Sunday, September 23, 2012

കേശുവി ന്‍റെ ശാപവും, ഒരു കുന്ന് ബ്രെഡും!

            മെഡിക്കല്‍ കോളേജിന്റെ മുന്നിലെ വയസ്സന്റെ (ഹിപ്പോക്രറ്റസ് ആണെന്ന് തോന്നുന്നു) പ്രതിമയുടെ മുന്‍പില്‍ അച്ഛനെയും കാത്തുനില്‍ക്കുമ്പോള്‍, വെള്ളക്കോട്ടുകളും, കഴുത്തിനു, ചുറ്റും, അല്ലെങ്കില്‍ വലിയ പോക്കെറ്റില്‍ തിരുകിയ സ്റ്റെത്തും, ചുണ്ടില്‍ എപ്പോഴും പിറുപിറുപ്പും കൊണ്ടു നടന്നു വരുന്ന പെണ്‍കുട്ടികളെയും, വൃത്തിഹീനമായ കോട്ട് കൈത്തണ്ടയില്‍ ഇട്ട്, ചിരിയും തമാശയുമായി വരുന്ന ആണ്കൂട്ടങ്ങളെയും ദീപുട്ടന്‍ ശ്രദ്ധിച്ചു.
            അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ചേച്ചിയെ ഒരു ഡോക്ടര്‍ ആക്കണം എന്നുള്ളത്!, ഏതായാലും കോച്ചിംഗ് ഒന്നും ഇല്ലാതെ എട്ടുനിലയില്‍ എന്ട്രന്‍സ് പരീക്ഷ പോട്ടിയതുകൊണ്ട് ചേച്ചി അതാ, വീടിന്റെ തൊട്ടടുത്ത സ്കൂളില്‍ ടീച്ചര്‍ ആയി ജോലിചെയ്യുന്നു, ആശ വഴിമാറി ഒഴുകി ദീപുട്ടന്റെ മേല്‍ പതിച്ചപ്പോള്‍, ചെറിയ തോതില്‍ ഒരു വെക്കേഷന്‍  ക്ലാസ്സില്‍ ഒക്കെ പോയി ദീപുട്ടനും ഒന്ന് ശ്രമിച്ചു നോക്കി!

            റാങ്ക് ലിസ്റ്റില്‍ വന്നെങ്കിലും, ഇന്ത്യയിലൊട്ടാകെ എഞ്ചിനീയറിംഗിനും, മെഡിസിനും അത്രയും സീറ്റ്‌ ഇല്ലാത്തതിനാല്‍ അതും ചീറ്റിപ്പോയി.
( ഇപ്പൊ കേരളത്തില്‍ മാത്രം അത്ര സീറ്റ്‌ ഉണ്ട് കേട്ടോ!)

 പിന്നെ ആകെ ഉള്ള ആശ്വാസം കുഞ്ഞുമോളില്‍ ആയിരുന്നു, അവള്‍ ആകട്ടെ , ഭയങ്കര ദുര്‍വാശിക്കാരിയും!

             ആദ്യത്തെ പ്രാവശ്യം കക്ഷി പരീക്ഷ പാസായെങ്കിലും, ഇഷ്ട വിഷയം,ഇഷ്ട കോളേജ് എന്നൊക്കെ പറഞ്ഞ്, പോയില്ല, അടുത്തവര്‍ഷം, എഴുതി, പക്ഷെ കഴിഞ്ഞ വര്‍ഷത്തെ പോലെ മുട്ടാപ്പോക്ക് ന്യായമൊന്നും ഇപ്രാവശ്യം പറയാന്‍ പറ്റിയില്ല, എന്തെന്നാല്‍ കക്ഷിക്ക്, ഇപ്രാവശ്യം ഭയങ്കര മാര്‍ക്കായിരുന്നു, അപ്പോപ്പിന്നെ, മനസ്സില്ലാ മനസ്സോടെ പുള്ളി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു, അതിപ്പോ കൊല്ലം ഒന്ന് കഴിഞ്ഞു!

 " ഏട്ടനെന്താ ഇവിടെ?"

ആളെ പെട്ടന്ന്‍ മനസ്സിലായെങ്കിലും, ദീപുട്ടന്‍ ആകെ ഒന്ന് ഞെട്ടിപ്പോയി!

പുറകീന്നുള്ള പ്രതീക്ഷിക്കാത്ത വിളിയല്ലേ, പുറമേ, ദീപുട്ടന്‍ ആകെ ചിന്തയിലും

"ചേച്ചിയെ കാണാന്‍ വന്നതാകും അല്ലെ?"

( വീട്ടില്‍ എല്ലാര്ക്കും ഒരു നല്ല വാലുള്ളതുകൊണ്ട്, കുഞ്ഞു എന്റെ ബാക്കിയാണെന്ന് അവനു മനസ്സിലായിരിക്കുന്നു!

"അല്ല കേശു, വേറെ ഒരു ആവശ്യമുണ്ടായിരുന്നു, എന്‍റെ അമ്മാവന്‍ ഒരാള്‍ അഡ്മിറ്റ്‌ ആണ്, പുള്ളിക്ക് വേണ്ടി ഒരു സഹായത്തിനു വന്നതാണ്."

ദീപുട്ടന്‍ പറഞ്ഞു

"അല്ല നീ എന്താ ഇവിടെ?"  അവന്‍റെ കോട്ടും, സ്ടെതും കണ്ടിട്ടും ദീപുട്ടന്‍ ചോദിച്ചു പോയി. അഞ്ചാറു കൊല്ലം മുന്‍പ് ദീപുട്ടന്റെ കൂടെ വള്ളി നിക്കറും ഇട്ടു നടന്നതല്ലേ!

" ഞാന്‍ ഫസ്റ്റ് ഇയര്‍ ആണ്" കേശുവിന്റെ മറുപടി.

" എന്തായാലും ഇതാണ് എന്റെ ഫോണ്‍ നമ്പര്‍, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം "  കേശു തന്‍റെ ഫോണ്‍ നമ്പര്‍ കൈ മാറി, ഒരു പുഞ്ചിരിയോടെ നടന്നു നീങ്ങി.
ദീപുട്ടന് അഭിമാനം തോന്നി, ഇതാ ഒരാള്‍ കൂടി തന്‍റെ സ്കൂളില്‍ നിന്നും!

പ്രത്യേകിച്ച് അത് കേശു ആയപ്പോള്‍..

പെട്ടന്ന്‍ ദീപുട്ടന്റെ മനസ്സ് ആറേഴു വര്ഷം പുറകോട്ടു നടന്നു

അയ്യോ..... ഒരു നിലവിളി, അതാ ദീപുട്ടന്റെ കയ്യില്‍ ഒരു ചെവി!, ആ ചെവിയുടെ അറ്റത്ത് കിടന്നാടുന്ന ഒരു നരന്ത് പയ്യന്‍, കേശു, കുഞ്ഞു മുഖം, നല്ല ഓമനത്തം, മുഖത്ത്, മുക്കിയെടുത്ത പോലെ നിഷ്കളങ്കത, ഈ കാഴ്ച വല്ല മാഷുംമാരും കണ്ടിരുന്നെങ്കില്‍ ആദ്യം ദീപുട്ടന്റെ ക്രൂരതക്ക്, രണ്ടു പൊട്ടിച്ച് അന്ത്യമിട്ടേനെ!

" എന്‍റെ ഹൌസില്‍ കേറി കക്കാന്‍ മാത്രം ധൈര്യം നിനക്കുണ്ടോടാ?"

അപ്പൊ അതാണ് കാര്യം, കൊച്ചു മിടുക്കന്‍ കട്ടതിനാണ് ദീപുട്ടന്‍ പിടികൂടിയിരിക്കുന്നത്, ചുറ്റും ദീപുട്ടന്റെ വാനര സേനയും ഉണ്ട്,

കാര്യം ഗുരുതരം തന്നെ, കക്കാന്‍ പാടില്ല, അന്യന്‍റെ മുതല്‍ മോഹിക്കരുത് എന്നല്ലേ!

" ഇവന്‍റെ സ്ഥിരം പരിപാടിയ ചേട്ടാ, ഇവനെ വെറുതെ വിടരുത്"

" കഴിഞ്ഞ ആഴ്ച ഇവന്‍ എന്റെ വെള്ളോം കട്ടു"

ഓ, അപ്പൊ കാര്യം വളരെ ഗുരുതരം, ഒരു കിലോ ആപ്പിള്‍ ചോദിച്ചാല്‍ ചിലപ്പോ  ഇവിടെ ആരെങ്കിലും ഒക്കെ തന്നേക്കാം, പക്ഷെ, വെള്ളം!

അടിയും പിടിയും കൂടി ഒരു ബക്കറ്റ്‌ വെള്ളം കിട്ടുമ്പോളെക്കും സെല്‍ഫ് സ്റ്റടിക്കുള്ള ബെല്ലടിച്ചു കാണും, അപ്പൊ കുളി തല്ക്കാലം രാത്രിയിലേക്ക്‌ മാറ്റിവച്ച്, മഗ്ഗില്‍ കുറച്ചു വെള്ളമെടുത്ത് ഒരു കാക്ക കുളി പാസ്സാക്കി (അല്ലെങ്കില്‍ കുളിക്കാത്ത കുറ്റത്തിന് സാറിന്‍റെ വക പണിഷ്മെന്റ് തീര്‍ച്ച! ) , ബാക്കി വെള്ളം മെല്ലെ കട്ടിലിന്റെ അടിയിലേക്ക് തള്ളി വച്ച്, ക്ലാസ്സിലേക്ക് പോകും.

അപ്പൊ ആ വെള്ളം കട്ടവനെ എന്ത് വിളിക്കണം, പെരും കള്ളന്‍ എന്ന് തന്നെ, അതും രണ്ടു ഹൌസ് അപ്പുറം പോയി കട്ടവനെ എന്ത്‌ വിളിക്കണം, കരിങ്കള്ളന്‍ എന്നായാലോ!?

നിലവിളിയോടുകൂടി, അവന്‍ പറയുന്നുമുണ്ട്.

" വിട് ചേട്ടാ, ഞാന്‍ അല്ല, ഞാന്‍ അല്ല ,"

" ഇനി ഈ വഴിക്ക് കണ്ടാല്‍ നിന്നെ ഞാന്‍!...... ശരിയാക്കും......"

ചെവി വിട്ടതും ഒരൊറ്റ ഓട്ടമായിരുന്നു, അതും കരഞ്ഞു കൊണ്ട്!

" ഇതൊക്കെ അവന്‍റെ ഒരു നമ്പരല്ലേ!" ശിഷ്യഗണങ്ങളിലാരോ പറഞ്ഞു.

എന്തായാലും ദീപുട്ടന് ഒരു ചെറിയ പേടി തോന്നി, ഇനിയിപ്പോ ചെക്കന്‍ ആ
 പി ടി സാറിനോടോ മറ്റോ പറഞ്ഞാല്‍ പിന്നെ ആകെ മാനക്കേടാവും!

കോടതി വിട്ട് രണ്ടക്ഷരം വല്ലതും പഠിച്ചു കളയാം എന്നാ ചിന്തയുമായി ഇരിക്കുമ്പോള്‍ ആണ് നമ്മുടെ " ഇരുമ്പന്‍ ജിഷു " കേറി വരുന്നത്, വട്ടപ്പേര് കേട്ടാല്‍ തോന്നുന്നത് പോലെ തന്നെ, ആളൊരു ഇരുമ്പു കട്ട തന്നെ, ദീപുട്ടന്റെ ഒരു ക്ലാസ്സ്‌ താഴെ!

" ആ പാവം പയ്യനെ അങ്ങനെ ഉപദ്രവിക്കണ്ടായിരുന്നു "

ദീപുട്ടന് ഇരുമ്പന്‍റെ വക്കാലത്ത് തീരെ ഇഷ്ടപ്പെട്ടില്ല,

" ഇവനൊക്കെ ഇത്ര കൊടുത്താല്‍ പോര, ഈ പ്രായത്തിലെ കക്കാന്നൊക്കെ പറഞ്ഞാ" ദീപുട്ടന്‍ തന്‍റെ ഭാഗം ന്യായീകരിച്ചു.

ചെമ്മണൂര്‍ ജ്വല്ലറി കുത്തിത്തുറന്നു എന്ന് തോന്നിപ്പോകും കേള്‍ക്കുന്നവര്‍ക്ക്!

" അല്ല ഏട്ടാ, ആ വെള്ളം ഞാനാ എടുത്തത് ", ഇരുമ്പന്‍ കുമ്പസാരിച്ചു
ദീപുട്ടന്‍ ആകെ ചൂളിപ്പോയി, ഒരു വലിയ തെറ്റു പറ്റിയിരിക്കുന്നു, ഈ കുരുത്തം കെട്ടവന്‍മാര്‍ കാരണം പാവം പയ്യന്‍!

" ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു  നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നാണല്ലോ"

എന്തായാലും വളരെ മോശമായി, ദീപുട്ടന്റെ മനസ്സ് പെട്ടന്ന്‍ കുറ്റബോധം കൊണ്ട് നിറഞ്ഞു. പിന്നെ ഉടന്‍ തന്നെ കേശുവിന്റെ ഹൌസിലേക്ക് വെച്ച് പിടിച്ചു

കേശു ബെഡ്ഡില്‍ കമിഴ്ന്ന് കിടക്കുകയാണ്, രണ്ടു മൂന്നു കൂട്ടുകാര്‍ ചുറ്റും ഇരിക്കുന്നു, തേങ്ങലിന്റെ ശക്തിയില്‍ തല ഇടയ്ക്കിടെ ഇളകുന്നു.

ദീപുട്ടനെ കണ്ടതും ആകെ ഒരു നിശബ്ദത, എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ ഒതുങ്ങി നിന്നു, കൂട്ടുകാര്‍ കേശുവിന്റെ ബെഡ്ഡില്‍ നിന്നും എണീറ്റ്‌ മാറി നിന്നു

" നിനക്കൊന്നും ഒരു പണിയും ഇല്ലേ?, പോയി പഠിക്കെടാ" ദീപുട്ടന്‍ എല്ലാവരെയും ആട്ടി വിട്ടു, ക്ഷമ ചോദിക്കുമ്പോഴുള്ള ചമ്മല്‍ ആരും കാണണ്ട!

"ഡാ കേശു, നിനക്ക് പഠിക്കാനൊന്നും ഇല്ലേ " ഇത്തവണ ദീപുട്ടന്റെ സ്വരത്തില്‍ ചെറിയ ഒരു മയം!
 " ഞാനല്ല ചേട്ടാ വെള്ളം എടുത്തത്" കേശു പിന്നെയും തേങ്ങിക്കരഞ്ഞു
" സാരമില്ലെടാ, പോട്ടെ, ചിലപ്പോ, വേറെ ആരെങ്കിലും  ആയിരിക്കും, നീ അതങ്ങ് വിട്ടു കള " ദീപുട്ടന്‍ സമാധാനിപ്പിച്ചു, "ഇനി ആരെങ്കിലും ആ പേരും പറഞ്ഞ് നിന്നെ കളിയാക്കിയാല്‍ നീ എന്നോട് പറഞ്ഞാല്‍ മതി, ഇനി കരയാതെ വല്ലതും പഠിക്കാന്‍ നോക്ക്" ദീപുട്ടന്‍ തന്ത്ര പൂര്‍വ്വം ഇരുമ്പനെ കേസില്‍ നിന്നും ഒഴിവാക്കി.

ഏതായാലും ഈ സംഭവത്തിന്‌ ശേഷം കേശുവും ദീപുട്ടനും നല്ല കൂട്ടുകാരായി

ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ ദീപുട്ടന്റെ കുറ്റബോധം കാരണം ദീപുട്ടന്‍ കേശുവിനെ തന്‍റെ മുഖ്യ ശിങ്കിടി ആയി നിയമിച്ചു!

ഒരു ദിവസം ക്ലാസ്സില്‍ നിന്നും വന്നപ്പോള്‍ ദീപുട്ടന്‍ കാണുന്നത് നയനമനോഹരമായ ഒരു കാഴ്ചയാണ്, കേശു പിന്നെയും തൂങ്ങി നില്‍ക്കുന്നു, പക്ഷെ ഇത്തവണ ഹരിക്കുട്ടന്റെ കയ്യിലാണെന്നു മാത്രം!

" എന്താടാ, എന്തുപറ്റി? "
"എന്തു പറ്റാന്‍ , ഇവന് നീ അന്ന് കൊടുത്തത് ഒന്നും പോര എന്നാ തോന്നുന്നത്"

"ഈ കഴുവേര്‍ടെ മോന്‍ പറയാണ്, നാളെ എനിക്ക് ഇഷ്ടംപോലെ ബ്രെഡ്‌ കിട്ടീലെങ്കില്‍, ഈ ചേട്ടന്മാരൊക്കെ പരീക്ഷക്ക്‌ തോറ്റ് പോട്ടെന്ന്, അവന്‍റെ ഒരു ശാപം!,"

"ഇവനെ ഞാന്‍ ഇപ്പൊ ശരിയാക്കി തരാം"

" വിട്ടു കള ഇവനെ നമുക്ക് നാളെ ശരിയാക്കാം"
" നിങ്ങള്‍ ഒക്കെത്തന്നെയാണ് ഈ ചെക്കന്‍മാരെ വഷളാക്കുന്നത്, ഇവന്‍റെ ഒക്കെ ചന്തി അടിച്ചു പൊട്ടിക്കണം!"

പിറ്റേ ദിവസം രാവിലെ കേശുവിനെ പൊതിഞ്ഞു പന്ത്രണ്ടാം ക്ലാസ്സിലെ മുഴുവന്‍ മക്കളും, എല്ലാവരുടെയും കയ്യില്‍ ഓരോ കഷ്ണം ബ്രെഡ്‌, അപ്പൊ ആകെ ഒരു 30 പീസ്!

അതങ്ങിനെ ഒരു പാത്രത്തില്‍ കുന്നു കൂട്ടി ഇട്ടിരിക്കുകയാണ്, ( 30 കഷ്ണം എന്ന് വിചാരിച്ച് പുച്ച്ചിക്കുന്നവരുടെ ശ്രദ്ധക്ക്, ഇത് സാധാരണ ബ്രഡ്‌ അല്ല, ഒരു വലിയ ബ്രഡ് ആകെ ഒരു 5-6 കഷണമാക്കി ഒരാള്‍ക്ക്‌ നാല് കഷണം ആണ് കിട്ടുക, അതു തന്നെ ധാരാളം, പിന്നെ ശരീര സൌന്ദര്യ വര്‍ധനത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന സുന്ദരികള്‍ ഒന്നോ രണ്ടോ കൊണ്ട് തൃപ്തിപ്പെടും!)


 കേശു അടി തുടങ്ങി!. ഒരു കഷ്ണം എടുക്കുന്നു, നാലാക്കി മുറിക്കുന്നു, ഉരുളക്കിഴങ്ങ് കറിയില്‍ മുക്കുന്നു പിന്നെ ആ ചെറിയ വായ്ക്കുള്ളില്‍ നിറക്കുന്നു, വലിയ സ്റ്റീല്‍ ഗ്ലാസിലെ പാലില്‍ ഒരു കവിള്‍ അകത്താക്കുന്നു!
5 മിനിട്ട് കഴിഞ്ഞില്ല, പ്ലടിലെ കുന്നിന്‍റെ ഉയരം മൂന്നിലൊന്നായി!
കണ്ടു നിന്ന പലരും തലയില്‍ കൈ വച്ചുപോയി,

"എന്റെ ദൈവമേ, ഇതൊക്കെ, എങ്ങോട്ട് പോണു", ദീപുട്ടന്‍ മനസ്സിലോര്‍ത്തു! 

5 മിനിട്ടുകൂടി കഴിഞ്ഞപ്പോള്‍, JCB കുന്നിന്‍റെ പകുതിയും നിരത്തിക്കഴിഞ്ഞു! ഇനി ഒന്നുകൂടെ ചെന്നാല്‍ ഹരിക്കുട്ടന്റെ റെക്കോര്‍ഡ്‌ തകരും!
ഹരിക്കുട്ടന്‍ ആകാംഷയോടെ നോക്കിനിന്നു, അതാ അതും സംഭവിച്ചു!

ചെക്കന്‍ വിടാനുള്ള ഭാവമില്ല, ഇപ്പൊ വെറും പാലിന്റെ കൂടെയാണ് പൂശല്‍!!, പക്ഷെ ഒരു മയം ഒക്കെ വന്നിട്ടുണ്ട്, തീറ്റ മേല്ലെയായി, മുഖത്തെ ആഹ്ലാദവും ചിരിയും ഒന്ന് ക്ഷയിച്ചു,

" വേഗം തിന്നെടാ" ശ്രീക്കുട്ടന്‍, കേശുവിന്റെ തോളത്ത് തട്ടി ഭീഷണിയോടെ പറഞ്ഞു!

"മതി ചേട്ടാ",

"മതീന്നോ?" ഇപ്രാവശ്യം ശബ്ദമുയര്‍ന്നത് കുഞ്ഞുട്ടന്റെ!

" നീ ഇത് മുഴുവന്‍ തിന്നിട്ടു പോയാല്‍ മതി", അല്ലെങ്കില്‍ ഞങ്ങള്‍ തോറ്റുപോയാലോ?!?!"

" ഇവന്‍ ഇത് മുഴുവന്‍ തിന്നാല്‍ നമുക്ക് ഡിസ്ടിങ്ങ്ഷന്‍ ഉറപ്പാ!" ഹരിക്കുട്ടന്‍ പറഞ്ഞു " നീ ഇത് മുഴുവന്‍ തിന്നിട്ടെ പോവുന്നുള്ളൂ, ഹരിക്കുട്ടന്‍ തുടര്‍ന്നു.

ഇത്തവണ വിളറിയത് കേശുവിന്റെ മുഖമാണ്, അവന്‍ ദയനീയമായി ദീപുട്ടനെ ഒന്ന് നോക്കി, " എന്നെ ഒന്ന് രക്ഷിക്കൂ" എന്ന ഒരര്‍ത്ഥം ഉള്ള ആ നോട്ടം, ദീപുട്ടന്‍ കണ്ടില്ല എന്ന് നടിച്ചു. കാരണം കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു, തലമൂത്ത നേതാക്കള്‍ രംഗം കീഴടക്കി, ദീപുട്ടന്‍ വെറും കാഴ്ചക്കാരനായി ഒതുങ്ങി!

കേശു പതുക്കെ അടുത്ത കഷണം കയ്യിലെടുത്ത് പൊട്ടിച്ചു, പാലില്‍ മുക്കി വായിലെക്കടുപ്പിക്കുമ്പോള്‍, കണ്ണുകള്‍ നിറഞ്ഞൊഴുകി, 

ബ്വാ............ ബ്വാ............!!!! 
ഒറ്റ ഓക്കാനം, അതാ തറയില്‍ നിറയെ പാലും ബ്രഡ്‌ കഷ്ണങ്ങളും, പിന്നെ ഒരു കുത്തൊഴുക്ക്, കേശു എഴുന്നേറ്റ് ഓടി, വാഷ്ബസിനില്‍ കൊതി തീരുവോളം ശര്‍ദ്ദിച്ചു, പിന്നാലെ ഓടിഎത്തിയ ദീപുട്ടന്‍ മെല്ലെ പുറത്ത് തടവിക്കൊടുത്തു, എല്ലാം കഴിഞ്ഞപ്പോളെക്കും കേശു പൊട്ടിക്കരഞ്ഞു
" ഞാന്‍ വെറുതെ ഒരു തമാശക്ക് പറഞ്ഞതാ ചേട്ടാ", തേങ്ങലിനിടയിലും അവന്‍ പറഞ്ഞു!

" സാരമില്ലട, പോട്ടെ, എന്നാലും നീ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു "
ദീപുട്ടന്‍.. കേശുവിനെ ആശ്വസിപ്പിക്കുന്നതിനിടയിലും സ്വയം ആശ്വസിക്കാന്‍ പറഞ്ഞു!.

ഏതായാലും കേശുവും ദീപുട്ടനും തമ്മിലുള്ള ബന്ധം അതോടെ തീവ്രമായി
അതുകൊണ്ട് തന്നെ കേശുവിന്റെ ശാപം ഫലിച്ചില്ല ( അല്ലെങ്കിലും,അവനു വയറു നിറയെ ബ്രഡും കിട്ടിയല്ലോ!!)

വാല്‍ :- പരീക്ഷ കഴിഞ്ഞ ദിവസം വൈകുന്നേരം, കേശുവും ദീപുട്ടനും കല്‍ക്കൂനക്ക് മേല്‍ സംസാരിച്ചിരുന്നു, ( അതേ, മിശ്രക്കിട്ട് ദീപുട്ടന്‍ പൊട്ടിച്ച അതേ കല്ലിന്റെ കൂന!) നാളെ രാവിലെ എന്നെന്നേക്കുമായി സ്കൂള്‍ വിട്ടു പോകേണ്ട കാര്യം ആലോചിച്ച് ദീപുട്ടന്റെ കണ്ണു നിറഞ്ഞു, കേശുവും കരയാന്‍ തുടങ്ങി, തേങ്ങി തേങ്ങി തന്നെ! രാവിലെ റെഡി ആയി  ഒരു ബാഗ്‌ മാത്രമെടുത്ത് വീടിലേക്ക്‌ മടങ്ങുമ്പോള്‍ ദീപുട്ടന്റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നൊള്ളൂ, കേശുവിന്റെ കണ്ണില്‍ പെടരുതെ എന്ന്‍, എന്നിട്ടും ഗേററിനടുതെതിയപ്പോള്‍ ദീപുട്ടന്‍ ഒന്ന് തിരിഞ്ഞു നോക്കി, അതാ,   ഹാളിന്‍റെ മുന്‍പില്‍ നിന്നും കൈവീശുന്നു, കേശുവും കൂട്ടുകാരും, അവന്‍റെ കണ്ണീരിന്‍റെ നനവ്‌ ദീപുട്ടന്ടെ ഉള്ളില്‍ ഒരു നീറ്റല്‍ സമ്മാനിച്ചു. ഒരുപിടി നല്ല ഓര്‍മകളുമായി ദീപുട്ടന്‍ പടിയിറങ്ങി..!



No comments:

Post a Comment