Thursday, September 13, 2012

കുറ്റവും ശിക്ഷയും!

      വര്‍ഷങ്ങള്‍ അഞ്ചാറു കഴിഞ്ഞു, സ്കൂളിന്റെ മുഖച്ചായയില്‍ വളരെ വ്യത്യാസങ്ങള്‍ വന്നിരിക്കുന്നു, കുന്നിന്‍ മുകളില്‍ നിറയെ കെട്ടിടങ്ങള്‍ നിരന്നു, ക്ലാസ്സുമുറികളും, ലാബും, ഹോസ്റ്റല്‍, താമസസൌകര്യാദികളും, ഓടിട്ടൊറിയവും,ഡൈനിങ്ങ്‌ ഹാളും മറ്റു  അനുബന്ധസൌകര്യങ്ങളും പിന്നെ കളിസ്ഥലങ്ങളും, കലാകായിക ഉപാധികളും, ഒട്ടനവധി മരങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ മുളച്ചുപോങ്ങിക്കൊണ്ടിരുന്നു.

 അതുപോലെ തന്നെ കുട്ടികളുടെ എണ്ണവും വര്‍ഷം തോറും വര്‍ധിച്ചു വന്നു. 

'എടാ' എന്നു വിളിക്കുന്നതിനേക്കാള്‍ ഏറെ 'ഏട്ടാ' എന്ന് വിളിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ദീപുട്ടനും കൂട്ടുകാര്‍ക്കും സ്വന്തം വലുപ്പത്തിനെപ്പറ്റി ഒരു മതിപ്പോക്കെ തോന്നിത്തുടങ്ങി.

 ചെറിയ വഴക്കുകളും മറ്റും തീര്‍പ്പാക്കുന്നതിനുള്ള  അദ്ധ്യാപകരുടെ മൌനാനുവാദവും ഇതിനു വളം വെക്കുന്നതായിരുന്നു!
               
  "ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല ചേട്ടാ, എന്തെങ്കിലും ചെയ്തേ പറ്റൂ, ഇവന്‍മാര്‍  ഈ ചെയ്യുന്നതൊന്നും സമ്മതിച്ചുകൊടുക്കരുത്"
ശബ്ദം തൊട്ടു താഴത്തെ ബാച്ചിലെ കുമാരന്‍റെ ആയിരുന്നു.

"എന്താ, എന്തുണ്ടായി?, ദീപുട്ടന്റെ സ്വരത്തില്‍ തികഞ്ഞ ഔദ്യോഗികത!

" ഇന്നലെ രാത്രി ക്ലാസ്സില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ഞങ്ങളുനെ യൂനിഫൊമ് ആരോ കക്കൂസില്‍ കൊണ്ടിട്ടിരിക്കുന്നു " "ആരോ അല്ല, ഇത്  അവന്മാര്‍ തന്നെ, ആ ഉത്തര്‍പ്രദേശുകാരന്‍,മിശ്ര തന്നെ,
 ആ സുഭാഷിലെ പഹയന്‍, ആ രാഘവനെ കാണാന്‍ എന്നും പറഞ്ഞ് ഇടയ്ക്കിടെ വരാറുണ്ട്, മഹാ ചെറ്റയാ ", കുമാരന്‍ കൂട്ടിച്ചേര്‍ത്തു.

"അവന്മാരെ നന്നായി ഒന്നു പൊട്ടിക്കണം, കുറെ നാളായി ഞങ്ങള്‍ അവനെ ഓങ്ങിവക്കുന്നു, പക്ഷെ, അതെങ്ങിനെ, എപ്പൊഴും ആ ഗുസ്തിക്കാരന്‍ ചെക്കനും അവരുടെ കൂടെ അല്ലെ!, അവന്‍ ഒറ്റയാളുടെ ധൈര്യത്തിലാണ് ഇവന്മാര്‍ കളിക്കുന്നത്",

 പറഞ്ഞത് ചെള്ളുപോലിരിക്കുന്ന, രാമനായിരുന്നു, "ഇവന്‍ ഇത്രക്കൊക്കെ ആയോ?!?!," ദീപുട്ടന്‍ മനസ്സിലോര്‍ത്തു, 

ആ അരവിന്ദിന്‍റെ മസ്സില്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും, അവന്‍ ഗ്രൗണ്ടില്‍ ഒറ്റക്കൈകൊണ്ട് നടത്ത്ന്ന കസര്‍ത്തിനു നമുക്ക് രണ്ടുകൈ തികയാതെ വരും, പിന്നെ ആകെ ആശ്വാസം അവനു ചേട്ടന്മാരെ ഇത്തിരി ബഹുമാനം ഉണ്ട്‌ എന്നത് മാത്രമാണ്!

ഏതായാലും ആശ്രിതവത്സലര്‍ ആയിപ്പോയതിനാലും പിന്നെ സ്വന്തം ഹൌസില്‍ ഇമേജ് നിലനിര്‍ത്തേണ്ടതിനാലും, ഈ കുരുക്കില്‍ തല വെക്കാതെ പറ്റില്ല!, പുലിവാല്‍ തന്നെ, പക്ഷെ പിടിച്ചില്ലെങ്കില്‍ പിന്നെ സ്വന്തം ഹൌസില്‍ തനിക്കൊക്കെ എന്ത് വില?!!

ഉടനെതന്നെ, ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി, സൂത്രധാരന്‍ നമ്മുടെ ശ്രീക്കുട്ടന്‍ തന്നെ!

ആളൊരു പിടുങ്ങയാണെങ്കിലും, ബുദ്ധിക്കട്ടയാണ്, പഠിത്തത്തില്‍ മുമ്പന്‍, പിന്നെ സൂത്രക്കാരനും, ചതുരന്‍, കൂര്‍മബുദ്ധിക്കാരന്‍, എന്നൊക്കെ പറഞ്ഞാലും അധികമാകില്ല!

" ഒരു കാരണവും തെളിവും ഇല്ലാതെ ഒരാളെ തല്ലിയാല്‍ ആകെ പ്രശ്നമാകും, അതുകൊണ്ടുതന്നെ നമ്മള്‍ വളരെ സൂക്ഷിക്കണം, " 
 " അപ്പൊ ആദ്യം ഒരുകാരണം ഉണ്ടാകണം അല്ലെ ?" 

കൂട്ടത്തില്‍ ഇത്തിരി മുഷ്കനും ശുദ്ധനുമായ ഹരിക്കുട്ടന്‍!!!!! ഇത്തിരി നിഷ്കളങ്കമായിതന്നെ ചോദിച്ചു.

" ഹഹ, അതെയതെ," 

സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ച് ശ്രീക്കുട്ടന്‍ തുടര്‍ന്നു

" അതൊന്നും വേണ്ടടാ, ഇത്തവണ നമുക്ക്, അവനെ ഒന്നുവിളിച്ചു വിരട്ടിവിടാം, ഇനി ഈ ഹൌസില്‍ കാലുകുത്തിയാല്‍ കാലുതല്ലി ഒടിക്കും എന്ന് തന്നെ തട്ടാം"

പ്രസുട്ടന്‍ തന്‍റെ പക്വമായ അഭിപ്രായം അവതരിപ്പിച്ചു.

അതാണ് ഇപ്പൊ നല്ലത്, ദീപുട്ടന്‍ തന്‍റെ യോജിപ്പ് പ്രകടമാക്കി.

"എന്നാലും നമ്മള്‍ ഒന്നു നന്നായി പ്ളാന്‍ ചെയ്തു തന്നെ വേണം പോവാന്‍", ശ്രീക്കുട്ടന്‍ തന്‍റെ നയം വ്യക്തമാക്കി

"ഇവന്‍മാര്‍ രാത്രി ഊണുകഴിഞ്ഞ് ആ കല്ലിന്റെ കൂമ്പാരത്തിനു മോളിലിരുന്നു കട്ടയടിക്കാറുണ്ട്", കുഞ്ഞുട്ടന്‍ തന്‍റെ നിരീക്ഷണ പാടവം അവതരിപ്പിച്ചു,

"ഓക്കേ അപ്പൊ അവിടെത്തന്നെ തുടങ്ങാം, നമുക്ക് അവിടെപ്പോയി മെല്ലെ അവനെ നമ്മുടെ അടുത്തേക്ക് വിളിച്ചു വരുത്തി നൈസ് ആയി കാര്യം പറയാം, പിന്നെ അവന്‍ എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ മാത്രം ഒന്നു തലോടി വിടാം", പ്രസുട്ടന്‍ തന്‍റെ പ്ളാന്‍ പറഞ്ഞു,

" ഇനി അവന്‍ വേറെ എന്തെങ്കിലും തറുതല പറഞ്ഞാല്‍ അവനെ അവിടെ ഇട്ടു പൊട്ടിക്കണം " ഹരിക്കുട്ടന്‍ പല്ല് ഞെരിച്ചു!

" അപ്പൊ, അങ്ങനെ വല്ലതും അവന്‍ പറഞ്ഞാല്‍ ആദ്യത്തെ അടി ഞാന്‍ അടിക്കും, അപ്പൊ മല്ലന്‍ ( പ്രാസുട്ടന്റെ ഇരട്ടപ്പേര് അക്കാലത്ത് അതായിരുന്നു, രാവിലെയും വൈകുന്നേരവും കസര്‍ത്ത് നടത്തി ഇത്തിരി മസ്സില്‍ ഒക്കെ ഉണ്ടാക്കിയെടുത്തിരുന്നു !)എന്നെ ഒന്നു കവര്‍ ചെയ്തേക്കണം, ആ അരവിന്ദനെ നോക്കിയാല്‍ മതി, ബാക്കി ചീളുകളെ ഒക്കെ, ദീപുട്ടനും, ഹരിക്കുട്ടനും പിടിച്ചു വെച്ചേക്കണം, അപ്പോഴേക്കും ഞാന്‍ അവനു മതിയവുന്നോളം കൊടുത്തോളാം"

ശ്രീക്കുട്ടന്‍ ആവേശം കൊണ്ടു.

അങ്ങനെ ആ ദിവസം വന്നു, എല്ലാവരും രാവിലെ മുതല്‍ ആകാംഷഭരിതരായിരുന്നു,
ക്ലാസ്സില്‍ പോലും ആരെയും അറിയിക്കാടെ ഉള്ള ഓപറേഷന്‍!, എങ്ങേനെയെങ്കിലും ഒന്നു രാത്രിയായിക്കിട്ടിയിരുന്നെങ്കില്‍ എന്നും ആലോചിച്ചായിരുന്നു എല്ലാവരുടെയും നടപ്പ്.

അങ്ങനെ ആ സമയം വന്നെത്തി, 8A യില്‍ പഠിക്കുന്ന ടിങ്കുവിനെ മെറ്റല്‍കൂനക്ക് കാവല്‍ ഏല്‍പ്പിച് ദീപുട്ടന്‍ എല്ലാവരുടെയും കൂടെ കുറച്ച് മാറി നിന്നു.

ഒരു 20മിനിറ്റ് ആയിക്കാണും, അതാ വരുന്നു ടിങ്കു ഓടിച്ചാടി!

" ചേട്ടാ,ആ ചേട്ടന്മാര് വന്നിട്ടുണ്ട്"
" ആരൊക്കെ ഉണ്ടെടാ?", കുഞ്ഞുട്ടന്റെ ആകാംഷ,
" ആ അരവിന്ദും,മിശ്രയും, രാഘവനും, പിന്നെ വേറെ ഒരു ചേട്ടനും", ടിങ്കു പറഞ്ഞ് നിര്‍ത്തി.
രാഘവന്‍റെ പേര് പറഞ്ഞത് ദീപുട്ടന് അത്ര പിടിച്ചില്ല, ( രാഘവനും  ദീപുട്ടനും നല്ല ദോസ്തുക്കള്‍ ആയിരുന്നു, മാത്രമല്ല കളി കൈവിട്ടു പോയാല്‍ രാഘവനും ഇട്ടു കൊട്ടേണ്ടി  വരും,ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം,വരാനുള്ളത് വഴിയില്‍ തങ്ങില്ലെല്ലോ!,
" കുഞ്ഞുട്ടാ, നീ മെല്ലെപ്പോയി ആ മിശ്രക്കുഞ്ഞിരാമനെ ഇങ്ങു വിളിക്ക്,നീ ആകുമ്പോള്‍ സംശയമൊന്നും തോന്നില്ല", പ്രസുട്ടന്‍ പറഞ്ഞു.

അങ്ങനെ കുഞ്ഞുട്ടന്‍ മെല്ലെ മെറ്റല്‍ കൂനയെ ലക്ഷ്യമിട്ട് നടന്നു

" മിശ്ര ഒന്നിങ്ങു വന്നേ,ഒരു കാര്യം പറയാനാ, കുഞ്ഞുട്ടന്‍ മയത്തില്‍ പറഞ്ഞു, കുഞ്ഞുട്ടനെ ഭയമില്ലഞ്ഞിട്ടാണോ അതോ സംസാരം മുറുകിയ നിമിഷത്തില്‍ രസച്ചരടുകള്‍, പൊട്ടുമെന്ന് കരുതിയാണോ, അതോ ഇനി എന്തെങ്കിലും അപകടം മണത്തിട്ടാണോ എന്തോ, മിശ്രക്കുഞ്ഞിന്റെ വായില്‍ നിന്നു വന്നത് തറുതലയാണ്, ഹിന്ദി മലയാളീകരിച്ചു വരുമ്പോള്‍ ഏകദേശം

 " എന്ത് പറയാനുണ്ടെങ്കിലും ഇവിടെ എല്ലാരുടെയും മുന്‍പില്‍ വച്ച് മതി" എന്നാകും

കുഞ്ഞുട്ടന്‍ ഒന്നു കൂടി ഉറച്ചുവിളിച്ചപ്പോള്‍ അടുത്ത ഉത്തരം പറഞ്ഞത് പിന്നെ കയ്യൂക്കുള്ള അരവിന്ദന്‍ ആയിരുന്നു, ദൂരെ മാറി നിന്ന എല്ലാര്ക്കും പണി പാളി എന്ന് മനസ്സിലായി, ഇനി ഇപ്പൊ പ്ളാന്‍ B തന്നെ രക്ഷ!,

എല്ലാവരും കളത്തിലെക്കിറങ്ങി, ആദ്യത്തെ അടി പറ്റിക്കാന്‍ മുന്നില്‍ തന്നെ ശ്രീക്കുട്ടനും, അവന്‍റെ  തടി രക്ഷിക്കാന്‍ പിന്നെ മല്ലനും, അതിനു പിന്നില്‍, ദീപുട്ടനും,ഹരിക്കുട്ടനും കുഞ്ഞുട്ടനും, ഏറ്റവും പുറകില്‍ സുദ്ദുട്ടനും.

ശ്രീക്കുട്ടന്‍ കത്തികയറാന്‍ തുടങ്ങി, പിന്നില്‍ നിന്നും പ്രോമ്ടിംഗ് നടക്കുന്നു,

എന്തൊക്കെയായിട്ടും, സംസാരം, അടിക്കാന്‍ മാത്രം മുറുകുന്നില്ല, മലയാളത്തില്‍ ആലോചിച്ച്, ഹിന്ദിയില്‍ പറയുമ്പോഴേക്കും, ഡയലോഗിന്റെ  പഞ്ച് പോകുന്നു.
" ഇതെന്താ ഇങ്ങനെ, അങ്ങട് കേറി പൂശെടാ", 

ഹരിക്കുട്ടന്‍, പിറകില്‍ നിന്നും പറഞ്ഞത് ശ്രീക്കുട്ടനോടാണെങ്കിലും,  കാര്യം ആദ്യം പിടികിട്ടിയത് ദീപുട്ടനായിരുന്നു,

 ഒറ്റച്ചാട്ടത്തിന്, പ്രസുട്ടനെയും, ശ്രീക്കുട്ടനെയും തള്ളി മാറ്റിയതും, മിശ്രപ്പയ്യന്റെ ചെവിക്കല്ല് നോക്കി ഒന്നു കീറിയതും ഒരു മിന്നലുപോലെ എല്ലാവരും കണ്ടു, 

ദേ കിടക്കുന്നു പയ്യന്‍ താഴെ,

 എന്ത് പറ്റി എന്ന് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ പ്രസുട്ടനും ഹരിക്കുട്ടനും മറ്റുള്ളവരെ പൂട്ടിക്കഴിഞ്ഞു,

മിഷന്‍ ഓക്കേ എന്ന് പറയാനാകും മുന്‍പേ, രാഘവന്‍ ഓടി,  

ചെന്ന് പെട്ടതോ, വീരപ്പന്‍ മാഷ്ടെ മുന്‍പില്‍,

അയ്യോ, പണി പാളിപ്പോയല്ലോ!

"എടാ പ്രസൂ, നീയല്ലേ മൂപരുടെ ഇഷ്ട താരം, നീ തന്നെ ഇത് ഡീല്‍ ചെയ്തോ" , ശ്രീക്കുട്ടന്‍ മെല്ലെ ഊരി!

"ഏതായാലും അവന്‍ എല്ലാം വിളമ്പുന്നതിനു മുന്‍പേ നമുക്ക് സാറെ വളക്കാം", ദീപുട്ടന്‍ പ്രസുട്ടനോട്!

അങ്ങനെ പ്രസുട്ടന്‍ നേരെ വീരപ്പന്‍ മാഷിനോട് കാര്യങ്ങള്‍ വിവരിച്ചു, കുറച്ച് വളച്ചും തിരിച്ചും, കക്കൂസ് കഥ കൂട്ടിയും പറഞ്ഞതും പ്രസുവിന്റെ മൂക്കിനു മുന്‍പിലൂടെ ഒരു കാറ്റ് കടന്നു പോയി, 

എന്ത് സംഭവിച്ചു എന്ന് അറിയും മുന്‍പേ, രാഘവന്‍ ചെവിക്കല്ലും പൊത്തി നിലത്തിരുന്നു പോയി!, 

വീരപ്പന്‍ മാഷ്‌ പിന്നെയും രണ്ടു വട്ടം കൈ വീശി, ഇത്തവണ കിട്ടിയത് മിശ്രക്കും, അരവിന്ദനും,

 ദീപുട്ടന്റെ  കളസം നനഞ്ഞില്ല എന്നെ ഉള്ളൂ, അടുത്തത് എനിക്ക് തന്നെ എന്ന് വിചാരിച്ച് മനസ്സിനെ പാകപ്പെടുത്തിയപ്പോഴേക്കും, വീരപ്പന്‍ മാഷ്‌ പ്രസുട്ടനോടായി

" ഇനി ഇവന്മാരെ സ്വന്തം ഹോസ്റ്റലില്‍ അല്ലാതെ കണ്ടാല്‍ ഉടനെ എന്നെ അറിയിക്കണം, ശരി, പോയ്‌ പഠിക്കാന്‍ നോക്ക്"

ഒഹ്... ശ്വാസം നേരെ വീണു, തിരിഞ്ഞു നടന്നതും, പുറകില്‍ നിന്ന്‍ "ഇനി ഇങ്ങനെ അടിപിടി ഉണ്ടായാല്‍ ഞാന്‍ യാരെയും വെറുതെ വിടില്ല, സൂക്ഷിച്ചോ!" എന്നൊരു വാണിംഗ്!.

ഹോസ്റ്റലില്‍ പോയി എല്ലാരും മാനം രക്ഷപ്പെട്ടതിലും, അടി ഒഴിവാക്കി തന്നതിനും ദൈവത്തിനു നന്ദി പറഞ്ഞു,

 കുമാരന്‍ ഓടി വന്നു ദീപുട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞു , " എന്‍റെ, ചേട്ടാ,ആ അടി കലക്കി, അവന്‍ ഈ ജമ്മത്ത് ഇവിടെ കേറില്ല"

പക്ഷെ അപ്പോഴും ദീപുട്ടന്റെ മനസ്സില്‍ വീരപ്പന്‍ മാഷിന്റെ ദേഷ്യത്തിന്റെ ആദ്യ കനി ഏറ്റു വാങ്ങിയ രാഘവനായിരുന്നു.

 ഇവിടെ വിജയാഘോഷം നടക്കുമ്പോള്‍ അപ്പുറത്തെ വിങ്ങില്‍, അരവിന്ദനും, രാഘവനും, അടിയാലും, അപമാനത്താലും, വിങ്ങിപ്പൊട്ടുകയായിരുന്നു,

ദീപുട്ടന്‍, മെല്ലെ രാഘവന്‍റെ കൈ പിടിച്ചു,
 " പോട്ടെടാ, നീ പെട്ടുപോയതല്ലേ, വിട്ടുകള,"

രാഘവന്‍ മോങ്ങിക്കൊണ്ടിരുന്നു, ദീപുട്ടനും ചെറിയ ഒരു സങ്കടം വരാതിരുന്നില്ല, കാരണം, ശ്രീക്കുട്ടന്‍ തന്നെ ഇടപെട്ടിരുന്നെങ്കില്‍ ഈ അടി ഉണ്ടാവില്ലായിരുന്നു, 

താന്‍ കാരണം പാവം രാഘവനും പെട്ടുപോയി എന്ന ചെറിയ സങ്കടം ദീപുട്ടനും ഉണ്ടായി

എന്തായാലും എല്ലാം ശുഭം, ദീപുട്ടന്റെ തലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി!

വാല്‍ :- കുറെ നാള്‍ എല്ലാവര്ക്കും ചെറിയ ഒരു ഭയം ഉണ്ടായിരുന്നു, കാരണം എപ്പോ എവിടെ നിന്നും അടി പ്രതീക്ഷിക്കാമല്ലോ!

      കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ദീപുട്ടന്‍റെ ചാരന്മാര്‍ ഒരു ഞെട്ടിക്കുന്ന വിവരം കൊണ്ടു വന്നു. കുമാരന്‍റെ തലതിരിഞ്ഞ ചില സുഹൃത്തുക്കളുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ചില പിള്ളേര്‍ പകരം വീട്ടിയത് ഒരു യൂനിഫോമിനോടായിരുന്നു, കഷ്ടകാലം കുമാരന്‍റെ കൂടെ ആയതു ദൈവ വിധി ആണോ അതോ മിശ്രയുടെ മുജ്ജന്മ പാപങ്ങളുടെ , ഭൂമിയിലെ സെറ്റില്‍മെന്‍റ് ആണോ എന്നോര്‍ത്ത് ദീപുട്ടന്‍ ദീര്‍ഘനിശ്വാസം വിട്ടെങ്കിലും, കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്ത് രഹസ്യം തന്‍റെ ഉള്ളില്‍ തന്നെ അടക്കം ചെയ്തു!.


12 comments:

 1. രസകരമായിരുന്നു.പാവം മിശ്ര. ഇനിയും പോരട്ടെ.

  ReplyDelete
  Replies
  1. നന്ദി സുമേഷ്, ഞാന്‍ ഇതെല്ലാം പഠിച്ചു വരുന്നേ ഉള്ളൂ, ഒരു നന്ദി പറയാന്‍ പഠിച്ചത് പോലും ഇന്നാണ്!

   Delete
 2. ദീപുട്ടന്റെ കഥ അങ്ങനെ ഞാനും വായിച്ചു :) ഇഷ്ട്ടായി .............ഒരു ഹോസ്റ്റല്‍ ലൈഫില്‍ എത്തിപെട്ടു ..............വീണ്ടും എഴുതുക ,എല്ലാ ആശംസകളും നേരുന്നു !!!

  ReplyDelete
 3. നല്ല രസമുണ്ടായിരുന്നു.
  സ്കൂളില്‍ ഹോസ്റ്റല്‍ ഇല്ലാരുന്നു, പിന്നെ പോളിയില്‍ അപ്പോഴേക്കും അലംബോക്കെ ഈ റേഞ്ച് കഴിഞ്ഞു കൈവിട്ടു പോയില്ലേ. (അതിനെയൊക്കെ ബാക്കി പത്രം ഒരക്കം കടക്കാത്ത ഇന്റെര്‍ണേല്‍ മാര്‍ക്ക്‌ ആയിരുന്നു)
  നന്നായിരിക്കുന്നു, ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി ശ്രീജിത്ത്‌!., വായനക്കും, ആസ്വാദനത്തിനും!

   Delete
 4. നന്നായിരിക്കുന്നു .....ആശംസകള്‍..

  ReplyDelete
  Replies
  1. നന്ദി ആചാര്യന്‍

   Delete
 5. ദീപൂട്ടാ, നന്നായിട്ടുണ്ട്, ഹോസ്റല്‍ കഥകള്‍ ഇനിയുമില്ലേ?

  ReplyDelete
  Replies
  1. നന്ദി ആരിഫ്, ഇനിയും വരും, തുടര്‍ന്നു വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കും എന്ന് കരുതുന്നു !

   Delete