Sunday, September 16, 2012

സോഷ്യലിസ്റ്റ്‌ ദംശനം അഥവാ, ഒരു കൊടും ചതി!


        ദീപുട്ടന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ ആവുക എന്നത്!
സ്കൂളിലെ ശാസ്ത്ര ക്ലാസ്സുകളില്‍ അമ്പേ അജ്ഞന്‍ ആയിരുന്നുവെങ്കിലും, എല്ലാ വര്‍ഷവും സ്കൂള്‍ എക്സിബിഷന്‍ വരുമ്പോളേക്കും ദീപുട്ടന്‍ എവിടുന്നെങ്കിലും , എന്തെങ്കിലും കണ്ടുപിടിച്ചു വരുമായിരുന്നു, എന്ന് മാത്രമല്ല, ഇഷ്ടന്‍ കുറെ സമ്മാനങ്ങളും  കരസ്ഥമാക്കിയിരുന്നു.

 ചുരുക്കത്തില്‍ പറഞ്ഞാല്‍ ഷോര്‍ട്ട് കട്ടില്‍ ഒരു ശാസ്ത്രജ്ഞന്‍!.!!  !

എന്തൊക്കെയായാലും സയന്‍സ് അധ്യാപകര്‍ ഒഴിച്ചുള്ള മറ്റുള്ള എല്ലാവരുടെയും കണ്ണിലെ കരടായിരുന്നു ദീപുട്ടന്‍...
 പിന്നെ, സുകുമാര കലകളിലും മറ്റും അല്പം താല്പര്യമുള്ളത് കൊണ്ട് അതിഭീകരനായ ചിത്രകല മാഷിന്റെയും, സാമൂഹിക,ഉപകാരപ്രദ, ഉല്പാതനക്ഷമ ജോലിയുടെ ( ചുരുക്കത്തില്‍ SUPW!) മാഷിന്റെയും, പിന്നെ ഗാനകോകിലം സംഗീത ടീച്ചര്‍ടെയും, പിന്നെ അത്യാവശ്യം കായിക അദ്ധ്യാപകന്റെയും, ചെറിയ തോതില്‍ വായനശാല ടീചെറുടെയും മറ്റും ഒരു പിന്‍ താങ്ങല്‍ ദീപുട്ടന് ലഭിച്ചിരുന്നു.

ദീപുട്ടന്‍റെ ആജന്മ ശത്രുക്കളായിരുന്നു കണക്കു ടീച്ചറും സാമൂഹ്യപാഠം മാഷും.

എന്ന് പറഞ്ഞാല്‍, കണക്കിന് ദീപുട്ടനെയും, ദീപുട്ടന് സാമൂഹ്യപാഠത്തെയും ഇഷ്ടമില്ലായിരുന്നു,
 അതുകൊണ്ടെന്താ, മാര്‍ക്കുവരുന്ന അന്ന്, എല്ലാകുട്ടികളും അതും തോളില്‍ വച്ച് ഹോസ്റ്റല്‍ വരെ എത്തുമ്പോഴേക്കും ക്ഷീണിച് അവശരായിട്ടണ്ടാകും,

പക്ഷെ ദീപുട്ടന്‍ ഒന്നുകില്‍ കയ്യും വീശി, അല്ലെങ്കില്‍  കിട്ടിയ മാര്‍ക്ക് പോക്കെട്ടിന്റെ ഒരു മൂലയ്ക്ക് വച്ച് ഓടിച്ചാടി നടക്കും,

കണക്കിന്റെ ടീച്ചര്‍ ദീപുട്ടനോട് സാമം,ദാനം, ഭേദം , ധണ്ടം, ഇവക്കു പുറമേ പുതുതായി കണ്ടുപിടിച്ച ചില സൂത്രങ്ങള്‍ കൂടി ഉപയോഗിച്ച് നോക്കി!
നോ രക്ഷ എന്ന് പറഞ്ഞാല്‍ മതിയല്ലോ!

സാമൂഹ്യം പുസ്തകം തുറന്നാല്‍ ഉടനെ ദീപുട്ടന് ഉറക്കം വരും, പിന്നെ ബോധം പോയ പോലെ ആണ്, ആ സമയത്ത് ഒരു കിഡ്നി അടിച്ചു കൊണ്ടുപോയാല്‍ കൂടി അറിയില്ല എന്ന് സാരം!

എന്തായാലും പതിവ് പോലെ ഈ വര്‍ഷവും എക്സിബിഷന്‍ വന്നു, പക്ഷെ ആലപ്പുഴയില്‍ആണ് സംഭവം, " കിഴക്കിന്‍റെ വെനിസ്" എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, കേട്ട പാതി കേള്‍ക്കാത്ത പാതി, പണിതുടങ്ങി.
ഇപ്പ്രാവശ്യം പക്ഷെ , മത്സരം മുറുകിപ്പോയി,
 കേട്ട പാതി, കേള്‍ക്കാത്ത പാതി, ക്ലാസ്സിലെ ഔദ്യോഗിക സയന്‍സ്പുലിആയ ടക്കുവിന്‍റെ തലയില്‍ ഒരു ഇരുനൂറിന്റെ ബള്‍ബ് കത്തി,

എന്തിനേറെ പറയുന്നു, രണ്ടു ദിവസം ആയപ്പോഴേക്കും സംഗതി ആകെ കുളം, കുളത്തില്‍ നിറയെ മീനും!

 എല്ലാ മൂലക്കും ഒന്നുരണ്ടു പേര്‍ ചേര്‍ന്നിരുന്നു പണിയുന്നു,

ചന്ദ്രനില്‍ പോവാന്‍ മുതല്‍ ചന്ദനം ചാലിക്കാന്‍ വരെ കണ്ടുപിടുത്തങ്ങള്‍!!!

എന്തായാലും തിങ്കളാഴ്ചയോടെ ഒരു തീരുമാനമായി, ആകെ രണ്ടു പ്രൊജക്റ്റ്‌ മാത്രമേ പോകുന്നുള്ളൂ, അതില്‍ ദീപുട്ടന്റെയും, ടക്കുവിന്റെയും ഉണ്ട്,

പിന്നെ  ഏറ്റവും നല്ല വാര്‍ത്ത എന്തെന്നാല്‍, ഇനിമുതല്‍ ഒരാഴ്ച, ഈ ടീം ആരും ക്ലാസ്സില്‍ പോവണ്ട!

തുള്ളിചാടിപ്പോയി!

എന്താ കാരണം?!, വ്യാഴാഴ്ച സോഷ്യല്‍ പരീക്ഷ ഉണ്ട്, അപ്പൊ രക്ഷപ്പെട്ടു !

ദീപുട്ടന്‍ പൂര്‍വാധികം ശക്തിയോടെ തന്‍റെ മുഴുവന്‍ സമയവും പ്രൊജെക്ടിനായി ഉഴിഞ്ഞു വച്ചു!

ഇനി ഇപ്പൊ ആലപ്പുഴ പോയില്ലെങ്ങിലും വേണ്ട, സോഷ്യല്‍ തുലഞ്ഞല്ലോ!

അങ്ങനെ വ്യാഴാഴ്ച  കടന്നെത്തി, രാവിലെ മുതല്‍ ദീപുട്ടനും കൂടരും അധ്വനിക്കുകയാണ്, മണി 8കഴിഞ്ഞതെ ഉള്ളൂ, ഇത്ര ശുഷ്കാന്തി, ദീപുട്ടന്‍ ഇതിനു മുന്‍പേ ഡൈനിങ്ങ്‌ ഹാലിലെക്കുള്ള ഓട്ടത്തില്‍ മാത്രമേ കാണിച്ചിട്ടുള്ളൂ,

ഏതായാലും, സംഗതി അങ്ങിനെ അത്യുഗ്രനായി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ ക്ഷണിക്കാതൊരു അതിഥി , വരുന്നു!( അങ്ങിനെ ഒരു സാധനം ഇല്ല എന്ന്, പിന്നീട്, ദീപുട്ടന്റെ പ്രിയ മലയാളം ടീച്ചര്‍ പറഞ്ഞു കൊടുത്തു, അതിഥി എന്നാല്‍ തിഥി നോക്കാതെ വരുന്നവന്‍ എന്നാണത്രേ!)

ഏതായാലും, സോഷ്യല്‍ സര്‍, മിസ്ടര്‍ ഇട്ടിക്കണ്ടപ്പന്‍ ഒരു കുസൃതിച്ചിരിയോടെ  ഞങ്ങളെയും നോക്കി നിന്നു, കുസൃതി ചിരി പിന്നെ ഒരു വികൃതി ചിരി ആയി മാറി!

"  ഡാ, ദീപു... നീ ഇന്ന്‍ പരീക്ഷക്ക് വരണില്യേ? "

ദീപുട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ നിര്‍വികാരത ഭാവിച്ച്, സാറിനെ ഒന്ന് നോക്കി, ഇപ്പോഴും ഭാവം ചിരിതന്നെ! പക്ഷെ ക്രൂരമായ ഒരു ചിരി!
നിന്നെ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഭാവം!

"   ഡാ,. നീയങ്ങ് നടന്നേ, എന്തൂട്ടാ ത്ര ആലോചിക്കാന്‍? "

ത്രിശൂര്‍ ഭാഷയുടെ ഒരു കാര്യം!!, അറക്കാന്‍ ആണ് വിളിക്കുന്നത്, എന്നാലും എന്തൊരു സ്നേഹം!

"  അയ്യോ സാറേ, ക്ലാസ്സില്‍ പോണ്ട എന്നാണല്ലോ പ്രിന്‍സിപ്പല്‍ പറഞ്ഞത്!?"

ദീപുട്ടന്‍ തിരിച്ചടിച്ചു, ഇനിയിപ്പോ പ്രിന്‍സിപ്പല്‍ പറയാന്‍ മറന്നതാകും!

"  അയ്യോട.. ക്ലാസ്സീ പോണ്ട ന്നല്ലേ പറഞ്ഞുള്ളൂ, പരീക്ഷ എഴുതണ്ടാ ന്നല്ലല്ലോ?...

പിന്നെ നെന്നെ ഒക്ക്യല്ലേ ശരിക്കും പരീഷിക്കണ്ടേ?! "

  " അയ്യോ സാര്‍.., ഞാന്‍ ഒന്നും പഠിച്ചിട്ടില്ല! "

"  ഹേയ്..., ഒക്കെ ഈസ്യാണെടോ, ഈ ഞാന്‍ അല്ലെ പരേണ...!

നീയിങ്ങട് വന്നേ,"   പറഞ്ഞതും, കയ്യുപിടിക്കലും, അതും കൊണ്ടു നടക്കലും കഴിഞ്ഞു...

ദീപുട്ടനാട്ടെ, മുന്‍പേ ഗമിക്കുന്നൊരു ഗോവു തന്‍റെ, പിന്‍പേ ..... എന്നമട്ടില്‍ ,പക്ഷെ നിസ്സഹായനായി പിന്നാലെ...!

ഇങ്ങേരാര്, അര്‍ജുനന്‍ന്‍റെ കൊച്ചു മോനോ,? , പക്ഷീടെ കണ്ണ് മാത്രം കാണാന്‍!!! !,
ഇക്കണ്ട പിള്ളേരുടെ ഇടയില്‍  നിന്ന് എന്നെ മാത്രം പിടിച്ചോണ്ട് പോവാന്‍!! !!!,!

ദീപുട്ടന്, ദേഷ്യോം, സങ്കടോം, കരച്ചിലും, ഒക്കെ ഒപ്പം വന്നു!!

ക്ലാസ്സില്‍ എത്തിയതും കൂട്ടച്ചിരിയാണ്!

ഇത് വല്യ ചതിയായിപ്പോയി, ആരാണാവോ ഈ വേല എനിക്കിട്ടുവച്ചത?
,ദീപുട്ടന്‍ മനസ്സിലാലോചിച്ചു!,

 ആ തെണ്ടി, കുഞ്ഞുട്ടന്‍  തന്നെ, ഇന്നലെ രാത്രി, കിടക്കാന്‍ പോയപ്പോ, അവന്‍ ഇരുന്നു തലയിലും കൈവച്ച്, ഉറക്കം തൂങ്ങിക്കൊണ്ട്, സോഷ്യല്‍ പഠിച്ചപ്പോ, ലൈറ്റ് ഓഫ്‌ ചെയ്യാത്തതിന് അവന്‍റെ വീട്ടു കാരെ ഒക്കെ തുമ്മിച്ചതാണ്,

 അതോ ഇനി ആ അഭിക്കുട്ടനാണോ, അവന്‍ പ്രൊജെക്ടിനു കൂട്ടുമോ എന്ന് ചോദിച്ചപ്പോ, നീ ആരാ ഐസക്ക് ന്യൂട്ടണോ എന്ന് ചോദിച്ചു പുചിച്ചതാണ്.

അപ്പോഴാണ്‌ മന്ദസ്മിതയെ  ഓര്‍മ വന്നത്, ഇത് അവള്‍ തന്നെ, അവളാണെങ്കില്‍ ഇയാളുടെ പെറ്റ് ആണ്, അവളുടെ SUPW പ്രൊജെക്ടിനു കൂടെ നില്‍ക്കാമോ എന്ന് ചോദിച്ചപ്പോള്‍, നിഷ്കരുണം ആട്ടി ഓടിച്ചതാണ് ഈ ഉള്ളവന്‍!!!! !!

ഏതായാലും ആരാണ് എന്ന് തീരുമാനത്തിലെത്തുന്നതിനു മുന്‍പേ അടുത്ത കമന്റ്‌,

 " ഹേയ്, നീയെന്ത ഈ പുത്യപെണ്ണിന്‍റെ പോലെ തലേം താത്തി നിക്കണേ, പോയ്‌ ഇര്നെട...."

പിന്നേം പൊട്ടിച്ചിരി, ദീപുട്ടന് അരിശം വന്നു, ശരിക്കും ഒരു ബോംബ്‌ കണ്ടുപിടിച് എല്ലാത്തിന്‍റെ ചന്തീടെ അടിയില്‍ വച്ചു പൊട്ടിക്കണം എന്ന് തോന്നിപ്പോയി!

എതായാലും പരീക്ഷ കഴിഞ്ഞു, ചോദ്യങ്ങളെല്ലാം വളരെ സിമ്പിള്‍, ദീപുട്ടന്‍ 8-9 പേജ് എഴുതി നിറച്ചു,

 ഓ ഇതിനാണോ ഞാന്‍ ഇത്രേം പേടിച്ചത്, എന്ന് മനസ്സിലോര്‍ക്കുകയും ചെയ്തു!

പിന്നെയും ശങ്കരന്‍.................. തെങ്ങില്‍.......................,.............! പ്രൊജക്റ്റ്‌ പിന്നെയും പൂര്‍വാധികം ശക്തിയോടെ..............

"എങ്ങിനെ ഉണ്ടായിരുന്നു  ",

ചോദ്യം ടക്കു ആണ് ചോദിച്ചത്, അതില്‍ ഒരു മുള്ള്ഇല്ലേ എന്നൊരു സംശയം തോന്നിയെങ്കിലും അവനായത് കൊണ്ടു വെറുതെ വിട്ടു.

അടുത്ത ആഴ്ച ഇട്ടി സാര്‍ വന്നത് ഒരു കെട്ട് പേപ്പറും ഒരു  കോട്ട ചിരിയുമായാണ്!

"അപ്പൊ, തൊടങ്ങല്ലേ?...."

ഒരു പത്ത് മിനിറ്റ്, അതാ എല്ലാരും, സ്വന്തം ആന്‍സര്‍ ഷീറ്റുമായി, ചിരിക്കാത്ത ഒരു മുഖം പോലും ക്ലാസ്സിലില്ല,

"  സാര്‍, എന്‍റെ പേപ്പര്‍?"

ദീപുട്ടന്‍ ആവേശത്തോടെ എണീറ്റു നിന്നു ചോദിച്ചു

" നീ കോട്ട കൊണ്ടന്നോ?, ഈ മാര്‍ക്കൊക്കെ നീ എങ്ങിന്യാ കൊണ്ടോവാ?!?!

ശൂം.........................................! ദീപുട്ടന്റെ കാറ്റ് പോയി, ക്ലാസ്സില്‍ ആകെ നിശബ്ദത,

"എല്ലാരും ഇതൊന്നു കണ്ടേ, ഒര് ഐന്‍സ്റ്റീന്‍ വാങ്ങിയ മാര്‍ക്ക്, ക്ലാസ്സിലാകെ, ഒരാളെ തോറ്റിറ്റൊള്ളോ..!"

ഒരൊറ്റ ഏറായിരുന്നു, ഒന്‍പതു പേപ്പറും, ഒന്‍പതു വഴിക്ക്!

"നിന്‍റെ എക്സിബിഷന്‍ ഞാന്‍ ശര്യാക്കിതരനുണ്ട്..."

പറഞ്ഞ പോലെ നടന്നു, ദീപുട്ടന്റെ എക്സിബിഷന്‍ ശരിയായി!

സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി, ദീപുട്ടനില്ലാതെ, ഒരു സംഘം എക്സിബിഷന്‍ കൂടാന്‍ പോയി!

എതായാലും ദീപുട്ടന്‍ അതോടെ ഒരു കാര്യം പഠിച്ചു,
ഐന്‍സ്റ്റീന്‍ ആകാന്‍ സയന്‍സ് മതിയെങ്കിലും, ആളുകളെ മനസ്സിലാക്കാന്‍ സോഷ്യല്‍ തന്നെ പഠിക്കണം!

 "നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നാണല്ലോ"


വാല്‍ : അടുത്ത വര്ഷം പത്താം തരത്തിലായത് കൊണ്ട് ദീപുട്ടന്‍ പഠനത്തില്‍ മാത്രം ശ്രദ്ധ തിരിച്ചു ( പത്തു പോലും പാസ്സാവാതെ, ഇന്നത്തെ കാലത്ത് എന്ത് ശാസ്ത്രഞ്ജന്‍?!?!). അടുത്ത കൊല്ലം പൂര്‍വാധികം ശക്തിയോടെ ദീപുട്ടന്‍ കളത്തിലിറങ്ങി എന്ന് മാത്രമല്ല, ഒന്നാം സമ്മാനം വാങ്ങുകയും ചെയ്തു!


അനുസ്മരണം : നമ്മളുടെ എല്ലാം പ്രിയപ്പെട്ട, അകാലത്തില്‍ നമ്മളെ ,ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ച്, പിരിഞ്ഞു പോയ ഡേവിസ് സാറിന്.

"ഈ കഥ അശ്രുപുഷ്പങ്ങളോടെ, അങ്ങയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു"


5 comments:

  1. ഡേവിസാറിനെ മുന്‍പില്‍ കൊണ്ടന്നു നിര്‍ത്തിയ പോലത്തെ അവതരണം..
    "ദീപുട്ടന്‍റെ ആജന്മ ശത്രുക്കളായിരുന്നു കണക്കു ടീച്ചറും സാമൂഹ്യപാഠം മാഷും - എന്ന് പറഞ്ഞാല്‍, കണക്കിന് ദീപുട്ടനെയും, ദീപുട്ടന് സാമൂഹ്യപാഠത്തെയും ഇഷ്ടമില്ലായിരുന്നു"
    "ആ തെണ്ടി, കുഞ്ഞുട്ടന്‍ തന്നെ, ഇന്നലെ രാത്രി, കിടക്കാന്‍ പോയപ്പോ, അവന്‍ ഇരുന്നു തലയിലും കൈവച്ച്, ഉറക്കം തൂങ്ങിക്കൊണ്ട്, സോഷ്യല്‍ പഠിച്ചപ്പോ, ലൈറ്റ് ഓഫ്‌ ചെയ്യാത്തതിന് അവന്‍റെ വീട്ടു കാരെ ഒക്കെ തുമ്മിച്ചതാണ്"

    ഈ രണ്ടു പ്രയോഗങ്ങളും ക്ഷ പിടിച്ചു..

    ReplyDelete
  2. സ്വന്തം ജീവിതത്തിലെ ഒരേടാണോ..

    ReplyDelete
    Replies
    1. അതെ സുനി, ഈ ബ്ലോഗിലെ പോസ്റ്റ്‌ എല്ലാം സ്കൂള്‍ ജീവിതത്തിലെ എന്നും ഓര്‍ക്കുന്ന എടുകലാണ്!

      Delete