Thursday, September 20, 2012

കിണറും കിനാവും!

        ഈ കഥയില്‍ ദീപുട്ടന്‍ വെറും ദൃട്സാക്ഷി മാത്രമാണ്, അതില്‍ കൂടുതല്‍ വേണമെങ്കില്‍ ഒരു കൂലിപ്പണിക്കാരന്റെയും, ഒരു വാച്ച്മാന്റെയും റോള്‍ കൂടി അവന്‍ ചെയ്തിട്ടുണ്ട്. ഇതിലെ നായകന്‍ ടിന്റുമോന്‍ ദീപുട്ടന്റെ സ്കൂളിലെ ഏറ്റവും പഴയ സുഹൃത്തും പിന്നെ ആകെ മൊത്തം സ്കൂളിന്റെ അഭിമാന ഭാജനവും ആണ്.

        ടിന്റുവിനെക്കുറിച്ച് ദീപുട്ടന്‍ പറഞ്ഞാല്‍ അത് 5-6 കൊല്ലം പുറകിലോട്ട്, അതും ഈ സ്കൂളിന്റെ പുറത്ത് 10-14 കി മി ദൂരെ അവര്‍ ആദ്യം പഠിച്ചിരുന്ന സ്കൂളില്‍ എത്തിനില്‍ക്കും.
       കണ്ണൂരില്‍ നിന്നും അച്ഛന്‍ സ്ഥലം മാറി മലപ്പുറത്ത് എത്തിയപ്പോള്‍ , ദീപുട്ടനെ പറിച്ചുനട്ടത് ഈ പോലീസ് സ്കൂളില്‍ ആയിരുന്നു. ആദ്യ ദിവസം തന്നെ ആകെ അന്തം വിട്ടു നിന്ന ദീപുട്ടന്റെ അടുത്ത് ഒരു പയ്യന്‍ വന്നുചോദിച്ചു

" എന്താ പേര്?"

       പേര് പറഞ്ഞതും പിന്നെ പരിചയപ്പെട്ടതും, മറ്റു കൂട്ടുകാര്‍ക്കൊക്കെ പരിചയ പ്പെടുത്തിക്കൊടുത്തതും ഒക്കെ ടിന്റു തന്നെ.

"ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ കൂടുന്നോ? "

എത്ര പെട്ടന്നാണ് ടിന്റു ദീപുട്ടന് കൂട്ടായത്!.

       വീട്ടിലെ സ്വാമി ഫോട്ടോയുടെ പുറകിലെ കാന്തം കൊണ്ടു വന്നത് ഒരു കരിങ്കല്ലില്‍ വച്ച് കുത്തിപ്പൊട്ടിച്ച് ദീപുട്ടന് ഒരു വെല്‍ക്കം ഗിഫ്റ്റ്  കൊടുക്കുക കൂടി ചെയ്തു ഇഷ്ടന്‍ !

       അങ്ങനെ രണ്ടു കൊല്ലം അവര്‍ അടിച്ചുപൊളിച്ചു നടന്നു. അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ദീപുട്ടന് സംസ്കൃതം പഠിക്കാന്‍ ഒരു മോഹം,

എങ്ങിനെ വരാതിരിക്കും,

 " സമ്പ്രതി വാര്‍ത്തായാം സൂയന്താം,  പ്രവാചകാഹ, ബല ദേവാനന്തസാഗര: "

എന്ന് പറഞ്ഞു തുടങ്ങുന്ന വാര്‍ത്ത മനസ്സില്ലാക്കാന്‍ ഇതില്ലാതെ പറ്റില്ലല്ലോ!

        അങ്ങനെ മലയാളവും സംസ്കൃതവും രണ്ടു ക്ലാസ്സായി മാറിയപ്പോള്‍ ദീപുട്ടനും, കുഞ്ഞുമോനും സുഷമയും, ഷീജയും മറ്റും ഒരു ക്ലാസ്സിലും ടിന്റുവും,രാജുക്കുട്ടനും, അമ്മിണിയും, സരിതയും, മറ്റും മറ്റേ ക്ലാസ്സിലും ആകേണ്ടിവന്നു. ക്ലാസുകള്‍ തമ്മിലുള്ള ചേരിപ്പോരില്‍ പലപ്പോഴും അടിവരെ എത്തിയെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ സ്കൂള്‍ വിട്ടാല്‍ ദീപുട്ടന്‍ ടിന്റുവിനെ വീട്ടില്‍ എത്തുമായിരുന്നു. അങ്ങനെ രണ്ടുപേരും പരീക്ഷയൊക്കെ എഴുതി ഈ സ്കൂളിന്റെ ഭാഗമായി മാറി.
ദീപുട്ടന്റെയും ടിന്റുവിന്റെയും കഥ അവിടെ നില്‍ക്കട്ടെ!

നമുക്ക് ഈ കഥയിലെ വില്ലനെ പരിചയപ്പെടാം!

       വീരന്‍ , വിക്രസ്, വില്ലാധി വില്ലന്‍ , പേര്- കുഞ്ഞു , മുഴുവന്‍ പേര് ചാക്കീരി കുഞ്ഞിമമ്മദ്.
സ്കൂളിലെ വിക്രസ്സുകളുടെ ഉസ്താദ് ആണ് കുഞ്ഞു,
ഓട്ടം, ചാട്ടം, പന്ത് കളി, ക്രിക്കറ്റ്‌,വോള്ളി ബോള്‍, ഇത്യാദി സംഗതികളില്‍ സ്കൂളില്‍ അജയ്യന്‍ , മാത്രമോ, ഇതു മരത്തിലും മതിലിലും, കെട്ടിടത്തിലും, വലിഞ്ഞുകേറാന്‍ മിടുക്കന്‍ .., അഭ്യാസി!

       സ്കൂളിന്റെ കലാപരിപാടികള്‍ക്ക് മുന്‍പ് കുഞ്ഞുവിന്റെ അപ്പോയന്‍മെന്റും കാത്ത് മാഷുമാര്‍ ഇരിക്കാറുണ്ടായിരുന്നു, എന്ന് പറഞ്ഞാല്‍ കര്‍ട്ടന്‍ താഴാനും പൊന്താനും, ആദ്യം കര്‍ട്ടന്‍ ഒന്ന് കേട്ടിക്കിട്ടണ്ടേ!

      കേട്ട പാതി, കേള്‍ക്കാത്ത പാതി, കുഞ്ഞുവും അനുചരന്മാരും പരിപാടി തുടങ്ങും.
ഹോ, കാണേണ്ട കാഴ്ചതന്നെ, അവന്‍ ആ മേല്കൂരയുടെ മുകളില്‍ കാണിക്കുന്ന കസര്‍ത്ത്!




ദീപുട്ടനും ഹരം കേറി ഒരു വട്ടം കേറിയിട്ടുണ്ട് പക്ഷെ മുകളില്‍ കയറിയപ്പോ മുട്ട് വിറച്ച് എണീറ്റു നിക്കാന്‍ പോലും പറ്റിയില്ല!
ഒരുവിധത്തില്‍ താഴെ ഇറങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

'ഒരു വാശിക്ക് കിണറ്റില്‍ ചാടിയാല്‍..........

       അതു പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത്, അങ്ങനെ ഒരു വാശിക്ക് കിണറ്റില്‍ (അതെ, ശരിക്കും കിണറ്റില്‍ !!) ഇറങ്ങിയ കഥയാണ്‌ ഈ പറഞ്ഞു വരുന്നത്.

       ചുരുക്കത്തില്‍ ഈ കഥയിലെ വില്ലനാനെങ്കിലും, കുഞ്ഞു എല്ലാവരുടെയും ഒരു ഹീറോ ആയിരുന്നു, എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഒക്കെ ചെയ്യാന്‍ കഴിവുള്ള ഒരാള്‍ ,

 " കുഞ്ഞു കീ ജയ്‌!, കുഞ്ഞു രാജാവ് നീണാള്‍ വാഴട്ടെ!"

ദീപുട്ടനും കുഞ്ഞുവും ടിന്റുവും ഒക്കെ നല്ല കൂട്ടുകാര്‍ തന്നെ ആയിരുന്നു,

       കുഞ്ഞുവിന് ഒരു സൂക്കേടുണ്ട്, എന്താ?, ഇടക്കിടക്ക് തന്റെ കഴിവുകള്‍ ഒക്കെ ഒന്ന് പോടി തട്ടി എടുക്കണം, അല്ലെങ്കില്‍ തന്റെ യന്ത്ര ഭാഗങ്ങള്‍ മുഴുവന്‍ തുരുമ്പിച്ചു പോകും, അതിനായി ആശാന്‍ ഇടയ്ക്കിടെ ചില കസര്‍ത്തുകള്‍ നടത്തും, അതില്‍ ഏറ്റവും ഭയങ്കരമായിരുന്നു സ്കൂളിലെ ആ വലിയ കിണറ്റില്‍ തന്റെ ഗ്ലാസ്‌ തട്ടി ഇടലും പിന്നെ ഒരു കയറില്‍ തൂങ്ങി അത് എടുത്തു കൊണ്ടുവരലും!

       വാവട്ടം കാരണം കിണര്‍ ആഴം തോന്നിക്കാത്തതിനാലും പിന്നെ കുഞ്ഞുവിന്റെ അനായാസ പ്രകടനം കാരണവും ആര്‍ക്കും ഇതൊരു വലിയ കാര്യമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം!

പരീക്ഷ ഡെമോക്ലസ്സിന്‍റെ വാള് പോലെ നില്‍ക്കുന്ന ഒരു കാലം,

       വൈകുന്നേരങ്ങളില്‍ കുട്ടികള്‍ ക്ളാസ് അല്ലാത്ത എല്ലാ ഇടത്തും ഇരുന്നു പഠിക്കുന്നു. കിണറിന്റെ ചുറ്റുപാടും ചില പാറകളിലും, ചെകിടിക്കുന്നിന്മേലും പറങ്കിമാവിന്റെ ചോട്ടിലും ആയി കുറെ പേര്‍!, അതിനിടയില്‍ നമ്മുടെ കഥാനായകന്‍ ടിന്റു, പിന്നെ വില്ലന്‍ കുഞ്ഞു.

ദേ കിടക്കുന്നു ടിന്റുവിന്റെ ഗ്ലാസ്‌ കിണറ്റില്‍!, എങ്ങെനെ വീഴാതിരിക്കും, കുഞ്ഞുവല്ലേ അടുത്ത്!

" നീ പേടിക്കേണ്ട, ഞാന്‍ എടുത്തു തരാം" 

കുഞ്ഞുവിന്റെ ഓഫര്‍ !!, ടിന്റു പക്ഷെ വേറൊന്നായിരുന്നു ആലോചിച്ചത്, ഇത് ഞാന്‍ തന്നെ ഇറങ്ങി എടുത്താല്‍ എന്താ?,  ഇത് ഇത്ര വലിയ കാര്യമൊന്നുമല്ലല്ലോ, ഇവന്‍ എത്ര പ്രാവശ്യം ഇറങ്ങി കേറിയതാ!

" വേണ്ടെട, ഞാന്‍ തന്നെ എടുത്തോളാം", 

പക്ഷെ കുഞ്ഞു വിടില്ലല്ലോ!

അങ്ങനെ അവസാനം ഒരു തീരുമാനത്തിലെത്തി, രണ്ടാളും ഇറങ്ങുന്നു!
" അങ്ങനെ ഒന്ന് വെളിച്ചം കുറഞ്ഞപ്പോള്‍, രണ്ടാളും കൂടി ബക്കറ്റില്‍ നിന്നും കയറും അഴിച്ച് പണി തുടങ്ങി.

" ഡാ ദീപൂ, നീ ഇവടെ ആരും കാണാതെ മറഞ്ഞു നിന്നോളണം, ആരെങ്കിലും വന്നാല്‍ സിഗ്നല്‍ തരണം", കുഞ്ഞു ദീപുട്ടനെ ആസ്ഥാന വാച്ച്മാന്‍ ആക്കി പോസ്റ്റ്‌ ചെയ്തു, വീരാധിവീരന്‍, കുഞ്ഞുമഹാരാജാവിനെ സേവിക്കാനുള്ള അവസരം ദീപുട്ടനും കളഞ്ഞില്ല.

അങ്ങനെ ആദ്യം, കുഞ്ഞുവും പിന്നാലെ ടിന്റുവും കിണറ്റിലേക്ക്

കിണറ്റില്‍ ആകെ കുറച്ച് വെള്ളമേ ഉണ്ടായിരുന്നുളൂ, മുകളില്‍ പാറയാണെങ്കിലും താഴെ നല്ല ചെകിടി മണ്ണ്.

പില്‍ക്കാലത്ത് മൂടിപിടിപ്പിച്ച കിണറിന്‍റെ അടുത്ത് കൂട്ടുകാരൊപ്പം ദീപുട്ടന്‍
താഴെ എത്തി ഗ്ലാസ്സെടുത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നെ ഇനി എന്തിനാ ഇവിടെ നില്‍ക്കുന്നത് എന്നായി!
" ഡാ, നീ ആദ്യം കേറ്", അങ്ങനെ ടിന്റു കയറാന്‍ തുടങ്ങി, ക്ലിഫ് ഹാങ്ങറില്‍,  സ്റ്റാലന്‍ ചെയ്ത പോലെ ഒരു സ്റ്റണ്ട് ആയിരുന്നു മനസ്സിലെങ്കിലും, മണ്ണിടിച്ചില്‍ കാരണവും പിന്നെ മസിലിന്റെ കുറച്ചു കുറവ് കാരണവും ,എന്തോ ,ടിന്റുവിനു മേലെ കയറാന്‍ കഴിഞ്ഞില്ല,

" എടാ ഇത് വളരെ ഈസി അല്ലെ, ഇങ്ങട്ട് മാറ്, ഞാന്‍ കാണിച്ചു തരാം"
പറഞ്ഞു തീര്‍ന്നില്ല, ദേ പോണു എട്ടുകാലി പോണ മാതിരി, മോളിലേക്ക്, ടിന്റു ഒരു അഞ്ച് വട്ടം ശ്വാസം വിട്ടപ്പോഴേക്കും കുഞ്ഞു മുകളില്‍ നിന്നും താഴോട്ടും നോക്കി നില്‍ക്കുന്നു!
" ഇനി അതേ പോലെ ഇങ്ങട്ട് പോരേ", കുഞ്ഞു ഒരു ഉരുള ചോറ് തിന്നാന്‍ പറയുന്നതുപോലെ പറഞ്ഞു
മൂന്നു നാല് പ്രാവശ്യം നോക്കിയപ്പോഴേക്കും ടിന്റു ആകെ ക്ഷീണിച്ചു, മാത്രമല്ല, ആകെ പൊല്ലാപ്പായല്ലോ എന്ന ചിന്തയും വന്നു

" ഡാ ദീപൂ, ഇങ്ങോട്ടുവന്നെ, നമ്മടെ ടിന്റു ഇതില്‍ കുടുങ്ങിപ്പോയി, ഇനി ഇപ്പൊ എന്താ ചെയ്യാ?"
 കുഞ്ഞുവിനും ചെറുതായി ഒരു പേടി  വന്ന പോലെ തോന്നി.
അപ്പോഴേക്കും ചില പയ്യന്മാര്‍ സംഗതി മണത്ത് അറിഞ്ഞ് അവിടെ എത്തി, പിന്നെ എല്ലാം പെട്ടന്നായിരുന്നു,

ഒരു അലൂമിനിയം ബക്കറ്റ്‌ കൊണ്ടു വരലും, അതില്‍ കയറുകെട്ടി ഇറക്കലും എല്ലാം പെട്ടന്ന് കഴിഞ്ഞു.

അങ്ങനെ ടിന്റുമോനെ നരകത്തീന്നു കര കേറ്റാനുള്ള പേടകം തയ്യാറായി!

അങ്ങനെ മെല്ലെ മെല്ലെ , വെയിറ്റ്, റൈറ്റ്, ....പിന്നേം  വെയിറ്റ്.   ഓക്കേ റൈറ്റ് എന്നും പറഞ്ഞു വലി തുടങ്ങി, മെല്ലെ മെല്ലെ പേടകം മുകളിലോട്ട്!

       ടിന്റു റൈറ്റ് പറയുന്നു, ഞങ്ങള്‍ ,കൂലിപ്പണിക്കാര്‍, വലിക്കുന്നു, വെയിറ്റ് പറയുന്നു ഞങ്ങള്‍ നിര്‍ത്തുന്നു, അങ്ങനെ അങ്ങനെ വലിക്കുമ്പോള്‍ ആണ് ഒരു പുതിയ ഓര്‍ഡര്‍ കിട്ടിയത്,

               " വ്ര്‍ഐറ്റ്" 

       ടിന്റു ഉദേശിച്ചത് വെയിറ്റ് ആണെങ്കിലും, കാലത്ത് നാവു വടിക്കാത്തത് കൊണ്ടോ, അതോ ക്ഷീണിച് വായിലെ വെള്ളം വറ്റിയിട്ടാണോ എന്തോ, ആ സ്വരം അങ്ങനെയാണ് പുറത്തു വന്നത്, എന്തിനേറെ പറയുന്നു, കൂലിപ്പണിക്കാര്‍ എല്ലാരും കൂടി ആഞ്ഞു വലിച്ചു,

ദേ വരുന്നു ബക്കറ്റ് പറന്നു കരയിലേക്ക്, അപ്പൊ ടിന്റുവോ?!?!

       കേറി വന്നതിന്റെ പത്തിരട്ടി സ്പീഡില്‍ താഴോട്ട്, ( ഈ ന്യൂട്ടണ്‍ന്‍റെ ഒരു കാര്യം,അനാവശ്യമായി  ഈ ഗ്രാവിറ്റി കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍  ചിലപ്പോ........)

       ജീവന്‍ പൊയ്പോയി, ആകെ ഒരു കൂട്ട നിലവിളി, കിണറ്റില്‍ ആകെ ഒരു നിശബ്ദദ, കുഞ്ഞു തലയില്‍ കൈവച്ചു നില്‍ക്കുന്നു, മൊത്തത്തില്‍  ഒരു ബഹളം,

       ഒരു ലൈറ്റ് പോലുമില്ലാത്ത ഓപറേഷന്‍ ആയതു കൊണ്ടു കിണറ്റില്‍ ഒന്ന് നോക്കാന്‍ പോലും വയ്യ!, ഇനിയിപ്പോ ഉണ്ടെങ്കില്‍ത്തന്നെ ഇതൊന്നും കാണാന്‍ തന്നെ ക്കൊണ്ടാവില്ല എന്നാ മട്ടില്‍ ദീപുട്ടനും

" ഒന്നും പറ്റീല ഡാ"  ചെറിയ ശബ്ദം കിണറ്റില്‍ നിന്നാണ്, തുള്ളിചാടിപ്പോയി എല്ലാവരും, ദീപുട്ടെന്റെ കണ്ണ് നിറഞ്ഞുപോയി!

       അപ്പോഴേക്കും, മാഷ്മാരും പ്രിന്‍സിപ്പലും മറ്റു ജീവനക്കാരും അവിടെ എത്തിക്കഴിഞ്ഞു, പിന്നെ എല്ലാം പെട്ടന്നായിരുന്നു, കായികഭ്യാസിയായ പി ടി മാഷ്‌ കിണറ്റില്‍ തൂങ്ങി ഇറങ്ങി ടിന്റുവിനെയും കഴുത്തില്‍ തൂക്കി കേറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, സാധിച്ചില്ല ( കുഞ്ഞുവിന് ഒരു സാഷ്ടാംഗ പ്രണാമം!)

പിന്നെ വീണ്ടും ഒരു വലിയ ബക്കറ്റ്‌ കെട്ടിയിറക്കി, ടിന്റുവിനെ പുറത്തെടുത്തു.

      ടിന്റുവിനെ പുറത്തു കിട്ടിയാല്‍ ഉടനെ രണ്ടു ചന്തിയിലെയും തോലെടുത്ത് മദ്ദളം കൊട്ടണം എന്ന് വിചാരിച്ചിരുന്ന ചില കശ്മലന്മാരെ, നല്ലവനായ പ്രിന്‍സിപ്പല്‍ വിലക്കി, എങ്കിലും ടിന്റുവിനെ കണ്ടയുടനെ പല്ലുകടിച് , നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ എന്ന്‍ പലരും കണ്ണുരുട്ടിക്കാണിച്ചു!

       ഏതായാലും കിണറ്റിന്റെ ഭാഗത്ത് ഇരുന്നുള്ള പഠിത്തം അതോടെ നിന്നു എന്ന് മാത്രമല്ല, ആറുമണി കഴിഞ്ഞാല്‍ എല്ലാവരും ക്ലാസ്സില്‍ കാണണം എന്നും ഒരു പുതിയ നിയമം നിലവില്‍ വന്നു.

       കുഞ്ഞുവിന്റെ കാര്യം ആരും അറിഞ്ഞില്ല, അവന്‍ ഈ കഥയില്‍ വെറും ഒരു കാഴ്ചക്കാരനായി മാറിയത് കാരണം അവന്റെ ജീവിതം അങ്ങനെ ഒക്കെ തന്നെ പോയി.
      ദീപുട്ട്നാകട്ടെ, ഉറ്റ സുഹൃത്തിനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ശിഷ്ട ജീവിതം തള്ളി നീക്കി!


വാല്‍:: :- ടിന്റുവിന്റെ പേരില്‍ മലയാള ഭാഷയില്‍ ഒരു പുതിയ ഫ്രേസ് കൂടി ജനിച്ചു.( അതോ അത് ഈ സംഭവത്തിന്‌ മുന്‍പേ ഉണ്ടോ?!)  വളരെ വേഗം തന്നെ ആ കിണറിന് ഒരു മൂടി പണിയാന്‍ ഉത്തരവായി. കിണറ്റില്‍ ഇറങ്ങി കേറുക എന്നത് ടിന്റുവിന്റെ ഒരു കിനാവായി ശേഷിച്ചു!


നന്ദി :- കൂലിപ്പണിക്കാനെങ്കിലും ടിന്റുവിനെ വലിച്ചുകേറ്റാന്‍ കൂടിയ അമിത്തിനും, യാദവിനും, രാമകൃഷ്ണനും,പിന്നെ പേരറിയാത്ത കുറച്ചു പേര്‍ക്കും, പിന്നെ പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ സാറിനും



19 comments:

  1. Kadha arinju aattam kanunnavar!!!

    ReplyDelete
  2. രസകരമായി. അഭിനന്ദനങ്ങൾ നേരുന്നു.

    ReplyDelete
  3. Replies
    1. നന്ദി സിയാഫ്, വായനക്കും അഭിപ്രായത്തിനും!

      Delete
  4. കൊള്ളാലോ ബാല്യകാല കുസൃതികള്‍ .

    ReplyDelete
  5. ആസ്വാദിച്ചു ട്ടൊ .,ആശംസകൾ...!

    ReplyDelete
    Replies
    1. നന്ദി വര്‍ഷിണി!(അതോ വിനോദിനിയോ?), വായനക്കും, ആസ്വാദനത്തിനും!

      Delete
  6. കഥ വലിഞ്ഞു നീണ്ടുപോയി...അതുകൊണ്ട് ടിന്റുമോന് അധികനേരം കിണറ്റില്‍ കിടക്കേണ്ടിവന്നു.

    ReplyDelete
    Replies
    1. സത്യത്തില്‍ ടിന്റു അതില് അധികം നേരം കിണറ്റിലായിരുന്നു, ഏകദേശം ആറര മുതല്‍ ഒന്‍പതു വരെ, അതും ഇരുട്ട് നിറഞ്ഞ ഒരു വലിയ കിണറില്‍ !
      വായനക്കും അഭിപ്രായത്തിനും നന്ദി, ഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു!

      Delete
  7. കൊള്ളാലോ , ആസ്വാദിച്ചു ട്ടൊ

    ReplyDelete
  8. അങ്ങനെ ടിന്റുവിനെ രക്ഷപെടുത്തി അല്ലെ
    ആശംസകള്‍

    ReplyDelete
    Replies
    1. ഒന്നും പറയണ്ട മാഷേ, ആലോചിക്കുമ്പോ തന്നെ കയ്യും കാലും വിറക്കാറുണ്ട് !

      Delete