കുന്നത് ഡോളി ആണ്എന്ന സത്യം എന്നെ ഞെട്ടിച്ചു!
" r u not Dolly? " അല്ല എന്ന ഉത്തരമാണ് എനിക്കാവശ്യമെങ്കിലും ചോദ്യം ഇങ്ങനെയാണ് പുറത്തു വന്നത്
അവള്‍ക്കെന്നെ മനസ്സിലായോ എന്തോ, പക്ഷെ അവസാനത്തെ കച്ചിത്തുരുമ്പ് വിടാന്‍ പറ്റില്ലല്ലോ!
അവളുടെ ഇംഗ്ലീഷിലുള്ള സംസാരം കേട്ടപ്പോള്‍ പലരും ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി, ഞാന്‍ മെല്ലെ കുറച്ചു മാറിനിന്നു.
എന്റെ ശരീരവും മനസ്സും ഞെട്ടലില്‍ നിന്നും മോചിതമാകാന്‍ മിനിട്ടുകള്‍ എടുത്തു
അവള് പറഞ്ഞ കഥകള്‍ ഒരു സിനിമയെ വെല്ലുന്നത് തന്നെയായിരുന്നു
എങ്ങനെ അവള് പതിയെ മയക്കുമരുന്നിനും മദ്യത്തിനും അടിമയായി എന്നും, ഒരു നശിച്ച രാത്രിയില്‍ വീട്ടില്‍ നിന്ന് വീട്ടുകാര്‍ തന്നെ ഇറക്കി വിട്ടതും, അവളുടെ കൂട്ടുകാരനും വീട്ടുകാരും തള്ളിപ്പറഞ്ഞതും, ഒരു പ്രതികാരം പോലെ പിന്നെ മദ്യത്തിനടിമയായതും, കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ കാപ്പിരികളോട് കൂട്ടുകൂടിയതും, മയക്കുമരുന്നിന്റെ മയക്കത്തില്‍ അവര്‍ അവളെ ഉപയോഗിച്ചതും, പിന്നെയും പിന്നെയും മയക്കുമരുന്നിനു വേണ്ടി അവള് തന്നെത്തന്നെ വിറ്റതും, വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ വീടും സ്വത്തുക്കളും വിറ്റ് നാട് വിട്ടു പോയതും, വഴിവക്കില്‍ മാസങ്ങള്‍ തള്ളിനീക്കിയതും ഒക്കെ !
വഴിയരുകില്‍ കിടന്ന അവളെ ഒരു പത്തുരൂപ നോട്ടോ, അതോ ഒരു പൊതി ബാക്കിവന്ന ചോറോ കാണിച്ച് പോലും പ്രാപിച്ച കാട്ടുനീതിയുടെ കഥ!
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവള് വിതുമ്പിക്കരഞ്ഞു, ദൈവത്തിന്റെ നീതിയെ പഴിച്ച എന്റെയും കണ്ണുകള്‍ നനഞ്ഞു.
അവളെ കൊണ്ടുപോയി അടുത്ത കടയില്‍ നിന്നും ഒരു ചോറുപൊതി വാങ്ങി കൊടുത്തതും, കയ്യിലാകെയുണ്ടായിരുന്ന അന്‍പത് രൂപയും ഒരു പിടി ചില്ലറയും വാരിക്കൊടുക്കുമ്പോള്‍ മനസ്സ് ഒരു തരം മരവിപ്പിലായിരുന്നു.
ഭക്ഷണം ഞാന്‍ പിന്നെ കഴിച്ചില്ല, മനസ്സുവന്നില്ല എന്നതാണ് സത്യം!
തിരിച്ച് മുറിയിലെത്തിയപ്പോള്‍ എന്റെ സുഹൃത്ത് നിരഞ്ജന് എന്റെ മുഖഭാവം വായിച്ചെടുത്തു!
" ക്യാ ഹുവ? , ബടെ ഉദാസ് ലഗ് രേഹെ ഹോ"
കഥകള്‍ കേട്ടപ്പോള്‍ നിരഞ്ജന് ഒന്ന് നെടുവീര്‍പ്പിട്ടു, നാലഞ്ചു കൊല്ലമായി അവന് ഈ നഗരത്തിന്റെ ചൂടും ചൂരും ഏറ്റ് കഴിയാന്‍ തുടങ്ങിയിട്ട്, പിന്നെ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു. ഇതെല്ലാം ഇവിടെ നിത്യ സംഭവങ്ങളാണ്, നമുക്ക് ഇതിനെ മാറ്റാന്‍ കഴിയില്ല, പിന്നെ കഴിയുന്നത് ഒന്ന് മാത്രം, അറിയാതെ പോലും ഇതിന്റെ ഒന്നും ഭാഗമാവാതിരിക്കുക!
" ഐസേ ജമേലെ മേം നഹി പടെ തൊ അച്ഛാ ഹൈ ക്യോം കി,
"ബടെ ബടെ ശഹരോം മേം ചോട്ടെ ചോട്ടെ ബാതേം ഹോതേ രഹ്തെ ഹൈ"
മഹാനഗരങ്ങളില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇരിക്കും എന്ന്!
ഒരു സ്ത്രീയുടെ മാനം, ഒരു കുടുംബത്തിന്റെ നാശം, പുതു തലമുറയുടെ നഷ്ടം,മൂല്യച്യുതി;
എല്ലാം ചെറിയ കാര്യങ്ങള്‍!, ശരിയാണ്, ഇങ്ങനെ ചിന്തിക്കുന്നവരുടെ ഇടയില്‍ എന്ത് ചെയ്യാനാകും, ഡോളി വെറുമൊരു വില്പ്പനച്ചരക്ക് മാത്രമാണ്!
അവളുടെ പാപങ്ങള്‍ അവള് തന്നെ അനുഭവിച്ചു തീര്‍ക്കട്ടെ, ഈ ഭൂമിയില്‍ വച്ച് തന്നെ, പിന്നെയുള്ള അന്ത്യയാത്ര സ്വര്‍ഗത്തിലേക്ക്, അതൊരു ഉറപ്പാണ്, കാരണം ഈ മഹാനഗരത്തിലെ ദുരനുഭവങ്ങളെക്കാള്‍ ഏറെ അവള്‍ക്ക് ഏതു നരകത്തിനു നല്കാന് കഴിയും!
പിന്നെ ഞാന്‍ ഡോളിയെ കണ്ടിട്ടില്ല, ഒരു തരത്തില്‍ അതൊരു ആശ്വാസം തന്നെ, എങ്കിലും ഇന്നും ബോംബെ എന്ന പേര് എനിക്ക് ആദ്യം തരുന്നത് വിഷാദത്തിന്റെ കണികകള്‍ തന്നെയാണ്, മഹാനഗരങ്ങളുടെ നീതി ഇതുതന്നെ എന്ന് മനസ്സിനെ ഓരോ നിമിഷവും വിശ്വസിപ്പിക്കുമ്പോളും !
സമര്‍പ്പണം :- എന്റെ നിസ്സഹായതകൊണ്ട്, നിനക്ക് തിരിച്ചു കിട്ടുമായിരുന്ന നിന്റെ ജീവിതം, നഷ്ടപ്പെട്ടു എന്ന് തോന്നുന്നെങ്കില്‍ നീ എനിക്ക് മാപ്പ് തരിക, ഈ എഴുത്ത് നിനക്ക് വേണ്ടി മാത്രമാണ് ഡോളി, നിന്റെ പഴയ ഒരു സുഹൃത്തിന്റെ കുംമ്പസാരമായിക്കരുതി മാപ്പ് തരിക !